ഒരേ സമയം വെള്ളത്തിലും കുന്നിലും നിൽക്കുന്ന ഒരു അപൂർവ്വ കോട്ടയാണ് ഗാഗ്രോൺ. 2013 മുതൽ ലോകപൈതൃക ഇടം കൂടെയാണ് രാജസ്ഥാനിലെ ജാൽവാർ ജില്ലയിലെ ഹത്തോടി പ്രവിശ്യയിലുള്ള ഈ കോട്ട.
കോട്ട ജില്ലയിൽ ഞാൻ ക്യാമ്പ് ചെയ്തിരിക്കുന്ന ധാബയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട് ഗാഗ്രോൺ കോട്ടയിലേക്ക്.
* 53 രൂപയാണ് കോട്ടയിലേക്കുള്ള പ്രവേശന ഫീസ്.
* ലോക പൈതൃക ഇടം ആയതുകൊണ്ട് അത്യാവശ്യം മിനുക്ക് പണികൾ നടത്തിയിട്ടുണ്ട് കോട്ടയിൽ.
* കോട്ടയിലെ രണ്ട് കവാടങ്ങളിലൂടെ വാഹനം ഓടിച്ച് അകത്ത് കയറ്റി, ബഡാ മഹൽ വരെ പോകാം.
* ഏഴാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിലാണ് ഈ കോട്ട നിർമ്മിച്ചത് എന്ന് കണക്കാക്കപ്പെടുന്നു.
* രാജാ ബിജൽ ദേവ് സിംഗ് ഡോഡ് ആണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ കോട്ട നിർമ്മിച്ചതെന്നും കരുതിപ്പോരുന്നു.
* പിന്നീട് ഈ കോട്ട ഷേർഷായുടേയും അക്ബറിന്റേയും നിയന്ത്രണത്തിൽ ആയിട്ടുണ്ട്.
* അഹു നദിയുടേയും കാളി സിന്ധ് നദിയുടേയും സംഗമ സ്ഥാനത്താനത്തുള്ള കുന്നിൻ മുകളിലാണ് ഈ കോട്ട നിലകൊള്ളുന്നത്.
* കോട്ടയുടെ മൂന്നു ഭാഗവും നദികളുടെ ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. നാലാമത്തെ ഭാഗത്ത് ഒരു കിടങ്ങ് തീർത്ത്, കോട്ടയെ പൂർണ്ണമായും ജലത്താൽ ചുറ്റപ്പെട്ട രീതിയിൽ ആക്കിയിരിക്കുന്നു. ആയതിനാൽ ഈ കോട്ടയെ ജലദുർഗ്ഗ് എന്നും വിളിച്ചു പോരുന്നു.
* ഖിൻജി രാജവംശം 300 വർഷത്തോളം ഈ കോട്ട ഭരിച്ചു.
* അചൽ ദാസ് ഖിൻജി എന്ന രാജാവാണ് അവസാനമായി ഈ കോട്ട ഭരിച്ചതെന്ന് കണക്കാക്കപ്പെടുന്നു.
* 1423ൽ സുൽത്താൻ ഹോഷങ്ങ് ഷാ ഈ കൊട്ടാരം ആക്രമിച്ചു. സൈന്യബലത്തിൽ സുൽത്താനാണ് മുൻപിൽ എന്ന് അറിഞ്ഞിട്ടും അചൽ ദാസ് ഖിൻജി അവസാനം വരെ പോരാടി മൃത്യു വരിച്ചു.
* രാജാവ് കൊല്ലപ്പെട്ടതോടെ രാജ്ഞിയും മറ്റ് രജപുത്ര സ്ത്രീകളും ജോഹർ ആചരിച്ച് ആത്മാഹുതി ചെയ്തു.
* ഗാഗ്രോൺ കോട്ട 14 പ്രാവശ്യം ആക്രമിക്കപ്പെടുകയും 2 പ്രാവശ്യം ഇവിടെ ജോഹർ ആചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
* കോട്ടയിൽ അഞ്ചിൽപ്പരം ഗംഭീര ജലസംഭരണികൾ ഉണ്ട്.
* ശീഷ്മഹൽ അടക്കമുള്ള ഭാഗങ്ങൾ പൂർണ്ണമായി നശിച്ചു പോയിട്ടുണ്ടെങ്കിലും അതിനെ പുനരുദ്ധാരണം ചെയ്തിട്ടുണ്ട്. ഒരൊറ്റ കണ്ണാടിയോ ചില്ലോ ആ കെട്ടിടത്തിൽ ഇല്ല എന്ന് മാത്രം.
മൈസൂരിലെ ശ്രീരംഗപട്ടണം കോട്ട കഴിഞ്ഞാൽപ്പിന്നെ വെള്ളത്താൽ ചുറ്റപ്പെട്ട മറ്റൊരു കോട്ട ഞാൻ കാണുന്നത് ഗാഗ്രോൺ ആണ്. ഒരു ഗംഭീര കോട്ട കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഇന്ന് ഞാൻ. ആ സന്തോഷം ഇരട്ടിപ്പിക്കുന്ന മറ്റൊരു സംഭവവും ഉണ്ടായി.
കോട്ടയുടെ തൊട്ട് അടുത്ത് തന്നെ ദർഗ്ഗയുണ്ട്. അജ്മീറിലെ ദർഗ്ഗയിലേത് പോലെ വലിയ തിരക്കൊന്നും അവിടെയില്ല. പണം പിടിച്ചു വാങ്ങുന്ന പരിപാടികളും ഇല്ല. ഞാൻ ഒരുപാട് സമയം ദർഗ്ഗക്ക് ഉള്ളിൽ ചിലവഴിച്ചു. ദർഗ്ഗയിലേക്ക് കടക്കുന്നതിന് മുമ്പ് തല മറക്കണം എന്നൊക്കെ ഇപ്പോൾ എനിക്കറിയാം. എന്റെ തോളിൽ കിടക്കുന്ന ഷാൾ ഇത്തരം സന്ദർഭങ്ങളിൽ സഹായത്തിനെത്തും.
ദർഗ്ഗയിലെ സന്ദർശനം കഴിഞ്ഞ് കോട്ട ജില്ലയിലെ പ്രേം ക ധാബയിലേക്ക് മടങ്ങുകയായിരുന്നു ഞാൻ. 40 കിലോമീറ്ററോളം പിന്നിട്ടപ്പോൾ പെട്ടെന്ന് വഴിയരികിൽ മറ്റൊരു കോട്ട കണ്ടു. അത് എൻ്റെ ലിസ്റ്റിൽ ഇല്ലാത്ത കോട്ടയാണ്. ലിസ്റ്റിൽ ഉണ്ടായാലും ഇല്ലെങ്കിലും വഴിയരികിൽ നിൽക്കുന്ന ഒരു കോട്ട കാണാതെ പോകുന്ന പ്രശ്നമേയില്ല.
ദര എന്നാണ് ആ കോട്ടയുടെ പേര് സ്ഥലത്തിന്റെ പേരും അതുതന്നെ. നിലവിൽ ഈ കോട്ട ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. അവർ അത്യാവശ്യം മിനുക്ക് പണികൾ കോട്ടയിൽ നടത്തിയിട്ടുണ്ട്.
* പതിനെട്ടാം നൂറ്റാണ്ടിൽ സവായ് ജയ്സിംഗ് രണ്ടാമനാണ് ഈ കോട്ട ഉണ്ടാക്കിയത്.
* ഒരു പട്ടാള കേന്ദ്രം, നായാട്ട് കേന്ദ്രം, എന്നീ നിലയിലൊക്കെ ആയിരുന്നു ഈ കോട്ട ഉപയോഗിച്ചിരുന്നത്.
* 1787ൽ മറാഠകളും രജപുത്രരും തമ്മിൽ നടന്ന തുങ്ക യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചിരിക്കാതെ രണ്ടാമതൊരു കോട്ടയും കൂടെ കാണാൻ പറ്റിയതിൻ്റെ ഇരട്ടി സന്തോഷം എനിക്കിന്നുണ്ട്. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 9 കോട്ടകൾ കണ്ടിരിക്കുന്നു! നാളെ ഒരു കോട്ട കൂടി കാണാൻ പറ്റിയാൽ ഒരാഴ്ച്ചയിൽ 10 കോട്ടകൾ കണ്ടു എന്നൊരു റെക്കോർഡ് തന്നെ അവകാശപ്പെടാം.
ഈ സന്തോഷത്തിനിടയിൽ ഉച്ചയ്ക്ക് ഒന്നും കഴിക്കാൻ പറ്റിയില്ല. അതുകൊണ്ടുതന്നെ രാത്രി ഭേഷായിട്ട് കഴിക്കാനാണ് തീരുമാനം. ‘തേങ്ങ എത്ര അരച്ചാലും താൾ അല്ലേ കറി?’ എന്ന് പറയുന്നത് പോലെ, എത്ര ഭേഷാക്കാൻ ശ്രമിച്ചാലും, ഈ ധാബയിൽ നിന്ന് ഒരു ദാൽ ഫ്രൈ അല്ലെങ്കിൽ ആലൂ മട്ടർ പിന്നെ ചപ്പാത്തിയും, അല്ലാതെന്ത് കഴിക്കാൻ?!
എറണാകുളത്ത് തിരിച്ചെത്തിയിട്ട് വേണം നല്ലൊരു സീഫുഡ് പ്ലാറ്റർ അടിച്ച് ആഘോഷിക്കാൻ. അന്ന് കൊച്ചിയിലുള്ള മൂന്നുപേർക്ക് കൂടെ ആ തീറ്റമഹാമഹത്തിൽ എൻ്റൊപ്പം കൂടാം.
ശുഭരാത്രി.