പിടി തരാതെ, മസൂദ കോട്ട (ദിവസം # 49 – വൈകീട്ട് 07:00)


11
ജ്മീറിൽ നിന്ന് 80 കിലോമീറ്റർ ദൂരമുണ്ട് മസൂദ കോട്ടയിലേക്ക് ഒന്നര മണിക്കൂർ ഡ്രൈവ്.

അവസാനത്തെ ഒരു കിലോമീറ്റർ ദൂരത്തിൽ വഴികൾ ഇടുങ്ങുന്നുണ്ടെങ്കിൽ, ഞാൻ പിന്നെ ഭാഗിയെ മുന്നോട്ട് നയിക്കാറില്ല. ‘അനുഭവം ഗുരു’ എന്നോ ‘കാച്ചിയ വെള്ളത്തിൽ വീണ പൂച്ച’ എന്നോ പറയാം.

അവസാനത്തെ അരക്കിലോമീറ്റർ ഗളികൾക്ക് ഇടയിലൂടെ നടന്നു. നടക്കാൻ തുടങ്ങുന്നതിന് മുൻപ് ഗൂഗിൾ മാപ്പ് സേവ് ചെയ്യാൻ മറന്നിരുന്നു. തിരിച്ച് വരുമ്പോൾ ചെറിയ തോതിലുള്ള പ്രശ്നം ഉണ്ടാകാൻ സാദ്ധ്യതയുള്ള തരത്തിൽ കൊച്ചുകൊച്ച് ഇടവഴികളിലൂടെ കയറിയിറങ്ങിയാണ് ഞാൻ ആ കോട്ടയുടെ മുന്നിലെത്തിയത്.

കോട്ടയിൽ ആൾത്താമസമില്ല. നാശത്തിന്റെ വക്കിലാണ് അത്. ഗേറ്റ് അടഞ്ഞ് കിടക്കുന്നു. എങ്കിലും കോട്ടയുടെ പല ഭാഗങ്ങളും തലയുയർത്തി ഗാംഭീര്യത്തോടെ നിൽക്കുന്നത് നോക്കി അതിന് ചുറ്റും ഞാൻ നടന്നു. ചുറ്റിനും വീടുകളാണ് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ കയ്യേറ്റം നടന്നിരിക്കുന്നു.

എനിക്ക് കോട്ടയ്ക്കകത്ത് കയറാൻ താല്പര്യമുണ്ടെന്ന് തോന്നിയിട്ടാകണം, ആ ഭാഗത്തുള്ള ഒരു വീട്ടുകാർ പറഞ്ഞു, “കോട്ട വാതിലിൽ പോയി തട്ടി നോക്കിയാൽ ചിലപ്പോൾ അതിനകത്ത് നിന്ന് ഒരാൾ വന്ന് തുറന്നു തരും.”

ഞാൻ കോട്ടയ്ക്ക് ചുറ്റും ഒരിക്കൽക്കൂടി കറങ്ങിയ ശേഷം കോട്ട വാതിൽക്കൽ ചെന്ന് കുറെ നേരം തട്ടി നോക്കി. അകത്തുനിന്ന് ആരും വന്നില്ല; തുറന്നു തന്നില്ല. അങ്ങനെ ഒരു കോട്ടയുടെ കൂടെ, കവാടം വരെ എത്തി നിരാശയോടെ മടങ്ങാൻ പോകുന്നു. അകത്ത് കയറാൻ പറ്റാഞ്ഞത് കൊണ്ട് ഈ കോട്ടയെ, 86-)മത്തെ കോട്ടയായി എണ്ണുന്നില്ല.

എന്തായാലും ഇങ്ങനെ ഒരു കോട്ട ഇല്ലായിരുന്നെങ്കിൽ ഈ ഗ്രാമത്തിലേക്ക് ഞാൻ വരുന്ന പ്രശ്നമില്ലായിരുന്നു. അങ്ങനെയൊരു ലക്ഷ്യമെങ്കിലും സാധിച്ചിട്ടുണ്ട്.

സമയം 12 മണി ആയിട്ടേയുള്ളൂ. ഞാൻ അജ്മീറിലേക്ക് തിരിക്കാൻ തീരുമാനിച്ചു. പക്ഷേ, പ്രതീക്ഷിച്ചത് പോലെ, ഗളികൾക്ക് ഇടയിലൂടെ ഭാഗിയിലേക്ക് തിരികെ എത്താൻ നന്നായി ബുദ്ധിമുട്ടി.

അജ്മീറിൽ എത്തി മിത്തൽ മാളിൽ കയറി ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതിയപ്പോൾ ദീപാവലി പ്രമാണിച്ച് മാൾ അടച്ചു കൊണ്ടിരിക്കുന്നു. നഗരത്തിൽ ഒരിടത്ത് നിന്നും ഭക്ഷണം കിട്ടിയില്ല. വിശേഷ ദിവസങ്ങളിൽ പട്ടിണി കിടന്ന പലപല അനുഭവങ്ങൾ മുൻപുമുണ്ട് എനിക്ക്.

വായ കീറിയിട്ടുണ്ട്; ഇര കിട്ടിയേ പറ്റൂ. ഞാൻ നഗരം മുഴുവൻ അലഞ്ഞുതിരിഞ്ഞു. അഞ്ചാറ് കിലോമീറ്റർ അപ്പുറം പുഷ്ക്കറിലേക്കും പോയി. ദീപാവലി കാരണം എല്ലായിടത്തും തിരക്ക് കുറവാണ്. പുഷ്ക്കറിലാകട്ടെ നാളെ മുതൽ പുഷ്ക്കർ മേള ആരംഭിക്കുകയാണ്.

വഴിയോരത്തെ ഒരു തട്ടുകടയിൽ നിന്ന് പൊരിച്ച മോമോസ് കഴിച്ച്, വീർ തേജാജി ധാബയിലേക്ക് മടങ്ങി.

കാര്യമായി ഒന്നും സംഭവിക്കാത്ത ഒരു ദിവസം. എന്റെ കാര്യം വിട്. ബാക്കിയെല്ലാവരുടേയും ജീവിതത്തിൽ, ദീപാവലി വെളിച്ചം കടന്ന് വന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു കോട്ട കൂടെ ബാക്കിയുണ്ട് അജ്മീർ ഹബ്ബിൽ. അത് കഴിഞ്ഞാൽ ദേവ്മാലി എന്ന ഗ്രാമത്തിലേക്ക് പോകണം. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ഗ്രാമമാണ് അത്.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>