ഗ്രേറ്റ് ഇന്ത്യൻ എക്പെഡീഷൻ ഗോവൻ അദ്ധ്യായം പത്താം ദിവസത്തിലേക്ക് കടക്കുന്നു.
പെരുവഴികളിൽ പലയിടങ്ങളിൽ അന്തിയുറങ്ങി ഇതിനകം. മൂക്ക് പിഴുത് മാറ്റിക്കൊണ്ട് മാത്രം കാലുകുത്താൻ പറ്റുന്ന പൊതുശൗചാലയങ്ങൾ ഉപയോഗിച്ചു. എന്നിരുന്നാലും, പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുവേ വൃത്തിയുള്ളതാണ്.
പെട്രോൾ പമ്പുകൾ സുരക്ഷിതമായ ഇഷ്ടമാണെന്ന് ഇത്തരം യാത്രകൾ ചെയ്യാത്തവർ പോലും പറഞ്ഞ് കേട്ടിട്ടുണ്ട്. സുരക്ഷിതമായിരിക്കാം. പക്ഷേ, പല പമ്പുകളിലും അവരിപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല. പലതരക്കാർ വന്ന് പാർക്ക് ചെയ്യുന്നത് അവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടാകാം.
ഇന്നലെ രാത്രി കലാഗ്യൃട്ടിന് അടുത്തുള്ള ഒരു പമ്പിൽ നിന്ന് എന്നെ പറഞ്ഞു വിട്ടു. “ക്യാമറയുണ്ട്, പാർക്ക് ചെയ്യാൻ പറ്റില്ല” എന്ന് മാത്രമാണ് പറഞ്ഞത്. പമ്പിന്റെ മുതലാളി ക്യാമറയിലൂടെ എല്ലാം കാണുന്നുണ്ടാകാം, അത് ജീവനക്കാരന് പ്രശ്മായേക്കാം.
പിന്നെ അവിടെ നിന്നില്ല. ഗോവയിൽ റോഡിൽ എവിടെ കിടന്നാലും പ്രശ്നമുണ്ടാകില്ല എന്ന വിശ്വാസത്തിലാണല്ലോ ഇറങ്ങിത്തിരിച്ചത്. ആ വിശ്വാസത്തിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുക തന്നെ. പമ്പിൽ നിന്ന് ഒരു കിലോമീറ്റർ മാറി, ഒരു കടമുറിക്ക് മുന്നിൽ കിടന്നു. നേരം വെളുത്തപ്പോൾ മടങ്ങിച്ചെന്ന് പമ്പിലെ ശൗചാലയം ഉപയോഗിക്കാൻ തോന്നിയില്ല. ഒരു നിരാകരണം കൂടെ താങ്ങാൻ വയ്യ.
അങ്ങനെ ആദ്യമായി വാഹനത്തിലെ ശൗചാലയം ഉപയോഗിച്ചു. വെളിച്ചം വീഴുന്നതിന് മുന്നേ കർമ്മം നിർവഹിക്കണമെന്ന് മാത്രം. മറകളൊന്നും ഇല്ലാത്ത സെറ്റപ്പാണത്. അടുക്കള ഭാഗത്തുള്ള ടാപ്പ് ഉപയോഗിച്ച് കുളിയും പാസ്സാക്കി.
മെല്ലെ മെല്ലെയാണ് മോട്ടോർ ഹോമിലെ ജീവിതം ശീലമായിക്കൊണ്ടിരിക്കുന്നത്. പക്ഷേ, പെട്ടെന്ന് മെരുങ്ങുന്നുണ്ട്. അതിലേറെ ഈ അനുഭവങ്ങൾ ഒരു ചെറുചിരി ഉള്ളിൽ പടർത്തിക്കൊണ്ട് ഞാനാസ്വദിക്കുന്നുമുണ്ട്. അതാണല്ലോ പ്രധാനം!
തുണി അലക്കാനും അടുക്കളയിലേക്കും ടോയ്‌ലറ്റിലേക്കും വേണ്ടി വാഹനത്തിലെ ടാങ്കിൽ വെള്ളം നിറക്കാൻ ആരോട് എങ്ങനെ സമീപിക്കണമെന്ന് മാത്രമാണ് ശീലങ്ങളിൽ ഇണക്കി എടുക്കേണ്ടത്.
എന്തിനിത്രയും പറഞ്ഞെന്നായിരിക്കും?! അടിച്ച് പൊളിച്ച് യാത്രചെയ്ത് നടക്കുകയാണെന്ന് കരുതുന്നവരോട് അതിൻ്റെ മറുവശം കൂടി സൂചിപ്പിക്കാൻ വേണ്ടി. ഭാവിയിൽ ആരെങ്കിലും ഇതേ വഴികൾ പദ്ധതിയിടുന്നുണ്ടെങ്കിൽ അവരുടെ അറിവിലേക്ക്.
ഇതുവരെ ഉറങ്ങിയ ചില പെരുവഴികളാണ് ചിത്രത്തിൽ. ഇന്ത്യയിൽ കാരവൻ പാർക്കുകളും മോട്ടോർ ഹോം സംസ്ക്കാരവും കണ്ടുപിടിക്കുന്നതിന് മുന്നേ ഏറ്റവും വലിയ യാത്ര പുറപ്പെടേണ്ടി വരുമെന്ന് തോന്നുന്നു.
വാൽക്കഷണം:- എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോൾ, ഇത്ര പോലും സൗകര്യങ്ങൾ ഇല്ലാതെ വെറുമൊരു കാറിൽ, ഇന്ത്യയിൽ പലയിടങ്ങളിൽ ചുറ്റിയടിക്കുന്ന ക്യാമറമാൻ വേണുവിനേയും ഒരു സഹായവും പരസഹായവും ഇല്ലാതെ കടലിനെ തോൽപ്പിക്കുന്ന കമാൻഡർ അഭിലാഷ് ടോമിയേയും ഒരു നിമിഷം സ്മരിക്കും. എല്ലാ പ്രശ്നങ്ങളും അതോടെ തീരും.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home See less