മണിക്കൊരു വീടാകാൻ പോകുന്നു.


33

കുറേ നാളുകൾക്ക് മുൻപ് (2011ൽ) ‘മണി ഇപ്പോളും പട്ടിണിയിലാണ് ‘ എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതിയിരുന്നു. മോഹൻ‌ലാലിന്റെ കൂടെ ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്ത മണി എന്ന ആദിവാസി ബാലന്റെ നിലവിലെ അവസ്ഥയെപ്പറ്റിയായിരുന്നു ആ കുറിപ്പ്. ( അതിന്റെ പൂർണ്ണ രൂപം വായിക്കണമെന്നുള്ളവർക്ക് ഇതുവഴി പോകാം.)

ആ ലേഖനം പിന്നീട് ബ്ലോഗനയിൽ വരുകയും ഓൺലൈൻ വായനാ സൌകര്യമില്ലാത്ത കൂടുതൽ പേർ വായിക്കുകയും പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തു. ‘അത്രയ്ക്ക് സഹതാപമാണെങ്കിൽ നിങ്ങളെല്ലാം കൂടെ ഒരു വീട് ഉണ്ടാക്കിക്കൊടുക്കടേയ് ‘ എന്നുവരെ അഭിപ്രായങ്ങൾ കേട്ടു. മറ്റ് ചിലർ മണിയുടെ വീടിന്റെ കാര്യം എന്തായി എന്ന് ഇടയ്ക്കെല്ലാം അന്വേഷിക്കുകയുണ്ടായി.

അന്ന് സ്വിസ്സർലാൻഡിൽ നിന്നുള്ള ഒരുകൂട്ടം മലയാളികൾ മണിക്കുള്ള വീട്ടിനുള്ള സാമ്പത്തിക സഹായം ഏറ്റുകൊണ്ട് മുന്നോട്ട് വരുകയുണ്ടായി. പക്ഷെ വീട് വെക്കാൻ മണിയുടെ പേരിൽ സ്വന്തം സ്ഥലം ഇല്ല എന്നത് ഒരു പ്രശ്നമായി ഉയർന്നുവന്നു. വേറേ ആരുടെയെങ്കിലും പേരിലുള്ള സ്ഥലത്ത് വീട് വെച്ചുകൊടുത്ത് മണി പിന്നെയും പെരുവഴിയിലാകുന്നതിനോട് ആർക്കും യോജിപ്പുണ്ടായിരുന്നില്ല. എന്തൊക്കെ ആയാലും, മണിക്ക്  വേണ്ടിയും ‘ചെതലയ‘ത്തെ മുഴുവൻ ആദിവാസികൾക്ക് വേണ്ടിയും സദാ കർമ്മനിരതനായ കുഞ്ഞഹമ്മദിക്ക, മണിയുടെ വീടിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി വിശ്രമമില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അതിനിടയ്ക്കാണ് ആദിവാസികൾക്ക് അവർ ആഗ്രഹിക്കുന്ന ഭൂമി (‘ആശിച്ച ഭൂമി ആദിവാസിക്ക് ‘) എന്ന സർക്കാർ പദ്ധതി വന്നത്. 10 ലക്ഷം രൂപയിൽ ഒതുങ്ങുന്ന വീടോടുകൂടിയ ഇഷ്ടപ്പെട്ട ഭൂമി കാണിച്ച് കൊടുത്താൽ മറ്റ് സ്വകാര്യ വ്യക്തികളുടേതായാലും സർക്കാർ അത് ഏറ്റെടുത്ത് ആദിവാസിക്ക് നൽകും. അതനുസരിച്ച് മണിക്ക് താൽ‌പ്പര്യമുള്ള ഭൂമി കണ്ടെത്തുകയും ഉദ്യോഗസ്ഥന്മാർ വന്നുനോക്കി പോയെങ്കിലും കടലാസുകൾ വില്ലേജ് ഓഫീസിൽ നിന്ന് കളൿടറേറ്റിലേക്ക് നീങ്ങാതെ മുടങ്ങിക്കിടന്നു. ഭൂമാഫിയ മുതൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയും മറ്റ് താൽ‌പ്പര്യങ്ങളുമൊക്കെ ഈ കാലതാമസത്തിന് കാരണമായി.

ആദിവാസി സമൂഹത്തിൽ നിന്ന്, അതേ നാട്ടിൽ നിന്ന് തന്നെ ഒരു മന്ത്രിയുള്ളപ്പോൾ കാര്യങ്ങൾ എളുപ്പമാകേണ്ടതല്ലേ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ശരിയായ ധാരണയല്ല. മറ്റേത് നോക്കുകുത്തി ആ മന്ത്രിക്കസേരയിൽ ഇരുന്നാലും നടക്കുമായിരുന്ന കാര്യങ്ങൾ പോലും വിജയലക്ഷ്മി എന്ന മന്ത്രിയെക്കൊണ്ട് സാധിച്ചില്ല എന്നത്, ആ സമൂഹത്തിന്റേയും അത്തരം മന്ത്രിമാരെ സഹിക്കേണ്ടി വരുന്ന കേരള ജനതയുടേയും മൊത്തത്തിലുള്ള ഗതികേടാണ്.

മന്ത്രിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാൻ ആകുമോ എന്ന് കുഞ്ഞഹമ്മദിക്ക  അന്വേഷിച്ചപ്പോൾ, എനിക്കാകെ അടുത്ത് പരിചയമുള്ള ഒരു പൊതുപ്രവർത്തക എന്ന നിലയ്ക്ക് ശ്രീമതി ലതികാ സുഭാഷിനെ വിളിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പർ സംഘടിപ്പിക്കുകയും പല പ്രാവശ്യം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. കടലാസ് വില്ലേജ് ഓഫീസിൽ നിന്ന് കളൿടറേറ്റിലേക്ക് പോയി എന്ന് പി.എസ്. പറയും. ഞാനപ്പോൾത്തന്നെ കുഞ്ഞഹമ്മദിക്കയെ വിളിച്ച് വിവരമറിയിക്കും. കുഞ്ഞഹമ്മദിക്ക നേരെ വില്ലേജ് ഓഫീസിൽ ചെല്ലും. ഫയൽ അവിടെത്തന്നെ ഇരിപ്പുണ്ടെന്ന് എന്നെ വിളിച്ച് പറയും. രണ്ടുമൂന്ന് പ്രാവശ്യം പി.എസ്.നെ വിളിച്ചശേഷം ഞാൻ തോറ്റ് പിന്മാറി. എന്റെ നിസ്സഹായാവസ്ഥ കുഞ്ഞഹമ്മദിക്കയെ അറിയിച്ചു. സിനിമകളിൽ കാണുന്നത് പോലെ മന്ത്രിയേക്കാൾ ശക്തരോ അധികാര സ്വഭാവം ഉള്ളവരോ ആണ് പ്രൈവറ്റ് സെക്രട്ടറിമാരെന്ന് മനസ്സിലാക്കാനായി എന്നത് മാത്രമാണ് മെച്ചം.

അതിനിടയ്ക്ക് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞ ഷംസുദ്ദീൻ എന്ന വ്യക്തിക്ക് കളൿടറേറ്റിന്റെ പടികൾ കയറിയിറങ്ങി ക്ഷമ നശിച്ചു. പല നിലകൾ കയറാൻ പറ്റാത്ത ആരോഗ്യാവസ്ഥയാണ്, മേലാൽ സർക്കാരിന്റെ ആവശ്യങ്ങൾക്കൊന്നും സ്ഥലം കൊടുക്കില്ല എന്ന് നിരാശയോടെ അദ്ദേഹം പറഞ്ഞു. ‘ആശിച്ച ഭൂമി ആദി വാസിക്ക് ‘ എന്ന പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾ ആരൊക്കെയാണെന്ന് ലിസ്റ്റ് തയ്യാറാക്കി കൊണ്ടുചെല്ലാൻ ഉദ്യോഗസ്ഥന്മാർ ആവശ്യപ്പെടുന്നത് ഇത്തരം കാര്യങ്ങളുമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്ന ഷംസുദ്ദീ‍ൻ അടക്കമുള്ള ഭൂദാദാക്കളോടും കുഞ്ഞഹമ്മദിക്കയെപ്പോലുള്ള സാമൂഹ്യപ്രവർത്തകരോടുമാണ്. ഉദ്യോഗസ്ഥന്മാർക്ക് പിന്നെന്താണ് പണി എന്നൊന്നും ആരും ചോദിക്കരുത്. ആദിവാസികളുടെ കാര്യത്തിൽ ഇങ്ങനൊക്കെയാണ് ഇന്നാട്ടിൽ.

വീട് ഉണ്ടാക്കിക്കൊടുക്കുന്നതിനൊപ്പം, മണിയുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുക എന്നതിന് കൂടെ കുഞ്ഞഹമ്മദിക്ക ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നെങ്കിലും പഠനം മുന്നോട്ട് കൊണ്ടുപോകാൻ മണി തയ്യാറായില്ല. ഭൂരിഭാഗം ആദിവാസികളേയും പോലെ പള്ളിക്കൂടമെല്ലാം അവനുപേക്ഷിച്ചു. ഒരു കുടുംബം പൊറുപ്പിക്കാൻ പ്രായവും പക്വതയും വരുമാനവും ഒക്കെ ആകുന്നതിന് മുന്നേ തന്നെ കല്യാണം കഴിക്കുകയും അച്ഛനാകുകയും ചെയ്തു. അതോടെ പ്രാരാബ്ദ്ധങ്ങൾ കൂടുതലായി. കുടുംബം പോറ്റാനായി റോഡ് പണിക്ക് പോകാൻ തുടങ്ങി. ‘അവാർഡ് നേടിയ ബാലതാരം റോഡ് പണി ചെയ്യുന്നു‘ എന്ന് പത്രവാർത്തയും ഫോട്ടോയും വന്നതോടെ കോണ്ട്രാൿടർ മണിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. അതിനിടയ്ക്ക്  ‘മിഠായി’ എന്ന കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയിൽ ചെറിയ വേഷം ചെയ്തെങ്കിലും ആ വഴിക്ക് വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. മണി ഇപ്പോൾ വീണ്ടും കൂലിപ്പണി ചെയ്ത് ജീവിക്കുന്നു. അതിനിടയ്ക്ക് ഇപ്പോൾ ദാ രണ്ടാമതും അച്ഛനാകാൻ പോകുന്നു.

എന്തായാലും മണിക്കുള്ള സ്ഥലത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഒരു പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച കുഞ്ഞഹമ്മദിക്ക അയച്ചുതന്ന പത്രവാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. അധികം താമസിയാതെ മണിക്ക് 36.5 സെന്റ് സ്ഥലം കിട്ടും. അതിനുള്ളിൽ ഒരു വീടുള്ളതുകൊണ്ട് അക്കാര്യവും തീരുമാനമായി.

img145

മികച്ച ബാലതാരത്തിന് കിട്ടിയ സർട്ടിഫിക്കറ്റ് പഴയ വീട് ചോർന്നൊലിച്ചപ്പോൾ കീറിപ്പോയെങ്കിലും, അവാർഡ് ശിൽ‌പ്പം കുട്ടികൾ ക്രിക്കറ്റിന്റെ സ്റ്റം‌മ്പ് മണ്ണിലടിച്ച് ഉറപ്പിക്കാൻ ഉപയോഗിച്ചശേഷം അല്ലറ ചില്ലറ പരിക്കുകളോടെ ബാക്കിയുണ്ട്. അത് വിറ്റ് പണമുണ്ടാക്കാൻ മണി ശ്രമിച്ചെങ്കിലും കുഞ്ഞഹമ്മദിക്കയുടെ ഇടപെടൽ കാരണം വിൽ‌പ്പന നടത്താനായിട്ടില്ല. അവസാനം അതെടുത്ത് വെക്കാൻ സ്വന്തമായി മണിക്കൊരു കൂര ഉണ്ടാകാൻ പോകുന്നു.

5

മാതൃഭൂമിയുടെ സ്റ്റാർ & സ്റ്റൈൽ മാഗസിന്റെ 2014 നവംബർ ലക്കത്തിൽ ‘താരമേ താരമേ നിന്നുടെ വീട്ടിൽ‘ എന്ന പംക്തിയിൽ മോഹൻ‌ലാൽ, അടൂർ ഗോപാലകൃഷ്ണൻ, കൈതപ്രം, ഷാജി കൈലാസ്, സമീറ സനീഷ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബാബു ആന്റണി, മണി വയനാട്…. എന്ന് പുറം ചട്ടയിൽക്കണ്ടപ്പോൾ, ചാടി വീണ് മാഗസിൻ വാങ്ങി. മണിക്ക് മറ്റ് താരങ്ങളുടെ പോലെ വീട് ആയെങ്കിൽ അതൊന്ന് അറിഞ്ഞിരിക്കാമെന്ന് കരുതിയാണ് വാങ്ങിയത്. പക്ഷെ,കുഞ്ഞഹമ്മദിക്ക അറിയാതെ മണിക്കെവിടന്ന് വീട് ?  മറ്റ് താരങ്ങളുടെ വീടിന്റെ വിശദാംശങ്ങൾ അക്ഷരങ്ങളായും പടങ്ങളായും അച്ചടിച്ചപ്പോൾ, വീടില്ലാത്ത മണി, ഭാര്യ വീടിന് മുന്നിൽ അവാർഡ് ശിൽ‌പ്പവും പിടിച്ച് നിൽക്കുന്ന ചിത്രമാണ് അകത്തുണ്ടായിരുന്നത്. മണിമാളികളിൽ ജീവിക്കുന്ന മറ്റ് താരങ്ങൾക്ക് നേരെയുള്ള ഒരു ആക്ഷേപമായിട്ട് ആ ഫീച്ചറിനെ കാണുന്നതിൽ തെറ്റില്ല എന്നാണെനിക്ക് തോന്നിയത്.  എന്തായാലും, അധികം വൈകാതെ ഇതുപോലുള്ള ലേഖനങ്ങളിൽ മണിയുടെ ‘സ്വപ്നസൌധ‘വും പ്രദർശിപ്പിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിഞ്ഞെന്ന് വരും.

വാൽക്കഷണം:- ‘ആശിച്ച ഭൂമി ആദിവാസിക്ക് ’ പദ്ധതി പ്രകാരം ഭൂമിക്ക് വേണ്ടിയുള്ള കടലാസുകൾ കുഞ്ഞഹമ്മദിക്ക നീക്കിയത് മണിയുടെ കാര്യത്തിൽ മാത്രമല്ല. വേറെയും ഒരുപാട് ആദിവാസികൾ അക്കൂട്ടത്തിലുണ്ട്. അതിനെല്ലാം കടലാസ് പണിയും യാത്രാച്ചിലവും ഒക്കെയായി ഏറെ പണം ചിലവാകുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്ന്, എന്റെ സുഹൃത്തായ ബിന്ദു ഉണ്ണിയെപ്പോലുള്ളവരാണ് അതിനാവശ്യമായ പണം നൽകി കുഞ്ഞഹമ്മദിക്കയെ സഹായിച്ചത്. മണിക്ക് വീടാകാൻ പോകുന്നു എന്ന വാർത്ത, ബിന്ദുവിനും ഉണ്ണിക്കും ‘മണിയുടെ വീടിന്റെ കാര്യം എന്തായി ?’ എന്നന്വേഷിച്ചിരുന്ന എല്ലാ സുഹൃത്തുക്കൾക്കും സന്തോഷിക്കാനുള്ളതാണ്.

Comments

comments

One thought on “ മണിക്കൊരു വീടാകാൻ പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>