
മീശപ്പുലി മലയിൽ മഞ്ഞ് പെയ്യുന്നത് കാണാതെ മരിക്കാൻ പാടില്ല, എന്നാണല്ലോ ചാർളി പറഞ്ഞിരിക്കുന്നത്. എന്നാൽപ്പിന്നെ അൽപ്പം വൈകിയാണെങ്കിലും ആ കാഴ്ച്ചയ്ക്കുള്ള അവസരം ഞാൻ പാഴാക്കുന്നില്ല.
പ്രാതലിന് ശേഷം ജെസ്മോനോട് യാത്ര പറഞ്ഞ് 09:30ന് ആനയിറങ്കൽ കോട്ടേജിൽ നിന്ന് മൂന്നാറിലേക്ക് തിരിച്ചു. ദൂരം 30 കിലോമീറ്റർ. പക്ഷേ സമയം ഒരു മണിക്കൂർ എടുക്കും. വനപാതകൾ കഴിഞ്ഞ് ദേവികുളം എത്തുന്നതോടെ വീതിയേറിയ പാതയായി. രാവിലെ തന്നെ മഴയത്ത് അത്തരമൊരു വഴിയിലൂടെ യാത്ര സുഖകരമായ അനുഭൂതി ആയിരുന്നു.
സിതാരയുടെ “പാൽനിലാവിൻ പൊയ്കയിൽ, വെൺതുഷാരം പെയ്തപോൽ”എന്ന ഗാനം ആ സമയത്ത് സ്പീക്കറിലൂടെ വരുന്നുണ്ടെങ്കിൽ പാട്ട് നിർത്തുന്നതാണ് ബുദ്ധി. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് ആരായാലും ആ സമയത്ത് അയാളോട് പ്രണയം പൊട്ടി വിടരും എന്ന അപകടം ഒഴിവാക്കാൻ വേണ്ടിയാണ് പാട്ട് അവസാനിപ്പിക്കാൻ സിത്താരയോട് പറയേണ്ടി വരുന്നത്. എനിക്ക് ഇടത് വശത്തുള്ള ബക്കറ്റ് സീറ്റിനോട് പ്രണയം ആരംഭിച്ചോ എന്നൊരു സംശയം!
പെരിയകനാൽ വെള്ളച്ചാട്ടത്തിൽ നിർത്തി മഴ നനഞ്ഞും അവിടുള്ള തട്ട് കടയിൽ നിന്ന് ഓംലെറ്റ് കഴിച്ചും അങ്ങനെയങ്ങനെ മൂന്നാർ പട്ടണം എത്തുന്നത് വരെ കണ്ടിടങ്ങൾ നിരങ്ങിയും അവസാനം KFDC യുടെ റോസ് ഗാർഡനിൽ എത്തി. അവിടെച്ചെന്ന് മാനേജർ ശ്രീ. അഖിലുമായി ഫോണിൽ സംസാരിച്ചു. ഭാഗ്യത്തിന് മൂന്നാർ നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ എയർടെല്ലിന് സിഗ്നൽ ഉണ്ട്.
മൂന്നാറിൽ ചുറ്റിയടിച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ റോസ് ഗാർഡനിൽ എത്തിയാൽ മതി എന്ന് അസിസ്റ്റന്റ് മാനേജർ ശ്രീ.ഷിഹാബ് പറഞ്ഞതനുസരിച്ച് ആദ്യം റോസ് ഗാർഡനിൽ കുറച്ച് സമയം ചെലവഴിച്ചു. ₹60 ആണ് പ്രവേശന ഫീസ്. വാഗമണിലെ ഹിൽ ഗാർഡനിലേക്കൊൾ വിപുലമായ തോതിൽ ഇവിടെ റോസ് അടക്കമുള്ള പുഷ്പ ചെടികളുടേയും കള്ളിച്ചെടികളുടേയും പ്രദർശനം ഉണ്ട്.
പിന്നെ 8 കിലോമീറ്റർ ദൂരെയുള്ള മാട്ടുപ്പെട്ടി അണക്കെട്ടും ബോട്ടിങ്ങ്, എക്കോ പോയൻ്റുകളുമെല്ലാം സന്ദർശിച്ചു.ഗാർഡൻ്റെ പിന്നിലുള്ള KFDC ഓഫീസിന് മുന്നിൽ ഭാഗിയെ പാർക്ക് ചെയ്ത് മൂന്നര മണിയോടെ ഫോറസ്റ്റിന്റെ വാഹനത്തിൽ 27 കിലോമീറ്റർ ദൂരെയുള്ള മീശപ്പുലി മലയിലേക്ക്.
ശ്രീ.ജോൺസൺ ആയിരുന്നു എന്റെ സാരഥി. ജോൺസൺ പഴയകാല മൂന്നാറിന്റെ ഉറുക്കഴിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ താത്തയുടെ ജോലി മൂന്നാറിലെ ബ്രിട്ടീഷുകാരുടെ കുതിരകളെ പരിപാലിക്കലും തീറ്റ നൽകലും ഒക്കെ ആയിരുന്നു. ഇടയ്ക്ക് വീണു കിട്ടുന്ന ഇത്തരം കഥകൾ തന്നെയാണ് യാത്രയ്ക്ക് നിറം പകരുന്നത്.
ചുറ്റിനും കണ്ണൻ ദേവന്റെ മഴ നനഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങളാണ്. അതിൽത്തന്നെയുള്ള Guderale തോട്ടത്തിന്റെ ചെക്ക് പോസ്റ്റിന് അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തി വിടില്ല. ഫോറസ്റ്റ് വാഹനങ്ങൾക്കും മീശപ്പുലിയിലേക്ക് പോകുന്ന ജീപ്പുകൾക്കും മാത്രമാണ് പ്രവേശനം.
ജോൺസനും ഞാനും മുത്തു ടീ സ്റ്റാളിൽ വാഹനം നിർത്തി ഓരോ ചായ കുടിച്ചു. മുത്തു ടീസ്റ്റാള്‍ കഴിഞ്ഞാലുള്ള അവസാനത്തെ 9 കിലോമീറ്റർ ഓഫ് റോഡ് ആണ്. തേയില തോട്ടത്തിന് നടുവിലൂടെ പത്തോളം ഹെയർപിന്നുകൾ ചുറ്റി, അത് ചെന്നെത്തുന്നത് മീശപ്പുലി മലയുടെ ബേസ് ക്യാമ്പിലാണ്.
ധാരാളം പേർക്ക് ടെന്റ് അടിക്കാനുള്ള സൗകര്യം ബേസ് ക്യാമ്പിൽ ഉണ്ട്. തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും കേരളത്തിൽ നിന്നുമുള്ള അറുപതോളം ചെറുപ്പക്കാരായ സഞ്ചാരികൾ ഞാൻ ചെല്ലുമ്പോൾ അവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു. അവർക്കുള്ള ടെന്റുകൾ സജ്ജമായി കൊണ്ടിരിക്കുന്നുണ്ട്. ഇത്രയും മഴ അവർ ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. വളരെ മുൻപ് നടത്തിയ ബുക്കിംഗ് ആയതുകൊണ്ട് ക്യാൻസൽ ചെയ്യാൻ അവരൊട്ട് തയ്യാറുമല്ലായിരുന്നു. മഴയോ കോടെയോ കാറ്റോ വന്നാലും നേരിടുക തന്നെ എന്നുറച്ച് വന്നിരിക്കുന്ന സാഹസിക സഞ്ചാരികൾ.
സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലാണ് ബേസ് ക്യാമ്പ്. അതുകൊണ്ടുള്ള തണുപ്പ് പ്രതീക്ഷിച്ചത് തന്നെ. പക്ഷേ ശക്തമായി വീശി അടിക്കുന്ന കാറ്റ് അപ്രതീക്ഷിതമായിരുന്നു. അട്ടകൾ എല്ലാവരെയും തുരുതുരാ കടിക്കുന്നുണ്ട്.
എനിക്ക് താമസിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത് 500 മീറ്റർ മാറിയുള്ള സ്കൈ കോട്ടേജിലാണ്. ഒരു കിടപ്പുമുറി മാത്രമാണ് അവിടെ ഉള്ളത്. അവിടെ നിന്ന് നോക്കിയാൽ തൊട്ടടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടം കാണാം. അത്താഴം കഴിഞ്ഞപ്പോഴേക്കും കാറ്റും മഴയും കൂടിക്കൂടി വന്നു.
അടുത്തദിവസം രാവിലെ അഞ്ചര മണിക്ക് മലകയറ്റം തുടരുകയാണ്. അതിന് മുൻപ് ഒരു ലഘുഭക്ഷണം വിളമ്പുന്നുണ്ട്. രാത്രി ഒന്ന് രണ്ട് ടെൻ്റുകളെ കാറ്റ് പറിച്ചെറിഞ്ഞതായി അറിയാൻ കഴിഞ്ഞു.
വീണ്ടും ജീപ്പിൽ കയറി 5 കിലോമീറ്റർ ഓഫ് റോഡ് ഡ്രൈവ്. ഇത്രയധികം സഞ്ചാരികൾ വന്നുപോകുന്ന ആ റോഡ് എന്തുകൊണ്ട് ടാർ ചെയ്യുന്നില്ല എന്ന് ഞാൻ ജോൺസനോട് തിരക്കി. ഉദ്യോഗസ്ഥ തലത്തിൽ അതിനുള്ള നീക്കങ്ങൾ പലപ്പോഴും നടന്നിരുന്നു. പക്ഷേ റോഡ് ടാർ ചെയ്താൽ ഓഫ് റോഡ് ഡ്രൈവ് എന്ന അനുഭവം നഷ്ടപ്പെടുമെന്നും പ്രകൃതിയിൽ നിന്ന് മീശപ്പുലിമല അകന്ന് പോകും എന്നൊക്കെയുള്ള നിഗമനത്തിലാണ് എല്ലാവരും എത്തിച്ചേർന്നത്.
ഹെയൻ പിന്നുകൾ തിരിഞ്ഞ് ആ റോഡ് ചെന്നെത്തുന്നത് 8000 അടി ഉയരത്തിലുള്ള KFDCയുടെ റോഡോ മാൻഷനിലാണ്. അവിടെ 16 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഇന്ത്യയിൽ ചുരുക്കം ഇടങ്ങളിൽ മാത്രം കണ്ടുപോരുന്ന Rhododendron എന്ന ചുവന്ന പൂവുള്ള കാട്ടുചെടി ഈ മലയിൽ ധാരാളമായുണ്ട്. ആയതിനാലാണ് കോട്ടേജുകൾക്ക് റോഡോ മാൻഷൻ എന്ന് KFDC പേരിട്ടിരിക്കുന്നത്.
ട്രക്കേഴ്സ് ഓഫ് ഇന്ത്യ, പ്രണയമാണ് യാത്ര, എന്നിങ്ങനെ പല ട്രക്കിംങ്ങ് ഏജൻസികൾ വഴി വന്നിരിക്കുന്ന 83ഓളം പേരാണ് മലകയറുന്നത്. കൂടാതെ നാല് ഗൈഡുകളും. എന്റെ കൂടെ വന്നത് പനീർ ശെൽവം എന്ന ഗൈഡാണ്.
ട്രക്കിങ്ങിന്റെ തുടക്കം മുതൽ തന്നെ കോടയും കാറ്റും ശക്തമായി തന്നെ ഉണ്ടായിരുന്നു. കോട കാരണം പ്രധാനപ്പെട്ട വ്യൂ പോയിന്റുകളിൽ നിന്ന് താഴേക്ക് ഒന്നും കാണാനായില്ല. 20 അടി മാറിയുള്ളത് പോലും കാണാൻ പറ്റാത്ത തരത്തിൽ ശക്തമായ കോട. മഴക്കോട്ട് ഇട്ടിരുന്നവരെ കാറ്റ് തൂക്കിയെടുക്കുന്ന അവസ്ഥ. അവസാനത്തെ കയറ്റം, കാറ്റും കോടയും ശരിക്കും തടസ്സപ്പെടുത്തിയത് കൊണ്ട് അൽപ്പനേരം കുത്തിയിരിക്കേണ്ടി വന്നു. മഴ നനഞ്ഞതുകൊണ്ട് ചവിട്ടുന്ന ഇടമൊക്കെ തെന്നുന്നുണ്ട്.
അപ്പോഴേക്കും കോട മഴയായി പെയ്തു തുടങ്ങി. മലമുകളിൽ എത്തിയാൽ മറുഭാഗം തമിഴ്നാട് ആണ്. പക്ഷേ താഴേക്ക് കാണുന്നത് കോട മാത്രം. സൂക്ഷിച്ചു നിന്നില്ലെങ്കിൽ കാറ്റുപിടിച്ച് മറുവശത്തേക്ക് വീഴുമെന്ന അവസ്ഥ. മഴയും കോടയും കാറ്റും തണുപ്പും ഒക്കെ കാരണം പലരുടെയും മുഖം മരവിച്ചു; നാക്ക് കുഴഞ്ഞ് സംസാരിക്കാൻ പറ്റാതെയായി.
പനീർ ശെൽവവും ഞാനും ആദ്യം തന്നെ മലയിറങ്ങാൻ തുടങ്ങി. അപ്പോഴേക്കും മഴ ശക്തമായി കഴിഞ്ഞിരുന്നു. മൊത്തത്തിൽ 8 കിലോമീറ്റർ ആണ് ഈ ട്രക്ക്. അതിൽ ഇറക്കം 5 കിലോമീറ്റർ ഉണ്ട്. അതിൽ ഏറെക്കുറെ നാല് കിലോമീറ്റർ മഴ ഞങ്ങൾക്കൊപ്പം പോന്നു. ജാക്കറ്റിനുള്ളിലും വെള്ളം കയറി വസ്ത്രം മുഴുവൻ നനഞ്ഞു. ഇടയ്ക്കിടെ കടിക്കുന്ന അട്ടകളെ സാനിറ്റൈസർ ഉപയോഗിച്ച് ഞാൻ തുരത്തി കൊണ്ടിരുന്നു. അവസാനത്തെ ഒരു കിലോമീറ്റർ തണുപ്പ് കാരണം പേശികൾ വലിഞ്ഞുമുറുകി നടക്കാൻ പറ്റാതെയായി.
നനഞ്ഞു കുളിച്ചു തണുത്തുവിറച്ച് റോഡോ മാൻഷനിൽ എത്തിയപ്പോൾ പത്തര മണി. ഒരു കൂട്ടം വരയാടുകളാണ് അവിടെ സ്വാഗതം ചെയ്തത്. മനുഷ്യർ അടുത്തേക്ക് ചെന്നാൽ അവർ ഉപദ്രവിക്കുന്നില്ല, ഓടി പോകുന്നുമില്ല. പല വരയാടുകളും അട്ട കടിയേറ്റ് ചോര ഒലിപ്പിച്ചാണ് നിൽക്കുന്നത്.
റോഡോ മാൻഷനിൽ നിന്ന് ജോൺസന്റെ ജീപ്പിൽ താഴെ ബേസ് ക്യാമ്പിലേക്ക് എത്തുമ്പോൾ 11 മണി. അപ്പോഴേക്കും ഒരട്ട എന്നെ കടിച്ച് സാമാന്യം നന്നായി ചോരകുടിച്ച് പൊയ്ക്കഴിഞ്ഞിരുന്നു. മുറിവിൽ നിന്ന് നല്ല തോതിൽ ചോര ഒലിച്ചുകൊണ്ടിരുന്നു.
ഇതൊക്കെ ആണെങ്കിലും ഒരു കാര്യം ഞാൻ തറപ്പിച്ചു പറയാം. ശൈത്യകാലത്ത് വേനൽക്കാലത്തോ വന്നാൽ ഇങ്ങനെ ഒരു അനുഭൂതി ഒരു സഞ്ചാരിക്കും മീശപ്പുലിമലയിൽ കിട്ടില്ല. മഴയും കോടയും ചേർന്നുള്ള അനുഭവം അവർണ്ണനീയമാണ്.
ബേസ് ക്യാമ്പിലെ പ്രാതലിന് ശേഷം ജോൺസണും ഞാനും മൂന്നാർ നഗരത്തിൽ എത്തുമ്പോഴേക്കും ആ ദുഃഖ വാർത്ത വന്നിരുന്നു. തലേന്ന് രാത്രി മൂന്നാർ നഗരത്തിൽ മണ്ണടിഞ്ഞ് ഒരു ലോറി ഡ്രൈവർ മരിച്ചിരിക്കുന്നു. KFDC ഓഫീസിൽനിന്ന് നോക്കിയാൽ ദൂരെയായി മണ്ണിടിഞ്ഞ ആ ഭാഗം കാണാം. തലേന്ന് മൂന്നാറിൽ റെഡ് അലർട്ട് ആയിരുന്നു. ആ സമയത്താണ് ഞങ്ങൾ മലമുകളിൽ വിലസിയത് എന്നോർത്തപ്പോൾ ചെറുതായൊന്ന് നടുങ്ങി. ഞങ്ങൾ അനുഭവിച്ചത് ചെറിയൊരു കാറ്റോ മഴയോ അല്ലെന്ന് ചുരുക്കം.
മനുഷ്യൻ ഉയരങ്ങൾ വെട്ടിപ്പിടിക്കുന്നത് പല കാരണങ്ങൾ കൊണ്ടാകാം. താനാണ് ഏറ്റവും ഉയരത്തിൽ എന്ന് സ്ഥാപിക്കാൻ ആകാം. ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ ഭ്രമിപ്പിക്കുന്നത് കൊണ്ടാകാം. ഉയരപ്പേടി അഥവാ അക്രോഫോബിയ ചെറിയ തോതിലെങ്കിലും കൈമുതലായിട്ടുള്ള ഞാൻ എന്തിനാണ് ഈ ഉയരങ്ങളിലൊക്കെ വലിഞ്ഞ് കേറുന്നതെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. അതൊരു രോഗം ആകാം, അല്ലേ ഡോക്ടർ?!
അങ്ങനെ ചാർലി പറഞ്ഞത് പ്രകാരം മീശപ്പുലി മലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിരിക്കുന്നു. കോടയും കാറ്റും മഴയും മീശപ്പുലി മലയിൽ പെയ്യുന്നത് ചാർലി കണ്ടിട്ടുണ്ടാകാം. അവനത് നമ്മോട് പറയാഞ്ഞിട്ടാണ്. സമയാ സമയങ്ങളിൽ അവിടെ ചെന്നെത്തിയാൽ ഇതൊക്കെ നമുക്ക് കണ്ടാസ്വദിക്കാം.
കോട കാരണം മീശപ്പുലി മലയിലെ സൂര്യോദയം കാണാൻ പറ്റിയില്ല. ഒരിക്കൽക്കൂടി അതിന് വേണ്ടി വീണ്ടും വരണം. ഭാഗിക്കൊപ്പം മൂന്നാറിനോട് വിട പറയുമ്പോൾ ഞാനത് തീരുമാനിച്ച് ഉറച്ചിരുന്നു. അടുത്ത പ്രാവശ്യം പറ്റുമെങ്കിൽ റോഡോ മാൻഷനിൽ തന്നെ തങ്ങുകയും വേണം.
മൂന്നാർ വിടുമ്പോൾ ഒന്നര മണി കഴിഞ്ഞിരുന്നു. ഗവിയിലേക്ക് ആണ് അടുത്ത യാത്ര. ആറുമണിക്ക് മുന്നേ ചെന്നില്ലെങ്കിൽ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ നിന്ന് ഗവിയിലേക്ക് കടത്തിവിടില്ല. ഞാൻ ഭാഗിയുടെ ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടി.
തുടരും.
—————-
അറിയിപ്പ്:- KFDC യുടെ സൈറ്റ് (www.kfdcecotourism.com) വഴി മീശപ്പുലി മലയിലേക്ക് ബുക്കിംഗ് നടത്താനുള്ള സൗകര്യമുണ്ട്. 8289821400, 8289821401, 8289821004, 8289821008, എന്നീ നമ്പറുകളിൽ വിളിച്ചും ബുക്ക് ചെയ്യാം.












