ഇന്നലെ രാത്രി പലപ്രാവശ്യം ഉണരേണ്ടി വന്നു. ആരോ ഭാഗിയിൽ തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ ആരാണെന്ന് പിടി കിട്ടുന്നില്ല. കുറച്ച് സമയത്തിന് ശേഷമാണ് അത് കുരങ്ങുകൾ ആണെന്ന് മനസ്സിലായത്. തൊട്ടടുത്തുള്ള മരങ്ങളിലെല്ലാം ധാരാളം കുരങ്ങുകൾ ഉണ്ട്. അങ്ങനെ രാത്രി പലവട്ടം ഉറക്കം നഷ്ടപ്പെട്ടതുകൊണ്ട് പ്രാതലിന് ശേഷം നന്നായി ഉറക്കം വന്നു. നഗരത്തിൽ ഒന്ന് ചുറ്റിയടിക്കാം എന്ന പദ്ധതി റദ്ദ് ചെയ്ത്, ചെറിയ ചൂട് വകവെക്കാതെ ഞാൻ ഭാഗിക്കുള്ളിൽ കിടന്നുറങ്ങി.
ഉറക്കമുണർന്ന് നോക്കുമ്പോൾ, ഒരു സെലിബ്രിറ്റി, ഇൻസ്റ്റഗ്രാമിലൂടെ പലവട്ടം എന്നെ വിളിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തിൻെറ പ്രൊഫൈൽ പരിശോധിച്ചു. 156K ആൾക്കാർ ഫോളോ ചെയ്യുന്ന ഒരു വേരിഫൈഡ് പ്രൊഫൈൽ വ്യാജൻ ആകാൻ ഒരു സാദ്ധ്യതയുമില്ല. സാക്ഷാൽ ശ്രീ. ലാലു അലക്സ് ആണ് വിളിച്ചിരിക്കുന്നത്. തിരിച്ച് വിളിക്കാൻ പറഞ്ഞ് അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ അയച്ചിട്ടുമുണ്ട്.
അപ്പോഴേക്കും “ലാലു അലക്സ് നമ്പർ ചോദിക്കുന്നു” എന്ന് പറഞ്ഞ് അനൂപ് ദാസ് എന്ന ഓൺലൈൻ സുഹൃത്തിന്റെ മെസ്സേജും വന്നു.
എനിക്ക് ആകാംക്ഷ സഹിക്കാനായില്ല. എന്തിനായിരിക്കും അദ്ദേഹം ഞാനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നത്?! എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
അതിനിടയ്ക്ക് നാഷണൽ പാർക്കിലേക്ക് പോകാനുള്ള Canter വന്നു. Eicher പോലുള്ള ചെറിയ ട്രക്കുകളുടെ മേൽഭാഗം എടുത്ത് മാറ്റി 20 പേർക്ക് സഞ്ചരിക്കാൻ പറ്റുന്ന തരത്തിൽ സീറ്റുകൾ പിടിപ്പിച്ചതാണ് കാൻ്റർ വാഹനം. 850 രൂപ കൊടുത്താൽ സഫാരി ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാനാവും. പക്ഷേ, ഹോട്ടൽ നക്ഷത്ര വഴി ബുക്ക് ചെയ്തതുകൊണ്ട്, എനിക്ക് 1200 രൂപ ചിലവായി. പക്ഷേ, ഹോട്ടലിന് മുന്നിൽ ഭാഗിയെ പാർക്ക് ചെയ്യാനുള്ള സ്ഥലം, രാവിലെ ഭാഗിയുടെ ടാങ്കിൽ നിറക്കാനുള്ള വെള്ളം മുതലായ സൗകര്യങ്ങൾ കിട്ടുന്നുണ്ടല്ലോ. ആ സേവനത്തിനുള്ള ചാർജ്ജ് ആയി കണക്കാക്കിയാൽ മതി ബാക്കിയുള്ള ₹400.
കുറഞ്ഞത് 100 കാൻ്ററുകളെങ്കിലും പല ഗേറ്റുകളിലൂടെ രൺധംബോർ നാഷണൽ പാർക്കിലേക്ക് കയറിപ്പോകുന്നുണ്ട്. ചെറിയ ജീപ്പുകൾ വേറെയും. ഞാൻ കയറിയ കാൻ്റർ പോയത്, രൺധംബോർ കോട്ടയ്ക്ക് നേരെ എതിർവശത്തുള്ള മൂന്നാം നമ്പർ ഗേറ്റിലൂടെയാണ്.
പാർക്കിന്റെ മൊത്തത്തിലുള്ള കാടുകളുടെ 20% സ്ഥലത്ത് മാത്രമാണ് സന്ദർശകരെ കയറ്റിവിടുന്നത്. കടുവകളെ ധാരാളമായി കാണാം എന്നതാണ് രൺധംബോർ നാഷണൽ പാർക്കിന്റെ പ്രത്യേകത. 70 കടുവകൾ ഇതിനകത്ത് ഉണ്ടെന്നാണ് കണക്ക്. 20 പുരുഷന്മാർ, 30 സ്ത്രീകൾ, 20 കുട്ടികൾ. എന്നിരുന്നാലും ഭാഗ്യമില്ലെങ്കിൽ ഒരെണ്ണത്തിനെ പോലും കാണാൻ പറ്റില്ല എന്ന് ഞങ്ങളുടെ ഗൈഡ് രമേഷ് ആദ്യമേ അറിയിച്ചു. ആസ്സാമിലെ കാസിരംഗയിൽ കണ്ടാമൃഗങ്ങളാണ് ധാരാളമായി ഉള്ളതെങ്കിൽ ഇവിടെ കടുവകളാണ് ആ സ്ഥാനത്ത്. സോവനീറുകൾ പോലും കടുവകൾക്ക് മുൻതൂക്കം ഉള്ളതാണ്.
ഇന്നത്തെ ദിവസം എനിക്ക് വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഈ യാത്ര തുടങ്ങിയിട്ട് രണ്ട് മാസം ഇന്ന് പൂർത്തിയാകുകയാണ്. അങ്ങനെയൊരു ദിവസം പ്രകൃതിയും ആൽക്കെമിസ്റ്റ് തിയറിയും എല്ലാം എനിക്കൊപ്പം നിൽക്കും. സംശയം വേണ്ട.
മൂന്നാമത്തെ ഗേറ്റിൽ നിന്ന് അകത്തേക്ക് കടന്ന് 50 അടി മുന്നോട്ട് നീങ്ങിയതും, അവിടെ മറ്റ് വാഹനങ്ങളെല്ലാം തിക്കിത്തിരക്കുന്നു. ഒരു പെൺ കടുവ റോഡിൽ നിന്നും 10 അടി മാറി സുഖസുന്ദരമായി കിടന്ന് ഉറങ്ങുന്നതാണ് വാഹനത്തിരക്കിൻ്റെ കാരണം.
ഞങ്ങൾ ആവശ്യത്തിന് വീഡിയോയും ചിത്രങ്ങളും എടുത്തു. അവൾ ഇടയ്ക്കിടയ്ക്ക് വാലാട്ടുന്നുണ്ട് മുഖം അനക്കുന്നുണ്ട്. ചുറ്റുമുള്ള മറ്റ് ബഹളങ്ങൾ ഒന്നും വക വെക്കുന്നതേയില്ല.
ഇവിടുത്തെ മിക്കവാറും കടുവകളുടെ പേരുകൾ ഗൈഡുകൾക്ക് അറിയാം. ഈ കടുവയുടെ പേര് ആരോഹെഡ് എന്നാണ്.
മാനുകൾ, സാമ്പ ഡിയറുകൾ, കുരങ്ങുകൾ, മുതലകൾ, മയിലുകൾ, പേരറിയാത്ത മറ്റ് ഒരുപാട് പക്ഷികൾ എന്നിങ്ങനെ ധാരാളം പക്ഷിമൃഗാദികളെ കണ്ടെങ്കിലും കടുവയെ കണ്ടത് തന്നെയാണ് ഇന്നത്തെ ദിവസത്തിന്റേയും ഈ കാട്ടിലെ യാത്രയുടേയും ഏറ്റവും ത്രസിപ്പിക്കുന്ന അനുഭവം.
കാടിനകത്തേക്ക് കടന്നശേഷം ഒരു കടുവയെ കൂടി കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. ഞങ്ങൾ രണ്ടര മണിക്കൂർ സവാരി കഴിഞ്ഞ് തിരിച്ച് വരുമ്പോഴും, ആരോഹെഡ് കടുവ അവിടെത്തന്നെ കിടന്നുറങ്ങുകയാണ്.
ആസ്സാമിലെ കാസിരംഗയിലും രൺധംബോറിലെ ഈ നാഷണൽ പാർക്കിലും ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ഇത്രയും മനുഷ്യർ അതിലൂടെ വാഹനങ്ങളിൽ കടന്ന് പോയിട്ടും, മൃഗങ്ങൾക്കൊന്നും കാര്യമായ ഭയമില്ല. അവ ഓടി ഒളിക്കുന്നില്ല. അവറ്റകൾ ജനിക്കുമ്പോൾ മുതൽ ഇത് കാണുന്നതാണല്ലോ. പക്ഷേ അവരുടെ ഈ കാഴ്ച്ച, ടിക്കറ്റ് വെച്ച് കാശാക്കുന്നുണ്ട് എന്ന് അവർക്കറിയില്ലല്ലോ.
നാഷണൽ പാർക്കിനുള്ളിൽ ഞാൻ ശ്രദ്ധിച്ച മറ്റു ചില കാര്യങ്ങളുണ്ട്. പാർക്കിൽ ഉടനീളം കോട്ടയുടെ അവശിഷ്ടം എന്നത് പോലെ ധാരാളം കെട്ടിടങ്ങൾ കാണാം. അതിൽ സാമാന്യം വലിയ ഒരു കെട്ടിടം രാജാക്കന്മാരുടെ വേട്ടയാടൽ പരിപാടിക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള കെട്ടിടമാണ്. മലയ്ക്ക് മുകളിൽ പലയിടത്തുമായി ചെറിയ ചെറിയ കൊത്തളങ്ങൾ കാണാം. രൺധംബോർ കോട്ടയും അതിനോട് ചേർന്നുള്ള വനവും ചരിത്രത്താളുകളിൽ ചെറിയൊരു സംഭവമല്ല എന്നതാണ് വസ്തുത.
വാഹനങ്ങൾ കാട്ടിലെ ചെമ്മൺ പാതകളിലൂടെ പോകുമ്പോൾ പറന്ന് പൊങ്ങുന്ന പൊടി എല്ലാവരുടേയും ശരീരത്തിലും വസ്ത്രത്തിലും പറ്റിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് അവരുടെ ഹോട്ടൽ മുറിയിൽ ചെന്ന് കുളിച്ച് വൃത്തിയാകാം. എനിക്ക് പക്ഷേ, പട്ടാപ്പകൽ ഭാഗിയുടെ വെളിയിൽ നിന്ന് കുളിക്കാൻ ആവില്ലല്ലോ. ഞാൻ മെല്ലെ രൺധംബോർ ചൗപ്പാത്തി ഭോജനാലയത്തിന്റെ ശുചിമുറിയിൽ ചെന്ന് കുളിച്ച് വസ്ത്രം മാറി.
അപ്പോഴേക്കും ശ്രീ ലാലു അലക്സിന്റെ ഫോൺ വന്നു. ‘പേഴ്സണലായി’ ചില കാര്യങ്ങൾ തിരക്കാൻ വേണ്ടിയാണ് അദ്ദേഹം വിളിച്ചത്. അതുകൊണ്ടുതന്നെ അതിവിടെ പരസ്യമാക്കാൻ ആവില്ല. ഞങ്ങൾ തമ്മിൽ മുൻപരിചയം ഒന്നുമില്ലെങ്കിലും വളരെ ഊഷ്മളമായ സംസാരമാണ് അര മണിക്കൂറോളം നീണ്ടത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ഒന്നു രണ്ട് യാത്രകൾ ഞങ്ങൾ ഒരുമിച്ച് ചെയ്യാമെന്ന് പദ്ധതി ഇട്ടിട്ടുണ്ട്.
എന്തായാലും, ഈ യാത്രയുടെ 60-)ം ദിവസം ഗംഭീരമായിത്തന്നെ അവസാനിക്കുന്നു.
രൺധംബോർ നാഷണൽ പാർക്കിൽ സഞ്ചരിച്ചതിന്റേയും രണ്ട് കടുവകളെ കണ്ടതിന്റേയും ഓർമ്മയ്ക്കായി ലോഹത്തിൽ തീർത്ത ഒരു പഗ്ഗ് മാർക്കാണ് വാങ്ങിയത്.
ഹോട്ടലിന് എതിർവശത്തുള്ള മൈതാനത്ത് കല്യാണ പാർട്ടിയും അതിന്റെ പാട്ടും ബഹളവും ഒക്കെ നടക്കുന്നുണ്ട്. ഇന്ന് രാത്രി ഉറക്കം എന്താകുമെന്ന് കണ്ടറിയണം. അതെന്തായാലും നാളെ രാവിലെ ഭാഗിയും ഞാനും രൺധംബോർ വിടുകയാണ്.
ശുഭരാത്രി.