കഴിഞ്ഞ ജയ്സാൽമീർ സന്ദർശന വേളയിൽ കാണാതെ ബാക്കിവെച്ച രണ്ട് സ്ഥലങ്ങളാണ് സനോദ് (tanot) മാതാ ക്ഷേത്രവും ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തിയും.
രാവിലെ 7 മണിയോടെ സനോദ് മാതാ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 112 കിലോമീറ്റർ ദൂരമുണ്ട്. അവിടെയുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) ഓഫീസിൽ നിന്ന് പാസ്സ് എടുത്താൽ പാക്കിസ്ഥാൻ അതിർത്തിയിലേക്ക് പോകാം.
നല്ല ഗംഭീര റോഡ്. ട്രാഫിക് തീരെയില്ല. ഇരുവശങ്ങളിലും മരുഭൂമി. ചിലയിടത്ത് കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ. മരുഭൂമി ആണെങ്കിലും നിറയെ കുറ്റിച്ചെടികളും അത്യാവശ്യം മരങ്ങളുമൊക്കെ ഇപ്പോൾ വന്നു തുടങ്ങിയിട്ടുണ്ട്. അതെങ്ങനെ സംഭവിച്ചു എന്ന് ആദ്യം മനസ്സിലായില്ല. പിന്നീട് ചിലയിടത്ത് ഒന്ന് രണ്ട് ബോർഡുകൾ കണ്ടു. “വരൂ മരങ്ങൾ നടൂ, മരുഭൂമിയെ നമ്മുക്ക് ഹരിതാഭമാക്കാം” എന്നൊക്കെയാണ് ആ ബോർഡുകളിൽ. മരുഭൂമി പച്ചപിടിച്ചത് എങ്ങനെയാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
എ.ഡി. 828ൽ ഉള്ളതാണ് സനോദ് മാതാ ക്ഷേത്രം. നിർഭാഗ്യവശാൽ ക്ഷേത്രത്തിന്റെ ചരിത്രമോ ഐതിഹ്യമോ ഒന്നും ഇംഗ്ലീഷിൽ എഴുതി വെച്ചിട്ടില്ല. മുഴുവൻ ഹിന്ദിയിൽ ആണുള്ളത്. 1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ ആയിരക്കണക്കിന് ബോംബുകൾ പാക്കിസ്ഥാൻ വർഷിച്ചെങ്കിലും ഒന്നുപോലും ക്ഷേത്രത്തെ നശിപ്പിച്ചില്ല എന്നാണ് പറയുന്നത്. 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാന്റെ ടാങ്കുകൾ മണലിൽ പുതഞ്ഞു പോയി. അതേസമയം വ്യോമാക്രമണത്തിലൂടെ ആ ടാങ്കുകളെ ഇന്ത്യ നശിപ്പിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ക്ഷേത്രത്തിന്റെ നിയന്ത്രണം ബി എസ് എഫ് ഏറ്റെടുത്തു.
ഇതിൽ രസകരമായ സംഗതി അന്ന് യുദ്ധത്തിൽ പൊട്ടാതെ പോയ ബോംബുകളും പല യുദ്ധോപകരണങ്ങളും ക്ഷേത്രത്തിനുള്ളിൽ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട് എന്നതാണ്. ഇന്ത്യയിൽ മറ്റൊരു ക്ഷേത്രത്തിൽ ഇങ്ങനെ ഉണ്ടാകുമോ എന്ന് സംശയമാണ്.
പൂജാരിയൊന്നും ക്ഷേത്രത്തിൽ ഇല്ല. കാര്യങ്ങളൊക്കെ നിരീക്ഷിക്കാൻ ഒരു ബിഎസ്എഫ് ഭടൻ അതിനകത്തുണ്ട്. അദ്ദേഹത്തിൽ നിന്ന് ക്ഷേത്രത്തിന്റെ അത്യാവശ്യം ചരിത്രം ഞാൻ ചോദിച്ചു മനസ്സിലാക്കി.
ക്ഷേത്രത്തിന് പുറത്തൊരു പുരാതനമായ കിണറുണ്ട്. അക്കാലത്ത് ഗ്രാമവാസികൾ എല്ലാം വെള്ളമെടുത്തിരുന്നത് ഈ കിണറ്റിൽ നിന്നാണ്. പിന്നീട് കിണറ് വറ്റി. ഇപ്പോൾ ജനങ്ങൾക്ക് പൈപ്പ് വഴി വെള്ളം ലഭിക്കുന്നു.
ക്ഷേത്രത്തിന് പുറത്ത് വഴിവാണിഭക്കാരുടെ തിരക്കാണ്. ഭക്ഷണശാലകളാണ് കൂടുതലും. ഞാൻ അവിടന്ന് പ്രാതൽ കഴിക്കുമ്പോൾ സമയം 10 മണി. ഭക്ഷണകാര്യത്തിൽ ഞാൻ ഏറെക്കുറെ രാജസ്ഥാനികളെ പോലെ ആയിക്കഴിഞ്ഞിരിക്കുന്നു.
ക്ഷേത്രത്തിന് വെളിയിലുള്ള ബി. എസ്. എഫി.ന്റെ കെട്ടിടത്തിൽ ചെന്നാൽ ബവ്ലിയാൻ (bawliyan) എന്നയിടത്തേക്ക്, അതായത് ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിലേക്കുള്ള പെർമിറ്റ് എടുക്കാം.
നമ്മുടെ തിരിച്ചറിയൽ രേഖയും വാഹനത്തിന്റെ ആർസി രേഖയും നൽകണം. അപ്പോഴാണ് ഭാഗിയുടെ ഒരു പ്രശ്നം ഞാൻ മനസ്സിലാക്കുന്നത്. അവളുടെ ആർസിയിൽ, ബോലെറോ എന്നോ അതിന്റെ മോഡൽ എക്സെൽ എന്നോ രേഖപ്പെടുത്തിയിട്ടില്ല. പെർമിറ്റ് കിട്ടാൻ സാദ്ധ്യതയില്ലാത്ത അവസ്ഥ. കേരളത്തിൽനിന്ന് ഇത്ര ദൂരം വന്നതാണ്, നിരാശപ്പെടുത്തരുത് എന്നൊക്കെ പറഞ്ഞപ്പോൾ പെർമിറ്റ് അനുവദിച്ചു തന്നു.
20 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിൽ നിന്ന് അതിർത്തിയിലേക്ക്. ഇടക്ക് ഒന്ന് രണ്ട് ചെക്ക് പോസ്റ്റുകളിൽ പെർമിറ്റ് കാണിക്കണം. “ഒറ്റയ്ക്കാണോ” എന്ന് ആദ്യത്തെ ചെക്ക് പോസ്റ്റിലെ ജവാൻ. “ആളെക്കൂട്ടി വരാൻ, ഞാൻ അതിർത്തിയിൽ യുദ്ധത്തിന് പോകുന്നതല്ലല്ലോ” എന്ന് ആത്മഗതം.
അതിർത്തി വരെയുള്ള 20 കിലോമീറ്റർ നല്ല റോഡ് ആണ്. കുറ്റിച്ചെടികൾക്ക് ഉയരം കുറയുന്നു. കാറ്റാടി യന്ത്രങ്ങൾ ഇല്ല. മരങ്ങൾ ഇല്ലേയില്ല. വല്ലപ്പോഴും ഒരു വാഹനം എതിരെ വന്നാലായി. പോകുന്നത് അതിർത്തിയിലേക്ക് ആണ് എന്ന ഒരു വിഗ്വല ചിന്ത ജനിപ്പിക്കാൻ പോന്ന അന്തരീക്ഷം. എങ്കിലും നല്ല ഒന്നാന്തരം ഡ്രൈവ്.
വഴി ചെന്ന് അവസാനിക്കുന്ന ഇടത്ത് ഇന്ത്യ പാക്കിസ്ഥാൻ ബോർഡർ എന്ന് എഴുതിയ ഒരു കമാനമുണ്ട്. ഒരു കാന്റീൻ, പട്ടാളക്കാരുടെ കെട്ടിടങ്ങൾ, ശൗചാലയം, പ്രകടനങ്ങൾ നടത്തുമ്പോൾ ഇരിക്കാനുള്ള ഗാലറി, എന്നിവയ്ക്ക് പുറമേ ഒരു വാച്ച് ടവറും ഉണ്ട്. അതിന് മുകളിലേക്ക് കയറിയാൽ, താഴെ മുള്ളുവേലി കെട്ടിയ പാക്കിസ്ഥാൻ അതിര് കാണാം.
ചുട്ടു പഴുത്തു കിടക്കുകയാണ് ആ വാച്ച് ടവർ. അതിന്റെ കൈവരികളിൽ തൊടാൻ പറ്റുന്നില്ല. താഴെ ധാരാളം പശുക്കൾ മേയുന്നുണ്ട്. പടങ്ങളെടുക്കാനും വാച്ച് ടവറിൽ കയറാനും ഒക്കെയായി അരമണിക്കൂർ അവിടെ ചിലവഴിച്ച ശേഷം തിരികെ സനോദിൽ എത്തി. അവിടന്ന് കിഷൻഗഡ് എന്ന സ്ഥലത്തേക്ക് 24 കിലോമീറ്റർ ദൂരമുണ്ട്. അവിടെ ഒരു കോട്ടയും ഉണ്ടെന്നാണ് അറിവ്. നേരെ അങ്ങോട്ട് വിട്ടു. 12 കിലോമീറ്റർ ചെന്നപ്പോൾ ചെക്ക് പോസ്റ്റ് തടഞ്ഞു. പെർമിറ്റ് ഇല്ലാതെ പോകാൻ പറ്റില്ല പോലും. തിരികെ പോയി പെർമിറ്റ് അടുത്ത് വരാൻ തൽക്കാലം ഉത്സാഹം കാണിച്ചില്ല.
ജനങ്ങൾ ഉപേക്ഷിച്ചു പോയ ചില ഗ്രാമങ്ങളുണ്ട് ഈ ഭാഗത്ത്. ഇതെല്ലാം ബാക്കി നിൽക്കട്ടെ എന്ന് വെച്ചു. ജയസാൽമീറിൽ വരാൻ ഇനിയും എന്തെങ്കിലുമൊക്കെ കാരണങ്ങൾ വേണമല്ലോ. കാമുകിയുടെ വീട്ടിൽ മറന്ന് വെച്ച കുടയായി കണ്ടാൽ മതി.
വൈകീട്ട് മൂന്ന് മണിയോടെ തിരിച്ച് ജയ്സാൽമീറിൽ എത്തി. സുവർണ്ണ കോട്ടയിൽ ചെന്ന് മഹേഷിനോടും സമീറിനോടും യാത്ര പറഞ്ഞു. നാളെ ജയസാൽമീർ വിടുകയാണ്. പാലിയിലേക്കാണ് യാത്ര. അവിടെ ചൂട് കുറവായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ശുഭരാത്രി കൂട്ടരെ.