രാവിലെ ആഷയുടെ വീട്ടിൽ നിന്ന് പ്രാതൽ കഴിച്ച് സൂറത്ത് കോട്ടയിലേക്ക് പുറപ്പെട്ടു. ഇന്നലെ തിങ്കളാഴ്ച്ച ആയതുകൊണ്ട് സൂറത്ത് കോട്ട കാണാൻ പറ്റിയിരുന്നില്ല.
സൂറത്തിലാണ് താമസമെങ്കിലും സൂറത്ത് കോട്ട ആഷ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് ആഷയും എനിക്കൊപ്പം കൂടി.
* നഗര മദ്ധ്യത്തിൽ, തപ്തി നദിക്കരയിൽ ആണ് കോട്ട നിലകൊള്ളുന്നത്.
* 1546ൽ ആണ് സൂറത്ത് കോട്ട എന്ന സൂറത്ത് കാസിൽ നിർമ്മിച്ചത്.
* പതിനാറാം നൂറ്റാണ്ടിൽ അഹമ്മദാബാദ് ഭരണാധികാരിയായിരുന്ന സുൽത്താൻ മഹമൂദ് മൂന്നാമൻ ആണ് സൂറത്ത് നഗരത്തിന്റെ സംരക്ഷണത്തിനായി ഈ കോട്ട നിർമ്മിച്ചത്.
* കോട്ടയുടെ നാല് മൂലയിലും വലിയ നാല് കൊത്തളങ്ങൾ ഉണ്ട്.
* തപ്തി നദിയിലെ വെള്ളം കയറ്റി വിടാൻ പാകത്തിൽ, കോട്ടയ്ക്ക് ചുറ്റും കിടങ്ങും ഉണ്ട്.
* വാട്ടർ ടാങ്ക്, പീരങ്കികൾ, വെടിമരുന്നും ആയുധങ്ങളും സൂക്ഷിക്കാനുള്ള ഇടം, എന്നിങ്ങനെ ലക്ഷണമൊത്ത ഒരു കോട്ടയുടെ മറ്റ് സവിശേഷതകളും സൂറത്ത് കോട്ടയ്ക്ക് ഉണ്ട്.
* പിന്നീട് പോർച്ചുഗീസുകാർ ഈ കോട്ട പിടിച്ചടക്കി. പോർച്ചുഗീസുകാരിൽ നിന്ന് കോട്ട ഇംഗ്ലീഷുകാരുടെ കൈവശവും എത്തി.
* സ്വാതന്ത്ര്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിപ്പോയ കോട്ടയെ, അഞ്ച് വർഷം സമയമെടുത്താണ് സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ പുനരുദ്ധരിച്ചത്.
* നിലവിൽ, ഒരു മ്യൂസിയവുമായി മാറ്റിയെടുത്ത് നല്ല നിലയിൽ കോട്ടയെ സംരക്ഷിച്ചു പോരുന്നു.
* കോട്ടയെ പുനരുദ്ധരിക്കാൻ നടത്തിയ കഠിന പരിശ്രമത്തിന്റെ വ്യക്തമായ രേഖകളും ചിത്രങ്ങളും കോട്ടയ്ക്കുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഗുജറാത്തിൽ വന്നതിന് ശേഷം ടിക്കറ്റ് വെച്ച് സന്ദർശകരെ അനുവദിക്കുന്ന ഒരു കോട്ട ആദ്യമായാണ് കാണുന്നത്. ₹100 ആണ് പ്രവേശന നിരക്ക്. ക്യാമറ ഉപയോഗിക്കാൻ വേറെയും ടിക്കറ്റ് എടുക്കണം. പക്ഷേ മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കാൻ ഫീസ് കൊടുക്കേണ്ടതില്ല.
വിചാരിച്ചതിലും അധികം സമയം ഞങ്ങൾ കോട്ടയിൽ ചിലവഴിച്ചു. ശേഷം ഉച്ചഭക്ഷണത്തിന് ഗുജറാത്തി താലിയാണ് കഴിച്ചത്. ആഷയുടെ കൂടെ സഞ്ചരിക്കുമ്പോൾ അതാത് സ്ഥലത്തെ ഭക്ഷണങ്ങൾ കണ്ടെത്തി നിർദേശിക്കാൻ ആഷ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഞാൻ തെലുങ്കാന സന്ദർശിക്കുമ്പോൾ ആഷയും സതീഷും തെലുങ്കാനയിലാണ് ഉണ്ടായിരുന്നത്.
ഭക്ഷണത്തിന് ശേഷം ഞങ്ങൾ പോയത് സൂറത്ത് നഗരത്തിൽ തുണി മില്ലുകൾ ഉള്ള ഭാഗത്തേക്കാണ്. പോളിസ്റ്റർ നൂലുകൾ ഉപയോഗിച്ച് തുണികൾ ഉണ്ടാക്കുകയും പിന്നീട് അതിൽ വ്യാവസായിക അടിസ്ഥാനത്തിൽ എംബ്രോയിഡറി ചെയ്യുകയും തുന്നി വസ്ത്രങ്ങൾ ആക്കുകയും ഒക്കെ ചെയ്യുന്ന വിവിധ കേന്ദ്രങ്ങൾ ഞങ്ങൾ സന്ദർശിച്ചു. ഫ്യൂഷൻ ടെക്നോളജി ഉപയോഗിച്ച് വസ്ത്രങ്ങളിൽ ഡിസൈൻ പ്രിന്റ് ചെയ്യുന്ന കേന്ദ്രങ്ങളും കണ്ടു. ഇതെല്ലാം കാണണമെന്ന് പറഞ്ഞപ്പോൾ യാതൊരു സങ്കോചവും ഇല്ലാതെ എല്ലാവരും ഫാക്ടറിക്കുള്ളിൽ കടന്ന് കാണാനുള്ള അനുമതി തന്നു. അങ്ങനെ ഇന്നത്തെ ദിവസം ചില ഫാക്ടറി സന്ദർശനങ്ങളും നടന്നു. ഒരു യാത്ര ആകുമ്പോൾ അങ്ങനേയും ചിലത് വേണമല്ലോ.
പകൽ സാമാന്യം നല്ല ചൂടുണ്ട് ഇപ്പോൾ. അതുകൊണ്ട് തന്നെ പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്യുന്നു.
നാളെ രണ്ട് കോട്ടകൾ സന്ദർശിക്കാനാണ് പദ്ധതി. കൂടെ സജിമോൻ വരാമെന്ന് ഏറ്റിട്ടുണ്ട്. ചരിത്രത്തിലും യാത്രയിലും ഏറെ താൽപര്യമുള്ള ആളാണ് സജി മോൻ.
ശുഭരാത്രി.