ഇന്നലത്തെ സിനിമ (ഭൂൽ ഭുലയ്യ 3) കഴിഞ്ഞപ്പോൾ വെളുപ്പിന് 2 മണിയായി. മെട്രോപൊളിറ്റൻ മാളിൽ നിന്നിറങ്ങി ഗുഡ്ഗാവ് നഗരം മുഴുവൻ ചുറ്റിയെങ്കിലും ഭാഗിക്കും എനിക്കും തങ്ങാൻ പറ്റിയ സൗകര്യപ്രദമായ ഒരു സ്ഥലം ഒത്തു കിട്ടിയില്ല.
തീയറ്ററിൽ വെച്ച് ഒരു പയ്യനോട് ഞാൻ ഇതേപ്പറ്റി തിരക്കിയപ്പോൾ, സെക്ടർ 21ൽ സൗകര്യമുണ്ടാകും എന്ന് പറഞ്ഞിരുന്നു. പക്ഷേ, അവിടെയും രക്ഷയില്ല. ഇതുകൊണ്ടുണ്ടായ ഒരു ഗുണം, വെളുപ്പിന് 2 മുതൽ 3 മണിവരെ ആൾത്തിരക്കില്ലാത്ത നഗരത്തിൽ ഭാഗിയുമായി കറങ്ങിനടന്നു എന്നതാണ്.
അവസാനം, റോഡരുകിൽ കഷ്ടി ഒരു വാഹനം ഒതുക്കാൻ പറ്റുന്ന സ്ഥലത്ത് ഭാഗിയെ നിർത്തി. ‘ഞാനിവിടെ വാഹനം നിർത്തുകയാണ് ‘ എന്നൊരു സൂചന നൽകാൻ പോലും ആരുമില്ല. അതുകൊണ്ടുതന്നെ അന്തംവിട്ട് ഉറങ്ങാനും പറ്റില്ല. നാലുമണി ആയിക്കാണും ഞാൻ ഉറങ്ങുമ്പോൾ. ആറുമണിക്ക് തന്നെ അലാം വെച്ച് എഴുന്നേൽക്കുകയും ചെയ്തു. വെളിച്ചം വീഴുന്നതിന് മുൻപ് പ്രഭാതകൃത്യങ്ങൾ നടത്തിയില്ലെങ്കിൽ പിന്നെ അതൊരു കീറാമുട്ടിയാണ്. എന്നിട്ടും കുളി നടന്നില്ല.
ഇന്ന് പോകാൻ ഉദ്ദേശിച്ചിരുന്നത് ഫാറൂക്ക് നഗർ കോട്ടയിലേക്കാണ്. പോകുന്ന വഴിക്ക് എവിടെയെങ്കിലും ഭാവിയെ ഒതുക്കി കുളിക്കാം എന്ന് തീരുമാനിച്ചു.
അപ്പോഴേക്കും ഫോണിൽ ബ്രിട്ടോയുടെ മെസ്സേജ് വന്നു. നീണ്ടകരക്കാരനാണ് ബ്രിട്ടോ Britto Zacharias . വർഷങ്ങളായുള്ള ഓൺലൈൻ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. പക്ഷേ നേരിൽ കണ്ടിട്ടില്ല. ബ്രിട്ടോ ഗുഡ്ഗാവിൽ ആണ് ജോലി ചെയ്യുന്നതെന്ന് എൻ്റെ ഓർമ്മയിലുമില്ല.
“ഗുഡ്ഗാവ് വിട്ട് പോയിട്ടില്ലെങ്കിൽ ഇന്ന് തമ്മിൽ കാണാൻ പറ്റുമോ?” എന്നാണ് ബ്രിട്ടോയുടെ ചോദ്യം. രോഗി ഇച്ഛിച്ചതും വൈദ്യൻ; വൈദ്യൻ ഇച്ഛിച്ചതും രോഗി; അതിനിടയിൽ ഒരു ഗ്ലാസ് പാല് ഉണ്ടായിരുന്നല്ലോ!.. എന്ന അവസ്ഥ. ആൽക്കമിസ്റ്റിൻ്റെ പ്രപഞ്ച ഗൂഢാലോചനാ ലിസ്റ്റിലേക്ക് ബ്രിട്ടോയും!
നേരെ 2 കിലോമീറ്റർ മാറിയുള്ള ബ്രിട്ടോയുടെ അപ്പാർട്ട്മെന്റിലേക്ക് വിട്ടു. അവിടെ കുളിച്ചു, വസ്ത്രങ്ങൾ കഴുകി, ഡാറ്റ ബാക്കപ്പ് എടുത്തു, പ്രാതൽ കഴിച്ചു.
വീടിന്റെ താക്കോൽ എനിക്ക് തന്ന് ബ്രിട്ടോ ഓഫീസിലേക്ക് പോയി. അങ്ങനെ ഇന്നലെ രാത്രി ഉണ്ടായ സമസ്യയ്ക്ക് തീരുമാനമായി. ഗുഡ്ഗാവിന് ചുറ്റുമുള്ള പ്രദേശങ്ങൾ കണ്ട് കഴിയുന്നതുവരെ സെക്ടർ 23ൽ ബ്രിട്ടോയുടെ കൂടെ ഉണ്ടാകും. “ചാവുന്നതിന് മുൻപ് എപ്പോഴെങ്കിലും എന്നെയൊന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു” എന്നൊക്കെ ബ്രിട്ടോ പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി.
സെക്ടർ 23ൽ നിന്ന് 50 കിലോമീറ്റർ ദൂരെയുള്ള ഫറോക്ക് നഗർ കോട്ടയിലേക്കായിരുന്നു ഇന്നത്തെ യാത്ര. പക്ഷേ ഒരു മണിക്കൂർ സഞ്ചരിച്ച് അവിടെ ചെന്നപ്പോൾ ഇന്നലത്തെ അതേ അവസ്ഥ. കോട്ട മൊത്തത്തിൽ കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ചില വീടുകൾക്ക് പിന്നിൽ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാനാകുന്നുണ്ട്. കോട്ടയുടെ കവാടം മാത്രം സംരക്ഷിത സ്മാരകം എന്ന് പറഞ്ഞ് ബോർഡ് വെച്ച് വളച്ചുകെട്ടിയിട്ടുണ്ട്. ഒരു കോട്ട കൂടെ അങ്ങനെ നാവാശേഷമായിരിക്കുന്നു. ഈ കോട്ടയും, സന്ദർശിച്ച കോട്ടകളുടെ ലിസ്റ്റിലേക്ക് കയറ്റുന്നില്ല. കാണാൻ കാര്യമായി ഒന്നും ഇല്ലായിരുന്നല്ലോ. ഹരിയാനയിൽ നല്ല നിലയിലുള്ള എത്ര കോട്ടകൾ സന്ദർശിക്കാൻ പറ്റുമെന്ന് കണ്ട് തന്നെ അറിയണം.
പെട്ടെന്ന് തന്നെ ഗുഡ്ഗാവിലേക്ക് മടങ്ങി. നഗരത്തിൽ ആംബിയൻസ് മാൾ എന്നൊരു ഗംഭീര മാൾ ഉണ്ട്. അത് DLF ൻ്റെ ഉടമസ്ഥതയിലുള്ളതാണ്. ഗുഡ്ഗാവ് നഗരത്തിന്റെ വികസനത്തിന്റെ വലിയൊരു ഘടകം DLF എന്ന നിർമ്മാണ കമ്പനിയാണ്. അതിന്റെ പിന്നാമ്പുറ രാഷ്ട്രീയം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ.
ലുലു മാളിന്റെ നാലിരട്ടിയെങ്കിലും ഗംഭീരമാണ് ആമ്പിയൻസ് മാൾ. തണുപ്പ് കാലം ആയതുകൊണ്ട് ജാക്കറ്റുകളുടേയും സ്വറ്ററുകളുടേയും വൈവിധ്യമാർന്ന ശേഖരം വിപണിയിലുണ്ട്. ഒരു വിൻഡ് ചീറ്റർ വാങ്ങിയശേഷം ബ്രിട്ടോയുടെ അപ്പാർട്ട്മെന്റിൽ എത്തി. ബ്രിട്ടോ ഒന്നാന്തരം പാചകക്കാരനാണ്. അദ്ദേഹം ഉണ്ടാക്കിയ ചെമ്മീൻ റോസ്റ്റും ചപ്പാത്തിയും കഴിച്ചശേഷം കിഷ്ക്കിന്താകാണ്ഡം സിനിമ OTTയിൽ കാണാൻ പരിപാടിയുണ്ട്. പക്ഷേ ഉറക്കം സമ്മതിക്കുമെന്ന് തോന്നുന്നില്ല.
ശുഭരാത്രി.