അലങ്ങ്, മദൻ, കുലങ്ങ് കോട്ടകൾ (കോട്ട # 71, 72, 73) (ദിവസം # 29 – രാത്രി 10:09)


11
അംബേവാടി ഗ്രാമത്തിൽ, AMK ട്രക്കിങ്ങിന് വന്നിരിക്കുന്ന ഞങ്ങൾ 14 പേർക്കും ആ വീട്ടിലെ അംഗങ്ങൾക്കും കൂടി ഒരൊറ്റ ശൗചാലയമാണ് ഉള്ളത്. അതുകൊണ്ട് തന്നെ രാവിലെ 4 മണി മുതൽ ഓരോരുത്തരായി എഴുന്നേറ്റ് ഫലപ്രദമായി ആ സൗകര്യം ഉപയോഗിച്ചു.

06:30 ന് ട്രെക്കിങ്ങ് ആരംഭിച്ചു. ആദ്യത്തെ മൂന്ന് കിലോമീറ്റർ നിരപ്പായ ഇടത്തിലൂടെ മലയുടെ താഴ്വാരത്തിലേക്ക്. പിന്നീട് ഞങ്ങൾ പോലും തിരിച്ചറിയുന്നതിന് മുൻപ് മലകയറ്റത്തിൻ്റെ ഊഷ്മളതയിലേക്ക്.

ഗ്രാമത്തിൽ നിന്ന് 5 ചെറുപ്പക്കാർ ഞങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങളും Rappelling നുള്ള കയർ, ക്ലാമ്പ്, ഹെൽമറ്റ് ഇത്യാദികൾക്ക് പുറമെ ഭക്ഷണ സാധനങ്ങൾ ഒക്കെയും എടുത്ത് കൂടെയുണ്ട്.

ഈ ട്രക്കിങ്ങിൻ്റെ മനോഹാരിതയും അതോടൊപ്പമുള്ള അപകട സാദ്ധ്യതകളും വിവരിക്കാൻ ഞാൻ അശക്തനാണ്.

സാധാരണ മണ്ണിന്റെ വഴികളിലൂടെ, ഇളകിയ കല്ലുകൾക്ക് മുകളിലൂടെ, ഉരുളൻ പാറകളെ മറി കടന്ന്, ചോടപ്പുല്ലുകൾക്കിടയിലൂടെ, ഉയരത്തിൽ വളർന്ന കുറ്റിച്ചെടികൾ നുഴഞ്ഞ്, ചെങ്കുത്തായ ചെറിയ പടികൾ ചവിട്ടി, പിടിക്കാൻ കുഴികളുള്ള കുത്തനെയുള്ള പടവുകളിലൂടെ, ഒരു വശത്ത് കൊടിയ കൊക്കയുള്ള വരമ്പുകളിലൂടെ, കയർ വലിച്ച് കെട്ടിയ ഇടുങ്ങിയ പടവുകളിലൂടെ, കയറിൽ തൂങ്ങി മുകളിലേക്ക്, ………അങ്ങനെയങ്ങനെ ഒരു ട്രക്കിങ്ങിൽ പ്രതീക്ഷിക്കാൻ പറ്റുന്ന എല്ലാ സാദ്ധ്യതകളിലൂടെയും കടന്ന് പോയ ഒരു ട്രെക്കിങ്ങ് ആയിരുന്നു ഇത്.

കഴിഞ്ഞ ദിവസങ്ങളിൽ മഴ ഉണ്ടായിരുന്നത് കൊണ്ട് മിക്കവാറും ഇടങ്ങളിൽ തെന്നലുണ്ട്. പോരാത്തതിന് നിറം സിനിമയിലെ ജോമോൾ കഥാപാത്രത്തെ പോലെ ചവിട്ടുന്ന ഇടത്തെല്ലാം എനിക്ക് തെന്നുന്നുണ്ട്. അത് ചോർത്തിക്കളയുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.

മഹാരാഷ്ട്രയിൽ നിന്ന് ഞങ്ങൾക്കൊപ്പം ചേർന്ന പവൻ എന്ന സുഹൃത്തും സാങ്കേതിക സഹായം ചെയ്യാൻ എത്തിയ ഗ്രാമവാസി ചെറുപ്പക്കാരിൽ ഒരാളും പലയിടത്തും കാര്യമായി എന്നെ സഹായിച്ചു. കാല് മാത്രമല്ല രണ്ട് കൈയും കുത്തി ആണ് പലയിടത്തും കയറിയത്. അലങ്ങ്, മദൻ, ‘കുരങ്ങ് ‘ എന്ന് ഞങ്ങൾ തമാശയാക്കി. അങ്ങനെ ഒരു സാഹചര്യം ആയതുകൊണ്ട് പലയിടത്തും ഫോട്ടോ എടുക്കാൻ പോലും പറ്റിയില്ല.

ഏറെക്കുറെ 90% കയറി ചെല്ലുമ്പോൾ എത്തുന്നത് ഒരു ചെറിയ ഗുഹയിലാണ്. അതിനപ്പുറത്തേക്ക് കയറിൽ തൂങ്ങിയുള്ള കയറ്റമാണ്. അത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ്, മലകയറ്റം അവിടെ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ അതേ തീരുമാനവുമായി മറ്റു രണ്ടു പേർ കൂടെയുണ്ട്.

ഈ ചെറിയ ഗുഹയിൽ ബാഗുകൾ വെച്ച് ഞങ്ങൾ മദൻ കോട്ടയിൽ പോയി വരണം. അതിനുശേഷം അലങ്ങിലേക്ക് ബാക്കിയുള്ള കയറ്റം. അവിടെ ടെൻ്റ് അടിച്ച് രാത്രി തങ്ങുന്നു. നാളെ രാവിലെ കുലങ്ങ് കയറിയ ശേഷം മലയിറക്കം. അങ്ങനെയാണ് പദ്ധതി.

അടുത്തടുത്ത് നിൽക്കുന്ന 3 കോട്ടകൾ, അഥവാ മലകളാണ് ഇത് മൂന്നും. കഷ്ടപ്പെട്ട് കയറിച്ചെന്നാലും ഈ മൂന്ന് കോട്ടകളിലും കാര്യമായി കോട്ടയുടെ ഭാഗങ്ങൾ ഒന്നുമില്ല. പകരം കല്ല് തുരന്ന് എടുത്തിരിക്കുന്ന ചില ഗുഹകൾ ഉണ്ട്. അലങ്ങ് കോട്ടയിൽ ഉള്ള അത്തരം ഒരു ഗുഹയിലാണ് ഇന്ന് രാത്രി ഞങ്ങൾ തങ്ങുന്നത്.

ചെറിയ ഗുഹയിൽ കുറെ നേരം ഇരുന്ന ശേഷം ഞാനെന്റെ തീരുമാനം മാറ്റി. അലങ്ങിൻ്റെ മുകളറ്റം വരെ കയറുക തന്നെ. എനിക്കൊപ്പം മറ്റ് രണ്ട് പേരും തീരുമാനം മാറ്റി. കഷ്ടപ്പെട്ട് 90% കയറിയിട്ട് മടങ്ങിപ്പോകുന്നത് എങ്ങനെ ശരിയാകും?

ഈ സമയം കൊണ്ട് ബാക്കിയുള്ളവർ മദൻ വരെ പോയി തിരിച്ചുവന്നു. ശേഷം ഞങ്ങളെല്ലാം കയറി തൂങ്ങി അലങ്ങിലേക്ക്. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു സാഹസത്തിന് മുതിരുന്നത്. 50 അടിയോളം വലിയ കുഴപ്പമില്ലാതെ കയറിൽ തൂങ്ങി മുകളിലെത്തി. ആ ഭാഗത്ത് നാളെ Rappelling നടത്തി താഴേക്ക് ഇറങ്ങുകയും വേണം. വീണ്ടും മുകളിലേക്ക് ചെങ്കുത്തായ പടികൾ 50 എണ്ണമെങ്കിലും ഉണ്ട്. അത് കയറാൻ വശങ്ങളിൽ സേഫ്റ്റി കയറുകൾ കെട്ടിയിട്ടുണ്ട്. താഴേക്ക് നോക്കിയാൽ എനിക്ക് തലകറങ്ങും. ഇടം വലം നോക്കാതെയാണ് അത് കയറി ഒപ്പിച്ചത്.

മുകളിൽ ചെന്നാൽ സമനിലപ്പായ ഭാഗം ഒരുപാടുണ്ട്. അവിടന്ന് മൂന്ന് കോട്ടകളുടെയും ദൃശ്യം ഭംഗിയായി കിട്ടും. ചിത്രങ്ങൾ എത്ര എടുത്തിട്ടും തീരാത്ത അവസ്ഥ.

150 പേർക്കെങ്കിലും താമസിക്കാൻ പറ്റുന്ന സൗകര്യമുള്ളതാണ് ഇതിലെ ഗുഹ. പാറകളിൽ കൊത്തി തുരന്ന് ഉണ്ടാക്കിയ കിണറുകൾ പോലെയുള്ള ജലസംഭരണികളും ഉണ്ട്. കയ്യിലെ കുപ്പിവെള്ളം എല്ലാം തീർന്നതുകൊണ്ട് പിന്നീട്, ചെറിയ മീനുകളും ആമകളും വളരുന്ന ആ ടാങ്കുകളിലെ വെള്ളമാണ് ഞങ്ങൾ ഉപയോഗിച്ചത്.

മനോഹരമായ സൂര്യാസ്തമനം കണ്ടു. ക്യാമ്പ് ഫയർ ഇട്ടു, ഹരീഷ് പാട്ടുകൾ പാടി, ഹർഷൻ ഓടക്കുഴൽ വായിച്ചു. അങ്ങനെ മനോഹരമായ ഒരു രാത്രി, മല മുകളിലെ ഈ കോട്ടയ്ക്കകത്ത് മനുഷ്യൻ വെട്ടിയുണ്ടാക്കിയ ഗുഹയിൽ, ഭക്ഷണം ഉണ്ടാക്കിക്കഴിച്ച് ടെൻ്റ് അടിച്ച് ഞങ്ങൾ ഉറങ്ങാൻ പോകുന്നു.

ഇനി അൽപ്പം കോട്ട ചരിതം.

ശത്രുക്കളുടെ ആക്രമണം ഉണ്ടാകുമ്പോൾ രക്ഷപ്പെടാൻ വേണ്ടി അംബേവാടി ഗ്രാമവാസികളാണ് ഈ കോട്ട ഉണ്ടാക്കിയത്. ഛത്രപതി ശിവാജിയുടെ നിർദ്ദേശപ്രകാരമാണ് അത് ചെയ്തതെന്നും ഭാഷ്യമുണ്ട്. പക്ഷേ അദ്ദേഹം ഒരിക്കൽ പോലും ഈ കോട്ടകളിൽ കോട്ടയിൽ വന്നിട്ടില്ല. മറാഠകൾ പിന്നീട് കോട്ട ബലപ്പെടുത്തി. മറാഠകളെ കീഴ്പ്പെടുത്തി കുറച്ച് കാലം മുഗളർ കൈവശം വെച്ചു. അധികം വൈകാതെ മറാഠകൾ ഈ കോട്ടകൾ തിരിച്ചു പിടിച്ചു. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ മറാഠകളെ തോൽപ്പിച്ച് അവരത് കൈവശപ്പെടുത്തി. പിന്നീട് ഈ കോട്ടകളിലേക്കുള്ള ചില പാതകൾ അവർ നശിപ്പിച്ചു. അത്തരത്തിലുള്ള ചില ഭാഗങ്ങളിളാണ് സഞ്ചാരികൾക്ക് ഇപ്പോൾ കയറി തൂങ്ങി മറികടക്കേണ്ടി വരുന്നത്.

പുറത്ത് നല്ല മഴയുണ്ട്. വഴുക്കലും കൂടുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ കുലങ്ങിലേക്കുള്ള കയറ്റം ഒഴിവാക്കി നാളെ രാവിലെ തിരിച്ചിറങ്ങാനാണ് തീരുമാനം. കയറ്റത്തിനേക്കാൾ വിഷമമാണ് ഇറക്കം എന്നറിയാമല്ലോ.

ഈ ട്രക്കിങ്ങ് കൊണ്ട് എനിക്കുണ്ടായ ഏറ്റവും വലിയ ഗുണം, വളരെ ബുദ്ധിമുട്ട് ആകുമെന്ന് കരുതിയിരുന്ന, മഹാരാഷ്ട്രയിലെ ഹരിഹർ കോട്ട അനായാസം കയറാൻ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായി എന്നതാണ്. ഹരിഹർ കോട്ടയേക്കാൾ പതിന്മടങ്ങ് ദുർഘടമാണ് ഈ മൂന്ന് കോട്ടകൾ. മൊബൈൽ സിഗ്നൽ കിട്ടുന്നത് കൊണ്ട് ഇത്രയും എഴുതി പോസ്റ്റ് ചെയ്യാൻ സാധിച്ചു. ഇനി ഞാൻ ഉറങ്ങട്ടെ.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>