Monthly Archives: September 2015

കേരളത്തിലെ റോഡുകൾ – (പരമ്പര 1)


റണാകുളം നോർത്തിൽ, ഓൾഡ് റെയിൽ വേ സ്റ്റേഷൻ എന്നൊരു റോഡുണ്ട്. രണ്ട് ബസ്സുകൾ ഒരുമിച്ച് കടന്നുപോകണമെങ്കിൽ അൽ‌പ്പം ബുദ്ധിമുട്ടേണ്ടിവരുന്ന വീതി കുറഞ്ഞ ഒരു റോഡാണിത്. എന്നുവെച്ച് രണ്ടുവശങ്ങളിലും പാർക്കിങ്ങുകൾക്കൊന്നും ഒരു കുറവുമില്ല. ചിലയിടങ്ങളിൽ 5 അടി ആഴമുള്ള ഓവുചാലിന് മുകളിൽ പേരിന് പോലും ഒരു സ്ലാബില്ല. ഇല്ലെന്ന് പറഞ്ഞാൽ, കോർപ്പറേഷന്റെ ചരിത്രത്തിൽ ഇന്നുവരെ അങ്ങനൊരു സ്ലാബ് ഇട്ടിട്ടില്ല എന്നുതന്നെ.

ഈ റോഡിന്റെ ഒരറ്റത്ത് കസ്‌ബ പൊലീസ് സ്റ്റേഷനും മറ്റേ അറ്റത്ത് ഹൈക്കൊടതിയുമാണ്. അതിനിടയിൽ സർക്കിൾ ഇൻസ്‌പെൿടറുടെ കാര്യാലയം, ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം എന്നിങ്ങനെ ഒരുപാട് നിയമപാലക സംവിധാനങ്ങളുണ്ട്. നിയമലംഘനമോ കയ്യേറ്റമോ നടന്നാൽ നടപടി എടുക്കാൻ അധികാരമുള്ള ഏമാന്മാരും ശിക്ഷവിധിക്കാൻ പോന്ന സംസ്ഥാനത്തെ പരമോന്നത കോടതിയുമൊക്കെയുള്ള ഈ റോഡിൽ വർഷങ്ങളായി നടക്കുന്ന അപകടകരവും അന്യായവുമായ ഒരു കൈയ്യേറ്റമാണ് ചിത്രത്തിലുള്ളത്.

2

വർക്ക് ഷോപ്പിലെ ജീവനക്കാർ റോഡിൽ നിന്നാണ് ജോലി ചെയ്യുന്നത്

Joy Industrials എന്ന സ്ഥാപനത്തിലെ കൂറ്റൻ പൈപ്പുകളും ലോഹത്തകിടുകളുമൊക്കെ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കൽ, ഗ്രൈൻഡിങ്ങ്, വെൽഡിങ്ങ് എന്നിങ്ങനെ വലിയൊരു വർക്ക് ഷോപ്പിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഈ റോഡിന്റെ നടപ്പാത എന്ന് പറയാവുന്ന ഭാഗത്തിട്ട് നടത്തുന്നു. കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ, റോഡരുകിലുള്ള ഓവുചാലിന് മുകളിൽ സ്ലാബ് ഇട്ടിരിക്കുന്ന ഭാ‍ഗം മുതൽ വശങ്ങളിലുള്ള വെളുത്ത വര വരെയുള്ള പൊതുനിരത്ത് അവർ സ്ഥിരമായി കയ്യേറിയിരിക്കുന്നു.

പൈപ്പുകൾ മുഴുവൻ കിടത്തിയിട്ടിരിക്കുന്നത് റോഡിന്റെ ഓരത്താണ്. ഇതിന്റെ നാലിലൊന്ന് നീളവും വ്യാസവുമുള്ള പൈപ്പ് പോലും അകത്ത് കയറ്റിയിട്ട് ജോലി ചെയ്യാനുള്ള സ്ഥലമോ, സൌകര്യമോ വർക്ക് ഷോപ്പിൽ ഇല്ല. ആ വലിയ പൈപ്പുകൾക്ക് അടിയിൽ വെച്ചിരിക്കുന്ന വലിയ കമ്പി നിൽക്കുന്നത് റോഡിലെ വെളുത്ത വരയിലാണ്.

1

അപകടം പിടിച്ച കമ്പികൾ റോഡിലേക്ക്

ഒരു കാൽനട യാത്രക്കാരനെ അപായപ്പെടുത്താൻ അത് ധാരാളം. ഗ്യാസ് കട്ടിങ്ങ്/വെൽഡിങ്ങ് നടത്തുന്ന ജീവനക്കാരനേയും അയാളുമായി സല്ലപിച്ച് റോഡിൽ നിൽക്കുന്ന മറ്റ് ചിലരേയും ചിത്രത്തിൽ കാണാം. പൈപ്പുകളെല്ലെങ്കിൽ മറ്റേതെങ്കിലും കനത്ത ഇരുമ്പ് കമ്പികളും പ്ലേറ്റുകളും ഒക്കെ ഈ നിരത്തിൽ നിത്യക്കാഴ്ച്ചയാണ്.

3

കാൽനടയാത്രക്കാരൻ പോകുന്നത് അപകടത്തിന്റെ ഓരം ചേർന്ന്

ഇത്രയും അപകടം പിടിച്ച വർക്ക് ഷോപ്പ് ജോലികൾ ചെയ്യുന്നതിന് ഓരം ചേർന്ന് വേണം സ്ക്കൂൾ കുട്ടികൾ അടക്കമുള്ള പൊതുജനം കടന്നുപോകാൻ. ഒരു ദിവസം 50 പൊലീസ് വാഹനങ്ങളെങ്കിലും ഈ വഴി കടന്നുപോകുന്നുണ്ട്. പക്ഷെ ആരും ഇതൊന്നും കാണുന്നില്ല. അവർ തിരക്കുപിടിച്ച് പോകുന്നത് ബൈക്കിന്റെ ഹെൽമറ്റ് വെക്കാതെ ബൈക്കിൽ യാത്ര ചെയ്യുന്നവരെക്കൊണ്ട് പിഴയടപ്പിക്കാനാകുള്ള അതീവ ശ്രദ്ധചെലുത്തേണ്ട ദൌത്യത്തിനാകുമ്പോൾ കുറ്റം പറയാനാവില്ലല്ലോ ? കുണ്ടും കുഴിയുമുള്ള റോഡുകൾ നന്നാക്കിത്തരുന്നില്ല എന്നത് അവിടെ നിൽക്കട്ടെ, മറ്റുള്ള റോഡുകളിലെ ഇത്തരം അപകടം പിടിച്ച കൈയ്യേറ്റങ്ങൾ എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു. അത്താഴപ്പട്ടിണിക്കാരന്റെ പെട്ടിക്കടയോ വഴിവാണിഭമോ ഒന്നുമല്ലല്ലോ ഈ നടക്കുന്നത് ?!

റോഡ് സേഫ്റ്റി, ട്രാഫിൿ ബോധവൽക്കരണം, ആന, ചേന, പിണ്ണാക്ക് എന്നൊക്കെപ്പറഞ്ഞ് ട്രാഫിൿ പൊലീസുകാരും മറ്റും റോഡിലിറങ്ങി പൊറാട്ട് നാടകങ്ങൾ കളിച്ച് തിമിർക്കുന്നതിന് മുൻപ് ആദ്യം ഇത്തരം തോന്ന്യാസങ്ങൾക്ക് അറുതിവരുത്തണം. കുറഞ്ഞപക്ഷം ഹൈക്കോടതിയുടെ 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിലെങ്കിലും.