Monthly Archives: June 2009

manorama-peterborough-cathedral

പീറ്റര്‍ബറോ കത്തീഡ്രല്‍


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
ഴിഞ്ഞ 2 കൊല്ലമായി, മുഴങ്ങോടിക്കാരി നല്ലപാതിക്ക് ജോലി, ഇംഗ്ലണ്ടിലെ പീറ്റര്‍‍ബറൊ എന്ന കണ്ട്രിസൈഡിലെ ഓഫീസിലാണ്. അതുകൊണ്ടുതന്നെ ഒന്നരാടം മാസങ്ങളില്‍ , എണ്ണപ്പാടത്തെ ജോലിസ്ഥലത്തുനിന്ന് എനിക്ക് തരപ്പെടുന്ന അവധിക്കാലം ചിലവഴിക്കാന്‍ ഞാന്‍ പോകുന്നതും പീറ്റര്‍ബറോയിലേക്ക് തന്നെ.

‍മനോഹരമായ ആ കൊച്ചുപട്ടണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് നടന്ന് പോകാവുന്ന ദൂരത്താണ് പീറ്റര്‍ബറോ കത്തീഡ്രല്‍ ‍. സിറ്റി സെന്ററില്‍ ഷോപ്പിങ്ങിന് പോകുമ്പോള്‍ ‍, കത്തീഡ്രലും അതിന്റെ മേടയുമൊക്കെ വെളിയില്‍ നിന്ന് കാണാറുണ്ട്. പലയിടത്തും കാണാറുള്ളതുപോലെ ഒരു പഴയ പള്ളി(ക്ഷമിക്കണം,പള്ളി എന്ന പ്രയോഗം ശരിയല്ല. കത്തീഡ്രലാണ്. പള്ളിയും, കത്തീഡ്രലും , ചാപ്പലും , ബസിലിക്കയുമൊക്കെ വേറേ വേറെ പ്രത്യേകതകള്‍ ഉള്ളതാണ്‍.) അതില്‍ക്കൂടുതലൊന്നും പ്രാധാന്യം അതിനുണ്ടെന്ന് തോന്നിയിരുന്നില്ല.

7 വയസ്സുകാരി മകല്‍ നേഹയെ, അവള്‍ പഠിക്കുന്ന ബ്രൂസ്റ്റര്‍ അവന്യൂ സ്കൂളില്‍ നിന്ന് കത്തീഡ്രല്‍ കാണിക്കാന്‍ കൊണ്ടുപോയി. അതിനുശേഷം കുട്ടികള്‍ ആ യാത്രയെപ്പറ്റി എഴുതി, പടങ്ങള്‍ വരച്ചു. രണ്ടാം സ്ഥാനം കിട്ടിയ നേഹയുടെ കൊച്ചുയാത്രാവിവരണം അടക്കമുള്ള കുറിപ്പുകളും കുട്ടികള്‍ വരച്ച കത്തീഡ്രലിന്റെ ചിത്രങ്ങളുമൊക്കെ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. നല്ല ‘പള്ളി‘യാണെന്ന് നേഹ‍ വീട്ടില്‍ വന്ന് പറയുകയും ചെയ്തപ്പോള്‍ ഇനിയും അവിടെ പോകാതിരിക്കാനാവില്ലെന്നായി.

അങ്ങിനെ നേഹയ്ക്ക് സ്കൂളും, മുഴങ്ങോടിക്കാരിക്ക് ആപ്പീസുമുള്ള ഒരു പ്രവൃത്തി ദിവസം നോക്കി ഞാന്‍ കത്തീഡ്രലിലേക്ക് യാത്രയായി. ബാഗില്‍ ക്യാമറ എടുത്തുവെക്കുന്ന കൂട്ടത്തില്‍ ഒരു സാന്‍‌വിച്ചും, ഒരു ജ്യൂസും എടുത്തുവെച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് മടങ്ങാതെ ഒക്കുമല്ലോ ?

നീട്ടിവലിച്ച് നടന്നപ്പോള്‍ പതിനഞ്ച് മിനിറ്റിനകം കത്തീഡ്രലിലെത്തി. സെന്റ് പീറ്റര്‍ ‍, സെന്റ് പോള്‍ ‍, സെന്റ് ആന്‍ഡ്രൂ എന്നീ 3 പുണ്യാളന്മാരുടെ പേരിലാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്.

കത്തീഡ്രലിന് അകത്ത് ക്യാമറ ഉപയോഗിക്കണമെങ്കില്‍ 2 പൌണ്ട് കൊടുക്കണം. കയ്യില്‍ ചില്ലറ 1.6 പൌണ്ട് മാത്രം. പിന്നെയുള്ള 50 പൌണ്ടിന്റെ കറന്‍സി എടുത്ത് കൌണ്ടറില്‍ കൊടുത്തപ്പോള്‍ തൊട്ടടുത്ത് ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് നിന്നിരുന്ന മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീ ഇടപെട്ടു. 40 പെന്‍സിന്റെ ആവശ്യത്തിനുവേണ്ടി 50 പൌണ്ട് മാറേണ്ട എന്ന് പറഞ്ഞ്, അവര്‍ ബാഗ് തുറന്ന് 40 പെന്‍സ് എടുത്ത് കൌണ്ടറില്‍ കൊടുത്തു. അവരോട് നന്ദി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ എനിക്കത്ഭുതമായി. അവരുടെ പേര് ഷീല(Sheela). ഞങ്ങളുടെ നാട്ടിലെ സര്‍വ്വസാധാരണമായ ഒരു പേരാണതെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതം.

ഇംഗ്ലീഷ് പഠിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് വന്നിരിക്കുന്ന 4 ടീനേജേഴ്സുമായാണ് ഷീല‍ മാഡം വന്നിരിക്കുന്നത്. കുട്ടികള്‍ക്ക് എന്തോ ജോലി കൊടുത്തിരിക്കുന്നു അവര്‍ ‍. എല്ലാവരും കത്തീഡ്രലില്‍ അവിടവിടെയായി കറങ്ങി നടന്ന് എന്തൊക്കെയോ കുറിച്ചെടുക്കുന്നുണ്ട്. ആ സമയം മുഴുവന്‍ അവര്‍ എന്റെ കൂടെ ഞാനാവശ്യപ്പെടാതെ തന്നെ ഒരു ഗൈഡിനെപ്പോലെ കൂടി. അകത്ത് മുഴുവന്‍ കൊണ്ടുനടന്ന് ഓരോ കാഴ്ച്ചകളും വിശദീകരിച്ചു തന്നു. ചുമ്മാ ഒരു കത്തീഡ്രല്‍ കാഴ്ച്ച മാത്രമാകുമായിരുന്ന ആ യാത്ര ഒരു അനുഭവമാക്കിത്തന്ന അവരെ നമിക്കാതെ വയ്യ.

തണുപ്പുകാലത്ത് ദേവാലയത്തിന്റെ ഉള്‍വശം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഒരാള്‍പ്പൊക്കത്തിലുള്ള വലിയ ഹീറ്ററുകള്‍ പഴയ സാങ്കേതികവിദ്യയുടെ ഒരു സ്മാരകമെന്നവണ്ണം പലമൂലകളിലും നിലയുറപ്പിച്ചിട്ടുണ്ട്.
മാമ്മോദീസാ ചടങ്ങുകള്‍ പോലുള്ള അവസരങ്ങള്‍ക്ക് ഉപയോഗിക്കുന്ന
മാര്‍ബിളിന്റെ ഒരു തൊട്ടി ഹെല്‍പ്പ് ഡെസ്ക്കിന്റെ തൊട്ടുപിന്നിലുണ്ട്. അവിടന്നങ്ങോട്ട് അള്‍ത്താരയിലേക്ക് ഒരുപാട് ദൂരമുള്ളതുപോലെ തോന്നി.

നടുത്തളത്തിലൂടെ വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ കാണുന്ന ഇരിപ്പിടങ്ങള്‍ കാണുമ്പോള്‍‌ത്തന്നെ , നിലവില്‍ ദേവാലയത്തിലെ മാസ്സ് നടത്തുന്ന ഇടമാണതെന്ന് മനസ്സിലാക്കാനാവും.

ദേവാലയത്തിനെ പഴക്കത്തോളം വരില്ലെന്നുറപ്പാണ് അതിന്റെ ഒത്ത നടുക്കായി തൂങ്ങിക്കിടക്കുന്ന അല്‍പ്പം മോഡേന്‍ ഭാവങ്ങളുള്ള ക്രൂശിതരൂപത്തിന്. ജോര്‍ജ്ജ് പേസ് ഡിസൈന്‍ ചെയ്ത് 1975 ഫ്രാങ്ക് റോപ്പര്‍ ഉണ്ടാക്കിയ, രൂപത്തിന്റെ താഴെ എനിക്കറിയാത്ത ഏതോ ഭാഷയില്‍ (ലാറ്റിന്‍ ആണെന്ന് തോന്നുന്നു) എഴുതിയിരിക്കുന്നതിന്റെ(Stat Cruxdum Volvitur Orbis) അര്‍ത്ഥം മനസ്സിലാക്കിയത് അവിടന്ന് കിട്ടിയ ബ്രോഷറില്‍ നിന്നാണ് . ‘ The cross stands whilst the earth revolves ‘ എന്നാണത് അര്‍ത്ഥമാക്കുന്നത്.
ഇരുവശങ്ങളിലുമുള്ള ആകാശം മുട്ടുന്ന ചുമരുകളില്‍ അതിമനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകള്‍ നോക്കി എത്രനേരം നിന്നാലും മതിയാകില്ല. പുറത്ത് നിന്ന് സൂര്യപ്രകാശം ആ ഗ്ലാസുകളിലൂടെ അകത്ത് വീഴുമ്പോള്‍ ആ പെയിന്റിങ്ങുകളുടെ ഭംഗി വര്‍ണ്ണനാതീതം. ലാസ്റ്റ് സപ്പര്‍ അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. 30 വെള്ളിക്കാശിന്റെ പണക്കിഴിയും പിടിച്ചിരിക്കുന്ന യൂദാസിന്റെ ചിത്രമെല്ലാം വളരെ വലുതായും വ്യക്തമായും ലാസ്റ്റ് സപ്പറിന്റെ ഗ്ലാസ്സ് പെയിന്റിങ്ങില്‍ കാണാം.

കുറേക്കാലം മുന്‍പൊരിക്കല്‍ ‍, ഗോവാ ടൂറിസത്തിന്റെ പരസ്യത്തില്‍ കണ്ട മനോഹരമായ ഒരു ഗ്ലാസ്സ് പെയിന്റ്‌ ഏത് പള്ളിയിലാണെന്ന് അന്വേഷിച്ച് ഗോവയിലെ കുറേയധികം പള്ളികളില്‍ സഹപ്രവര്‍ത്തകന്‍ നിഷാദുമായി ചുറ്റിത്തിരിഞ്ഞത് പെട്ടെന്നോര്‍മ്മ വന്നു. അതൊരു രസകരമായ അനുഭവമായിരുന്നു. ഗ്ലാസ്സ് പെയിന്റ് നിലകൊള്ളുന്ന ശരിയായ ദേവാലയത്തില്‍ ഞങ്ങള്‍ അവസാനം ചെന്നെത്തി, അവിടത്തെ രണ്ട് വികാരിമാരെ അതിന്റെ ഫോട്ടോ കാണിച്ച് ഇങ്ങനൊന്ന് ഈ പള്ളിയില്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇവിടങ്ങനൊരു പെയിന്റിങ്ങ് ഇല്ല എന്നാണാദ്യം മറുപടി കിട്ടിയത്. പള്ളിപ്പറമ്പിലൊക്കെ ഒന്ന് ചുറ്റിക്കറങ്ങിയശേഷം അടുത്ത പള്ളിയിലേക്ക് അന്വേഷണം തുടരാന്‍ വേണ്ടി യാത്ര പറഞ്ഞിറങ്ങിയ ഞങ്ങളെ പള്ളീലച്ചന്മാര്‍ തിരിച്ചുവിളിച്ചു.

‘പഴയ പള്ളിയുടെ ചുമരിലെങ്ങോ……… ഇതൊന്നുമല്ല……, ഇതുപോലുള്ള ഒന്ന് കണ്ടതുപോലെ തോന്നുന്നു. അവിടെ ഒന്ന് കയറി നോക്കി പോയിക്കോളൂ ‘ എന്ന് പറഞ്ഞു.

ചെന്നു നോക്കിയപ്പോള്‍ അവിടുള്ളത് ഞങ്ങള്‍ അന്വേഷിക്കുന്ന പെയിന്റിങ്ങുതന്നെ. ചുരുങ്ങിയത് 20 അടിയെങ്കിലും ഉയരമെങ്കിലുമുള്ള ആ മനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങ് അച്ചന്മാര്‍ ശ്രദ്ധിക്കാതെ പോയല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി.

2001 ലെ ഒരു തീ പിടുത്തത്തില്‍ പീറ്റര്‍ബറോ കത്തീഡ്രലിലെ ഈ ഗ്ലാസ്സ് പെയിന്റിങ്ങുകള്‍ പലതും പൊട്ടിപ്പോയിരിക്കുന്നു. അവിടെയെല്ലാം വെറുതെ ഗ്രില്ലിട്ട് അടച്ചിരിക്കുന്നു.

അത്യധികം ഉയരത്തില്‍ നിലകൊള്ളുന്ന സീലിങ്ങിന്റെ ഭംഗിയും ശില്‍പ്പചാരുതിയും നോക്കിനില്‍ക്കുമ്പോള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇന്നത്തെപ്പോലെ സാങ്കേതികമികവൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത്, ഇങ്ങനൊരു മഹത്തായ സൃഷ്ടി നടത്താന്‍ വേണ്ടി അനുഭവിച്ചിരിക്കാന്‍ സാദ്ധ്യതയുള്ള ക്ലേശങ്ങള്‍ ഊഹിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു.

ഇടത്തുവശത്തായുള്ള വരാന്തയില്‍ ദേവാലയത്തിന്റെ ചരിത്രം വിശദമായി ഒരു മ്യൂസിയത്തിലെന്ന പോലെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിലൂടെ കണ്ണോടിച്ചുപോയപ്പോള്‍ , വൈകിയവേളയിലെങ്കിലും അവിടെച്ചെല്ലാന്‍ പറ്റിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ടായി. കത്തീഡ്രലിന്റെ ചരിത്രം ഇപ്രകാരമാണ്.

655 ല്‍ പേഡാ(Peada) രാജാവിനാല്‍ പള്ളി നിര്‍മ്മിക്കപ്പെട്ടു.
870 ല്‍ ഡേന്‍സിനാല്‍ (Danes) നശിപ്പിക്കപ്പെട്ടു.
972 ല്‍ രണ്ടാമതുണ്ടാക്കി വെഞ്ചരിച്ചു.
1116 ല്‍ ഒരു അപകടത്തില്‍ കത്തിനശിച്ചു.
1238 ല്‍ ഇപ്പോള്‍ കാണുന്ന രൂപത്തില്‍ വീണ്ടും ഉണ്ടാക്കി.
1539 ല്‍ ഹെന്‍‌റി എട്ടാമന്‍ ഇത് അടച്ചുപൂട്ടി.
1541 ല്‍ പള്ളി കത്തീഡ്രലായി മാറി.
1643 ല്‍ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് നശിപ്പിക്കപ്പെട്ടു.
1882 ല്‍ പുതിയ മോടികളുമായി സെന്‍‌ട്രല്‍ ടവര്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു.
1960 ലും 1970 ലും തൂക്ക് കുരിശ് അടക്കമുള്ള ചില മോടിപിടിപ്പിക്കലുകള്‍ നടത്തി.
2001 ല്‍ വന്‍ നാശം വിതച്ചുകൊണ്ട് വീണ്ടും തീ പിടിക്കുന്നു.

ഇത്രയും പഴക്കമുള്ള ഒരു ദേവാലയത്തില്‍ ഞാനാദ്യമായിട്ടാണ് പോകുന്നത് . പഴമയുള്ള കാര്യങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണ് ഇംഗ്ലീഷുകാരുടെ പതിവ്. ഞങ്ങള്‍ ജീവിക്കുന്ന മേയേഴ്സ് വാക്ക് (Mayor’s Walk) തെരുവിലെ വീടുകള്‍ക്ക് പലതിനും 200ല്‍പ്പരം വര്‍ഷം പഴക്കമുണ്ട്. അതൊന്നും മുഴുവനുമായി തച്ചുടച്ച് പുതുക്കിപ്പണിയാതെ അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി നിലനിര്‍ത്തിപ്പോരുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

നിലവില്‍ മാസ്സ് നടന്നുപോരുന്ന ഭാഗത്തുനിന്ന് വീണ്ടും ഉള്ളിലേക്ക് കടന്നാല്‍ ഇരുവശങ്ങളിലുമായി പഴയകാലത്ത് മാസ്സ് അറ്റന്റ് ചെയ്യാന്‍ മോങ്ക്സ് (Monks) ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങള്‍ കാണാം. ആ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്. ഷീല മാഡം കൂടെയുണ്ടായിരുന്നതുകൊണ്ടുമാത്രം എനിക്ക് മനസ്സിലാക്കാന്‍ പറ്റിയ ഒരു രഹസ്യം.

പഴയകാലത്ത് മണിക്കൂറുകളോളം നീണ്ടുനിന്നിരുന്ന മാസ്സ് എഴുന്നേറ്റ് നിന്ന് കേട്ട് കാലുകള്‍ കുഴയുന്ന മോങ്ക്സ്, ഇരിപ്പിടം മടക്കുകസേരയെന്ന പോലെ മറിച്ചിടുകയും, അപ്പോള്‍ അതിന്റെ അടിഭാഗത്തുനിന്ന് ഉയര്‍ന്നു വരുന്ന ഭാഗത്ത് പൃഷ്ഠം കൊള്ളിച്ച് നില്‍പ്പും ഇരിപ്പും അല്ലാത്ത രീതിയില്‍ ചാരിനിന്ന് കാലുകള്‍ക്ക് വിശ്രമം കൊടുക്കുകയായിരുന്നു പതിവത്രേ !

പുരാതനമായ പള്ളിമണിയുടെ അസ്ഥികൂടം ഒരിടത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവിടന്നങ്ങോട്ട് വീണ്ടും മുന്നിലേക്കുള്ള നടത്തം എന്നെ അല്‍പ്പം വിഷമിപ്പിച്ചുകളഞ്ഞെന്ന് പറയാതെ വയ്യ. പിന്നീടങ്ങോട്ട് ചുറ്റിലും ശവക്കല്ലറകളും അതിന് മുകളില്‍ മാര്‍ബിളില്‍ കൊത്തിവച്ചിരിക്കുന്ന പരേതരുടെ പൂര്‍ണ്ണകായ പ്രതിമകളുമൊക്കെയായി അവിടം അല്‍പ്പം ഭീതി നിറഞ്ഞ അന്തരീക്ഷമായിരുന്നു.

മാനന്തവാടിയില്‍ ഒരു പള്ളിക്കകത്ത് ഒരു പുരോഹിതന്റെ ശരീരം അടക്കം ചെയ്തിരിക്കുന്നത് കണ്ടിട്ടുണ്ടെന്നതൊഴിച്ചാല്‍ ജീവിതത്തിലാദ്യമായിട്ടാണ് ഇത്രയധികം കല്ലറകള്‍ ഒരു ദേവാലയത്തിനകത്ത് ഞാന്‍ കാണുന്നത്.മുന്നോട്ട് വെച്ച ഓരോ അടിയും ആ കല്ലറകളില്‍ ചവിട്ടിയാകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഏറ്റവും കുറഞ്ഞത് മുപ്പത് കല്ലറകളെങ്കിലും തറയില്‍ മാത്രമുണ്ട്. ചുവരുകളില്‍ അടക്കം ചെയ്തിരിക്കുന്ന പ്രഭുക്കന്മാരുടേയും പ്രമാണിമാരുടേയും കുടുംബ കല്ലറകള്‍ വേറേയുമുണ്ട് നിരവധി.

ആഭ്യന്തരകലഹവും, യുദ്ധവുമൊക്കെയായി ജീവന്‍ നഷ്ടപ്പെട്ട പ്രധാനികളായ വൈദികരുടേയും മറ്റും കല്ലറകള്‍ക്ക് മുകളിലുള്ള പ്രതിമകളുടെ മുഖങ്ങള്‍ മാത്രം അവ്യക്തമാണ്. യുദ്ധത്തില്‍ പലരുടേയും തലകള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ആ വ്യക്തി ആരാണെന്ന് മനസ്സിലാക്കാന്‍ പറ്റാതെ പോയതെന്ന് ഷീലാ മാഡം വിശദീകരിച്ചു. എന്നിരുന്നാലും അവരുടെ ആടയാഭരണങ്ങളില്‍ നിന്ന് ആ വ്യക്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് പള്ളിക്കകത്ത് ബഹുമതികളോടെ സംസ്ക്കരിച്ചിരിക്കുന്നതത്രേ ?

പിന്നീടൊരിക്കല്‍ ആലുവാ യു.സി.കോളേജ് പ്രൊഫസറായിരുന്ന ശ്രീ. പി.ജെ.ജോസഫ് സാറിന്റെ ‘ബ്രിട്ടണിലെ രക്തം പുരണ്ട ദേവാലയങ്ങള്‍ ‘ എന്ന ഗ്രന്ഥത്തില്‍ ക്രൈസ്തവ സഭയും രാജകുടുംബവുമായുള്ള അഭിപ്രായഭിന്നതകള്‍ കാരണം ജീവന്‍ ബലികഴിക്കപ്പെടേണ്ടി വന്ന പുരോഹിതരെപ്പറ്റി വായിക്കാന്‍ കഴിഞ്ഞപ്പോള്‍ ഈ ശവകുടീരങ്ങളെല്ലാം എന്റെ മനസ്സിലേക്ക് വെള്ളിത്തിരയിലെന്നപോലെയാണ് തെളിഞ്ഞു വന്നത്.

ശവക്കല്ലറകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹെന്‍‌ട്രി എട്ടാമന്റെ 6 പത്നിമാരില്‍ ഒരുവളായ കാതറീന്‍ ഓഫ് ആര്‍‌ഗോണിന്റെയാണ് (Katharine of Argon).

കാതറീന്‍ രാജ്ഞിയുടെ പ്രവിശ്യയുടെ പതാകയില്‍ മാതളനാരകത്തിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട്, ഇന്നും ആ കല്ലറ സന്ദര്‍ശിക്കുന്നവര്‍, കല്ലറയ്ക്ക് മുകളില്‍ ഒരു മാതളനാരകം വെച്ചിട്ടുപോകുക പതിവാണ്. ഹെന്‍‌ട്രി എട്ടാമന്റെ മറ്റൊരു പത്നിയുടേയും ശരീരം ഇതിന് തൊട്ടടുത്ത് അടക്കം ചെയ്തിരുന്നുവെങ്കിലും പിന്നീടത് ഇവിടന്ന് മാന്തിയെടുത്ത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ അബേയിലേക്ക് കൊണ്ടുപോയി അവിടെ അടക്കം ചെയ്യുകയാണുണ്ടായത്. ആ കല്ലറയുടെ ശേഷിപ്പുകള്‍ കാതറീന്‍ രാജ്ഞിയുടെ കല്ലറയ്ക്ക് സമീപം ഇപ്പോഴും കാണാം.

കത്തീഡ്രലിന്റെ വിശാലമായ നടുത്തളത്തിലെ കാഴ്ച്ചകള്‍ കണ്ടതിനുശേഷം വശങ്ങളിലെ ഇടുങ്ങിയ വരാന്തപോലുള്ള ഭാഗത്തെത്തിയപ്പോള്‍ , ബാക്കിയുള്ള കാഴ്ച്ചകള്‍ കാണാന്‍ എന്നെ ഒറ്റയ്ക്ക് വിട്ട് ഷീലാ മാഡം അവരുടെ കുട്ടികള്‍ക്കടുത്തേക്ക് നീങ്ങി. യാത്രപറഞ്ഞ് പിരിഞ്ഞുപോകുന്നതിനുമുന്‍പ് നല്ലവരായ ആ സ്ത്രീ കുട്ടികള്‍ക്കൊപ്പം ഒരു ഫോട്ടോയ്ക്ക് വേണ്ടി എന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസുചെയ്യുകയുമുണ്ടായി.

ഷീലാ മാഡത്തിനെ യാത്രയാക്കിയ ശേഷം കത്തീഡ്രലിന് വെളിയിലേക്ക് കടന്ന് ദേവാലയത്തിന്റെ പരിസരപ്രദേശത്തൊക്കെ ഒന്ന് ചുറ്റിനടന്നു. പലപ്പോഴായുണ്ടായ തീപിടുത്തത്തിന്റെ ഫലമായി കത്തീഡ്രലിന്റെ പുറംചുമരുകളിലൊക്കെ ആകെ കരിനിറം പിടിച്ചിരിക്കുന്നുണ്ട്. പള്ളിപ്പരിസരത്തുള്ള മറ്റ് കെട്ടിടങ്ങളില്‍ , തുറന്ന് കിടക്കുകയാണെങ്കിലും, ‘പ്രൈവറ്റ് ‘ എന്ന് ബോര്‍ഡ് വെച്ചിരിക്കുന്ന കവാടങ്ങള്‍ ഒഴികെ എല്ലായിടത്തും പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന് എതിരേ വന്ന ഒരു സായിപ്പ് മുന്നറിയിപ്പ് തന്നിട്ടുപോയി. ദേവാലയത്തിന്റെ ചുറ്റും നിറയെ ശവക്കല്ലറകളുണ്ട്. ഇവിടെ പ്രത്യേകിച്ച് ഒരു സ്മശാനം തന്നെ ഇല്ല എന്നാണ് എനിക്ക് തോന്നിയത്. എല്ലാ ശരീരങ്ങളും കത്തീഡ്രലിന് അകത്തും പുറത്തുമായിത്തന്നെ സംസ്ക്കരിക്കപ്പെട്ടിരിക്കുന്നു.

പുറത്തെ കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതിനിടയില്‍ പെട്ടെന്ന് കത്തീഡ്രലിന് അകത്തുനിന്ന് മനോഹരമായ വാദ്യസംഗീതം മുഴങ്ങാന്‍ തുടങ്ങി. അതെന്നെ വീണ്ടും ദേവാലയത്തിനകത്തേക്ക് ആകര്‍ഷിച്ചു. അകത്ത് ഉയരത്തിലായി ചുമരില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ഓര്‍ഗനില്‍ നിന്നാണ് ആ സംഗീതം ഒഴുകിവന്നിരുന്നത്. ദേവാലയത്തിന്റെ ഉയരമുള്ള ചുമരുകളേയും നിശബ്ദതയില്‍ മുങ്ങിനിന്നിരുന്ന അന്തരീക്ഷത്തേയും ഭേദിച്ചുകൊണ്ടെന്നവണ്ണം മുഴങ്ങിക്കൊണ്ടിരുന്ന ആ വ്യത്യസ്ഥമായ ഉപകരണസംഗീതവും കേട്ട് ഞാനാ ബഞ്ചുകളില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ചു.

സമയം കുറേ കടന്നുപോയി. പെട്ടെന്ന് ഓര്‍ഗന്‍ സംഗീതം നിലച്ചു. ദേവാലയത്തില്‍ സൂചിവീണാല്‍ കേള്‍ക്കുമാറ് നിശബ്ദത. ഓര്‍ഗന്‍ സംഗീതത്തിന്റെ അലകളും, കത്തീഡ്രലിലെ ഏകാന്തതയുമൊക്കെ എന്നെ വല്ലാത്തൊരു മാനസിക തലത്തിലെത്തിച്ചിരുന്നു. ഞാനല്ലാതെ മനുഷ്യജീവികളായ മറ്റാരും കത്തീഡ്രലിനകത്ത് അപ്പോളില്ല. എനിക്ക് കൂട്ടിന് നൂറുകണക്കിന് വര്‍ഷം മുന്‍പ് പരലോകം പ്രാപിച്ചവരുടെ കുറേ ശവക്കല്ലറകള്‍ മാത്രം. അപമൃത്യു വരിച്ച അവരില്‍ച്ചിലരുടെ ആത്മാക്കള്‍ ഗതികിട്ടാതെ അവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടാകുമോ ?

നിശബ്ദമായ ഓര്‍ഗനില്‍ നിന്നും വീണ്ടും സംഗീതം പുറപ്പെടുന്നതുപോലെ. അതോ തോന്നിയതായിരിക്കുമോ ? ഇല്ല ഓര്‍ഗന്‍ നിശബ്ദമാണ്. ആ നിശബ്ദത എന്നെ വീണ്ടും ഭയാകുലനാക്കി. വല്ലാത്ത ചിന്തകള്‍ എന്നെ പിടികൂടിക്കഴിഞ്ഞിരുന്നു. ഇനി അധികം സമയം അവിടെ ഇരിക്കാന്‍ ആവില്ലെന്ന് തോന്നി. പുറത്ത് കടക്കാന്‍ വേണ്ടി, ഞാന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മുന്‍‌വാതിലിലേക്ക് തിരിഞ്ഞു.

അപ്പോളതാ മുട്ടൊപ്പം വരുന്ന കറുത്ത കോട്ടും പാന്റുമൊക്കെ ധരിച്ച് മൊട്ടത്തലയനായ ഒരു രൂപം അവിടെ പുറംതിരിഞ്ഞ് നില്‍ക്കുന്നു. തലയില്‍ മുടിയില്ലാത്ത ഡ്രാക്കുളയുടെ രൂപത്തിന് സമമായ ഒരു മനുഷ്യന്‍. ഇയാളെപ്പോള്‍ ഇതിനകത്തുവന്നു ? ഞാനാകെ സ്തംഭിച്ചുപോയി. സമനില കൈവരിക്കുന്നതുവരെ ഞാനയാളെത്തന്നെ ഒളികണ്ണിട്ട് നോക്കി വീണ്ടും അവിടെത്തന്നെയിരുന്നു. പ്രേതങ്ങളെ ഫോട്ടോ എടുക്കാന്‍ പറ്റില്ലെന്നാണല്ലോ വെപ്പ്. ധൈര്യം സംഭരിച്ച് അയാള്‍ കാണാതെ ഞാനൊരു പടമെടുത്ത് നോക്കി . ഫോട്ടോയില്‍ അയാളെ കാണുന്നുണ്ട്.

ഭൂതപ്രേതങ്ങളിലൊന്നും വിശ്വാസമൊന്നുമില്ലെന്ന് അഹങ്കരിക്കുന്നവനും, ഡോ ഏ.ടി.കോവൂരിന്റെ വിശ്വാസപ്രമാണങ്ങളില്‍ സത്യമുണ്ടെന്ന് കരുതുന്നവനുമായ എനിക്ക്, പടമെടുത്ത് നോക്കിയിട്ട് വേണമോ പ്രേതങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍?! ച്ഛായ്…ലജ്ജാവഹം. അങ്ങനെ ആലോചിച്ചപ്പോള്‍ ചിരിയാണ് വന്നത്. കൂട്ടത്തില്‍ ഞാനൊരു സമ്പൂര്‍ണ്ണ യുക്തിവാദി ആയിട്ടില്ലെന്ന തിരിച്ചറിവും.

അടുത്തപ്രാവശ്യം സിറ്റി സെന്ററിലേക്ക് വരുമ്പോള്‍ മുഴങ്ങോടിക്കാരിയുമായി വീണ്ടും കത്തീഡ്രലില്‍ വരണം. 1353 വര്‍ഷത്തിലധികം പഴക്കമുള്ള കത്തീഡ്രലിനകത്തിരുന്ന് അല്‍പ്പനേരമെങ്കിലും മനോഹരമായ പൈപ്പ് ഓര്‍ഗന്‍ സംഗീതം ആസ്വദിക്കണം എന്നൊക്കെ തീരുമാനിച്ചുകൊണ്ട് പുറത്തേക്ക് കടന്നു.

തല്‍ക്കാലം വീണ്ടും സിറ്റി സെന്ററിന്റെ തിരക്കുകളിലേക്ക്, അവിടന്ന് ആളൊഴിഞ്ഞ വൃത്തിയുള്ള നടപ്പാതയിലൂടെ മെല്ലെ മെല്ലെ വീട്ടിലേക്കും….