സൈബർ ലോകം

പൊലീസ് പിടിയിൽപ്പെടാതെ എങ്ങനെ എന്തൊക്കെ എഴുതാം ?!


666
പൊലീസ് നിയമത്തിൽ മാറ്റം വരുത്തി 118A കൊണ്ടുവന്ന് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ അടക്കം എല്ലാ പ്രശ്നങ്ങൾക്കും മാതൃകാപരമായ പരിഹാരം ഉണ്ടാക്കിയ പിണറായി സർക്കാരിനെ തള്ളിപ്പറയുകയും ഇനിയെന്തെഴുതും എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നവരോട്……

എല്ലാ വഴികളും അടഞ്ഞിട്ടില്ല. അതെല്ലാം വെറുതെ തോന്നുന്നതാണ്. ഉദാഹരണത്തിന്… സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ എഴുതി പോസ്റ്റ് ചെയ്യണമെന്ന് കൈ തരിക്കുമ്പോൾ…..

1. പണ്ട് മാവേൽ കല്ലെറിഞ്ഞതും തോർത്ത് കൂട്ടി തോട്ടിൽ നിന്ന് ബ്രാല് പിടിച്ചതുമൊക്കെ എഴുതുക. ഭാവിയിൽ ഇതൊക്കെ ആത്മകഥയിലെ ഏടുകളായും ചേർക്കാം.

2. യാത്രാവിവരണങ്ങൾ എഴുതുക. അതിനിപ്പോൾ യാത്ര പോകണമെന്നൊന്നും ഇല്ല. വേണമെങ്കിൽ, ഇംഗ്ലണ്ടിൽ സ്ഥിരജീവിയായ ഒരു ഗുരുനാഥനെ ഈ ആവശ്യത്തിലേക്ക് പരിചയപ്പെടുത്തിത്തരാം.

3. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എന്തുകൊണ്ട് ഇടക്കിടക്ക് ന്യൂനമർദ്ദങ്ങൾ ഉണ്ടാകുന്നു എന്ന് വെറുതെ കൂലങ്കഷമായി ചിന്തിച്ച് പ്രബന്ധങ്ങൾ എഴുതിക്കൊണ്ടിരിക്കുക.

4. നല്ലതും കൂതറയുമായ എല്ലാ സിനിമകളും കണ്ട് അതേപ്പറ്റി ചന്നംപിന്നം എഴുതിയിടുക. പ്രത്യേകം ശ്രദ്ധിക്കുക. സിനിമയുടെ സംവിധായകൻ നടീനടന്മാർ സാങ്കേതിക പ്രവർത്തകർ ഇങ്ങനെ ആരേയും ഇതിൽ മോശമായി പരാമർശിക്കാൻ പോലും പാടില്ല.

5. പുസ്തകാവലോകനങ്ങൾ എഴുതിയിടുക. പുസ്തകം വായിക്കാതെ തന്നെ അവലോകനം എഴുതാനുള്ള സാങ്കേതികവിദ്യയും ഗുരുക്കന്മാരും ലഭ്യമാണ്. ആവശ്യക്കാർക്ക് ലിങ്ക് തരാം.

6. അൺബോക്സിങ് വീഡിയോ എന്നതുപോലെ അൺബോക്സിങ് ലേഖനങ്ങളും എഴുതാവുന്നതാണ്. ഈ അവസരത്തിൽ ഏതെങ്കിലും വ്യവസായത്തെ അപകീർത്തിപ്പെടുത്തി എഴുതാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

7. നിങ്ങളുടെ ഓരോ ദിവസവും ഡയറിയിൽ എന്നപോലെ എഴുതി പോസ്റ്റ് ചെയ്യുക. ഇതിൽ നിന്ന് കിടപ്പറ, കക്കൂസ് രംഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

8. നിങ്ങൾ ഇതുവരെ കാണാത്ത നിങ്ങളുടെ ഓരോ ഓൺലൈൻ സുഹൃത്തുക്കളുടേയും ജീവചരിത്രം അവരുടെ അനുമതിയോടെ പുകഴ്ത്തി മാത്രം എഴുതാൻ ശ്രമിക്കുക. ജീവചരിത്രം പോയിട്ട് നേരെചൊവ്വേ ഒരു പ്രൊഫൈൽ പോലും ഇല്ലാത്തവരെ പറഞ്ഞ് വിടണമെങ്കിൽ അതിനും ഇതൊരു അവസരമാണ്.

9. കോവിഡ്, ഡെങ്കു, എലിപ്പനി, നിപ്പ, തക്കാളിപ്പനി മുതലായ പുത്തൻ രോഗങ്ങൾ ഇതിനകം വന്ന് മാറിയവർ ആണെങ്കിൽ ആ രോഗാനുഭവങ്ങൾ എഴുതിയിടുക. ഈ അവസരത്തിൽ ഡോക്ടർമാരെയോ ആരോഗ്യപ്രവർത്തകരെയോ വൈറസിനെയോ ബാക്ടീരിയയെയോ പോലും മോശമായി ചിത്രീകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

10. നിങ്ങളുടെ കുട്ടികൾക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ വേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങൾ സമ്മാനങ്ങൾ തുണിത്തരങ്ങൾ എന്നുതുടങ്ങി പ്രത്യേകിച്ച് ഒരു കഥയുമില്ലാത്ത കാര്യങ്ങൾ ഒന്നരപ്പുറം കവിയാതെ എഴുതിയിടുക.

11. നിങ്ങളുടെ ആദ്യത്തെ പ്രേമലേഖനം ഒന്നുകൂടി എഴുതിയിടുക. കാമുകിയുടെ അച്ഛനെയോ ആങ്ങളയെയോ അമ്മാവനെയോ ചീത്ത പറയുന്ന ഭാഗങ്ങൾ ഇതിൽനിന്ന് ഒഴിവാക്കേണ്ടതാണ്. ഇതുവരെ പ്രേമലേഖനം എഴുതാത്തവർ ഇതൊരു അവസരമായി കണക്കാക്കുക.

12. കഥ, കവിത, ബാലസാഹിത്യം, ശാസ്ത്രലേഖനം, സ്പോർട്സ്, എന്നിങ്ങനെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ കൈവെക്കാൻ സാദ്ധ്യതയില്ലാത്ത സാഹിത്യശാഖകളിൽ തോണ്ടി ചൊറിഞ്ഞ് പരീക്ഷണ വിധേയമാക്കുക. ഇതുപോലൊരു അവസരം ഇനിയുണ്ടായെന്ന് വരില്ല.

13. പുഴുങ്ങിയ മുട്ടയുടെ തോട് മുട്ടയ്ക്ക് കേട് വരാതെ എങ്ങനെ നീക്കം ചെയ്യാം; തേങ്ങ ചിരകുമ്പോൾ പീരയ്ക്ക് വേദനിക്കാതിക്കാൻ എന്തെല്ലാം മുൻ‌കരുതലുകൾ സ്വീകരിക്കാം എന്ന് തുടങ്ങി പാചകസംബന്ധിയായ ലേഖനങ്ങൾ എഴുതിയിടുക.

14. ലോക പുരുഷ ദിനവും കക്കൂസ് ദിനവും നവംബർ 19 എന്ന ഒരേ തീയതിയിൽ വന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിച്ച് അതിന്റെ പിന്നിലുള്ള ഗൂഢാലോചന പ്രബന്ധമാക്കി എഴുതിയിടുക.

15. മേൽപ്പറഞ്ഞതൊന്നും എഴുതാൻ വയ്യ എന്നുള്ളവർ മറ്റാരെങ്കിലും എഴുതിയ നല്ല ലേഖനങ്ങൾ കോപ്പിയടിച്ച് സ്വന്തം പേരിലാക്കി പോസ്റ്റ് ചെയ്യുക. ആരെങ്കിലും ചോദ്യം ചെയ്യാൻ വന്നാൽ അവരെ ബ്ലോക്ക് ചെയ്യുക, ഓൺലൈൻ ലേഖനങ്ങൾക്ക് പകർപ്പവകാശം ഇല്ലല്ലോ എന്ന് ന്യായീകരിക്കുക.

എന്തെഴുതിയാലും പിണറായി വിജയൻ സർക്കാരിനെ നന്ദിയോടെ സ്മരിക്കുക. ഈ സർക്കാർ ഇല്ലായിരുന്നെങ്കിൽ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിങ്ങളൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ആകാൻ ഒരു സാദ്ധ്യതയും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിലവിലെ സാഹചര്യത്തിൽ മാദ്ധ്യമ സ്ഥാപനങ്ങളും പ്രവർത്തകരും എന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കുക. ഇത് ചെറുകിട ഓൺലൈൻ കൈത്തരിപ്പുകാർക്ക് വേണ്ടി മാത്രമുള്ള നിർദ്ദേശങ്ങളാണ്.

വാൽക്കഷണം:- കൂടുതൽ നിർദ്ദേശങ്ങൾ കമന്റുകളായി വരുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.