“ ഇങ്ങട് വാടാ മൈരേ “


12

മുന ഒരു വഴിയോര കച്ചവടക്കാരിയാണ്. 45ന് മുകളിൽ പ്രായം കാണും. അവരെ ഞാൻ ആദ്യം കാണുന്നത് രാജസ്ഥാനിലെ ജയ്സല്മേഡിലെ ഗഡിസർ തടാകക്കരയിലാണ്. ഞാനവിടെ രാജു ശർമ്മ എന്ന ഗൈഡിനൊപ്പം ബൈക്കിൽ ചെന്നിറങ്ങിയത്, യമുന തൻ്റെ വള, മാല, കമ്മൽ എന്നിങ്ങനെയുള്ള വിൽപ്പന സാധനങ്ങൾ നിരത്തി വെച്ചിരിക്കുന്ന ഇടത്താണ്.

ഞാൻ ഏത് നാട്ടുകാരനാണെന്ന് നിമിഷനേരം കൊണ്ട് ഗൈഡിനോട് ചോദിച്ച് യമുന മനസ്സിലാക്കിക്കാണണം.

“ ഇങ്ങട് വാടാ മൈരേ “ എന്നൊരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.

ജയ്സല്മേഡിൽ ആരാണ് ഒരു സ്ത്രീ മലയാളത്തിൽ തെറി വിളിക്കുന്നതെന്ന് അറിയാനും ആ തെറി ആർക്കുള്ളതാണെന്നുമറിയാനുള്ള മുഴുവൻ ആകാംക്ഷയും എനിക്കുണ്ടായിരുന്നു.

തലതിരിച്ചത് യമുനയ്ക്ക് നേരെ തന്നെ. സംശയിക്കാനില്ല, ആ തെറി എനിക്കുള്ളത് തന്നെ. ചിരിച്ച് സന്തോഷവതിയായി യമുന എന്നെത്തന്നെ നോക്കി വീണ്ടും വിളിച്ചു. “ ഇങ്ങട് വാടാ മൈരേ“

എനിക്ക് ചിരിയടക്കാനായില്ല.

പാവത്തിനെ ആരോ മലയാളികൾ പറഞ്ഞ് പറ്റിച്ചിരിക്കുകയാണ്. മണിരത്നത്തിൻ്റെ മൗനരാഗം സിനിമയിലാണെന്ന് തോന്നുന്നു ആദ്യമായി സമാനമായ ഒരു രംഗം കണ്ടതോർമ്മ. ഒരു സർദാർജിയെ രേവതി ആദ്യം പഠിപ്പിച്ച് പറ്റിക്കുന്ന തമിഴ്, ‘ഉക്കാറ് സോമ്പേരി‘ എന്നാണ്.

പറ്റിക്കപ്പെട്ടായാലും അല്ലാതെയും, ഏത് ഭാഷയിലും നമ്മൾ ആദ്യം പഠിക്കുന്നത് തെറികൾ ആണെന്ന്, പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. യമുനയ്ക്ക് സംഭവിച്ചിരിക്കുന്നതും അത് തന്നെ.

ഞാനപ്പോൾ ഒരു അത്യാവശ്യ ഫോൺ കോളിൽ ആയിരുന്നു. അതിനിടയ്ക്ക് യമുന ഒന്നുകൂടെ എന്നെ ആ തെറി വിളിച്ച് കഴിഞ്ഞിരുന്നു.

സത്യത്തിൽ ആ പദം ഇപ്പോൾ ഒരു തെറി അല്ലാതായി മാറിയിരിക്കുന്നു. തമിഴ് ഭാഷയിൽ രോമത്തിന് ഉപയോഗിക്കുന്ന പദം നമുക്ക് തെറിവാക്കായി മാറിയത് എങ്ങനെയോ എന്തോ? കോളേജ് കാലഘട്ടത്തിൽ ചോമ്പാല ശ്രീകുമാർ എന്ന സഹപാഠി ആ തെറിക്ക് തത്തുല്യമായ മലയാളം പദം കണ്ടെത്തിയത് ഈയവസരത്തിൽ ഓർമ്മ വരുന്നു. ശ്രീകുമാർ വ്യാഖ്യാനിച്ചെടുത്ത, ‘ഗുഹ്യഭാഗത്തെ രോമമേ‘ എന്ന ആ പദത്തിന് ‘മൈരേ‘ എന്ന തെറിയേക്കാൾ ആക്കവും ഊക്കുമുള്ളതായി അന്ന് തോന്നിയിട്ടുണ്ട്; ഇപ്പോഴും തോന്നുന്നുണ്ട്.

ഞാൻ യമുനയുമായി അൽപ്പം നേരം ലോഹ്യം കൂടി. “നിങ്ങൾ അവസാനം പറഞ്ഞത് ഒരു തെറിയാണ്, അത് വിളിച്ചാൽ നിങ്ങളുടെ കസ്റ്റമേർസ് ഒഴിഞ്ഞ് പോയാലോ” എന്ന് ചോദിച്ചപ്പോൾ, “ഹം കോ ക്യാ മാലും“ എന്ന്, മുറുക്കിച്ചുവന്ന പല്ലുകൾ കാട്ടി യമുനയുടെ ഹൃദ്യമായ ചിരി.

ഞാൻ അവരുടെ വിൽപ്പന വസ്തുക്കൾ പരിശോധിച്ച് നിന്നതല്ലാതെ ഒന്നും വാങ്ങിയില്ല. ഇതൊക്കെ അണിയുന്ന സ്ത്രീകളാരും വീട്ടിൽ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞപ്പോൾ, “എന്നാൽപ്പിന്നെ ഗേൾഫ്രണ്ടിന് വാങ്ങിക്കൊടുത്തുകൂടെ?“ എന്നായി രസികത്തി.

യമുന സൃഷ്ടിച്ച ചിരിവലയത്തിൽ കുറച്ച് നേരം കൂടെ നിന്ന ശേഷം, “ഞാൻ ഒരാഴ്ച്ച ജയ്സല്മേഡിൽ ഉണ്ട്. നമുക്ക് വീണ്ടും കാണാം. അപ്പോൾ ചിലതൊക്കെ വാങ്ങാം.“ എന്ന് പറഞ്ഞ് തടാകത്തിൻ്റെ ഭാഗത്തേക്ക് നടന്നു.

അങ്ങോട്ട് നടക്കുമ്പോൾ ഒരു കടയിൽ നിന്ന് ഗൈഡ് ഒരു പാക്കറ്റ് ബ്രെഡ് വാങ്ങി. ഉച്ചഭക്ഷണം എൻ്റെ കൂടെ ആകാമെന്ന് എത്ര നിർബന്ധിച്ചിട്ടും കൂട്ടാക്കാത്ത ആ മനുഷ്യൻ, ഇപ്പോൾ ബ്രെഡ് വാങ്ങി വഴിയിൽ നിന്ന് കഴിക്കാൻ പോകുന്നത് എനിക്കത്ര രസിച്ചില്ല.

പക്ഷേ, അയാൾക്ക് തിന്നാൻ വേണ്ടിയല്ല ആ ബ്രെഡ് വാങ്ങിയത്. ഗഡിസർ തടാകത്തിൽ നിറയെ വലിയ മത്സ്യങ്ങൾ പുളയ്ക്കുന്നുണ്ട്. മത്സ്യത്തിന് തീറ്റ കൊടുക്കുന്നത് വലിയ പുണ്യമായി രാജസ്ഥാനികൾ, (ചിലപ്പോൾ മുഴുവൻ വടക്കേ ഇന്ത്യക്കാരും) കാണുന്നു. മത്സ്യം വിഷ്ണു ഭഗവാൻ്റെ പത്ത് അവതാരങ്ങളിൽ ഒന്നാണല്ലോ? ഞാനിതുവരെ തിന്ന് തീർത്തിട്ടുള്ള എല്ലാ മത്സ്യങ്ങളും വിഷ്ണു ഭഗവാനും എന്നോട് സദയം പൊറുക്കുക.

ഞങ്ങൾ, മത്സ്യങ്ങൾക്ക് മാത്രമല്ല അവിടെ അലയുന്ന നായ്ക്കൾക്കും ആ ബ്രെഡ് കൊടുത്തു. പോരാത്തതിന് എൻ്റെ ബാഗിലുള്ള ബിസ്ക്കറ്റുകളും കൊടുത്തു. ഈ യാത്രയിൽ ബാഗിൽ ബിസ്ക്കറ്റ് കരുതുന്നത് ഞാനൊരു ശീലമാക്കിയിരുന്നു. നായ്ക്കൾക്ക് ഒന്നോ രണ്ടോ ബിസ്ക്കറ്റ് കൊടുത്താൽ അവറ്റകൾ ഭാഗിയെ ചുറ്റിപ്പറ്റി നിൽക്കും. അത് എനിക്കൊരു ധൈര്യമാണ്. രാത്രി ബിസ്ക്കറ്റ് കൊടുത്തതിൻ്റെ പേരിൽ രാവിലെ വരെ ഭാഗിക്ക് കാവൽ കിടന്ന ഒരു നായയുണ്ടായിരുന്നു ചിറ്റോർഗഡിൽ.

ജാലോറിൽ, ഇതേ ബിസ്ക്കറ്റ് തീറ്റിക്കൽ പരിപാടി കാരണം നായ്ക്കളും പശുക്കളും വളഞ്ഞതുകൊണ്ട് ബ്രേക്ക്ഫാസ്റ്റ് പരിപാടി റദ്ദ് ചെയ്ത് മറ്റൊരിടത്തേക്ക് പോകേണ്ടി വന്ന അനുഭവവും ഉണ്ട്. ഭാഗിയുടെ അടുക്കള ഭാഗത്ത് രണ്ട് പശുക്കളും അരഡസൺ നായ്ക്കളും വട്ടമിട്ട് നിൽക്കുകയായിരുന്നു. ഞാൻ എന്ത് പാചകം ചെയ്താലും അവറ്റകൾക്ക് കൂടെ കൊടുക്കാതെ കഴിക്കാനാവില്ല എന്ന അവസ്ഥ. അല്ലെങ്കിൽ അവരെല്ലാം കൂടെ ഭാഗിയുടെ അടുക്കള കടന്നാക്രമിക്കും. നായ്ക്കൾ അത് ചെയ്തില്ലെങ്കിലും പശുക്കൾ അത് ചെയ്യും. എൻ്റെ കൈയിലാണെങ്കിൽ അത്രയ്ക്കുള്ള ഭക്ഷണ സാധനങ്ങൾ ഇല്ലതാനും.

നായ്ക്കൾക്ക് ബിസ്ക്കറ്റ് കൊടുക്കുന്ന ഈ പരിപാടി ഒരിക്കൽ വളരെ വലിയ ഒരു സങ്കടത്തിനും ഇടയാക്കിയിട്ടുണ്ട്. കുംഭൽഗഡ് കോട്ടയിൽ വെച്ചായിരുന്നു ആ സംഭവം.

കോട്ടയ്ക്കുള്ളിലെ ജൈനക്ഷേത്രങ്ങളിലേക്ക് പോകുന്ന വഴിയിൽ ഞാൻ നായ്ക്കൾക്ക് ബിസ്ക്കറ്റ് കൊടുത്തുകൊണ്ട് നിൽക്കുമ്പോൾ പിന്നിൽ നിന്ന് ആരോ തോണ്ടി വിളിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ 10 വയസ്സ് തികയാത്ത ഒരു ബാലൻ. അവൻ്റെ ഒപ്പം 5 വയസ്സ് തികയാത്ത ഒരു പെൺകുഞ്ഞും ഉണ്ട്. രണ്ടാൾക്കും മുഷിഞ്ഞ വേഷവും പാറിപ്പറന്ന തലമുടിയും പൊടിപറ്റി വരണ്ട മുഖവും.

കോട്ടയ്ക്കകത്ത് മരാമത്ത് പണികൾ നടക്കുന്നുണ്ട്. ആ പണിക്കാർ പലരും ടെൻ്റ് അടിച്ച് നാടോടികളെപ്പോലെ കോട്ടയ്ക്കകത്ത് തങ്ങുന്നുണ്ട്. അക്കൂട്ടത്തിൽ നിന്നുള്ള കുട്ടികളാണത്.

“സർ ബിസ്ക്കറ്റ് “ അവൻ എൻ്റെ നേർക്ക് കൈ നീട്ടി.

എൻ്റെയുള്ള് പൊള്ളിയുരുകി.

ഹോ… എന്തൊരു അവസ്ഥയാണ് ഈ കുട്ടികളുടേത്. തെരുവ് നായ്ക്കൾക്ക് കൊടുക്കുന്ന ബിസ്ക്കറ്റിന് വേണ്ടി കൈ നീട്ടേണ്ടി വന്നിരിക്കുന്നു.

സമനില കൈവരിക്കാൻ ഞാനൽപ്പസമയം എടുത്തു.

“ഈ ബിസ്ക്കറ്റ് തീർന്ന് പോയി. വേറെ വാങ്ങിത്തരാം, എൻ്റെ കൂടെ കോട്ടയുടെ കവാടം വരെ വന്നാൽ.“ എന്ന് പറഞ്ഞതും അവൻ്റെ മുഖം വിടർന്നു. അമ്മയോട് പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് അവൻ ആ ടെൻ്റുകളിലൊന്നിലേക്ക് ഓടിപ്പോയി, നിമിഷനേരം കൊണ്ട് തിരികെ വന്നു. മടങ്ങി വന്നപ്പോൾ ഒക്കത്ത് ഒന്നര വയസ്സുള്ള മൂന്നാമതൊരു കുഞ്ഞും ഉണ്ട്. ഞാൻ അവരുമായി 100 മീറ്റർ അപ്പുറത്തുള്ള കോട്ടയുടെ കവാടത്തിലേക്ക് നടന്നു. അവിടെ നിറയെ കടകളും ഒന്നുരണ്ട് റസ്റ്റോറൻ്റുകളും ഉണ്ട്. “ഭക്ഷണം കഴിക്കുന്നോ എൻ്റെ കൂടെ“ എന്ന് ചോദിച്ചപ്പോൾ അവന് അതിൽ താൽപ്പര്യമില്ല. ബിസ്ക്കറ്റ് കിട്ടിയാൽ മതി.

കൈനിറയെ ബിസ്ക്കറ്റ് – ലെയ്സ് പാക്കറ്റുകളുമായി സന്തോഷത്തോടെ മടങ്ങുന്ന കുട്ടികളുടെ ഒരു വിദൂര പിൻവശ ദൃശ്യം ഞാൻ പകർത്തി. അടുത്ത് നിന്ന് അവരുടെ ചിത്രം എടുക്കാൻ ആരോടും ഞാൻ അനുവാദം വാങ്ങിയിട്ടില്ലായിരുന്നു.

(കോട്ടയ്ക്കകത്ത് അവർ നടന്ന് പോയ ആ തെരുവും, പൊട്ട് പോലെ അവരുടെ രൂപവും ഞാൻ അയച്ച് തരാം വിനീത്. ഭാവനയിൽ, അത് അവരുടെ ക്ലോസപ്പാക്കി വരച്ച് ഒരു ചിത്രമാക്കാൻ പറ്റുമെങ്കിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായി മാറും. ഈ യാത്രയിൽ എൻ്റെ ചില ചിത്രങ്ങൾ, വിനീത് പെയിൻ്റിങ്ങ് ആക്കിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് അറിയാത്തവർക്ക് വേണ്ടിയാണ് ഈ പാരഗ്രാഫ്.)

പറഞ്ഞ് പറഞ്ഞ് കാട് കയറുന്നത് എൻ്റെയൊരു ശീലമാണ് ക്ഷമിക്കുക. നമുക്ക് യമുനയിലേക്ക് തിരികെ വരാം.

വൈകീട്ട് ജയ്സല്മേഡ് കോട്ടയിൽ ചെന്നപ്പോൾ രണ്ടാമത്തെ കവാടത്തിന് മുന്നിലായി നിരന്നിരിക്കുന്ന കച്ചവടക്കാരുടെ കൂട്ടത്തിൽ യമുന ഇരിപ്പുണ്ട്. അവിടെ ചില വഴിയോര കച്ചവടക്കാർ അങ്ങനെയാണ്. സഞ്ചാരികളുടെ ബാഹുല്യം നോക്കി, കട മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കും.

“ഇങ്ങട് വാടാ മൈരേ“…. എന്നെ കണ്ടയുടനെ യമുന വീണ്ടും നീട്ടി വിളിച്ചു. പലവട്ടം കേട്ട വിളിയാണെങ്കിലും, എനിക്കപ്പോഴും ചിരി അടക്കാനായില്ല.

ഞങ്ങൾ കുറേനേരം വീണ്ടും സംസാരിച്ച് നിന്നു. ഞാൻ അവരിൽ നിന്ന് ചില ആഭരണങ്ങൾ വാങ്ങി. ഒരുമിച്ച് ഫോട്ടോ എടുത്തു. “നിന്റെ ഗേൾഫ്രണ്ടിന് കൊടുക്കൂ” എന്ന് പറഞ്ഞ് ഒരു വള സൗജന്യമായും തന്നു യമുന.

ജയ്സല്മേഡ് കോട്ടയിൽ ഇതെൻ്റെ ആദ്യ സന്ദർശനമൊന്നും അല്ല. ഇനിയും പലവട്ടം പോയെന്നിരിക്കും. ഒരു കാര്യം ഉറപ്പാണ്. സോണാർ കില, ഗോൾഡൻ ഫോർട്ട് എന്നൊക്കെയും അറിയപ്പെടുന്ന ജയ്സൽമേഡ് കോട്ടയെപ്പറ്റി ഇനിയെന്ന് കേൾക്കുമ്പോളും ഓർക്കുമ്പോളും ആലോചിക്കുമ്പോളും, “ഇങ്ങട് വാടാ മൈരേ “ എന്ന യമുനയുടെ വിളി എൻ്റെ ചെവികളിൽ മുഴങ്ങിയിരിക്കും.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#motorhomelife
#boleroxlmotorhome
#fortsofrajasthan
#fortsofindia

Comments

comments

2 thoughts on “ “ ഇങ്ങട് വാടാ മൈരേ “

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>