അനാർക്കലിയെപ്പറ്റി കാര്യമായി ഓൺലൈൻ റിവ്യൂ ഒന്നും നോക്കിയിട്ടല്ല അത് കാണാൻ പോയത്. കാര്യമായി സിനിമാ അഭിപ്രായമൊന്നും പറയാറില്ലാത്ത ഒരു സുഹൃത്ത്, സിനിമ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞത് മാത്രമാണ് ഒരു സൂചന. എനിക്കേതായാലും സിനിമ ഏറെ ഇഷ്ടമായി. അതിന്റെ കാരണങ്ങൾ പലതാണ്.
ലക്ഷദ്വീപിലെ ജീവിതങ്ങളെപ്പറ്റി മുൻപും സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കൊമേർസ്യൽ സിനിമയിൽ, സിനിമയുടെ ഭാഗമായിത്തന്നെ ഏച്ചുകെട്ടലുകൾ ഇല്ലാതെ, അതേസമയം ഡോക്യുമെന്ററിയുടെ സ്വഭാവം വരാതെയും ദ്വീപിലെ ജീവിതങ്ങളും അവിടത്തെ സാഹചര്യങ്ങളുമൊക്കെ കുറേയെങ്കിലും മനസ്സിലാക്കിത്തന്നു അനാർക്കലി. മോസയിലെ കുതിര മീനുകൾ എന്ന സിനിമയാണ് ലക്ഷദ്വീപിനെ കാണിച്ചുതന്ന മറ്റൊരു സമകാലീന സിനിമ. പക്ഷേ, പലകാരണങ്ങൾകൊണ്ടും അനാർക്കലിയോളം അതെന്നെ സന്തോഷിപ്പിച്ചില്ല.
ഹെലിക്കോപ്റ്റർ രംഗങ്ങൾ ആവശ്യത്തിനേക്കാളേറെ അനാവശ്യത്തിന് സിനിമകളിൽ കാണുന്നവരാണ് നമ്മൾ. കോളിളക്കത്തിലെ ഹെലിക്കോപ്റ്റർ സ്റ്റണ്ട് സീൻ ഭാരവണ്ടിക്ക് മുകളിൽ ചിത്രീകരിച്ചിരുന്നെങ്കിലും സിനിമയിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ലായിരുന്നു എന്ന് മാത്രമല്ല ജീവിതത്തിൽ നിന്ന് ജയൻ എന്ന ഒരു നടൻ വിടപറഞ്ഞ് പോകേണ്ട സാഹചര്യവും ഉണ്ടാകുമായിരുന്നില്ല. അനാർക്കലിയിൽ ഹെലിക്കോപ്റ്റർ രംഗങ്ങളെല്ലാം സിനിമയുടെ അവിഭാജ്യ ഘടകവും ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കാണിക്കുന്നതുമാണ്.
സിനിമയിലെ പല രംഗങ്ങളേയും അത്തരത്തിൽ കാണാനാണ് എനിക്ക് സാധിച്ചത്. കോർട്ട് മാർഷ്യൽ രംഗങ്ങളാണ് അത്തരത്തിൽ മറ്റൊരുദാഹരണം. പട്ടാളസിനിമകളിൽ കോർട്ട് മാർഷ്യലുകൾ കാണുന്നത് ഒരു പുതുമയല്ലെങ്കിലും ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ പ്രണയം മുഖ്യവിഷയമായി ചിത്രീകരിച്ച ഒരു സിനിമയിൽ കോർട്ട് മാർഷ്യലും നേവിലെ അനുഭവങ്ങളുമൊക്കെ കടന്നുവരുന്നത് ചിത്രത്തിന്റെ ഏച്ചുകെട്ടില്ലാത്ത വൈവിദ്ധ്യമാർന്ന രംഗങ്ങൾക്ക് ചാരുതയേകുന്നു.
എണ്ണപ്പാടത്തെ ജോലിയുടെ ഭാഗമായി നിത്യേനെ ചെയ്തിരുന്ന മങ്കി ജമ്പിങ്ങ് പോലുള്ള കസർത്തുകൾ ഓർമ്മയുടെ തിരയിളക്കമായി അനർക്കലി കണ്ടിരുന്നപ്പോൾ. ഡൈവിണ്ടും, നായകന്റെ ഡീപ്പ് സീ ഡൈവിങ്ങ് റെക്കോഡും, അണ്ടർവാട്ടർ സീനുകളുമൊക്കെ ഇപ്രകാരം സിനിമയോട് ചേർന്ന് നിൽക്കുന്ന രംഗങ്ങളാണ്. അതൊക്കെയും മനോഹരമായിത്തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്. ക്യാമറാ വർക്ക് ആണ് ഈ ചിത്രത്തെ ഗംഭീരമാക്കുന്ന ഒരു ഘടകം. ലക്ഷദ്വീപിന്റെ സൌന്ദര്യം ഒപ്പിയെടുക്കണമെങ്കിൽ ഹെലിക്കാം പോലുള്ള സംവിധാനങ്ങൾ എത്രത്തോളം അത്യാവശ്യമാണെന്നും സിനിമ ചൂണ്ടിക്കാട്ടുന്നു. സുജിത്ത് വാസുദേവിന്റെ ക്യാമറയ്ക്ക് പത്തിൽ പത്താണ് മാർക്ക്.
ലൌ സ്റ്റോറി ആയതുകൊണ്ടുതന്നെ മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്. ഹരിഹരൻ ആലപിച്ച ‘സാഹിബാ‘ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിടിയിൽ നിന്ന് ഞാനിപ്പോഴും മോചിതനായിട്ടില്ല. വിദ്യാസാഗറിന്റെ ഈണങ്ങൾക്കും മാറ്റേറെയാണ്.
മലയാള സിനിമയിൽ ചുംബനരംഗങ്ങൾ പുതുമയൊന്നും അല്ലെങ്കിലും, ഈ സിനിമയിൽ അത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ആവശ്യമെങ്കിൽ അത്തരം രംഗങ്ങളിൽ സെൻസറിന്റെ കത്രിക വീഴുന്നില്ല എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജിനെപ്പോലെ മുൻനിര നായകനൊരാൾ അത്തരം രംഗങ്ങൾ ചെയ്യുന്നോ എന്ന് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കിൽ അതും അസ്ഥാനത്താണ്. സിനിമയിൽ ആ രംഗത്തിനുള്ള പ്രാധാന്യം കോർട്ട് മാർഷൽ വരെ നീളുന്നതാണ്.
അഭിനയത്തിന്റെ കാര്യത്തിൽ മാർക്കിടാൻ ഞാനാളല്ല. എന്നാലും പൃഥ്വിരാജ്, പ്രിയാൽ ഗോർ, കബീർ ബേഡി, സുരേഷ് കൃഷ്ണ, മിയ, അരുൺ, ജയരാജ് വാര്യർ, ശ്യാമപ്രസാദ്, രജ്ഞി പണിക്കർ, എന്നിങ്ങനെ നടീനടന്മാരെല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ജസ്‌രി ഭാഷ സംസാരിക്കുന്ന കോയ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് സുരേഷ് കൃഷ്ണ കാഴ്ച്ച വെക്കുന്നത്. ഇപ്പറഞ്ഞ എല്ലാവരുടെ കഥാപാത്രങ്ങളും സിനിമയുമായി ചേർന്നുനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇവർക്കെല്ലാം പുറമേ, എടുത്തുപറയേണ്ട ഒരു നടനുണ്ട് ഈ ചിത്രത്തിൽ. സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിജു മേനോനാണ് അത്. എന്തൊരു ജന്മമാണ് ആ മനുഷ്യനെന്ന് അന്തിച്ചുപോകുന്ന തരത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ബിജു മേനോൻ തകർത്താടുന്നത്. മികച്ച സഹനടനുള്ള അവാർഡ് ബിജുവിനെത്തേടി ചെന്നാൽ ഒട്ടും അതിശയിക്കേണ്ടിവരാത്ത തരത്തിലുള്ള പ്രകടനം.
കുറ്റങ്ങളും കുറവുകളും പലതും കണ്ടുപിടിക്കാനായേക്കും അനാർക്കലിയിൽ. പക്ഷെ ഒരു പുതുമുഖ സംവിധായകനാണ് ഇങ്ങനെയൊരു ചിത്രം മലയാളികൾക്ക് നൽകിയിരിക്കുന്നതെന്ന് മനസ്സിലാക്കുമ്പോൾ, നിസ്സാരമായ ആ കുറവുകളെല്ലാം അസ്ഥാനത്താകുകയും ചെയ്യും. സംവിധായകൻ സച്ചി മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാകാൻ പോകുകയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
വാൽക്കഷണം:- എത്രയോ നാളുകൾക്ക് മുന്നേതന്നെ ലക്ഷദ്വീപിലേക്ക് പൊതികെട്ടിവെച്ചിരുന്ന എന്റെ ഭാണ്ഡത്തിന് മേൽ കുമിഞ്ഞുകൂടിയ പൊടിക്ക് ഭാണ്ഡത്തിനോളം തന്നെ ഭാരമുണ്ടിപ്പോൾ. ഞാനതിപ്പോൾ പൊടിതട്ടിത്തുടങ്ങിയിരിക്കുന്നു. പുതുവർഷത്തെ ആദ്യ ദീർഘദൂരയാത്ര ലക്ഷദ്വീപിലേക്ക് തന്നെയാകാനാണ് സാദ്ധ്യത. അതിന് തീർച്ചയായും നന്ദിപറയേണ്ടത് അനാർക്കലിയോട് തന്നെയാണ്.
ഇഷ്ടപ്പെട്ട സിനിമ. ബിജു മേനോന്റെ സക്കറിയേയും ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ , ക്ലൈമാക്സിനോടു ചേർന്നഭാഗങ്ങളിൽ വെറുപ്പിക്കലായാ തോന്നിയത്.
സിനിമ കാണാനുള്ള പ്രേരണ നൽകുന്ന വായന..