ലജ്ജയില്ലേ അമേരിക്കയ്ക്ക് ?


20200307_112848

കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്താകമാനം 97 രാജ്യങ്ങളിൽ വ്യാപിച്ച് 3497 ലധികം പേർ മരണമടഞ്ഞു. ലോകവിവരം   ശ്രദ്ധിക്കുന്ന ജനങ്ങൾക്ക് പൊതുനിരത്തിൽ ഇറങ്ങുമ്പോൾ കുറഞ്ഞതോതിൽപ്പോലും രോഗഭീതിയുണ്ടാകുന്നില്ലെന്ന് പറഞ്ഞാൽ അത് കളവായിപ്പോകും.  ലോകത്തെമ്പാടും മാസ്ക്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനയും മാസ്ക്കുകളുടെ അലഭ്യതയും സൂചിപ്പിക്കുന്നത് രോഗഭീതി തന്നെയാണ്.

ഈയവസരത്തിൽ ശ്രദ്ധിയോടെ കാണേണ്ട ചില വാർത്തകളുണ്ട്. കൊറോണാ പ്രതിരോധം പഠിക്കാൻ തെലുങ്കാനയ്ക്ക് പുറമെ ഒഡീഷ, ഡൽഹി, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ കേരളത്തിലേക്ക് തിരിക്കുന്നു എന്നതാണ് അതിലൊരു വാർത്ത.

നിപ രോഗം പരത്തുന്ന മാരക വൈറസിനെ ഫലപ്രദമായ പ്രതിരോധിച്ച ചരിത്രമുണ്ട് കേരളത്തിന്. കൊറോണയുടെ തുടക്കത്തിൽ ചൈനയടക്കം രോഗബാധിതമായ മറ്റ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയ രോഗബാധിതരെ കൃത്യമായി കണ്ടെത്തി അവരെ വേറിട്ട് ചികിത്സിച്ച് രോഗവിമുക്തരാക്കി ആശുപത്രി വിടുവിച്ചത് പുതിയ സംഭവം. അതിന്റെ പേരിൽ കേരള ആരോഗ്യവകുപ്പും മന്ത്രി ശൈലജട്ടീച്ചറും കുറച്ചൊന്നുമല്ല കൈയടി വാങ്ങിക്കൂട്ടിയത്. ബി.ബി.സി. യിൽ വരെ ആ പെരുമ വാഴ്ത്തപ്പെട്ടു. അതുകൊണ്ട് തന്നെയാണ് കൊറോണയെ പ്രതിരോധിക്കുന്നതെങ്ങനെയന്ന് പഠിക്കാൻ പശ്ചിമഘട്ടവും താണ്ടി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ വരുന്നത്. മലയാളിയെന്ന നിലയ്ക്ക് മുറ്റ് അഭിമാനമുണ്ടാകുന്ന രംഗമാണിത്.

പക്ഷേ, കൊറോണയുടെ ഉറവിടമായ ചൈന (ബുഹാൻ) സർക്കാർ ചെയ്തതെന്താണ്. ഇങ്ങനെയൊരു രോഗം പടരാൻ സാദ്ധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും മുന്നറിയിപ്പ് നൽകിയ ലീ വെൻ‌ലിയാങ് (Li Wenliang) എന്ന ഡോക്ടറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കി. അദ്ദേഹം കൊറോണ പിടിച്ച് മരിക്കുകയും ചെയ്തു. പടർന്ന് പിടിച്ച രോഗവുമായി ജനങ്ങളെ തേരാപ്പാര റോന്ത് ചുറ്റാൻ വിട്ടു. ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് അവർ വിനോദയാത്ര പുറപ്പെട്ടു. പ്രശ്നം ഗുരുതരമാകുന്നത് വരെ ലോകാരോഗ്യസംഘടനയും നോക്കുകുത്തിയായി നിന്നു. ഭീകരമായി രോഗം പടർന്ന് പിടിച്ചശേഷം മാത്രമാണവർ ആഗോള തലത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. എന്നിട്ട് പോലും ചൈനയിലേക്ക് പോകുന്നതിനും വരുന്നതിനും കച്ചവടം നടത്തുന്നതിനും വിലക്കൊന്നും വേണ്ടെന്ന സമീപനമാണവർ സ്വീകരിച്ചത്. കുവൈറ്റ് പോലുള്ള രാജ്യങ്ങൾ ഇന്ത്യക്കാർക്കടക്കം യാത്രാവിലക്ക് ഏർപ്പെടുത്തിയ വാർത്തയാണ് ഇന്ന് കേൾക്കാനിടയായത്. ചൈന ഒരു രാജ്യം മാത്രം വിചാരിച്ചിരുന്നെങ്കിൽ തടയിടാമായിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്നു ഇത്.

ചൈനയിൽ ഒരു വീട്ടിലാർക്കെങ്കിലും കൊറോണ പിടിപെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയാൽ അവരെ പുറത്തിറങ്ങാൻ വിടാതെ മറ്റുള്ളവർ വെളിയിൽ നിന്ന് വീട് പൂട്ടിയിടുകയുണ്ടായി എന്ന് വരെ വാർത്തകളുണ്ട്. എന്തായാലും ഉത്തരവാദിത്തപരമായിട്ടല്ല ചൈന ഈ വൈറസിനെ പ്രതിരോധിച്ചത്. പിന്നീട് എന്തൊക്കെ ചെയ്തിട്ടും  വൈറസ് എന്നിട്ടും കെട്ട് പൊട്ടിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കടന്ന് ദുരന്തം വിതച്ചുകഴിഞ്ഞിരിക്കുന്നു. ചൈനീസ് വിപണി സുരക്ഷിതമാക്കാനും ജനങ്ങളിൽ നിന്ന് ഭീതി അകറ്റാനുമായി 12 ലക്ഷം കോടിയിലധികം രൂപയാണ് ഇപ്പോൾ ചൈന ചിലവാക്കിക്കൊണ്ടിരിക്കുന്നത്.

ഇതിനിടയ്ക്ക് അമേരിക്ക നടത്തിയ ഒരു പരാമർശം ലജ്ജാവഹമാണ്. ചൈനയെപ്പോലെ ജനസാന്ദ്രത കൂടിയ സ്ഥലമായതുകൊണ്ട് ഇന്ത്യയെക്കുറിച്ച് കൂടുതൽ ആശങ്കയുണ്ടെന്നാണ് അമേരിക്കൻ ഇന്റലിജൻസ് ഏജസികൾ പറയുന്നത്. ഈ പരാമർശം നടത്തുമ്പോൾ അമേരിക്കയിൽ രോഗം പടർന്നിട്ടില്ല. പക്ഷേ, ഇപ്പോൾ അതല്ല സ്ഥിതി. കൊറോണ ബാധിച്ച് 17 പേർ അമേരിക്കയിൽ മരിച്ചുകഴിഞ്ഞു. 300ൽ അധികം പേർക്ക് കാര്യമായി രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. അതേ സമയം ലോകത്തെ രണ്ടാമത്തെ ജനപ്പെരുപ്പമുള്ള രാജ്യമായ ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ച് മരണമൊന്നും ഇല്ല. 31 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലി പോലുള്ള വികസിത രാജ്യത്ത് രോഗം പടർന്ന് പിടിക്കുകയും 79 പേർ മരിക്കുകയും ചെയ്തു.

പകച്ചുപോയ മറ്റ് ചില രാജ്യങ്ങളിലെ മരണ കണക്കുകൾ ഇങ്ങനെയാണ്.
ഇറ്റലി – 230,
ഫ്രാൻസ്- 9,
സ്പെയിൻ – 8,
സ്വിസ്സർലാന്റ് – 1,
യു.കെ. – 2,
നെതർലാൻഡ് – 1,
ആസ്ത്രേലിയ – 2,
ഇറാൻ – 124,
തായ്‌ലന്റ് – 1,
ഇറാക്ക് – 4

ആയതിനാൽ, ഇത്തരം വിഷയങ്ങളിൽ ഇന്ത്യയെ അധിക്ഷേപിക്കുന്നതിന് മുൻപ് ഇനിയെങ്കിലും ഈ രാജ്യത്തിന്റെ ട്രാക്ക് റെക്കോർഡ് എന്താണെന്ന് രണ്ടുവട്ടം അന്വേഷിക്കണമെന്നും ആലോചിക്കണമെന്നും അപേക്ഷയുണ്ട്. ഞങ്ങളെങ്ങനെയാണ് നിപയും കോവിഡ് 19ഉം പ്രതിരോധിച്ചതെന്നും പഠിച്ചതിന് ശേഷം മാത്രം വിടുവായത്തങ്ങൾ എഴുന്നള്ളിക്കണമെന്ന് അഭ്യർത്ഥനയുണ്ട്.

ആത്മീയത വിറ്റ് നടന്നിരുന്ന ഞങ്ങളുടെ ആൾദൈവങ്ങൾ പോലും കൊറോണയെ നേരിടാൻ വേണ്ടി അവരുടെ കെട്ടിപ്പിടുത്തം അടക്കമുള്ള ഇടപെടലുകൾ നിർത്തി വെച്ചിരിക്കുകയാണെന്ന് അറിയാമല്ലോ ?

ഒരു പിഴവ് ഞങ്ങൾക്ക് പറ്റിയിട്ടുണ്ടെന്ന് സമ്മതിക്കുന്നു. രാജ്യത്തെ വിവരദോഷികളായ ചില ഭരണാധികാരികളും കാവിക്കോമരങ്ങളും ഗോമൂത്രവും ചാണകവും കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന വിഡ്ഢിത്തം വിളിച്ച് കൂവിയിട്ടുണ്ട്. അവർ കുറേ ആൾക്കാരുടെ ലോകം പശുവിനും ചാണകത്തിനും ഗോമൂത്രത്തിനും ചുറ്റുമാണ് കിടന്ന് കറങ്ങുന്നത്. അത് കാര്യമാക്കേണ്ടതില്ല. ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് അവരൊന്നുമല്ല.

വാൽക്കഷണം:- ഇറാനിൽ പെട്ടുകിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. അവരുടെ കൈയ്യിലുള്ള ഭക്ഷണം ഇന്ന് തീരും. അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള സത്വര നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളേണ്ടതാണ്. സുഷമ സ്വരാജ് എന്നൊരു മന്ത്രി വളരെ കാര്യക്ഷമമായി നടത്തിയിരുന്ന ചില ഏർപ്പാടാണത്. ആ പാതപിന്തുടർന്നാൽ മതിയാകും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>