കുരുക്ഷേത്രയും ഷേയ്ക്ക് ചില്ലിയുടെ ഖബറും. (ദിവസം # 91 – രാത്രി 09:45)


2
ണുപ്പ് കലശലായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 4 ഡിഗ്രിയാണ് കൈഥൽ പരിസരങ്ങളിൽ കാണിച്ചതെങ്കിലും, ഇന്നലത്തെ 4 ഡിഗ്രിയെക്കാളും തണുപ്പ് തോന്നി. ഉറങ്ങുമ്പോൾ സ്ലീപ്പിങ് ബാഗിൽ ആയതുകൊണ്ട് പ്രശ്നമില്ല. അതിൽനിന്ന് പുറത്ത് കടന്ന് വെളിയിൽ വന്ന് 15 മിനിറ്റ് കൊണ്ട് കളി മാറും. കൈകൾ മരവിക്കും. തെർമൽ സോക്സ് ഇട്ടിട്ടുപോലും ഇന്ന് കാലുകളും മരവിച്ചു. അതുകൊണ്ടാണ് 4 ഡിഗ്രിയിൽ താഴെ ആയിരിക്കാം എന്ന് ഞാൻ അനുമാനിക്കുന്നത്.

കുറച്ചുനേരം റോഡിനപ്പുറം ഹുക്ക വലിച്ച് തീ കാഞ്ഞിരിക്കുന്നവർക്ക് ഒപ്പം കൂടി. അവർ ഒരു ചായയും തന്നു. നേരം നന്നായി വെളുത്തിട്ട് തണുപ്പ് കുറഞ്ഞ ശേഷം പുറപ്പെടാം എന്ന് കരുതി. കുളിയെപ്പറ്റി ആലോചിക്കാൻ വയ്യ. എന്നിരുന്നാലും, ഒരു മണിയോടെ കുരുക്ഷേത്രയിൽ എത്തുന്നതിന് മുൻപ്, കുളിക്കാനുള്ള അവസരം ഒത്തുവന്നു.

റോഡിന് ഇരുവശങ്ങളും കൃഷിയിടങ്ങളാണ്. റോഡിന് തണലായി വശങ്ങളിൽ നിരനിരയായി യൂക്കാലി മരങ്ങൾ ഹരിയാനയിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. അതിനിടയ്ക്ക് ഫ്രഷ് ഓറഞ്ച് ജ്യൂസ് വിൽക്കുന്ന ഒരു ഉന്തുവണ്ടി കണ്ടു. ജ്യൂസ് കുടിക്കാൻ നിർത്തുമ്പോൾ എനിക്ക് മറ്റൊരു ഉദ്ദേശം കൂടെ ഉണ്ടായിരുന്നു. ജ്യൂസ് കുടിച്ചു കഴിഞ്ഞ് ഞാൻ ആ വഴിയിൽ നിന്ന് കുളിച്ചു. ആ സമയമായതുകൊണ്ട് വെള്ളത്തിന് തണുപ്പ് കുറവാണ്; പുറത്തും തണുപ്പില്ല.

ഞാൻ കുളിച്ച് വസ്ത്രം മാറുന്നത് കണ്ടതുകൊണ്ടാകാം “എങ്ങോട്ടാണ്, വഴിയിൽ കുളിക്കുന്നതെന്ത്, കേരളത്തിൽനിന്ന് ഇതുവരെ വാഹനമോടിച്ചാണോ വന്നത് ” എന്നൊക്കെ ജ്യൂസുകാരൻ അന്വേഷിച്ചു.

ഞാൻ ചെറുതായൊന്നു ഞെട്ടി. കേരളം എവിടെയാണെന്ന് ചോദിച്ചാൽ അറിയാത്തവരെയാണ് ഇതുവരെ കണ്ടുപോന്നത്. ചിലർക്ക് ഭൂപടത്തിൽ കേരളത്തെ വരച്ച് കാണിക്കേണ്ടിയും വന്നിട്ടുണ്ട്. ഇവിടെയിതാ ഒരു ഗ്രാമീണൻ വണ്ടിയുടെ രജിസ്ട്രേഷൻ കണ്ട്, ഞാൻ കേരളത്തിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

“കുരുക്ഷേത്രയിൽ ഗീതാ മഹോത്സവത്തിൽ പങ്കെടുക്കാൻ ആണോ” എന്നും ചോദ്യം വന്നു. കുരുക്ഷേത്രയിൽ എന്തായാലും പോകണം എന്ന് ഇന്നലെ പോലീസ് ഓഫീസർ രാജേഷും പറഞ്ഞിരുന്നു.

കുരുക്ഷേത്ര എന്നു പറഞ്ഞാൽ എവിടെയാണെന്നാ?

മഹാഭാരതത്തിലുള്ള നമ്മുടെ സാക്ഷാൽ കുരുക്ഷേത്രം തന്നെ. അവിടെ ഗീതാ മഹോത്സവം നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. എനിക്ക് പക്ഷേ അക്കൂട്ടത്തിൽ ഒരു അപകടവും മണത്തു. ഈ കാരണത്താൽ നഗരത്തിൽ നല്ല തിരക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്.

എന്റെ ഊഹം തെറ്റിയില്ല. രണ്ടാമതൊരു കുരുക്ഷേത്ര യുദ്ധത്തിനുള്ള ആളുണ്ട് പട്ടണത്തിൽ. എൻറെ ഫോട്ടോ കാണലും പരിപാടികളും ഒന്നും സ്വസ്ഥമായി നടക്കില്ല എന്ന് ഉറപ്പായി. റോഡിൽ നല്ല മുട്ടൻ തിരക്ക്. ശ്രീകൃഷ്ണ മ്യൂസിയം ഉണ്ട് നഗരത്തിൽ. അതിലൊന്ന് കയറാമെന്ന് വെച്ചപ്പോൾ, ആ ഭാഗത്ത് സൂചി കുത്താൻ ഇടമില്ല.

എങ്കിൽപ്പിന്നെ കോട്ട തന്നെ ശരണം. കുരുക്ഷേത്രയിലുള്ള തനേസർ കോട്ടയാണ് ഞാൻ ലക്ഷ്യമിട്ടിരുന്നത്. പക്ഷേ അങ്ങനെയൊരു കോട്ട ലിസ്റ്റിൽ ഉണ്ടെന്നല്ലാതെ ഗൂഗിളിൽ പരതുമ്പോൾ കിട്ടുന്നില്ല. പകരം സെയ്നീസ് കോട്ട എന്നൊരെണ്ണം കാണിക്കുന്നു. അങ്ങോട്ട് ചെന്നപ്പോൾ അതൊരു പുതിയ ഹൗസിംഗ് കോളനിയാണ്. അതിന്റെ എതിർവശത്ത് ഒരു കരിമ്പിൻ തോട്ടം.

തോട്ടത്തിനുള്ളിലേക്കാണ് ഗൂഗിൾ വിരൽ ചൂണ്ടുന്നത്. എനിക്കൊരു പിടിയും കിട്ടിയില്ല. തോട്ടം കാവലുകാരന്റെ വീടാണ് ഗേറ്റിന് തൊട്ടുമുന്നിൽ. അയാൾ അങ്ങനെ ഒരു കോട്ടയെപ്പറ്റി കേട്ട ഭാവം കാണിക്കുന്നില്ല. ചിലപ്പോൾ അങ്ങനെ ഒരു കോട്ട ഉണ്ടായിരുന്നിരിക്കാം. കയ്യേറ്റക്കാരുടെ കാലമാണല്ലോ. കയ്യേറി വീട് വച്ചത് പോലെ കരിമ്പിൽ തോട്ടം വെച്ച് കാണുമോ?
അങ്ങനെ തനേസർ കോട്ട നാമ മാത്രമായി.

സമയം 3 മണി ആയിട്ടേയുള്ളൂ. ഇനി എങ്ങോട്ട് പോകാൻ? ഇവിടെ ഈ ഒരൊറ്റ കോട്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ കാണാൻ. അടുത്ത ഹബ്ബിലേക്ക് പോകാനുള്ള സമയം തികയില്ല. ഇന്ന് രാത്രി ഇവിടെത്തന്നെ തങ്ങണം. കുരുക്ഷേത്രയിൽ തിരക്കൊഴിഞ്ഞ മറ്റെന്തെങ്കിലും കാണാനുണ്ടോ എന്ന് ഞാൻ പരതി.

ലിസ്റ്റിൽ ആദ്യം പൊങ്ങി വന്നത് ഷേയ്ക്ക് ചില്ലിയുടെ ഖബറിടം ആണ്. ഭാഗിയെ നേരെ അങ്ങോട്ട് നയിച്ചു.

* മുഗൾ രാജകുമാരൻ ദാര ഷിക്കോയുടെ ആത്മീയ ആചാര്യനും സൂഫി വര്യനും ആയിരുന്നു ഷെയ്ഖ് ചില്ലി.

* അബ്ദുൾ റഹിം, അബ്ദുൽ കരീം, അബ്ദുൽ റസാക്ക് എന്നൊക്കെ അദ്ദേഹത്തിന് പേരുണ്ടെങ്കിലും പ്രധാനമായും അറിയപ്പെട്ടിരുന്നത് ഷേയ്ക്ക് ചില്ലി എന്നാണ്.

* സാമാന്യം വലിയ ആ ഖബറിടം ASI യുടെ കീഴിലാണ്. അവരത് നന്നായി സംരക്ഷിക്കുന്നുമുണ്ട്.

* പക്ഷേ കൂടുതൽ വിവരങ്ങൾ ഒന്നും പങ്കുവെക്കുന്നില്ല.

* ഷേയ്ക്കിൻ്റെ ഖബറിന്റെ ഒരു വശത്ത് കാണുന്ന വെണ്ണക്കൽ മേൽഭാഗമുള്ള കെട്ടിടം അദ്ദേഹത്തിൻ്റെ ഭാര്യയുടെ ഖബർ ആണെന്ന് കരുതപ്പെടുന്നു. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിൻ്റെ ഖബറിനാ തൊട്ടടുത്ത് കാണുന്ന രണ്ടാമത്തെ ഖബർ ആരുടേതെന്ന് വ്യക്തമല്ല.

* എട്ടു വശങ്ങളുള്ള വെണ്ണക്കല്ലിൽ തീർത്ത ഒരു ഖബറിടം ആണ് അത്.

* അതിന്റെ നാല് മൂലകളിലും നാല് വശങ്ങളിലും മകുടങ്ങൾ ഉണ്ട്.

* പല ശവകുടീരങ്ങളിലേയും പോലെ തന്നെ, യഥാർത്ഥ ഖബർ കെട്ടിടത്തിന് കീഴെയാണ് ഉള്ളത്. അങ്ങോട്ട് തീരെ പ്രവേശനമില്ല.

* ASI യുടെ ഒരു മ്യൂസിയവും ഇതിനകത്തുണ്ട്. അവിടെ ഫോട്ടോഗ്രഫി അനുവദിക്കുന്നില്ല.

* ഷേയ്ക്കിന്റെ ഖബറിടത്തിന് പിന്നിൽ മനോഹരമായ ഒരു മസ്ജിദ് ഉണ്ട്. അങ്ങോട്ടുള്ള വഴി കൃത്യമായി കൊടുത്തിട്ടില്ല. ഗേറ്റുകളെല്ലാം കൊട്ടിയടച്ചിരിക്കുന്നു. ജനങ്ങൾ പൊളിഞ്ഞുവീണ മതിലുകൾ ചാടി കടന്നാണ് അങ്ങോട്ട് പോകുന്നത്.

* ഹർഷവർദ്ധൻ രാജാവിന്റെ കൊട്ടാരത്തിലേക്കുള്ള വഴി എന്നൊരു ബോർഡ് നയിക്കുന്നത്, ഖാദറിന് പിന്നിൽ ഇടിഞ്ഞു പൊളിഞ്ഞു വീണ കെട്ടിട അവശിഷ്ടങ്ങളിലേക്കാണ്. അവിടെ ഒരു കൊട്ടാരം ഉണ്ടായിരുന്നു. അതിന്റെ ലക്ഷണങ്ങൾ എല്ലാം കാണിക്കുന്നുണ്ട്.

* ആ ഭാഗം മുഴുവൻ ആർക്കിയോളജിയുടെ ഉത്ഖനനം കഴിഞ്ഞ ശേഷം കമ്പിവേലി കെട്ടി അടച്ചിരിക്കുകയാണ്.

* കൂടുതൽ ചുറ്റിയടിച്ച് നോക്കിയാൽ, ഖബറിൻ്റെ ഒരു വശത്തായി ഒരു കോട്ടയ്ക്ക് സമാനമായ കവാടം കാണാം. മറുവശത്ത് കുതിരലായങ്ങൾ പോലെയോ സെല്ലറുകൾ പോലെയോ ഉള്ള മുറികൾ കാണാം. മഴവെള്ള സംഭരണി കാണാം.

ഹർഷവർദ്ധ രാജാവിന്റെ കൊട്ടാരം എന്നതുപോലെ ഒരു കോട്ടയും ഇവിടെ ഉണ്ടായിരുന്നില്ലേ? കൊട്ടാരം തകർന്നത് പോലെ കോട്ടയും തകർന്ന് അടിഞ്ഞതാണെങ്കിലോ? ഇതുതന്നെ ആയിരുന്നില്ലേ തനേസർ കോട്ട? കബറിടത്തിന്റെ മുൻഭാഗത്തിന് ഒരു കോട്ട മതിലിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. മേൽപ്പടി എല്ലാ കെട്ടിടങ്ങളും ഇരിക്കുന്നത് ഉയർന്ന പ്രദേശത്താണ്. മസ്ജിദിന്റെ പിൻഭാഗത്ത് നിന്ന് നോക്കിയാൽ താഴെയായി നഗരം കാണാം. ഒരു കോട്ട ഇരിക്കാൻ പോന്ന കണക്കിന് തന്ത്രപ്രധാനമായ സ്ഥലമാണത്.

പേരുമാത്രം അവശേഷിപ്പിച്ച് നിൽക്കുന്ന തനേസർ കോട്ട ഇത് തന്നെയല്ലേ? സ്വയം ചോദിക്കാം എന്നല്ലാതെ ഉത്തരം തരാൻ ആരുമില്ല. 20 രൂപയുടെ ടിക്കറ്റ് നിൽക്കുന്ന ഉദ്യോഗസ്ഥനോട് ഞാൻ സംശയ നിവാരണം നടത്തി. ‘കില, ഗഡ് ‘ എന്നൊക്കെ ആദ്യമായി കേൾക്കുന്ന പോലെയാണ് അയാളുടെ ഭാവപ്രകടനങ്ങൾ. ഹാ കഷ്ടം.

തനേസർ കോട്ടയെപ്പറ്റി കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു. രാജ്യ തലസ്ഥാനത്തുനിന്ന് അധികം ദൂരത്ത് ഇല്ലാത്ത ഒരു സ്ഥലത്ത്, പുരാണത്തിൽ വളരെ പ്രാധാന്യമുള്ള സ്ഥലത്ത്, മുകളന്മാരുടെ കാലത്തുള്ള ഒരു സ്മാരകത്തെപ്പറ്റി ഒരു രേഖകളും ഇല്ല എന്നുവെച്ചാൽ വലിയ കഷ്ടം തന്നെയാണ്.

സൂര്യൻ അസ്തമിച്ചിട്ടില്ല. പക്ഷേ തണുപ്പ് തുടങ്ങിക്കഴിഞ്ഞു. ഭാഗിക്കും എനിക്കും തങ്ങാനുള്ള ഇടം കണ്ടെത്തിയിട്ടില്ല. സാമാന്യം വലിയ നഗരമാണ് ഇത്. നഗരത്തിനുള്ളിൽ ഒരു സ്ഥലം തിരയുന്നതിലും നല്ലത്, നഗരത്തിൽ നിന്ന് പുറത്തേക്കുള്ള വഴിയിൽ ഒരു ഗ്യാസ് സ്റ്റേഷനോ ധാബയോ തിരയുന്നതായിരിക്കും.

അങ്ങനെ ഒരു ഗ്യാസ് സ്റ്റേഷൻ കണ്ടെത്തി. ₹1000 ഡീസൽ അടിച്ചശേഷം ഇന്നിവിടെ കൂടിക്കോട്ടെ എന്ന സ്ഥിരം നമ്പർ ഇറക്കി. ആ നമ്പർ ഇവിടെ എല്ലായിടത്തും ചിലവാകും.
ഇവിടുന്ന് 40 കിലോമീറ്ററേ ഉള്ളൂ നാളെ പോകാനുള്ള യമുനാ നഗറിലേക്ക്.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>