സഫിദോൻ കോട്ടയിൽ, ഇന്നലെ രാത്രി സുഖനിദ്ര ആയിരുന്നു. യക്ഷിയും യക്ഷനും പ്രേതാത്മാക്കളും ഒന്നും വന്നില്ല. പക്ഷേ കുരങ്ങുകളും പക്ഷികളും എല്ലാം കൂടെ നല്ല ഗംഭീര ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.
രാവിലെ 6 ഡിഗ്രി താപമാനം ആയിരുന്നു. അത് ശരിക്കും ഞെട്ടിച്ചു. സ്ലീപ്പിങ് ബാഗിൽ നിന്ന് പുറത്ത് വന്ന് വെളുപ്പിന് എപ്പോഴോ ഒരു സ്വറ്റർ ഇടേണ്ടിവന്നു. പല്ല് തേച്ച്, ഭാഗിയെ തുടച്ച് വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും കൈകൾ ശരിക്കും മരവിച്ചു.
കോട്ടയുടെ കവാടത്തിനരികിലുള്ള വീട്ടിലെ സഹോദരൻ രാവിലെ ഒരു കപ്പ് ചായയുമായി വന്നു. ഒരു പ്രത്യേക ജീവി ഇന്നലെ കോട്ടയിൽ കിടന്നിട്ടുണ്ടെന്ന് ആ ഭാഗത്തെല്ലാം പാട്ടായിരിക്കുന്നു!
പർമൽ ജഗ്ലാൻ്റെ റസ്റ്റോറൻറ് എട്ടുമണിക്ക് തുറന്നതുകൊണ്ട് പ്രാതൽ കിട്ടി. അത് കഴിച്ച് നേരെ ഹൻസി കോട്ടയിലേക്ക് വിട്ടു. 83 കിലോമീറ്റർ ദൂരം; രണ്ടുമണിക്കൂർ യാത്ര.
നഗരത്തിലെ തിരക്കുള്ള ഇടുങ്ങിയ വഴികളിലൂടെ, ഭാഗി നേരെ കോട്ടയുടെ മുന്നിൽ ചെന്ന് നിന്നു. പക്ഷേ അവിടെ വാഹനം തിരിക്കാൻ സൗകര്യമില്ല. ഇടതുവശത്ത് ഒരു സ്ക്കൂൾ ഉണ്ട്. അങ്ങോട്ട് ചെല്ലുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും കുത്തി നിറച്ചിരിക്കുകയാണ് ആ വഴിയിൽ. അത്രയും ദൂരം റിവേഴ്സ് ഗിയറിൽ സഞ്ചരിച്ച്, നഗരത്തിലെ തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത് ഭാഗിയെ ഒതുക്കി, ഒരു കിലോമീറ്ററോളം വീണ്ടും നടന്നാണ് കോട്ടയിൽ എത്തിയത്.
* അസിഗഡ് എന്നാണ് കോട്ടയുടെ ശരിയായ പേര്. ഹൻസി എന്ന സ്ഥലത്ത് നിലകൊള്ളുന്നതുകൊണ്ട് ഹൻസി കോട്ട എന്നും വിളിക്കുന്നു.
* 30 ഏക്കറുകളിലായി ഈ കോട്ട പരന്ന് കിടക്കുന്നു.
* കോട്ടയിൽ വാള് നിർമ്മാണശാല ഉണ്ടായിരുന്നതുകൊണ്ടാണ്, അസിഗഡ് എന്ന് പേരു വീണത്. അസി എന്നാൽ വാള്. ഗഡ് ഏന്നാൽ കോട്ട.
* ഇവിടെ ഉണ്ടാക്കുന്ന വാളുകൾ അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നതായി ചരിത്രം പറയുന്നു.
* 80ൽപ്പരം കോട്ടകളെ ഈ കോട്ടയിൽ നിന്ന് നിയന്ത്രിച്ചിരുന്നുവത്രേ! പതിനൊന്നാം നൂറ്റാണ്ടിലെ കാര്യമാണ് ഈ പറയുന്നത്.
* പന്ത്രണ്ടാം നൂറ്റാണ്ടിൽ പൃഥ്വിരാജ് ചൗഹാൻ ഈ കോട്ട പുതുക്കി പണിതിട്ടുണ്ട്.
* പതിനെട്ടാം നൂറ്റാണ്ടിൽ കോട്ട മറാഠകളുടെ കൈവശമായിരുന്നു.
* 1803ൽ ആംഗ്ലോ – മറാഠി യുദ്ധങ്ങൾക്ക് ശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈവശമായി.
* ജീർണാവസ്ഥയിലാണ് കോട്ട ഇപ്പോൾ. എന്നിരുന്നാലും ASI ചില മിനുക്ക് പണികളൊക്കെ നടത്തുന്നുണ്ട്.
* കോട്ടയിൽ ജോഗ്ദാസ് ജി ബാബയുടെ മന്ദിർ ഉണ്ട്.
* നല്ലൊരു ജലസംഭരണിയാണ് കോട്ടയിലെ മറ്റൊരു പ്രധാന ആകർഷണം.
* ചെറിയൊരു കുന്നിന്റെ മുകളിലാണ് കോട്ട നിൽക്കുന്നത്. അതുകൊണ്ടുതന്നെ കോട്ടയുടെ മുകളിൽ നിന്ന് നോക്കിയാൽ നഗരം പൂർണമായി കാണാം.
സൂര്യൻ ഉച്ചിയിൽ ആണെങ്കിലും വീശുന്ന കാറ്റിന് നല്ല തണുപ്പുണ്ട്. കോട്ടയുടെ പിന്നാമ്പുറത്ത് നഗരത്തിലെ മാലിന്യം തട്ടുന്ന സ്ഥലമാണ്. അതിനപ്പുറത്തുനിന്ന് നഗരം പുറത്തേക്ക് വ്യാപിക്കുന്നു.
ധാരാളം സമയമെടുത്ത് കോട്ട ചുറ്റിനടന്ന് കണ്ടതിന് ശേഷം ഞാൻ ഹൻസിയിൽ നിന്ന് ജിന്ദിലേക്ക് തിരിച്ചു. സഫിദോനിലേക്കുള്ള മടക്ക വഴിയിലാണ് ജിന്ദ്.
ജിന്ദിലെ പ്രധാന പാതയിൽ നിന്ന് നിറയെ വീടുകളുള്ള ഗളിയിലേക്ക് കടന്നതും എനിക്ക് അപകടം മണത്തു. വഴിയുടെ അവസാനം എത്തുന്നതോടെ വീതി കുറഞ്ഞു വരും. പിന്നെ മുന്നോട്ടും പിന്നോട്ടും ഇല്ല എന്ന അവസ്ഥയാകും. ഞാൻ പെട്ടെന്ന് ഭാഗിയെ റിവേഴ്സ് എടുത്ത് പ്രധാന പാതയിൽത്തന്നെ ഒതുങ്ങിയ ശേഷം ഗളിയിലൂടെ കോട്ടയിലേക്ക് നടന്നു.
ഗൂഗിൾ കാണിക്കുന്ന കോട്ടയുടെ സ്ഥാനത്ത് അങ്ങനെയൊരു സംഭവമേ ഇല്ല. ഒന്ന് രണ്ട് ഇടവഴികളിൽ കൂടെ ഞാൻ നടന്നു നോക്കി. കോട്ടയുടെ ലക്ഷണമുള്ള ഏതെങ്കിലും പഴയ ചുമരോ കെട്ടുകളോ കല്ലുകളോ ഒന്നും തന്നെ കാണാനായില്ല. പുതുതായി നിർമ്മിച്ച ഒരു പാർക്ക് ആ ഭാഗത്തുണ്ട്. അത്രതന്നെ.
നന്നായി നരച്ച് വടികുത്തി ഒരു കട്ടിലിൽ ഇരിക്കുന്ന സ്ത്രീ “എന്താണ് തിരയുന്നത് ” എന്ന് എന്നോട് കുശലം ചോദിച്ചു.
” ഇവിടെ പണ്ട് ഒരു കോട്ട ഉണ്ടായിരുന്നോ?”
” അല്പം പുറകോട്ട് നടന്നാൽ ഒരു പാർക്ക് കാണാം. അവിടെയാണ് കോട്ട ഉണ്ടായിരുന്നത്.
” പാർക്ക് ഞാൻ കണ്ടിരുന്നു.”
” അതു തന്നെയാണ് കോട്ട. പാർക്ക് വന്നിട്ട് അധികകാലം ആയിട്ടില്ല.”
” വലിയ കോട്ട ആയിരുന്നോ? നിങ്ങൾ അത് കണ്ടിട്ടുണ്ടോ? ”
” ഞാനൊരു രഹസ്യം പറയാം. ആ പാർക്കും അതിനു ചുറ്റുമുള്ള ഒരുപാട് വീടുകളും എല്ലാം കോട്ടയുടെ ഭാഗമായിരുന്നു.”
എനിക്ക് സംഭവം പിടികിട്ടി. ഗംഭീര കയ്യേറ്റം നടന്നിരിക്കുന്നു. പോരാത്തതിന് കോട്ട പൂർണമായും ഇടിച്ചുനിരത്തി പാർക്കും ഉണ്ടാക്കി. അല്ലെങ്കിലും ഇടിഞ്ഞു വീഴാറായ ഈ കോട്ടകൾ കൊണ്ട് മനുഷ്യർക്ക് എന്ത് പ്രയോജനം?! രാജാക്കന്മാരെല്ലാം ഒതുങ്ങി. യുദ്ധങ്ങളെല്ലാം തീർന്നു. ഇനി പൊതുജനത്തിന് സുഖമായി ജീവിക്കണം. അതിന് ഈ കോട്ടകൾ ഒരു തടസ്സമാണ്. വന്ന വഴിയൊന്നും ആർക്കും അറിയേണ്ടതില്ല. ഇതാണ് പൊതു നിലപാട്.
വലിയ വിഷമം തോന്നി. ആ പ്രായമായ സ്ത്രീയും അവരുടെ തലമുറയിലുള്ളവരും കാലയവനികയ്ക്ക് പിന്നിൽ മറയുന്നതോടെ, കോട്ടയുടെ ഏകദേശം രൂപം പോലും ആർക്കും അറിയില്ല എന്ന അവസ്ഥയാകും. പുരാതന കോട്ടകളുടെ ലിസ്റ്റിൽ ജിന്ദ് എന്ന പേര് എത്രനാൾ ഉണ്ടാകുമെന്ന് കണ്ടറിയണം.
അഞ്ചരമണിയോടെ ഞാൻ തിരിച്ച് സഫിദോൻ പട്ടണത്തിൽ എത്തി. ഉച്ചക്ക് ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് നേരത്തെ അത്താഴം കഴിച്ചു. ഈ ഹബ്ബിലെ കോട്ടകൾ കഴിഞ്ഞിരിക്കുന്നു. നാളെ സഫിദോൻ വിടുകയാണ്.
ഇന്ന് അന്തിയുറക്കം സഫിദോൻ കോട്ടയിൽ അല്ല. കോട്ടയുടെ കവാടത്തിന് വെളിയിൽ ഗ്രാമവാസികൾ വാഹനം ഇട്ടിട്ട് പോകുന്നത് കാരണം രാവിലെ എനിക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. അല്ലാതെ യക്ഷികളെ പേടിച്ചിട്ടൊന്നും അല്ല.
ഇന്ന് തെരുവിൽ കിടക്കാമെന്ന് വെച്ചു. പർമൽ ജഗ്ലന്റെ റസ്റ്റോറന്റിന് മുന്നിലാണ് പാർക്ക് ചെയ്തിരിക്കുന്നത്.
ശുഭരാത്രി.