കടുത്ത നിരാശയോടെയാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. 4 എലികളെ ഭാഗിയിൽ നിന്ന് ഇതിനകം പിടിച്ച് കഴിഞ്ഞു. ഇന്ന് രാവിലെ നോക്കുമ്പോൾ മിനിയാന്ന് വാങ്ങിവെച്ച നൂഡിൽസ് പാക്കറ്റ് എലി കരണ്ടിരിക്കുന്നു. ഇന്നലെ രാത്രി എൻ്റെ ശരീരത്തിൽ കൂടെ എലി ഓടിയതായി എനിക്ക് തോന്നിയിരുന്നു. ആ തോന്നൽ ശരിയാണ്. ഞാനൊരു എലിക്കൂട്ടിൽ ജീവിക്കുന്നത് പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. ഒരു വീട്ടിൽ പോലും ഇത്രയധികം എലികൾ ഉണ്ടാവില്ല. എന്തൊരു ഗതികേടാണിത്!
എന്തായാലും ഇന്നുമുതൽ എല്ലാ ദിവസവും മുടങ്ങാതെ എലിക്കണി വെക്കാനും എലിപ്പശ വെക്കാനും തീരുമാനിച്ചു.
ആൽവാർ ഹബ്ബിൽ ബാക്കിയുള്ള ഒരേയൊരു കോട്ടയായ തിജാരയിലേക്കാണ് ഇന്നത്തെ യാത്ര. ഒന്നര മണിക്കൂറോളം ഡ്രൈവ് ഉണ്ട്. തിജാര കോട്ട ഇപ്പോൾ ഒരു ഹെറിറ്റേജ് ഹോട്ടൽ ആയതുകൊണ്ട്, പ്രവേശനം അനുവദിക്കുന്നുണ്ടോ എന്ന് വിളിച്ച് ചോദിച്ചു.
₹2500 രൂപയാണ് പ്രവേശന ഫീസ്. ഉച്ചഭക്ഷണവും അതിൽ ഉൾപ്പെടും. പ്രവൃത്തി ദിവസത്തിൽ ആണെങ്കിൽ ₹2100 നൽകിയാൽ മതി.
കോട്ടയിലേക്ക് എത്താൻ മൂന്നര കിലോമീറ്റർ ബാക്കിയുള്ളപ്പോൾ ദൂരെയായി കുന്നിൻ മുകളിൽ കോട്ട കാണാം. സാമാന്യം വലിയ കോട്ടയും കൊട്ടാരവുമാണ് മലമുകളിൽ ഉള്ളത്.
* മഹാഭാരത കാലത്തെ ത്രിഗർത്ത എന്ന പ്രദേശമാണ് പിന്നീട് തിജാര ആയി മാറിയതെന്നാണ് ഐതിഹ്യം.
* വയസ്സായ മാതാപിതാക്കളെ കൊട്ടയിൽ ഇരുത്തി തോളിൽ ചുവന്ന് കൊണ്ടുപോകുന്ന ശ്രാവൺകുമാർ എന്ന ചെറുപ്പക്കാരൻ ത്രിഗർത്ത കടന്നു പോകുന്നതായി പുരാണത്തിലുണ്ട്.
* ദുര്യോധനന്റെ ആജ്ഞ പ്രകാരം സുശർമ്മ രാജാവ് ത്രിഗർത്ത പ്രദേശ് ആക്രമിച്ച് പശുക്കളെ കയ്യടക്കുന്നതായും അജ്ഞാതവാസത്തിൽ ആയിരുന്ന അർജ്ജുനൻ ഈ പശുക്കളെ വീണ്ടെടുത്ത് നൽകുന്നതായും പുരാണത്തിൽ ഉണ്ട്.
* മഹാഭാരത യുദ്ധഭൂമിയിൽ ഇത് സുശർമ്മ രാജാവ് അർജ്ജുനനെ ദ്വന്ദയുദ്ധത്തിന് വിളിച്ച് യുദ്ധഭൂമിയിൽ നിന്ന് മാറ്റി നിർത്തുകയും ആ സമയത്ത് അഭിമന്യു ചക്രവ്യൂഹത്തിൽ കടക്കാൻ നിർബന്ധിതനായി കൊല്ലപ്പെടുകയും ചെയ്യുന്നു.
* പുരാണത്തിൽ പറയുന്നത് പ്രകാരമാണെങ്കിൽ മഹാഭാരത യുദ്ധഭൂമിയുമായി വളരെ അടുത്ത പ്രദേശമാണ് ത്രിഗർത്ത എന്ന തിജാര.
* 1835ൽ രാജ ഭക്താവർ സിംഗിന്റെ മകനായ ബൽവന്ത് സിംഗ് ആണ്, തൻെറ അമ്മയായ മൂസി മഹാറാണിയുടെ പേരിൽ, ഈ കോട്ടയുടെ നിർമ്മാണം ആരംഭിച്ചത്.
* കാബൂളിൽ നിന്നും ഡൽഹിയിൽ നിന്നും അക്കാലത്തെ പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ ഈ കോട്ടയുടെ നിർമ്മാണത്തിനായി എത്തി.
* 1845ൽ സിംഗിന്റെ അകാല മരണത്തോടെ (കൊലപാതകം ആണെന്നും ഭാഷ്യമുണ്ട്) കോട്ടയുടെ നിർമ്മാണം നിന്നുപോയി.
* പിന്നീട് ഇപ്പോൾ നീംറാണ ഹോട്ടൽ ഗ്രൂപ്പ് ആണ് കോട്ടയുടെ നിർമ്മാണം പൂർത്തിയാക്കുന്നത്.
* രജപുത് – അഫ്ഗാൻ വാസ്തു ശില്പകലയുടെ സമ്മേളനമാണ് തിജാര കോട്ടയിൽ കാണാൻ കഴിയുക.
* 2016 ജനുവരിയിൽ ഈ ഹോട്ടൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
* കോട്ടയിൽ ഇപ്പോഴും പുതുക്കി പണിയലുകൾ നടക്കുകയാണ്.
* കോട്ടയുടെ പഴയ ഭാഗങ്ങളും പുതിയ ഭാഗങ്ങളും തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.
* ഹോട്ടലിൽ നിന്ന് നോക്കിയാൽ തിജാര ഗ്രാമത്തിന്റെ മുഴുവൻ ദൃശ്യവും സാദ്ധ്യമാണ്.
* ഹവാ മഹൽ, അന്തരീക്ഷ് മഹൽ, റാണി മഹൽ, ബാർ, നീന്തൽക്കുളം, മർദാന മഹൽ, തീയറ്റർ, റസ്റ്റോറന്റുകൾ, ഹാങ്ങിംഗ് ഗാർഡൻ, എന്നിങ്ങനെ പോകുന്നു ഹോട്ടലിലെ സൗകര്യങ്ങൾ.
നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട്, ചെന്ന് ഉടനെ ഉച്ചഭക്ഷണം കഴിച്ചു. അതീവ പ്രൗഢിയോടെ നിലകൊള്ളുന്ന കോട്ടയുടെ പരിസരങ്ങളിൽ എത്ര കറങ്ങി നടന്നിട്ടും എനിക്ക് മതിയായില്ല. വൈകീട്ട് അഞ്ചര മണി ആയത് ഞാൻ അറിഞ്ഞതേയില്ല. ആയതിനാൽ ആൽവാറിലേക്കുള്ള മടക്കയാത്രയുടെ അവസാന 15 മിനിറ്റ് ഇരുട്ടത്ത് ആയിരുന്നു.
കഴിഞ്ഞ 8 ദിവസങ്ങളിൽ ഞാൻ 11 കോട്ടകൾ കണ്ടിരിക്കുന്നു. അതിൽ മൂന്നെണ്ണം ഹെറിറ്റേജ് ഹോട്ടലുകൾ ആണ്. ആൽവാറിലെ പര്യടനം അതീവ സമ്പുഷ്ടമായിരുന്നു.
ഇനി ബാക്കിയുള്ളത് ഭരത്പ്പൂർ എന്ന ജില്ലയാണ്. അതിന് മുൻപ്, നാളെ ഒരു ദിവസം ഞാൻ വിശ്രമം എടുക്കുന്നു. ഭാഗിക്ക് ഉള്ളിൽ നിന്ന് മൂഷികനെ പിടിക്കുകയും വേണം. കൈകളിൽ 4 വിരലുകൾ മാത്രമുള്ള കർണ്ണി മാത, ഇത്രയ്ക്ക് പ്രശ്നക്കാരി ആണെങ്കിൽ അവർക്ക് 5 വിരലുകൾ തികച്ച് ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?
ശുഭരാത്രി.