ഇ-മെയില്‍ ഉപയോഗിക്കുന്നവര്‍ക്കൊക്കെ, ഏറ്റവും കുറഞ്ഞത് ദിവസം ഒരെണ്ണമെന്ന തോതില്‍ ഫോര്‍വ്വേഡഡ് മെയിലുകള്‍ കിട്ടുന്നുണ്ടാകണം. ഫോര്‍വ്വേഡ് മെയിലുകള്‍ക്ക് ഇന്ന വിഷയം എന്നൊന്നും ഇല്ല. വടക്കേ ഇന്ത്യക്കാരി സിനിമാ നടികളുടെ അരമന രഹസ്യങ്ങളോ, ശാസ്ത്രസാങ്കേതിക വിദ്യകളെപ്പറ്റിയോ, ആരാധനാമൂര്‍ത്തികളെപ്പറ്റിയോ, സര്‍ദാര്‍ജിക്കഥകളോ, സെക്സ് ജോക്കുകളോ, ടിന്റുമോന്‍ കഥകളോ, ആരോഗ്യവിഷയങ്ങളെപ്പറ്റിയോ, ഡ്രഗ്ഗ് ട്രാഫിക്കിനെപ്പറ്റിയോ, ഒക്കെയാകാം ഈ ഫോര്‍വ്വേഡ് മെയിലുകള്‍ .അങ്ങനെ കിട്ടുന്ന മെയിലുകളുടെ ആധികാരികതെയെപ്പറ്റി ഇടം വലം ചിന്തിക്കാതെ തങ്ങളുടെ അഡ്രസ്സ് ബുക്കിലുള്ളവര്‍ക്കൊക്കെ അത് വീണ്ടും ഫോര്‍വ്വേഡ് ചെയ്തുകൊടുത്ത് ഏടാകൂടങ്ങളില്‍ ചെന്നുചാടിയിട്ടുള്ളവരും നിരവധിയായിരിക്കും.
ഈയടുത്ത കാലത്ത് സഖാവ് പിണറായി വിജയന്റെ വീടാണെന്നും പറഞ്ഞ് ഒരു പ്രവാസി മലയാളിയുടെ വീടിന്റെ പടങ്ങള്‍ തലങ്ങും വിലങ്ങും അയച്ചുകൊടുത്ത് കേസിലും കൂട്ടത്തിലുമൊക്കെ ചിലര്‍ ചെന്നുചാടിയ സംഭവമായിരിക്കണം ഫോര്‍വ്വേഡഡ് മെയിലുകളുടെ കാര്യത്തില്‍ മലയാളികള്‍ക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ അക്കിടി. പിണറായി സഖാവിന്റെ ‘വീടിന്റെ’ ഫോട്ടോ ഫോര്‍വ്വേഡ് മെയിലായി കിട്ടിയ ഉടനെ തന്നെ ആ വീടിന്റെ പരിസരത്ത് ജീവിക്കുന്ന എന്റെ 2 സഹപ്രവര്‍ത്തകര്‍ ആ വീടും അതിന്റെ മുന്നിലെ കിടക്കുന്ന ചുവന്ന് കാറും വരെ തിരിച്ചറിഞ്ഞു. എന്തെങ്കിലും പൊല്ലാപ്പ് ആ മെയിലുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളപ്പോള്‍ത്തന്നെ ഊഹിക്കുകയും ചെയ്തിരുന്നു.
ഇ-മെയിലുകള്‍ ഫോര്‍വ്വേഡ് ചെയ്ത് കിട്ടുന്നതിന് വളരേ മുന്‍പുതന്നെ, അതായത് ഇന്റര്‍നെറ്റ് എന്നൊന്നും നമ്മള്‍ മലയാളികള്‍ കേള്‍ക്കാത്ത കാലത്തുതന്നെ പ്രചരിച്ചിരുന്ന ചില കത്തുകള്‍ക്കും ഫോര്‍വ്വേഡഡ് മെയിലിന്റെ സ്വഭാവം തന്നെയായിരുന്നു. തിരുപ്പതി വെങ്കിടാചലപതിയുടെ മാഹാത്മ്യം അല്ലെങ്കില്‍ വേളാങ്കണ്ണി മാതാവിനെയോ മറ്റേതെങ്കിലും ദൈവങ്ങളേയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അത്തരം കത്തുകള്‍ , അന്ന് വന്നിരുന്നത് ഇന്‍ലന്റുകളിലായിരുന്നു. ഈ കത്തിന്റെ 100 കോപ്പിയെങ്കിലും എഴുതിയുണ്ടാക്കി വിതരണം ചെയ്താല്‍ ജോലിക്കയറ്റം , പ്രേമസാഫല്യം , രണ്ടാം വിവാഹം , വീട് , കാറ് എന്നിങ്ങനെയുള്ള സൌഭാഗ്യങ്ങള്‍ കിട്ടുമെന്നും അങ്ങനെ ചെയ്യാതെ കത്ത് കീറിക്കളഞ്ഞാല്‍ ജോലിനഷ്ടം, മാനഹാനി, വാഹനാപകടം, വരാന്തയില്‍ തെന്നിവീണ് നടുവൊടിയല്‍ , മുതലായ കഷ്ടകാലങ്ങള്‍ ഉണ്ടാകുമെന്നും, ഇപ്രകാരം സംഭവിച്ചവരുടെ പേരുവിവരമടക്കമായിരിക്കും ഇന്‍ലന്റില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുക. ചിലപ്പോള്‍ പേടിച്ചിട്ടായിരിക്കാം അല്ലെങ്കില്‍ ഉള്ളില്‍ത്തട്ടിയുള്ള ഭക്തികാരണമായിരിക്കാം, കത്ത് കൈപ്പറ്റുന്നവന്‍ പോസ്റ്റോഫീസിലേക്കോടുന്നു. 25 ഇന്‍ലന്റെങ്കിലും വാങ്ങുന്നു കത്തിന്റെ ഈച്ചക്കോപ്പി ഉണ്ടാക്കി തനിക്ക് പരിചയമുള്ളവര്‍ക്കൊക്കെ അയച്ചുകൊടുക്കുന്നു.
ഇതേ സ്വഭാവത്തോടുകൂടെയുള്ള ഫോര്‍വ്വേഡഡ് മെസ്സേജുകള്‍ ഇന്റര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നു ആദ്യകാലത്തെങ്കിലും ഇപ്പോള്‍ അത്തരം ഭക്തിസ്വഭാവമുള്ള ഫോര്‍വ്വേഡഡ് മെയിലുകളുടെ പ്രചരണം താരതമ്യേനെ കുറവാണെന്നോ ഇല്ലെന്ന് തന്നെയോ പറയാം .
എനിക്ക് പരിചയമുള്ള വേറെ മൂന്നുനാലു് ഫോര്‍വ്വേഡഡ് മെയിലുകളും അതിലെ കുറേ മണ്ടത്തരങ്ങളും , അതിന്റെ പേരില്‍ ഉണ്ടായിട്ടുള്ള തമാശകളും ഇപ്രകാരം പോകുന്നു.
1. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് വാര്‍ത്തകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ദുബായിലെ ബുര്‍ജ് ഖലീഫയെ സംബന്ധിക്കുന്ന ഒരു ഫോര്‍വ്വേഡഡ് മെയില്‍ ശുദ്ധ മണ്ടത്തരമായിരുന്നെന്ന് പറയാതെ വയ്യ.
‘ലോകത്തിലെ ഏറ്റവും ഉയരമുള്ള പോസ്റ്റില്‍ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ ? ‘ എന്ന ചോദ്യത്തോടെ തുടങ്ങുന്ന മെയിലില്‍ , പണി നടക്കുന്ന ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങള്‍ ഒരുപാടുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന മലയാളിയായ ബാബുവാണ് ഏറ്റവും ഉയരമുള്ള പോസ്റ്റില്‍ ഇരിക്കുന്ന ആളെന്ന് പറയുന്നത് ഒരു ചെറുപുഞ്ചിരിക്ക് വക നല്‍കുന്നുണ്ടെങ്കിലും മെയിലിലെ അവസാനത്തെ ചിത്രത്തിന് അടിക്കുറിപ്പായി പറയുന്ന കാര്യം ശുദ്ധ മണ്ടത്തരം തന്നെയായിരുന്നു. ആ ചിത്രം ദാ താഴെയുണ്ട്.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നല്ലൊരു വൈഡ് ആങ്കിള്‍ ലെന്‍സ് ഉപയോഗിച്ച് എടുത്തിരിക്കുന്ന ചിത്രത്തിന്റെ നാല് മൂലകളും ഉരുണ്ടിരിരിക്കുന്നതുകൊണ്ട്, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ഭൂമി ഉരുളുന്നത് കാണാമെന്നാണ് ഫോര്‍വ്വേഡ് മെയിലില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഇതൊക്കെ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ വിവരദോഷിയൊക്കെ ദുബായിലേക്ക് വന്നത് KSRTC ബസ്സിലൊന്നുമല്ലല്ലോ ? 30,000 അടിയ്ക്കും മേലെയൊക്കെ പറക്കുന്ന വിമാനത്തില്‍ കയറി വരുമ്പോള്‍ ആരെങ്കിലും ഭൂമി ഉരുളുന്നത് കാണുന്നുണ്ടോ ? ഇല്ലല്ലോ ? പിന്നെന്തുകൊണ്ട് ഇത്തരം മണ്ടത്തരങ്ങള്‍ ഫോര്‍വ്വേഡ് ചെയ്ത് വിടുമ്പോള്‍ അല്‍പ്പം പോലും ആലോചിക്കുന്നില്ല.
2. ദാണ്ടേ ബില്‍ ഗേസ്റ്റ് അങ്ങേരുടെ സമ്പാദ്യമൊക്കെ കരക്കാര്‍ക്ക് വീതിച്ച് കൊടുക്കാന്‍ പോകുന്നു. ഈ മെയില് എല്ലാവര്‍ക്കും അയച്ച് കൊടുക്ക് എന്ന് പറഞ്ഞ് വന്ന മെയിലില്‍ ആ വകയില്‍ ചില വങ്കന്മാര്‍ക്ക് കിട്ടിയ ഡോളറിന്റെ കണക്ക് വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ എന്താ പറയ്യാ. ഞാന്‍ തോറ്റു.
3. നിങ്ങള്‍ക്ക് ഈ കിട്ടുന്ന മെയില്‍ 8 പേര്‍ക്കെങ്കിലും അയച്ച് കൊടുത്താല്‍ ഒരു ലാപ്പ്ടോപ്പ് കിട്ടുമെന്നും , ഒരു മൊബൈല്‍ ഫോണ്‍ കിട്ടുമെന്നുമൊക്കെ പറഞ്ഞ് വരുന്ന മെയിലുകളും ഉണ്ടായിരുന്നു. ആധികാരികത ഉറപ്പ് വരുത്താന്‍ ലാപ്പ്ടോപ്പ്/മൊബൈല്‍ തരുന്ന കമ്പനിയുടെ പ്രതിനിധിക്ക് കൂടെ മെയിലിന്റെ ഒരു കോപ്പി വിടണമെന്ന് പറഞ്ഞിട്ടുണ്ട്. മെയില്‍ അഡ്രസ്സ് ബുക്കിലുള്ളവര്‍ക്കൊക്കെ ഫോര്‍വ്വേഡ് ചെയ്ത് കൊടുത്ത് കിട്ടാന്‍ പോകുന്ന സമ്മാനത്തെപ്പറ്റിയുള്ള ദിവാസ്വപ്നത്തിന്റെ ആദ്യറീല് തുടങ്ങുന്നതിനുമുന്‍പേ കമ്പനി പ്രതിനിധിയ്ക്ക് അയച്ച മെയില്‍ ടെന്നീസ് ബോളുപോലെ തിരിച്ചുവന്നിരിക്കുമെന്നതാണു് സത്യം .
4. എന്റൊരു സഹപ്രവര്‍ത്തകന് പറ്റിയ ഒരബദ്ധം രസകരമായ സംഭവമായിരുന്നു. അബുദാബിയിലെ പാലസ് ഹോട്ടലിന്റെ ചില ഭാഗങ്ങളിലൊക്കെ പൊതുജനത്തിന് കയറിയിറങ്ങിക്കാണാന്‍ സൌകര്യമുണ്ട്. അവിടെപ്പോയി ഏതോ വിദ്വാന്‍ കുറേ പടങ്ങളൊക്കെ എടുത്ത് ഇത് അബുദാബി ഷേക്കിന്റെ പാലസാണെന്ന് പറഞ്ഞ് അയച്ച് കളിച്ചത് എന്റെ സഹപ്രവര്‍ത്തകനും കിട്ടി. കക്ഷിയത് ഇടം വലം നോക്കാതെ കുറേ കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. അതിലെ അബദ്ധം മനസ്സിലാക്കിയ കൂട്ടുകാര്‍ കുറേപ്പേര്‍ പാലസ് ഹോട്ടലില്‍ കയറി നന്നായി പോസുചെയ്ത് കുറെ പടങ്ങള്‍ എടുത്ത്,
” ദാ പിടിച്ചോ മോനേ നെന്റെ ഷെയ്ക്കിന്റെ പാലസില്‍ ഞങ്ങള്‍ വിരുന്നിന് പോയപ്പോള്‍ എടുത്ത പടങ്ങള്‍ ” എന്ന് പറഞ്ഞ് കക്ഷിക്ക് തിരിച്ചയച്ചുകൊടുത്തു. ചമ്മാന്‍ ഇനി പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ ?
5. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാന്ദ്രയിലെ വീടാണെന്ന് പറഞ്ഞ് കറങ്ങി നടന്ന മെയിലിനെ ബെര്‍ളി തോമസ്സ് പൊളിച്ചടുക്കിയത് കണ്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കുമല്ലോ ? അങ്ങനൊരു വീട് പണിയാന്‍ സച്ചിന് കെല്‍പ്പില്ലാന്നൊന്നും ആരും കരുതുന്നില്ല. എന്നാലും ഇതൊക്കെ ഫോര്‍വ്വേഡ് ചെയ്ത് വിടുന്നതിനു് മുന്നേ ആരും രണ്ടാമതൊന്ന് ആലോചിക്കുന്നുപോലുമില്ല.
6. ബെര്‍ളി തോമസ്സിന്റെ കാര്യം പറഞ്ഞപ്പോളാണ് ഈ വിഷയത്തില്‍ പോസ്റ്റ് എഴുതിയുണ്ടാക്കുന്ന എനിക്ക് പറ്റിയ ഒരു അമളിയെപ്പറ്റി ഓര്‍ത്തത്. കൊള്ളാവുന്ന ഒരു ഹാസ്യലേഖനം ഫോര്‍വ്വേഡായി കിട്ടി. ആരെഴുതിയതാണെന്നൊന്നും അതിലില്ല. എനിക്ക് ലേഖനം ഇഷ്ടപ്പെട്ടതുകൊണ്ട് വളരെ അടുത്ത ചിലര്‍ക്ക് അത് അയച്ച് കൊടുക്കുകയും ചെയ്തു.
“ഇത് നമ്മുടെ ബര്‍ളിയുടെ ‘സതാംപ്റ്റണില്‍ നിന്ന് സണ്ണിക്കുട്ടി’ എന്ന കത്തല്ലേ?”
എന്ന് ചോദിച്ച് ഒരു സുഹൃത്തു് മറുപടി അയച്ചപ്പോഴാണ് എന്റെ അല്‍പ്പത്തരം എനിക്ക് വെളിവായത്. എന്റെ കൂട്ടുകാരന്‍ കരുതിക്കാണണം ഞാന്‍ അത് എന്റെ സൃഷ്ടിയാണെന്ന ഭാവത്തില്‍ ജനത്തിന് മൊത്തം അയച്ച് കൊടുക്കുകയായിരുന്നു എന്ന്. തന്റെ ലേഖനങ്ങള്‍ പേര് വെക്കാതെ ഫോര്‍വ്വേഡ് ചെയ്ത് കളിക്കുന്നവരെ ‘ഫോര്‍വ്വേഡ് നാറികള്‍ ‘ എന്ന് ബെര്‍ളി വിളിച്ചാല്‍ അതിലെന്താണ് തെറ്റ് ? ഒരു പ്രാവശ്യത്തേക്കാണെങ്കിലും ഞാനും ആ വിളി കേട്ടിരിക്കുന്നു. തൃപ്പിതിയായി.
7. സര്‍ദാര്‍ജിക്കഥകള്‍ ഇ-മെയിലില്‍ കിട്ടിയാല്‍ ഞാനും ഒരുപാട് പേര്‍ക്ക് ഫോര്‍വ്വേഡ് ചെയ്ത് കൊടുക്കാറുണ്ടായിരുന്നു കുറേക്കാലം മുന്‍പ് വരെ. മറ്റൊരു ഫോര്‍വ്വേഡഡ് മെയിലാണ് ആ സ്വഭാവം ഇല്ലാതാക്കിയത്. അതിങ്ങനെ പോകുന്നു. ഒരു സര്‍ദാര്‍ജിയുടെ ടാക്‌സിയില്‍ കയറി യാത്ര ചെയ്യുകയായിരുന്ന കുറേ ചെറുപ്പക്കാര്‍ അദ്ദേഹത്തെ കളിയാക്കാനായിത്തന്നെയായിരിക്കണം കുറേ സര്‍ദാര്‍ജിക്കഥകള്‍ പറഞ്ഞ് യാത്രാന്ത്യം വരെ ഉല്ലസിച്ച് നേരം കളയുകയായിരുന്നു. യാത്രയുടെ അവസാനം സര്‍ദാര്‍ജി ഓരോ ഒറ്റരൂപ നാണയങ്ങള്‍ എല്ലാവര്‍ക്കും എടുത്ത് കൊടുത്തിട്ട് പറഞ്ഞു .
“നിങ്ങള്‍ എവിടെയെങ്കിലും ഒരു സര്‍ദാര്‍ജി ഭിക്ഷക്കാരനെ കാണുകയാണെങ്കില്‍ ഈ നാണയം എനിക്കുവേണ്ടി അയാള്‍ക്ക് നല്‍കണം.“
സര്‍ദാര്‍ജികള്‍ അദ്ധ്വാനികളാണ് , അഭിമാനികളാണ്. അവര്‍ ഭിക്ഷ യാജിക്കാന്‍ പോകാറില്ല. അതിന്റെ ആവശ്യം ഉണ്ടാകാറില്ല. അതുകൊണ്ട് ആ നാണയം ആ ചെറുപ്പക്കാരില്‍ ഒരാളുടെ കൈയ്യില്‍ ഇപ്പോളുമെണ്ടെന്നാണ് മെയിലില്‍ പറയുന്നത്. നിര്‍ത്തി, സര്‍ദാര്‍ജിക്കഥകള്‍ പ്രചരിപ്പിക്കുന്നത് അതോടെ ഞാന്‍ നിര്‍ത്തി. ഇനിയില്ല. സ്വന്തം ‘സൃഷ്ടി‘ പോലും ആര്‍ക്കും അയച്ച് കൊടുക്കുന്ന പ്രശ്നം ഇനിയില്ല.
സത്യസന്ധമല്ലാത്ത ഫോര്‍വ്വേഡഡ് ഇ-മെയിലുകളില്‍ പലതും ഹോക്സ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തെമ്പാടുമുള്ള ഇ-മെയില്‍ ഐഡികള്‍ ശേഖരിച്ച് ആ ഐഡികളിലേക്കൊക്കെ സ്പാം മെയിലുകള്‍ അയക്കാന്‍ സൌകര്യം ചെയ്ത് കൊടുക്കുന്ന ഒരു മാഫിയ തന്നെ ഇത്തരം മെയിലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ മെയില്‍ ബോക്സിലേക്ക്, നമ്മളയച്ച ഫോര്‍വ്വേഡഡ് മെയിലുകള്‍ , സ്പാം മെയിലുകള്‍ക്ക് വന്നുകേറാനുള്ള വഴിയൊരുക്കി എന്നത് മനസ്സിലാക്കാതെ സ്പാം മെയിലുകളെ നമ്മള്‍ മറുവശത്ത് ചീത്തവിളിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു വിരോധാഭാസം.
കൈയ്യില്‍ക്കിട്ടുന്ന മെയിലുകളൊക്കെ ഫോര്‍വ്വേഡ് ചെയ്ത് കൊടുക്കുന്നതിനു് മുന്‍പേ എല്ലാവരും ഒരുവട്ടമെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. ‘ഊഹാപോഹങ്ങള്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പോലും പ്രചരിപ്പിക്കുന്ന കാലമല്ലേ പിന്നെന്താ ഞാനിപ്പോള്‍ സത്യാവസ്ഥയെപ്പറ്റി വലിയ ഉറപ്പൊന്നുമില്ലാത്ത ഒരു മെയില്‍ അയച്ചുകൊടുത്താല്‍ ‘ എന്ന് മറുചോദ്യം ചോദിക്കുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!
ഇനിയിപ്പോള്‍ നാലഞ്ച് മെയില്‍ ഫോര്‍വ്വേഡ് ചെയ്താലേ ഉറക്കം വരൂ എന്നുള്ളവര്‍ക്ക് നിര്‍ദ്ദോഷകരമായ ഒരു ഉദാഹരണം ഞാന്‍ നിര്‍ദ്ദേശിക്കാം, കേട്ടോളൂ.
ഈയടുത്ത് കിട്ടിയ അത്തരമൊരു മെയില്‍ സഞ്ചാരിയായ കൊളംബസ്സിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അടിസ്ഥാനരഹിതമായ മെയിലുകള്‍ക്ക് പകരം, ഇമ്മാതിരിയുള്ള ഫോര്‍വ്വേഡ് മെയിലുകള്‍ അയച്ച് കളിച്ചാല്‍ വായിക്കാന്‍ അല്‍പ്പം രസമെങ്കിലും ഉണ്ട്. അവിവാഹിതനായിരുന്ന കൊളംബസ്സ് വിവാഹിതനായിരുന്നെങ്കില്‍ , കപ്പലില്‍ ചുറ്റിയടിച്ചുനടന്ന് വീട്ടില്‍ വന്ന് കയറുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ചോദ്യങ്ങളും പ്രതികരണങ്ങളുമായിരുന്നു ആ മെയിലില്‍ . അതിന്റെ നിരക്ഷര-വേര്‍ഷന്‍ താഴെ.
നിങ്ങളെവിടെപ്പോയിരുന്നു ?
ഓ…ഞാനൊന്ന് കറങ്ങാന്‍ പോയി.
എവിടെയാ പോയത് ?
ഒന്ന് വൈപ്പിന്‍ കര വരെ പോയി.
കൂടെ പെണ്ണുങ്ങള്‍ ആരെങ്കിലും ഉണ്ടായിരുന്നോ ?
ഹേയ് ..പെണ്ണുങ്ങളോ ? എന്റെ കൂടെ എന്റെ നാവികര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇനിയെങ്ങോട്ടാ അടുത്ത യാത്ര ?
ഒന്ന് പോഞ്ഞിക്കര വരെ പോകണം .
പെണ്ണുങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ കൂടെ ?
(കൊളംബസ്സിന്റെ നിയന്ത്രണം പോകുന്നു.)
പണ്ടാറെടങ്ങാന്‍ ഞാന്‍ ഒരിടത്തും പോകുന്നില്ല. പോരേ ?