ഇന്നലെ കൊച്ചി മെട്രോ ഉത്ഘാടനം നടന്നു. പക്ഷേ, ഇന്ന് ഞായറും കഴിഞ്ഞ് നാളെ തിങ്കളാഴ്ച്ച മുതൽക്കാണ് പൊതുജനത്തിന് വേണ്ടിയുള്ള മെട്രോ ഓട്ടം ആരംഭിക്കുന്നത്. ടിക്കറ്റ് വെച്ചുള്ള കന്നിയോട്ടം.
ഇന്നലെ ഉത്ഘാടനം കഴിഞ്ഞ ഉടനെ ഞാൻ ഉന്നയിച്ച ഒരു ചോദ്യമുണ്ടായിരുന്നു. ഹർത്താൽ ദിനങ്ങളിൽ മെട്രോ ഓടിയാൽ ‘രാഷ്ട്രീയ‘ പാർട്ടിക്കാരുടെ നിലപാട് എന്തായിരിക്കും ? മെട്രോയെ കല്ലെറിയുമോ ? സ്റ്റേഷനുകൾ അടിച്ച് തകർക്കുമോ ? ആ ചോദ്യം നിലനിൽക്കെത്തന്നെ ഇതാ പൊതുജനത്തേയും കയറ്റി പണം വാങ്ങിയുള്ള കന്നിയോട്ടത്തിന്റെ ദിവസം തന്നെ എറണാകുളം ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് വെൽഫെയർ പാർട്ടി. വിഷയം പുതുവൈപ്പ് ലാത്തിച്ചാർജ്ജ്. പുതുവൈപ്പിൽ കോൺഗ്രസ്സുകാരുടെ വകയും ഹർത്താലുണ്ട്.
ഈയവസരത്തിൽ എന്റെ ചോദ്യം കുറേക്കൂടെ ശക്തമായി ആവർത്തിക്കുന്നു.
കാത്തുകാത്തിരിക്കുന്ന പൊതുജനത്തെ കയറ്റിയുള്ള മെട്രോയുടെ കന്നിയോട്ടം തടയാൻ ഹർത്താലുകാർ മുതിരുമോ ?
സ്റ്റേഷനുകളോ മെട്രോയുടെ എന്തെങ്കിലും ഒരു മുതലോ നശിപ്പിക്കാമെന്ന് കരുതുന്ന വെൽഫെയർ പാർട്ടിക്കാർക്ക് അറിയില്ലെങ്കിൽ കേട്ടോളൂ. 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണത്. മെട്രോയുടെ ഓട്ടം തടഞ്ഞാൽ 5 വർഷം വരെ തടവും ലഭിക്കും. കൂടാതെ വെവ്വേറെ പിഴയുമുണ്ട്. അതുകൊണ്ട് അമിതാവേശം വേണ്ട. നിങ്ങൾ ജനാധിപത്യപരമായി ഹർത്താൽ ആഹ്വാനം ചെയ്തോളൂ. ജനാധിപത്യപരമായി അതിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരെ മെക്കിട്ട് കയറാൻ പോകുരുത്. കൊച്ചി മെട്രോയോട് പരാക്രമങ്ങൾക്കൊന്നും മുതിരാൻ നിൽക്കണ്ട.
ഇതേ ചോദ്യം കൊച്ചി മെട്രോയോട് (KMRL) ആവർത്തിച്ചപ്പോൾ കിട്ടിയ മറുപടി ഹർത്താലൊന്നും കണക്കിലെടുക്കാതെ നാളെ മെട്രോ ഓടുന്നുണ്ട് എന്നാണ്.
നാലെ ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്ന ഈ വെൽഫെയർ പാർട്ടി എന്താണെന്നും ഏതാണെന്നും എറണാകുളത്തുകാർക്ക് വല്ല പിടിയുമുണ്ടോ ? മുൻപ് എപ്പോഴെങ്കിലും നിങ്ങളവരെപ്പറ്റി കേട്ടിട്ടുണ്ടോ ? കേരളത്തിൽ എവിടെയെങ്കിലും അവർക്ക് എം.പി.യോ എം.എൽ.എ.യോ പഞ്ചായത്ത് പ്രസിഡന്റോ ഒരു പഞ്ചായത്ത് മെമ്പറിങ്കിലുമോ ഉള്ളതായി അറിയുമോ ?
അങ്ങനെ ആരെങ്കിലും വഴിയേ പോകുന്നവർ വന്ന് അവരുടെ പാർട്ടി വളർത്താനായി ഹർത്താൽ ആഹ്വാനിക്കുമ്പോഴേക്കും അത് ശിരസ്സാവഹിക്കേണ്ട കാര്യം ജനങ്ങൾക്കുണ്ടോ ? ഇല്ലേയില്ല. അതുകൊണ്ട് നാളത്തെ ഈ എറണാകുളം ജില്ലാ ഹർത്താൽ കഴിഞ്ഞ മാസം 30ന് മുസ്ലീം ഏകോപനസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തള്ളിക്കളഞ്ഞതുപോലെ എറണാകുളം ജില്ലാക്കാർ തള്ളിക്കളയുക. മറ്റ് ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ എറണാകുളം കടന്നുപോകും. അതിനൊപ്പം നിങ്ങളും വാഹനങ്ങൾ ഓടിക്കുക. സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക. കൊച്ചി മെട്രോയിലെ നിങ്ങളുടെ കന്നിയാത്ര മാറ്റിവെക്കാതെ ആസ്വദിക്കുക.
എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ രോഗികളായവർക്ക് ആശുപത്രികളിൽപ്പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ ഞങ്ങൾ Say No To Harthal പ്രവർത്തകരെ 9447035375 എന്ന നമ്പറിൽ വിളിക്കുക.
ഞാൻ ഒരു വൈപ്പിൻകരക്കാരനാണ്. പുതുവൈപ്പുകാർക്ക് നീതി കിട്ടണം. അവർക്കെതിരെ നടന്ന പോലീസ് കാടത്തത്തിന് നടപടിയുണ്ടാകണം. അവരുടെ ജീവിതവും നിലനിൽപ്പും പ്രശ്നത്തിലാണെങ്കിൽ അതിനും പരിഹാരമുണ്ടാകണം. പക്ഷേ, എന്റെ കരക്കാരുടെ പ്രശ്നമായാലും എന്റെ തന്നെ പ്രശ്നമായാലും അതിന്റെ പേരിൽ മറ്റനേകം മനുഷ്യന്മാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഹർത്താൽ എന്ന സമരമുറയോട് മാത്രം അനുകൂലിക്കാൻ നിർവ്വാഹമില്ല. ഈ വിഷയത്തിൽ ഇക്കഴിഞ്ഞ 15ന് വൈപ്പിനിൽ ഹർത്താലായിരുന്നു. 5 ദിവസത്തിനകം അതേ വിഷയത്തിൽ വീണ്ടും ഒരു ഹർത്താൽ !! പ്രശ്നം തീരുന്നത് വരെ ഇങ്ങനെ ഹർത്താൽ നടത്തിക്കൊണ്ടിരിക്കുമോ ? അങ്ങനെ ഹർത്താലുകൾ നടത്തിക്കൊണ്ടിരുന്നാൽ പ്രശ്നങ്ങൾ തീരുമോ ? മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ഏതെങ്കിലും സമരമാർഗ്ഗമുണ്ടെങ്കിൽ പറയൂ. നാട്ടുകാരനെന്ന നിലയ്ക്ക് ഞാനും കൂടാം നിങ്ങൾക്കൊപ്പം.