രാവിലെ ആറുമണിക്ക് എഴുന്നേറ്റ് കുളിച്ചൊരുങ്ങി തുണികൾ കഴുകി, ഹട്കേശ്വർ ക്ഷേത്രദർശനം നടത്തി. ഇന്നലെ കിടന്നത് ക്ഷേത്രവളപ്പിൽ ആയിരുന്നെങ്കിലും ക്ഷേത്രത്തിന്റെ പടങ്ങൾ എടുത്തിരുന്നില്ല. ഇവിടെയാണെങ്കിൽ മൂർത്തിയുടെ പടം എടുക്കുന്നതിന് പോലും വിലക്കില്ല. പതിനേഴാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ക്ഷേത്രമാണിത്. കൊത്തുപണികൾ കൊണ്ട് സമ്പന്നമാണ് ഇതിന്റെ ചുമരുകളും ഗോപുരവും.
പടമെടുക്കൽ ചടങ്ങ് കഴിഞ്ഞതും, പറഞ്ഞുറപ്പിച്ചത് പ്രകാരം 8 മണിക്ക് തന്നെ ഗൈഡ് രാഗേഷ് ഠാക്കൂർ ക്ഷേത്ര വളപ്പിൽ എത്തി. അവിടന്നങ്ങോട്ട് നഗരത്തിൽ കാണേണ്ട എല്ലായിടങ്ങളിലും രാഗേഷ് അദ്ദേഹത്തിൻറെ ബൈക്കിൽ എന്നെ കൊണ്ടുനടന്ന് വിശദമായി കാണിച്ചു തന്നു. അതെല്ലാം ഒന്നൊന്നായി പറയാം.
താന റിറി ഉദ്യാനം.
ഒരു വലിയ കഥ പറയാതെ ഈ ഉദ്യാനത്തെപ്പറ്റി പറയുന്നത് അനുചിതമായിരിക്കും.
അക്ബറിന്റെ രാജസദസ്സിലെ ഗായകനായിരുന്നു താൻസൻ എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ദീപക് രാഗം പാടി അദ്ദേഹം വിളക്കുകൾ തെളിയിച്ചിട്ടുള്ള കഥയും നമ്മൾ കേട്ടിട്ടുള്ളതാണ്. ഇനിയങ്ങോട്ടുള്ള കഥ കേട്ടിട്ടുള്ളവർ ഉണ്ടെങ്കിൽ ക്ഷമിക്കുക. കേൾക്കാത്തവർക്ക് വേണ്ടിയാണ് പറയുന്നത്.
അക്ബർ താൻസനോട് ദീപക് രാഗം ആലപിക്കാൻ പറയുന്നു.
“ദീപക് രാഗം ആലപിക്കാം. പക്ഷേ, അത് കഴിയുമ്പോഴേക്കും എൻ്റെ ശരീരം വല്ലാതെ ചൂടെടുത്ത് പൊള്ളും. മറ്റാരെങ്കിലും ഒരാൾ മൽഹാർ രാഗം പാടി തണുപ്പിച്ചാലേ എനിക്ക് ശമനം കിട്ടൂ. ദർബാറിലുള്ള മറ്റ് ഗായകർക്ക് ആർക്കും മൽഹാർ രാഗം അറിയുകയുമില്ല. പിന്നെന്ത് ചെയ്യും?” എന്നായി താൻസെൻ.
അതൊന്നും അക്ബർ ചെവിക്കൊണ്ടില്ല. രാജകൽപ്പന ആയതുകൊണ്ട് താൻസന് ഉടനെ തന്നെ ദീപക് രാഗം ആലപിക്കേണ്ടി വന്നു. അദ്ദേഹത്തിൻ്റെ ശരീരം ചുട്ടുപഴുത്ത് പൊള്ളാൻ തുടങ്ങി. ആരെയെങ്കിലും കൊണ്ട് മൽഹാർ രാഗം പാടിക്കാൻ വേണ്ടി താൻസൻ അലഞ്ഞു നടന്നു. വട്നഗറിലെ ഷർമിഷ്ട്ട തടാകക്കരയിലാണ് ആ അലച്ചിൽ അവസാനിച്ചത്.
അക്കാലത്തെ പ്രശസ്ത ഗുജറാത്തി കവി ആയിരുന്ന നർസി മേത്തയുടെ മകളായ കുവാർ ബായിയുടെ പെൺമക്കളായ താനയും റിറിയും തടാകത്തിൽ നിന്ന് വെള്ളം കോരുന്നുണ്ടായിരുന്നു. വെള്ളം കുടത്തിലേക്ക് പകരുന്നതിന്റെ ഒരു താളത്തിൽ നിന്ന് താൻസന് അവർ മൽഹാർ രാഗം അറിയുന്നവരാണെന്ന് മനസ്സിലായി. തൻ്റെ ശരിയായ വ്യക്തിത്വം മറച്ചുവെച്ച് അദ്ദേഹം അവരോട് മൽഹാർ പാടാൻ അഭ്യർത്ഥിച്ചു. അവർ മൽഹാർ രാഗം പാടിയപ്പോൾ മേഘങ്ങൾ ആകാശത്ത് നിറഞ്ഞ് മഴ പെയ്തു. ആ മഴയിൽ നനഞ്ഞു കുതിർന്ന് താൻസൻ തൻ്റെ ശരീരത്തിന്റെ ചൂട് ശമിപ്പിച്ചു.
പെൺകുട്ടികളോട് വ്യക്തിത്വം മറച്ചുവെച്ചത് ശരിയായില്ല എന്ന് തോന്നിയ താൻസൺ, പിന്നീട് താൻ താൻസൻ ആണെന്ന് വെളിപ്പെടുത്തി. അതോടെ പെൺകുട്ടികൾ ഭയന്നു. അതിന് കാരണമുണ്ട്. അക്കാലത്ത് നല്ല കലാചാതുര്യം ഉള്ളവരെയെല്ലാം രാജസദസ്സിലേക്ക് കൊണ്ടുപോകും. കുടുംബത്തിൽ നിന്ന് വിട്ട് മാറി നിൽക്കാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നില്ല.
താൻ കാരണം അവർക്ക് അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് താൻസൻ അവരെ സമാധാനിപ്പിച്ചു. പക്ഷേ താൻസൻ്റെ ശരീരത്തിലെ ചൂടിൻ്റെ പ്രശ്നം അവസാനിച്ചെന്ന് അക്ബറിന് മനസ്സിലായി. അപ്പോൾ ആരോ മൽഹാർ രാഗം പാടിയിട്ടുണ്ട്. തൻറെ സദസ്സിലുള്ളവർക്ക് പോലും ചെയ്യാൻ പറ്റാത്ത കാര്യം ചെയ്ത ഒരു ഗായകനോ ഗായികയോ ഉണ്ടെങ്കിൽ അവരെ രാജസദസ്സിലേക്ക് കൊണ്ടുവരണം എന്നായി അക്ബറിന്. എന്നാലും താൻസൻ പെൺകുട്ടികൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി അക്ബർ ആ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു.
പക്ഷേ, അക്ബറിന്റെ രണ്ട് മക്കൾ (ഷാജഹാൻ അല്ലാതെ അക്ബറിന് വേറെയും മക്കൾ ഉണ്ട്.) താൻസനും അക്ബറും തമ്മിലുള്ള സംസാരം ഒളിഞ്ഞു നിന്ന് കേട്ടു. അവർ താനെയും റിറിയെയും പിടിച്ചുകൊണ്ട് വരാൻ വട്നഗറിൽ എത്തി. താൻസെൻ്റെ വർണ്ണന പ്രകാരം അവർ പെൺകുട്ടികളെ തിരിച്ചറിഞ്ഞു. പക്ഷേ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയപ്പോൾ നാട്ടുകാരും അക്ബറിന്റെ മക്കളും തമ്മിൽ കശപിശ ആകുകയും അവർ രണ്ടുപേരും കൊല്ലപ്പെടുകയും ചെയ്തു.
വട്നഗറിൽ വെച്ചാണ് തൻ്റെ മക്കൾ കൊല്ലപ്പെട്ടതെന്നും അതിന്റെ കാരണവും വൈകാതെ തന്നെ അക്ബർ മനസ്സിലാക്കി. അദ്ദേഹം വട്നഗറുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ആ സമയത്ത് താനയും റിറിയും വിഷം പുരട്ടിയ തങ്ങളുടെ മോതിരം ഉപയോഗിച്ച് ആത്മഹുതി ചെയ്തു.
ഇങ്ങനെയാണ് ആ കഥ പോകുന്നത്. താനയുടേയും റിറിയുടേയും ഓർമ്മയ്ക്ക് വേണ്ടിയാണ് ഈ ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്. അവരുടെ രണ്ടുപേരുടെയും സ്മൃതി മണ്ഡപം ഉദ്യാനത്തിൽ ഉണ്ട്. വർഷാവർഷം ഇവിടെ വലിയ സംഗീതോത്സവങ്ങൾ സംഘടിപ്പിച്ചു പോരുന്നു.
വട്നഗർ കോട്ടയുടെ കവാടങ്ങൾ
കോട്ടയുടെ ഉള്ളിലൂടെ ബൈക്കിൽ കയറിയിറങ്ങി പോകുമ്പോൾ കോട്ടയുടെ ആറ് കവാടങ്ങളും രാഗേഷ് കാണിച്ചുതന്നു. അതിൽ ഒരു കവാടം പൂർണമായും തകർന്ന് വീണത് പുനർ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. കല്ലിനു പകരം ചുടുകട്ടകളാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം.
ബുദ്ധ സന്യാസിമാരുടെ മഠം.
ഒരു ബോധിസത്വ വിഗ്രഹം വട്നഗറിൽ നിന്ന് 1992ൽ കണ്ടെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഉദ്ഘനനങ്ങളുടെ ഫലമായി വലിയൊരു ബുദ്ധസന്യാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ ഇവിടുന്ന് കണ്ടെടുത്തു. സ്ത്രീകൾക്ക് വേണ്ടിയുള്ള സന്യാസി മഠം ആയിരുന്നു അത് എന്നാണ് കരുതപ്പെടുന്നത്. ആ അവശിഷ്ടങ്ങൾ കാര്യമായിത്തന്നെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.
തീം പാർക്ക്
ദീപക്, യെമൻ, മൽഹാർ, ഭൈരവി, കേദാർ, വൃന്ദാവനി, ബഹാർ, ബസന്ത്, എന്നിങ്ങനെ 10 രാഗങ്ങൾക്ക് വേണ്ടി 10 മണ്ഡപങ്ങൾ, ഷർമിഷ്ഠ തടാകക്കരയിൽ സ്ഥാപിച്ചിട്ടുണ്ട്. ഹെഡ്ഫോൺ വെച്ച് സന്ദർശകർക്ക് ഈ രാഗങ്ങളെല്ലാം ആസ്വദിക്കാം. നാലഞ്ച് രാഗങ്ങൾ ഞാൻ കേട്ടുനിന്നു. ബാക്കിയുള്ളത് ഇനിയുള്ള ദിവസം ഭാഗി ഓടിക്കൊണ്ടിരിക്കുമ്പോൾ നെറ്റിൽ നിന്ന് കേൾക്കണം.
കീർത്തി തോരൻ
തങ്ങളുടെ വിജയങ്ങൾ ആഘോഷമാക്കാൻ വേണ്ടി, അല്ലെങ്കിൽ ഓർമ്മപ്പെടുത്താൻ വേണ്ടി സോളങ്കി രാജാക്കന്മാർ നിർമ്മിച്ചതാണ് കീർത്തി തോരണങ്ങൾ. രണ്ട് കീർത്തി തോരണങ്ങളാണ് വട്നഗറിൽ ഉള്ളത്. അതിലൊന്നിന്റെ മദ്ധ്യഭാഗത്തുള്ള തോരണം തകർന്നുവീണ് പോയി. രണ്ടാമത്തേത് കഷണം കഷണങ്ങളാക്കി അഴിച്ച് വെച്ച് ബറോഡയിലേക്ക് കൊണ്ടുപോകാൻ ഇരിക്കുകയായിരുന്നു ബറോഡയിലെ പഴയ ഭരണാധികാരികൾ. എന്തോ ചില കാരണങ്ങളാൽ അത് നടന്നില്ല. നരേന്ദ്ര മോദി മുഖ്യമന്ത്രിയായി വന്നതിനുശേഷം അദ്ദേഹം ഇതിനെ പുനരുദ്ധരിച്ചു.
തടാകങ്ങൾ, ക്ഷേത്രങ്ങൾ, ഹവേലികൾ
ഷര്‍മിഷ്ട്ട തടാകം കൂടാതെ ചെറുതും വലുതുമായി ധാരാളം തടാകങ്ങൾ ഉണ്ട് വട്നഗറിൽ. അതിൽ ചിലതിൽ രാഗേഷ് എന്നെ കൊണ്ടുപോയി. ഒരുകാലത്ത് 365 തടാകങ്ങളും, പഠിക്കണറുകളും കുണ്ടുകളും ചേർന്ന് 365 എണ്ണം, 365 കെട്ടിടങ്ങളും, 365 ക്ഷേത്രങ്ങളും വട്നഗറിൽ ഉണ്ടായിരുന്നത്രേ! ഒരു ക്ഷേത്രത്തിൽ ഒരു ദിവസം മാത്രം പൂജയും ഉത്സവവും എന്നതായിരുന്നു അന്നത്തെ രീതി. ഓരോരോ കുടുംബങ്ങൾക്കായിരുന്നു അതിനുള്ള അവകാശം നൽകിയിരുന്നത്. വെള്ളം ഉപയോഗിക്കുന്ന കാര്യത്തിൽ വട്നഗറിൽ ഉള്ളവർ ധാരാളികളാണ് എന്നാണ് രാഗേഷ് പറയുന്നത്. 5 കിലോമീറ്റർ മാറിയുള്ള രാകേഷിന്റെ ഗ്രാമത്തിൽ ഇത്രയും വെള്ളം ഉപയോഗിക്കാൻ കിട്ടാറില്ല. തടാകത്തിലെ ജലം നിർലോഭം കിട്ടുന്നതിന്റെ അഹങ്കാരമാണ് പട്ടണവാസികൾക്ക് എന്നാണ് രാഗേഷിന്റെ പക്ഷം.
ഹവേലികൾ, പഴയതും പുതിയതുമായ ജൈനക്ഷേത്രങ്ങൾ, പ്രധാനമന്ത്രി പഠിച്ചിരുന്ന സ്കൂൾ, എന്നിവയും പോകുന്ന വഴിയിൽ രാഗേഷ് കാണിച്ചുകൊണ്ടേയിരുന്നു.
ലത്തേരി വാവ്
രണ്ട് നിലകൾ ഭൂമിക്ക് താഴേക്കുള്ള ഒരു പടിക്കിണർ ആണ് ലത്തേരി വാവ്. സംരക്ഷിക്കപ്പെടുന്നതും അല്ലാതെയുമായി ധാരാളം പഠിക്കിണറുകൾ ഉണ്ട്. പഠിക്കുന്നത് ഗുണ്ടുകളും ചേർന്ന് 365 എണ്ണം ഉണ്ടായിരുന്നു എന്നാണ് പഴയ കണക്ക്.
ആർക്കിയോളജി എക്സ്പിരിമെന്റ് മ്യൂസിയം
അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ അമിത് ഷാ അത് ഉദ്ഘാടനം ചെയ്യുമെന്നാണ് കേൾക്കുന്നത്. ബുദ്ധ സന്യാസിനിമാരുടെ മഠത്തിൽ നിന്ന് കിട്ടിയതടക്കം വട്നഗറിൽ ഉത്ഘനനം നടത്തിയപ്പോൾ കിട്ടിയ എല്ലാ സാധനങ്ങളും അവിടെ പ്രദർശിപ്പിക്കും എന്നാണ് പറയുന്നത്. തടാകത്തിന്റെ ഒരു കരയിൽ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് ഇന്നലെയും ഞാൻ കണ്ടിരുന്നു.
ഉച്ചയോടെ രാഗേഷിനോട് വിട പറഞ്ഞു ഞാൻ തരങ്ക കോട്ടയിലേക്ക് നീങ്ങി. 34 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്. 45 മിനിറ്റ് ഡ്രൈവ്.
അവസാനത്തെ നാല് കിലോമീറ്റർ ആരവല്ലി മലനിരകളിലേക്കുള്ള കയറ്റമാണ്. റോഡ് ചെന്ന് നിൽക്കുന്നത് ഒരുപാട് കെട്ടിടങ്ങൾ ഉള്ള സമതലത്തിലാണ്. അവിടെ തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന ഭീമാകാരമായ ഒരു ജൈന ക്ഷേത്രം കാണാം. 900 വർഷം പഴക്കമുള്ള ശ്വേതാംബരന്റെ ക്ഷേത്രമാണ് അത്. അത്രയും തടിയൻ ഒരു ക്ഷേത്രം മുൻപ് ഞാൻ കണ്ടിട്ടില്ല. വലിയ ക്ഷേത്രം എന്നല്ല ഉദ്ദേശിച്ചത്. കുറഞ്ഞ സ്ഥലത്ത് നിൽക്കുന്ന ഭീമാകാരമായ ക്ഷേത്രം. അതിന്റെ അകത്തുള്ള ഒരു തൂണിന്റെ ചുറ്റളവ് മാത്രം 9 അടിയോളം ഉണ്ട്. ശില്പ വേലകളുടെ ധാരാളിത്തം. അകത്ത് ശ്വേതാംബരന്റെ അതിഗംഭീരമായ പ്രതിമ. ഈ ക്ഷേത്രത്തിന് പിന്നിലായി ദിഗംബരന്റെ ക്ഷേത്രവും ഉണ്ട്. ആ പരിസരത്തെങ്ങും ക്യാമറ ഉപയോഗിക്കാൻ അനുവാദമില്ല. വളരെ ദൂരെത്തന്നെ ചെരുപ്പും ഊരി ഇടണം. ക്ഷേത്രത്തിൻറെ വെളിയിൽനിന്ന് ചിത്രമെടുക്കാനും അനുവദിക്കുന്നില്ല.
മുകളിൽ കോട്ടയുടെ ഭാഗങ്ങൾ ഉണ്ടാകുമല്ലോ. അങ്ങോട്ട് പോകുമ്പോൾ എന്തായാലും ക്ഷേത്രത്തിന്റെ ചിത്രം എടുക്കാൻ പറ്റും എന്ന് പ്രതീക്ഷയിലായിരുന്നു ഞാൻ. പക്ഷേ കോട്ടയെപ്പറ്റി അന്വേഷിച്ചപ്പോൾ, ഇവിടെ ഒരു കോട്ടയും ഇല്ല എന്നാണ് മറുപടി കിട്ടിയത്. ഗൂഗിളിൽ കൃത്യമായി തരങ്ക കോട്ട എന്ന് അടയാളപ്പെടുത്തുന്നുണ്ട്. ഒരു കോട്ട ഇവിടെ എവിടെയോ ഉണ്ടായിട്ടുണ്ട്. അമ്പലം കോട്ടയെ മറികടന്ന് ചരിത്രത്തിൽ മുന്നോട്ട് വന്നിരിക്കുന്നു. അതാണ് സംഭവിച്ചിരിക്കാൻ സാദ്ധ്യത.
ക്ഷേത്രത്തിന്റെ വശത്ത് രണ്ടു വഴികളിലൂടെ കുന്നിൻ മുകളിലേക്ക് കയറിപ്പോകാം. 800ൽപ്പരം പടികൾ കയറണം മുകളിലെത്താൻ. പക്ഷേ അത്രയും കയറാനുള്ള ഇന്ധനം എൻ്റെ ശരീരത്തിൽ ഇല്ല. സമയം ഉച്ചയ്ക്ക് ഒരു മണി. രാവിലെ കാര്യമായി ഒന്നും കഴിച്ചിട്ടില്ല. ആ അവസ്ഥയിൽ മല കയറിയാൽ ശരിയാകില്ല എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ്, “ഭക്ഷണം കഴിച്ചോ?” എന്ന് അവിടുത്തെ ഒരു ജീവനക്കാരൻ ചോദിച്ചത്. കാന്റീനിൽ നിന്ന് 80 രൂപയ്ക്ക് ചപ്പാത്തിയും ചോറും മൂന്ന് കറികളും പപ്പടവും എല്ലാം ചേർത്ത് സുഭിക്ഷമായി ഭക്ഷണം കഴിച്ച ശേഷം മല കയറാൻ തുടങ്ങി. കയറ്റത്തിന്റെ ഓരോ ഘട്ടത്തിലും താഴേക്കുള്ള കാഴ്ച ഗംഭീരമാണ്. താഴെ പടം എടുക്കാൻ പറ്റാതിരുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങൾ ആവശ്യം പോലെ മുകളിൽ നിന്ന് എടുക്കുകയും ചെയ്യാം.
തുറസായ ചെരുവിലൂടെയും വലിയ ഉരുളൻ പാറക്കല്ലുകൾക്കിടയിലൂടെയും പടികൾ മുകളിലേക്ക് പോയിക്കൊണ്ടേയിരുന്നു. മുകളിൽ നിന്നുള്ള കാഴ്ച്ച അവർണ്ണനീയം. സൂര്യൻ നെറുകയിൽ ആണെങ്കിലും വീശുന്ന കാറ്റിന് നല്ല തണുപ്പ്. കുറെ അധികം നേരം ഞാൻ അവിടെ നിന്നു.
ചുറ്റുമുള്ള മലകളിൽ എവിടെയെങ്കിലും കോട്ടയുടെ ഒരു മതിലോ കൊത്തളമോ അവശിഷ്ടങ്ങളും കാണുമെന്ന് സസൂഷ്മം നിരീക്ഷിച്ചു. ഒന്നുമേ കാണാനില്ല. പിന്നെ എന്തുകൊണ്ട് ഇതിനെ തരംഗ കോട്ട എന്ന് വിളിക്കുന്നു എന്ന ചോദ്യം ബാക്കി.
മലയിറങ്ങി താഴെ വന്ന് ഭാഗിയെ തയ്ച്ച് ഒരു കിലോമീറ്റർ മുന്നോട്ടു നീങ്ങിയതും കോട്ടവാതിൽ പോലുള്ള ഒന്ന് കണ്ണിൽപ്പെട്ടു. അതിനോട് ചേർന്നും ഒരു ക്ഷേത്രമുണ്ട്. പക്ഷേ ആ വാതിൽ ഒരു കോട്ടയുടെ അവശിഷ്ടം തന്നെ. അതിനോട് ചേർന്ന് പോയിരുന്ന കോട്ട മതിൽ തകർത്താണ് ഞാൻ സഞ്ചരിക്കുന്ന റോഡ് വന്നിരിക്കുന്നത്. ഒരുപക്ഷേ ഈ ക്ഷേത്രങ്ങൾക്കും മുൻപ് ഉള്ള കോട്ട ആയിരിക്കാം അത്. ഞാൻ ഊഹിച്ചത് പോലെ ക്ഷേത്രത്തിന്റെ ചരിത്രം കോട്ടയെ മറികടന്നതാകാം. ഞാനിതിനെ 142-) മത്തെ കോട്ടയായിത്തന്നെ അടയാളപ്പെടുത്തുന്നു.
വട്നഗർ നഗരത്തിൽ തിരിച്ചെത്തിയതും രാഗേഷിനെ വിളിച്ചു. ഇന്ന് രാത്രി ഭാഗിക്കും എനിക്കും തങ്ങാനുള്ള ഏർപ്പാട് രാകേഷ് ചെയ്തിരിക്കുന്നത് ശർമിഷ്ട്ട തടാകത്തിന്റെ കരയിലാണ്. അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥരോട് രാകേഷ് സംസാരിച്ചിട്ടുണ്ട്.
നഗരത്തിലെ മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്ന് അത്താഴം കഴിച്ച്, ഭാഗ്യം ഞാനും തടാകക്കരയിൽ എത്തി. ഈ യാത്രയിൽ ഇതാദ്യമായാണ് ഒരു തടാകക്കരയിൽ ഉറങ്ങുന്നത്. അതും, താനയേയും റിറിയേയും താൻസെൻ കണ്ടുമുട്ടിയ ഷർമിഷ്ട്ട തടാകക്കരയിൽ. ഒരു തെണ്ടിക്ക് മാത്രം കിട്ടുന്ന സൗഭാഗ്യങ്ങളാണ് ഇതൊക്കെ.
ശുഭരാത്രി.