ശൂലിഗിരിയിൽ പകൽ സമയത്ത് നല്ല ചൂടുണ്ടെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പം ഇല്ലാത്തതുകൊണ്ട് വിയർത്ത് ഒഴുകുന്നില്ല. രാത്രി നല്ല കാലാവസ്ഥയാണ്.
ഇന്നലെ, രാത്രിയുടെ തുടക്കത്തിൽ നായ്ക്കളെല്ലാം കൂടി ഭാഗിക്ക് ചുറ്റും നിന്ന് കുരച്ച് ബഹളമുണ്ടാക്കി. വാഹനത്തിൽ ഏതോ മോഷ്ടാവ് കയറിയത് പോലെയാണ് അവറ്റകളുടെ കുര. “ഇത് എൻ്റെ വാഹനമാണ്. ഞാൻ മുൻപും ഈ വാഹനത്തിൽ ഇവിടെ കിടന്നിട്ടുണ്ട്. നിങ്ങൾ കണ്ടിട്ടില്ലേ?” എന്നൊക്കെ ഞാൻ ജനലിലൂടെ അവരോട് ചോദിച്ചുകൊണ്ടിരുന്നു. അവർക്ക് കാര്യം മനസ്സിലായിട്ടാണോ ഇല്ലയോ എന്നറിയില്ല, കുറേ നേരം കുരച്ച ശേഷം, അവരെല്ലാം കൂടെ വണ്ടിയുടെ ചുറ്റും കിടന്നു. അകത്ത് ഞാൻ സുഖമായി ഉറങ്ങുകയും ചെയ്തു. പുലർകാലത്ത് ചെറിയ തണുപ്പ് വന്ന് പൊതിഞ്ഞപ്പോൾ പുതപ്പ് പരതി എടുക്കേണ്ടി വന്നു.
രാവിലെ തന്നെ ഹോസൂരിലെ ഫാസ്റ്റ് കാർ എന്ന സ്ഥാപനത്തിലേക്ക് വിളിച്ചു. മനോജ് എന്നാണ് അതിന്റെ ഉടമയുടെ പേര്. 20 വർഷമായി ഹോസൂരിൽ ജീവിക്കുന്നു. ഭാഗിയുടെ ഏസി അവിടെയാണ് നന്നാക്കേണ്ടത്.
റസ്റ്റോ കഫേയിലെ ബ്രേക്ക്ഫാസ്റ്റിന് ശേഷം ഭാഗിയേയും കൊണ്ട് ഹോസൂരിൽ എത്തി. റിലേ അടിച്ചു പോയത് തന്നെയാണ്, ഏസിയുടെ പ്രശ്നം. 24 മണിക്കൂറിനുള്ളിൽ രണ്ട് റിലേ പോയിരിക്കുന്നു. അതിൻെറ കാരണം തിരഞ്ഞു പോയപ്പോൾ റിലേയിലേക്ക് വരുന്ന വയറുകൾ ഉരുകിയതായി കണ്ടെത്തി. അതെല്ലാം മാറ്റിയതടക്കം കാര്യമായ അഴിച്ചു പണികൾക്ക് ശേഷം ഏസി വീണ്ടും പ്രവർത്തനക്ഷമമായിട്ടുണ്ട്.
അതിനിടക്ക് യാത്രാശംസകളും ഓണാശംസകളും നേരാൻ, ഹുസ്ക്കൂർ റോഡിൽ നിന്ന് ദിവ്യയും Divya Lakshmy ഓസ്ട്രേലിയയിൽ നിന്ന് അനീഷും Anish Nair വിളിച്ചു.
ഉച്ചയ്ക്ക് റസ്റ്റോ കഫേയിൽ ഇരുന്ന് റഫീക്കിനൊപ്പം ‘നിര’ കളിച്ച് സമയം കളഞ്ഞു. നാല് നീക്കങ്ങളേ ഉള്ളെങ്കിലും അതീവ ശ്രദ്ധയോടെ കളിക്കേണ്ട കളിയാണത്. ജയിക്കുന്നതിനേക്കാൾ കൂടുതൽ സമനില പിടിക്കുന്ന കളി. ചെറിയ അശ്രദ്ധ പോലും പരാജയത്തിൽ കലാശിക്കുകയും ചെയ്യും.
തോട്ടത്തിൽ വന്ന സന്ദർശകർക്കൊപ്പം ധാരാളം നായ്ക്കളും ഇന്ന് വന്നു. എന്റെ തോട്ടം പൂർണ്ണരൂപത്തിൽ തയ്യാറായി കഴിഞ്ഞാൽ ഒരു നായയെ വളർത്തണം എന്ന ചിന്ത ഓരോ പ്രാവശ്യവും ഈ തോട്ടത്തിൽ വരുമ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഈ തോട്ടത്തെപ്പറ്റി അറിയാത്തവർക്ക് വേണ്ടി ചുരുക്കിപ്പറയാം. തമിഴ്നാട്ടിലെ ശൂലഗിരി എന്ന സ്ഥലത്തുള്ള ഈ കമ്മ്യൂണിറ്റി ഫാമിൽ നിന്ന് 73 കിലോമീറ്റർ യാത്ര ചെയ്താൽ ബാംഗ്ലൂരിൽ എത്താം. അതിലും കുറച്ച് ദൂരമേയുള്ളൂ ആന്ധ്രയിലേക്ക്. ഏറ്റവും കുറഞ്ഞത് പതിനായിരം ചതുരശ്ര അടി സ്ഥലമെങ്കിലും വാങ്ങണം. അതായത് 23 സെൻറ് സ്ഥലം. നമ്മുടെ കൈവശമുള്ള സ്ഥലത്തിന്റെ 10%ൽ മാത്രമേ കെട്ടിട നിർമ്മാണം പാടുള്ളൂ. കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങൾ അനുവദനീയമല്ല. ശൂലഗിരി ഒരു കാർഷിക ഗ്രാമവും അതിനകത്ത് ഇത് ഒരു കമ്മ്യൂണിറ്റി ഫാമും ആണ്. എന്നിരുന്നാലും നിയമങ്ങൾ ലംഘിച്ച് ചുരുക്കം ചില കോൺക്രീറ്റ് കെട്ടിടങ്ങളും ഇതിനകത്ത് ഉണ്ട്. ഇവിടെ ഭൂമി വെറുതെ ഇടരുത്; കൃഷി ചെയ്യണം. നമുക്ക് അതിനുള്ള സമയവും സാവകാശവും സാങ്കേതികവിദ്യയും ഇല്ലെങ്കിൽ അതിനുള്ള സൗകര്യവും മാനവശേഷിയും ലഭ്യമാണ്. പണം ചിലവാക്കണമെന്ന് മാത്രം.
ചില അതിർത്തി തർക്കങ്ങളിലും നിയമപ്രശ്നങ്ങളിലും കുടുങ്ങി എന്റെ തോട്ടം നിർമ്മാണം മൂന്ന് വർഷത്തോളം നീണ്ടു. ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന ഫാം ഹൗസിന്റെ നിർമ്മാണവും അങ്ങനെ നീണ്ടുപോയി. ഈ യാത്രകളൊക്കെ കഴിഞ്ഞ് നടുവൊടിഞ്ഞ് കിടക്കാൻ ഞാൻ ഉദ്ദേശിക്കുന്നത് ഇവിടെയുള്ള 46 സെന്റ് സ്ഥലത്താണ്.
പച്ചക്കറികളും പൂക്കളും കായ്ഫലങ്ങളും ആടുമാടുകളും എല്ലാം കൃഷി ചെയ്യുന്ന ഈ ഗ്രാമത്തിലൂടെ കറങ്ങി നടക്കുന്നത് തന്നെ സുഖകരമായ ഒരു അനുഭൂതിയാണ്. ഇന്ന് വൈകീട്ട്, സുഹൃത്ത് റഫീക്കിനൊപ്പം അത്തരത്തിൽ ഒരു ഡ്രൈവ് പോയിരുന്നു. മുഴുവൻ മലയാളികളും ഉത്രാടപ്പാച്ചിൽ നടത്തുമ്പോൾ ചെറിയ ഒരു കറക്കം ഞാനും ചെയ്യണമല്ലോ. അപ്പോൾ കിട്ടിയ ചില ആടുമാടുകളുടെ ചിത്രങ്ങൾ കൂട്ടത്തിൽ ചേർക്കുന്നു.
ഫാമിൽ ഒരുപാട് സന്ദർശകർ ഇന്ന് വന്നിട്ടുണ്ട്. നാളത്തെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളവരാണ്. നാളെ അവതരിപ്പിക്കാനുള്ള കലാപരിപാടികളുടെ റിഹേഴ്സൽ ഒരു വശത്ത് നടക്കുന്നുണ്ട്. ഞാൻ നാളത്തെ ഓണാഘോഷത്തിൽ പങ്കെടുത്ത ശേഷം മറ്റന്നാൾ രാവിലെ ഫാം വിടാനാണ് ഉദ്ദേശിക്കുന്നത്.
ഇന്നത്തെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നു.
എല്ലാ മലയാളികൾക്കും ഓണാശംസകൾ.