‘ഇ‘ – കുഴൂരിന്റേയും സുധാകരന്റേയും


1ഗ്രീൻ‌വെയ്ന്റെ മരം നടൽ പദ്ധതിക്ക് വേണ്ടി എറണാകുളം സെന്റ് ട്രീസാസ് കോളേജിൽ വെച്ച് കണ്ടപ്പോളാണ് കവി കുഴൂർ ആ ചെറിയ പുസ്തകം എനിക്ക് നീട്ടിയത്. ‘ശങ്കുണ്ണിയേട്ടൻ’ സീരീ‍സിലേക്കായി ‘നിരക്ഷര കുക്ഷിക്ക് ‘ എന്ന് കൈയ്യൊപ്പും ഇട്ടിട്ടുണ്ട്.

‘ഇ’ അതാണ് പുസ്തകത്തിന്റെ പേര്. കുഴൂർ വിത്സനെന്ന കവിയും സി.സുധാകരനെന്ന ചിത്രകാരനും ചേർന്ന് പള്ളിക്കൂട ദിനങ്ങൾ ഓർമ്മിക്കുന്നു ഈ ചെറിയ വലിയ പുസ്തകത്തിൽ.

സ്കൂളിൽ ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിങ്ങനെ മഹാകവികളുടെ കവിതകൾ പഠിക്കുകകയും ഗുരു ലഘു തിരിച്ച് വൃത്തം കണ്ടുപിടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ അധികം കവിതകളൊന്നും വായിച്ചിട്ടില്ല. കവി ഉദ്ദേശിക്കുന്നതെന്തെന്ന് പറഞ്ഞ് തരാൻ അദ്ധ്യാപകരില്ലാത്തതുകൊണ്ടാണോ അതോ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടാണോ എന്നറിയില്ല കവിതകൾ പലതും അർത്ഥം പിടി തരാതെ പിണങ്ങിമാറി നിന്നു. ഒറ്റവായനയിൽ മനസ്സിലാക്കാൻ പറ്റുന്ന കവിതകൾ മാത്രമാണ് തോളോട് ചേർന്ന് നിന്നത്. അങ്ങനെയുള്ള കവിതകളാണ് ‘ഇ‘ എന്ന 3 ഗുണം 4 ഇഞ്ച് മാത്രം വലിപ്പവും 63 പേജുകളുമുള്ള ഈ സ്ക്കൂൾ കവിതാ ചിത്ര സമാഹാരത്തിൽ.

ഭൂപടം എന്ന ആദ്യകവിത, സ്വന്തം നാട്ടിലെ പാ‍ടവും ചിറയും തോടും വർക്കിച്ചേട്ടന്റെ ചായക്കടയും പ്രീതി തിരിഞ്ഞുപോകുന്ന വഴിയുമൊക്കെ മാപ്പിൽ തിരയുന്ന കവിയുടെ തന്നെ മനസ്സാ‍ണ്. പരീക്ഷാ സമയം കഴിഞ്ഞാലും ഇന്ത്യയുടെ മാപ്പ് വരച്ച് കാശ്‌മീർ അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടില്ലാത്ത, സ്വന്തം നാടിന്റെ മുക്കിനും മൂലയ്ക്കും മേൽ, ജീവിതത്തിൽ ഇതുവരെ കാണാത്ത മറ്റേതൊരു സ്ഥലത്തിനും ഒരു ഭംഗിയും കാണാത്ത ഒരു സ്ക്കൂൾക്കുട്ടിയുണ്ടതിൽ.

‘ഇരട്ടക്കുട്ടികളുടെ ടീച്ചർ‘ ഒരു വലിയ നൊമ്പരം പറയാതെ പറയുന്ന കവിതയാണ്. യുദ്ധം കഴിഞ്ഞ് ഗാസയിലെ ക്ലാസ്സ് മുറികളിൽ തിരിച്ചെത്തിയപ്പോൾ തൊട്ടടുത്തിരുന്ന സഹപാഠികളുടെ അഭാവത്തിൽ, കണ്ണ് കലങ്ങിയ കുഞ്ഞുങ്ങളുടെ പ്രതിരൂപം ഈ കവിതയിലും കാണാം.

‘അക്ഷരത്തെറ്റുള്ള തെറികൾ’ മൂത്രപ്പുരകളിലെ ചുവരെഴുത്തിനെക്കുറിച്ചാണ്. കവിയുടെ ഭാഷ തന്നെ കടമെടുത്ത് പറഞ്ഞാൽ….

“തീട്ടത്തിന്റേയും മൂത്രത്തിന്റേയും
ഗന്ധങ്ങൾക്കിടയിലും
പ്രണയം പായലുകൾക്കിടയിൽ പൂത്തു.”

പെൺകുട്ടികളുടെ മൂത്രപ്പുരയിൽ തെറികളൊന്നും ഉണ്ടാകാറില്ലെന്ന് ഈയടുത്ത് എങ്ങോ വായിച്ചതോർമ്മ വന്നു…….

“പെൺകുട്ടികളുടെ മൂത്രപ്പുര
ഒരു ക്ഷേത്രം പോലെ നിലകൊണ്ടു” ……എന്ന കവി വാക്യം കണ്ടപ്പോൾ.

കുഞ്ഞുണ്ണിമാഷ് സ്കൂളിൽ വന്നതും, മഴയും, കുടയും അവധിയുമൊക്കെ ചേർന്ന പതിനഞ്ചോളം കുഞ്ഞുകുഞ്ഞ് കവിതകൾ സ്ക്കൂൾ ദിനങ്ങളിലേക്ക് പലവട്ടം വായനക്കാരനെ തിരികെ കൊണ്ടുപോകുന്നുണ്ട്.

അവളുടെ രാവുകൾ, പൊലീസിനും കെ.കരുണാകരനും എതിരെയുള്ള മുദ്യാവാക്യം വിളികൾ, പൊളിഞ്ഞ മറയിലൂടെയുള്ള ഒളിഞ്ഞുനോട്ടം, പുകവലി, ചെവിക്ക് തിരുമ്മൽ, പൊട്ടിയ സ്ലേറ്റ് എന്നിങ്ങനെ സി.സുധാകരന്റെ വരകൾ കൂടെയാകുമ്പോൾ ‘ഇ’ ഒരു സ്ക്കൂൾ ഓട്ടോഗ്രാഫിന്റെ പൂർണ്ണതയിലേക്കെത്തുന്നു.

വി.ആർ.സന്തോഷിന്റെ നിരൂപണവും ചേർന്നുള്ള പാപ്പിയോൺ ബുക്സ് പ്രസിദ്ധീകരണം, ആഷയെന്ന് പേരല്ലായിരിക്കാമെങ്കിലും ആ പേരിലും അതുപോലുള്ള മറ്റനേകം പേരിലും, ബസ്സിലും തെരുവുകളിലും ചില്ലറത്തുട്ടുകൾക്കായി അലയുന്ന അനേകം ഇന്ത്യൻ കുഞ്ഞുങ്ങൾക്കാണ് സമർപ്പിച്ചിരിക്കുന്നത്.

വാൽക്കഷണം:- കവർ പേജിൽ കാണുന്ന ‘സുധാകരൻ + സൈന‘ എന്ന ചുമരെഴുത്ത് സുധാകരന്റെ തന്നെ സ്ക്കൂൾ കാമുകിയുടെ പേര് ചേർത്തുള്ളതാവാം, അല്ലായിരിക്കാം. പക്ഷെ, അത്തരം എഴുത്തുകളും കൂടെയില്ലാതെ ഈ സ്ക്കൂൾ കവിതാചിത്രം പൂർണ്ണമാകുന്നില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>