മുകളിൽ കാണുന്നത് ഒരു വിവാഹ ഫോട്ടോ ആണ്!!!!
ഒരിക്കൽക്കൂടെ പറയാം. ആശ്ചര്യത്തോടെ നോക്കിക്കോളൂ. ഇതൊരു വിവാഹ ഫോട്ടോ ആണ്. തലയിൽ ഓലത്തൊപ്പി വെച്ച് നിൽക്കുന്നവരാണ് വധൂവരന്മാർ. അവർ ധരിച്ചിരിക്കുന്നത് വിവാഹ വസ്ത്രങ്ങളാണ്.
ഐറിഷ്, ഹിത, മിലേന, പ്രഭു – ഒരു വിവാഹ ഫോട്ടോ
ഞാനിതുവരെ കണ്ടിട്ടുള്ള വൃക്ഷസ്നേഹികളുടെ കൂട്ടത്തിലെ മുന്തിയ ഒരു മരമാണ് ഐറിഷ് വത്സമ്മ. 100 കോടി മരങ്ങൾ ഇന്ത്യയൊട്ടാകെ നട്ട് വളർത്തുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന, ഞാൻ കൂടെ അംഗമായ ഗ്രീൻവെയ്ൻ എന്ന സംഘടനയുടെ കോർഡിനേറ്റർമാരിൽ ഒരാളാണ് ഐറിഷ്. ഐറിഷിന്റെ പ്രകൃതി സ്നേഹവും പ്രവർത്തനങ്ങളുമൊക്കെ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. അതേപ്പറ്റി പറയണമെങ്കിൽ പേജുകൾ അനവധി വേണമെന്നതുകൊണ്ട് തൽക്കാലം അതിലേക്ക് കടക്കുന്നില്ല.
ഫെബ്രുവരി 19ന് പേരാമ്പ്രയിൽ വെച്ച് ഹിതയുമായുള്ള ഐറിഷിന്റെ വിവാഹമായിരുന്നു. ചെറിയൊരു പരുക്കിന്റെ പിടിയിലായിരുന്നെങ്കിലും, ആറ് മണിക്കൂറോളം വാഹനമോടിച്ച് പേരാമ്പ്രയ്ക്ക് ഞാൻ പോയത് ആ കല്യാണം ഒരിക്കലും നഷ്ടമാകരുതെന്ന ആഗ്രഹം കൊണ്ടായിരുന്നു. ചെന്നെത്തിയപ്പോൾ അൽപ്പം വൈകിയതുകൊണ്ട് വ്യത്യസ്തമായ വിവാഹ ചടങ്ങുകൾ എല്ലാം കാണാനായില്ലെങ്കിലും വധൂവരന്മാരേയും അവർക്കൊപ്പം വിവാഹിതരായ ഹിതയുടെ സഹോദരി മിലേനയേയും ചെന്നൈക്കാരനായ വരൻ പ്രഭുവിനേയും കണ്ട് സന്തോഷമറിയിച്ച് മടങ്ങാനായി.
നാട്ടിലെ പ്രായം ചെന്ന കർഷക ദമ്പതിമാരായ വെള്ളയപ്പനും പാറയമ്മയും നൽകിയ മരത്തൈകൾ ഏറ്റുവാങ്ങിയ വധൂവരന്മാർ അവരുടെ കാല്തൊട്ട് വന്ദിച്ചശേഷം ഭൂമിയിൽ അത് നട്ടുകഴിഞ്ഞപ്പോൾ വിവാഹത്തിന്റെ ആദ്യ ചടങ്ങ് കഴിഞ്ഞു. പിന്നീട് കേരളത്തിന്റെ പരിസ്ഥിതി കാവലാളായ ശോഭീന്ദ്രൻ മാഷ്, വധൂവരന്മാരെ ജൈവകിരീടം എന്ന ഓലത്തൊപ്പി അണിയിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. (ചടങ്ങിന്റെ വീഡിയോ). വന്നവർക്കെല്ലാം ആവശ്യാനുസരണം മരത്തൈകൾ വിതരണം ചെയ്തു ഗ്രീൻവെയ്ൻ പ്രവർത്തകർ.
ശോഭീന്ദ്രൻ മാഷ് വധൂവരന്മാർക്കൊപ്പം.
വൈകീട്ട് മൂന്ന് മണികഴിഞ്ഞ് നടന്ന ഈ ചടങ്ങുകൾക്ക് ശേഷം കരിന്തലക്കൂട്ടം അടക്കം വന്നവരെല്ലാവരും പാടിയും ആർത്തുവിളിച്ചും ഒരു രാത്രി. ഒരു തരി പൊന്നില്ലാതെയും പൂവില്ലാതെയും പട്ടില്ലാതെയും, ജാതി മതം ഭാഷ എന്നീ അതിർവരമ്പുകൾ ഇല്ലാതെയും ഒരു കല്യാണം. ഈ ജന്മത്ത് ഇനി ചിലപ്പോൾ ‘കാണാൻ‘ സാധിച്ചെന്ന് വരില്ല ഇങ്ങനെയൊരു വിവാഹച്ചടങ്ങ്. നൂറ്റാണ്ടിന്റെ വിവാഹമെന്ന് ഇതിനെ വിശേഷിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു.
മുഖ്യധാരാ മാദ്ധ്യമങ്ങളിൽ വന്ന വിവാഹ വാർത്ത
നവമാദ്ധ്യമങ്ങളിൽ തന്റെ കല്യാണക്കുറി ഐറിഷ് പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ മുഖ്യധാരാമാദ്ധ്യമങ്ങൾ അടക്കം എല്ലാവരിലേക്കും കത്തിപ്പടർന്നതാണ് ഈ വിവാഹത്തെപ്പറ്റിയുള്ള വാർത്തകൾ. ഫേസ്‌ബുക്കിൽ ഐറിഷ് ഇട്ട കല്യാണക്കുറി താഴെക്കാണാം.
കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമൊക്കെ കൂട്ടുകാർ സൈക്കിളിൽ എത്തി. എറണാകുളം തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഐറിഷിന്റെ സൌഹൃദവലയങ്ങൾ വന്നണഞ്ഞു. രണ്ടും മൂന്നും ദിവസം മുന്നേ ചെന്ന് കല്യാണത്തിന്റെ ഒരുക്കങ്ങൾക്ക് സഹകരിച്ച വലിയൊരു സൌഹൃദനിരതന്നെ അവിടെയുണ്ടായിരുന്നു. അവർക്ക് താമസിക്കാനായി വീട്ടുമുറ്റത്ത് ടെന്റുകൾ തയ്യാറാക്കിയിരുന്നു.
സുഹൃത്തുക്കൾക്ക് താമസിക്കാനായി ടെന്റുകൾ
ബന്ധുക്കളുടേയും നാട്ടുകാരുടേയും അഭിപ്രായങ്ങൾക്കും കുത്തുവാക്കുകൾക്കും ചെവികൊടുക്കാതെ, നമ്മുടെ മക്കളുടെ വിവാഹം ഇങ്ങനെ നടത്തിയാൽ മതി എന്ന് ഒരുപോലെ ചിന്തിച്ചുറച്ച് തീരുമാനമെടുക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ നടക്കാവുന്നതേയുള്ളൂ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഇതുപോലുള്ള ലളിതമായ കല്യാണങ്ങൾ.
ഐറിഷും ഹിതയും കുടുംബത്തോടൊപ്പം.
ഇങ്ങനെയുള്ള കല്യാണങ്ങൾ നടക്കട്ടെ. ഇതുപോലുള്ള വടവൃക്ഷങ്ങൾ ഇനിയും പടർന്ന് പന്തലിക്കട്ടെ. ഐറിഷേ, നീയെന്റെ കൂട്ടുകാരനും സഹപ്രവർത്തകനുമാണെന്ന് പറയുമ്പോൾ ഒരുപാട് അഹങ്കാരമുണ്ടെടാ ഗെഡ്യേ.
വാൽക്കഷണം:- സകലമാന ഇടവഴികളിലും കയറിയിറങ്ങി വർഷങ്ങളോളം സഞ്ചരിച്ച്, ഇരുട്ട് വീഴുമ്പോൾ ഒരിടത്ത് നിർത്തി അവിടെ ഭക്ഷണം പാകം ചെയ്ത് അവിടെ കിടന്നുറങ്ങി, അന്നന്നത്തെ യാത്രാവിവരണങ്ങൾ അന്നന്ന് ഓൺലൈനിൽ എഴുതിയിട്ട് ഇന്ത്യയുടെ മുക്കും മൂലയും കാണണമെന്നുള്ള ഒരാഗ്രഹമുണ്ടെനിക്ക്. അൽപ്പം വൈകിയാലും അങ്ങനൊന്ന് സംഭവിച്ചിരിക്കും. ഒരേയൊരാൾക്കാണ് ആ യാത്രയിൽ എന്റെയൊപ്പം സീറ്റുള്ളത്. ആ പോസ്റ്റിലേക്ക് യോഗ്യതാ പരീക്ഷ പാസ്സായത് ഇപ്പറഞ്ഞ ഐറിഷ് വത്സമ്മയാണ്. ഇനിയിപ്പോൾ അതെന്താകുമോ എന്തോ ?