രാജ്യത്തിൻ്റെ പേര് മാറ്റുന്നതും നിലവിലുള്ള ഇന്ത്യ, ഭാരതം എന്നീ പേരുകൾ എങ്ങനെയൊക്കെ ഉണ്ടായിവന്നു എന്നതുമാണല്ലോ ഏറ്റവും പുതിയ ചർച്ചകളിൽ ഒന്ന്.
സിഖുകാർ, ജൈനർ, ജൂതന്മാർ ഇത്യാദിയുള്ളവരും അവരുടെ പുരാണങ്ങളും കൂടെ ചേർന്നാണ് ഇന്ത്യ ഒരു മതേതര ബഹുസ്വര രാജ്യമാകുന്നത്. ഒരു കൂട്ടർ അതിനെ ഹിന്ദു രാജ്യമാക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ, അതിനെ പ്രതിരോധിക്കുന്നവർക്ക് പോലും സത്യത്തിൽ മറ്റ് കഥകൾ പൂർണ്ണമായും അറിയില്ല, അല്ലെങ്കിൽ അവർ ആ കഥകൾ പറയുന്നില്ല എന്നതാണ് ശരിക്കും നിരാശാജനകം.
ഭാരതം എന്ന പേർ വന്നതിനേപ്പറ്റിയുള്ള ചർച്ചകൾ കൊഴുക്കുമ്പോൾ, ജൈനരുടെ പുരാണത്തിൽ പറയുന്ന ഋഷഭൻ്റെ മകനും ബാഹുബലിയുടെ സഹോദരനുമായ ഭരതൻ ഭരിച്ച രാജ്യത്തിന്റെ കഥ ആരും പരാമർശിക്കുന്നില്ല. അങ്ങനൊന്ന് കേട്ട ഭാവം പോലും ആർക്കുമില്ല. ഇന്ത്യയിൽ രാമായണവും മഹാഭാരതവും ബൈബിളും ഖുർആനും മാത്രമേ ഉള്ളൂ എന്നത് പോലെയാണ് സംസാരങ്ങൾ.
ജൈനപുരാണത്തിലെ ഋഷഭൻ്റെ മകൻ ഭരതൻ ഭരിച്ച ഇന്ത്യയാണോ ഭാരതം?
രാമായണത്തിലെ ദശരഥൻ്റെ മകൻ ഭരതൻ ഇന്ത്യ മുഴുവനായി ഭരിച്ചിട്ടുണ്ടോ?
പിന്നെയുള്ളത് ശകുന്തളയുടെ മകൻ ഭരതനാണ്. ആ ചങ്ങായി ഇന്ത്യ മുഴുവനായി ഭരിച്ചിട്ടുണ്ടോ ?
ഇതിലേത് ഭരതൻ്റെ കൗപീനത്തിൽ കെട്ടിയാണ് രാജ്യത്തിൻ്റെ പേര് മാറ്റണമെന്ന് ഭരണകൂടം വാശിപിടിക്കുന്നത്?
ഇത്തരം പേര് മാറ്റലുകളാണോ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ?
ഇന്ത്യ എന്ന പേര് സായിപ്പ് ഇട്ടതാണെന്നതാണ് ഹിന്ദു രാഷ്ട്രക്കാരുടെ പ്രശ്നം. ഇന്തുസ് നദി, അതായത് സിന്ധു നദിയുമായി ചേർത്താണ് ആ പേർ ഇന്ത്യയ്ക്ക് വന്നതെന്ന്, ഒരു പത്തുവയസ്സുകാരൻ സംസാരിക്കുന്ന വീഡിയോ ഇൻ്റർനെറ്റിൽ സുലഭമാണ്. ആ കൗമാരക്കാരന് അറിയുന്ന ചരിത്രം പോലും പേരുമാറ്റിയാൽ ഹിന്ദുരാഷ്ട്രമാകുമെന്ന് കരുതി നടക്കുന്നവർക്കില്ല.
അതോ ഇനി പ്രതിപക്ഷ സഖ്യത്തിൻ്റെ പേരായ INDIA ആണോ ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ BHARATH എന്ന പേരിന് കണക്കായി നീട്ടപ്പേർ ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു ശശി തരൂർ.
സവർക്കറുടേയോ അതോ ഗോൾവർക്കരുടേയോ പുസ്തകത്തിലെ ഭാഗങ്ങൾ ആണോയെന്ന് ഓർമ്മയില്ല…. ഭാരതം എന്ന് പേരാക്കിയാൽ ക്രൈസ്തവരും മുസ്ലീങ്ങളും ഭാരതീയരല്ലാതാകും ഇന്ത്യാക്കാരും അല്ലാതാകും എന്ന കണക്കിന് എഴുതിപ്പടച്ച് വിട്ടത് ഒരു സുഹൃത്തിരുന്ന് പേജ് നമ്പർ എണ്ണിപ്പറഞ്ഞ് വായിക്കുന്ന വീഡിയോയും സൈബർ ലോകത്ത് സുലഭമാണ്. വർഷങ്ങൾക്ക് മുൻപ് അങ്ങനെ ചില വർഗ്ഗീയ ചിന്തയുള്ള മനുഷ്യർ എഴുതിയുണ്ടാക്കിയത് നടപ്പിലാക്കാനുള്ള പരിപാടിയാണെങ്കിൽ….., ഭരണമുണ്ടായതുകൊണ്ട് മാത്രം അതൊന്നും നടക്കാൻ പോകുന്നില്ല എന്നേ പറയാനുള്ളൂ. എത്രയോ വലിയ ഭരണകൂടങ്ങൾ ജനപ്രക്ഷോഭങ്ങളിൽ ആടിയുലഞ്ഞിട്ടുണ്ട്. കർഷക സമരം ഈ ഭരണകൂടം മറന്ന് കാണാൻ വഴിയില്ല. അതേപോലൊരു സമരത്തിൽ തീരാവുന്നതേയുള്ളൂ ഈ പേരുമാറ്റ ലോല ചിന്തകൾ.
അമേരിക്കയിൽ ഇന്ത്യാന എന്നൊരു സ്റ്റേറ്റ് ഉണ്ട്. അതൊഴികെ ഏത് പേർ വേണമെങ്കിലും നിങ്ങൾക്ക് ഇടാം. പക്ഷേ, അതുമായി UNൽ ചെന്ന് പേരുമാറ്റം നടപ്പിലാക്കിയെടുക്കുന്നത് അത്ര എളുപ്പം കാര്യമൊന്നുമല്ല.
എന്ത് പേരിട്ടാലെന്താ, രാജ്യത്തിൻ്റെ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോ? മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരമുണ്ടാകുമോ? പാചകവാതകത്തിൻ്റെ വില തിരഞ്ഞെടുപ്പ് വരുമ്പോൾ കുറക്കുന്നതല്ലാതെ ശാശ്വതമായ മറ്റൊരു കുറവ് ഉണ്ടാകുമോ? ഭരണത്തിൽ കയറുമ്പോൾ നൽകിയ വാഗ്ദാന വിലയിലേക്ക് വാഹന ഇന്ധന വില എത്തിക്കാൻ പറ്റുമോ? അതൊന്നും നടത്താതെ, പേരുമാറ്റിയാൽ മാത്രം പേരുദോഷം പോകുമോ?
ഔദ്യോഗിക രേഖകളിൽ ഭാരതം എന്നെഴുതിയില്ലെങ്കിൽ കാര്യം നടക്കില്ലെന്ന് നിങ്ങൾക്ക് വാശി പിടിക്കാൻ പറ്റിയെന്നിരിക്കും. പക്ഷേ, അതല്ലാതുള്ള ഒരെഴുത്തിലും പറച്ചിലിലും ഭാരതമെന്ന് ഞാൻ വഴങ്ങില്ല.
കവിവാക്യം പോലും…… ‘ഇന്ത്യയെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം’….. എന്ന് മാറ്റിയേ പാടൂ.
ഞാനൊരു ഇന്ത്യക്കാരനാണ്.
മേരാ ഇന്ത്യ മഹാൻ.
ജയ് ഇന്ത്യ.