‘മുംബൈ കസ്റ്റംസ് ‘ Vs നിരക്ഷരൻ


ee
ങ്ങനെ, ഏറെ ആശിച്ച് കാത്തിരുന്ന ആ ഫോൺ വിളി ‘കസ്റ്റംസിൽ‘ നിന്ന് എനിക്കും വന്നു. ഓട്ടോമേറ്റഡ് വിളിയുടെ അവസാനം 9 അമർത്തി ഞാൻ ആ ഉടായിപ്പ് വിളിക്ക് തല വെച്ചു.

എൻ്റെ പാർസൽ എയർപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്നു എന്ന രീതിയിൽ മറുവശത്ത് നിന്ന് ഹിന്ദിയിൽ സംസാരം തുടങ്ങി.

“ഏത് കസ്റ്റംസ്? “ … എന്ന് ഞാൻ.

“ മുംബൈ കസ്റ്റംസ്.“

“ഏത് ഏയർപ്പോർട്ട്?“

“മുംബൈ എയർപ്പോർട്ട്.“

“അതിന് നിൻ്റെ സംസാരം കേട്ടിട്ട് നീ പത്താം തരം പാസ്സായ ഒരുവനാണെന്ന് തോന്നുന്നില്ലല്ലോ? കസ്റ്റംസിൽ നിൻ്റെ പൊസിഷൻ എന്താണ്? “

“മര്യാദയ്ക്ക് സംസാരിക്കണം.“

“മര്യാദ പഠിപ്പിക്കുന്നോടാ ഫ്രോഡേ. വല്ല ജോലിയും ചെയ്ത് ജീവിക്കടാ ചെറുക്കാ. എത്ര നാൾ ആൾക്കാരെ പറ്റിച്ച് ഇങ്ങനെ മുന്നോട്ട് പോകും? “

“സാലേ, കുത്തേ, കമിനേ…. “

‘കസ്റ്റംസുകാരൻ‘ പെട്ടെന്ന് തന്നെ തനിനിറം കാണിച്ചെങ്കിലും ഒരൊറ്റ പുതിയ തെറി പോലും അക്കൂട്ടത്തിൽ ഇല്ല.

“നിന്നെ ഈ നമ്പർ വെച്ച് ട്രാക്ക് ചെയ്ത് പിടിച്ച് പണി തന്നില്ലെങ്കിൽ ഞാൻ പിന്നെ കേരള പൊലീസിൽ ആണെന്ന് പറഞ്ഞ് നടന്നിട്ട് എന്ത് കാര്യം? നീ തീർന്നെടാ മോനേ തീർന്ന്.“

(ഞാൻ അൽപ്പനേരത്തേക്ക് കേരള പൊലീസ് ആയി. കേരള പൊലീസ് ക്ഷമിക്കണം. മൊത്തം മലയാളികൾക്ക് ഗുണം ആകുന്നെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞതാണ്.)

അപ്പുറത്ത് ഫോൺ കട്ടായി.

തിരികെ വിളിച്ചപ്പോൾ അങ്ങനൊരു നമ്പർ (9285391569) നിലവിൽ ഇല്ല എന്ന മറുപടിയാണ് കിട്ടുന്നത്. എന്നെ ബ്ലോക്ക് ചെയ്തതാണോ, അതോ സിം തന്നെ ഒടിച്ച് കളഞ്ഞതാണോ എന്നറിയില്ല.

എന്തായാലും രാവിലെ തന്നെ നല്ല ഉണർവ്വും ഉന്മേഷവും കിട്ടി.

വാൽക്കഷണം:- “ഞങ്ങൾ മൊത്തം മലയാളികൾക്ക് വേണ്ടിയുള്ള തുക മെത്രാനച്ചൻ തന്നിട്ടുണ്ട് ഊവ്വേ”.. എന്നവനോട് പറയാൻ മറന്ന് പോയത് മാത്രമാണ് ദുഖം.