1400 കിമീ താണ്ടി നേപ്പാളിലേക്ക് സൈക്കിളിൽ


കൊ ച്ചിയുടെ കായികരംഗം ഇപ്പോൾ പഴയതുപോലൊന്നും അല്ല. ISL ഉം IPL ലുമൊക്കെ വന്ന് ഫുട്ബോളും ക്രിക്കറ്റുമൊക്കെ മെച്ചപ്പെട്ടതുപോലെ തന്നെ ദീർഘദൂര ഓട്ടവും(മാരത്തോൺ) ദീർഘദൂര സൈക്കിളിങ്ങുമെല്ലാം കായികപ്രേമികളായ കൊച്ചിക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. വേനൽക്കാലത്തെ ചില മാസങ്ങൾ ഒഴിച്ചാൽ ഏതൊരു വാരാന്ത്യത്തിലും സൈക്കിളിങ്ങും ഓട്ടവുമെല്ലാം കലണ്ടറുകൾ കീഴടക്കുന്നു.

33

പാരീസിൽ നിന്ന് നടത്തപ്പെടുന്ന BRM (Brevets Randonneures Mondiaux) എന്ന ബ്രിവേ ആണ് സൈക്കിളിസ്റ്റുകൾക്ക് ഹരമായി മാറിക്കഴിഞ്ഞിരിക്കുന്ന പ്രധാന ഇനം. (അതേപ്പറ്റി വിശദമായി ഇവിടെ വായിക്കാം.) കഴിഞ്ഞ നാലഞ്ച് വർഷങ്ങൾക്കുള്ളിൽ 50 ന് അടുക്കെ സൂപ്പർ റാണ്ടനേർസിനേയും (റൈഡർ) നൂറുകണക്കിന് റാണ്ടനേർസിനേയും കൊച്ചി സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. കൊച്ചിൻ ബൈക്കേർസ്, പറവൂർ ബൈക്കേർസ് എന്നീ ക്ലബ്ബുകൾ ഇതിലേക്ക് നൽകിയിട്ടുള്ള സംഭാവന ചെറുതൊന്നുമല്ല.

ഒരു സീസണിൽ 200, 300, 400, 600 കിലോമീറ്ററുകൾ താണ്ടുന്ന ബ്രിവേ ഇവന്റുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന റൈഡർക്കാണ് ഫ്രാൻസിലെ Audax Club Parisien ക്ലബ്ബ് നൽകുന്ന സൂപ്പർ റാണ്ടനൈർ അഥവാ SR എന്ന രാജ്യാന്തര പദവി ലഭിക്കുക.   ഇന്ത്യയിൽ Audex ന്റെ ഇടനിലക്കാരായി നിന്ന് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത് AIR (Audax India Randonnerurs) ആണ്.   ഇന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, മുംബൈ, പൂനെ എന്നിങ്ങനെ ഒരുപാട് വലിയ നഗരങ്ങളിൽ BRM എന്ന ഈ ദീർഘദൂര സൈക്കിളോട്ട പരിപാടികൾ നടക്കുന്നുണ്ട്.

അതിന് പുറമേ ചുരുക്കം ചിലപ്പോഴെങ്കിലും നടത്തപ്പെടുന്ന 1000 കിലോമീറ്റർ ബ്രിവേയിലും കൊച്ചിക്കാർ മാറ്റ് തെളിയിച്ചിട്ടുണ്ട്. പറവൂർ ബൈക്കേർസിലെ ലെനിനും ഗാലിനും അത്തരത്തിൽ 1000 കിലോമീറ്റർ ദൂരം, നിശ്ചിതസമയത്തിനും ഏറെ മുൻപ് പൂർത്തിയാക്കിയിട്ടുള്ളവരാണ്. ലെനിൻ ഈ നേട്ടം രണ്ട് പ്രാവശ്യം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗാലിൻ 3 പ്രാവശ്യം SR പദവി നേടിയിട്ടുണ്ടെങ്കിൽ ലെനിൻ 2 പ്രാവശ്യം SR പദവി കൈവരിച്ചിട്ടുണ്ട്.

26220031_1679575898751845_2852082589044463391_n

തങ്ങളുടെ തൊപ്പിയിൽ ഒരു തൂവൽ കൂടെ തുന്നിച്ചേർക്കുനതിനായി ലെനിനും ഗാലിനും പറവൂർ ബൈക്കേർസിന്റെ തന്നെ മറ്റൊരു സൂപ്പർ റാണ്ടനൈർ (SR) ആയ രഘുറാമും ഈ മാസം 26 ന് ഡൽഹിയിൽ നിന്ന് നേപ്പാളിലേക്ക് കടന്ന് അവിടെ ചുറ്റിത്തിരിഞ്ഞ് തിരികെയെത്തുന്ന 1400 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ബ്രിവേയിൽ പങ്കെടുക്കാൻ പോകുകയാണ്. ജനുവരി 30 നാണ് ഇവന്റ് അവസാനിക്കുക. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് 1400 കിലോമീറ്റർ ബ്രിവേ സംഘടിപ്പിക്കപ്പെടുന്നത്. അതിൽ‌പ്പങ്കെടുക്കുന്ന നാല് മലയാളികളിൽ മൂന്ന് പേർ കൊച്ചിക്കാരും നാലാമൻ തൃശൂരുകാരൻ ലിജോ ജോയിയുമാണ്. 1000 കിലോമീറ്റർ ബ്രിവേ പൂർത്തിയാക്കിയിട്ടുള്ള ലിജോ രണ്ട് വട്ടം SR പദവിയും നേടിയിട്ടുണ്ട്.

26804838_10156143319296584_6625469917946572686_n

വടക്കേ ഇന്ത്യയും നേപ്പാളുമൊക്കെ തണുപ്പിന്റെ കമ്പളം പുതച്ച് കിടക്കുന്ന ഈ സമയത്ത് 1400 കിലോമീറ്റർ ദൂരം 108 മണിക്കൂറിനുള്ളിൽ താണ്ടുക എന്നത് കഠിനമായ ദൌത്യം തന്നെയാണ്. അപരിചിതമായ പാതകളും രാജ്യങ്ങളുടെ അതിർത്തികളിൽ നേരിടേണ്ടി വരുന്ന കടമ്പകളും എല്ലാം കൂടിച്ചേരുമ്പോൾ സാഹസികതയുടെ പറഞ്ഞറിയിക്കാനാവാത്ത ഒരു തലം കൂടെ ഈ ഇവന്റ് കൈവരിക്കുന്നുണ്ട്.

പക്ഷേ, ഈ നാൽ‌വർസംഘത്തിന് അതൊന്നും ഒരു വിലങ്ങുതടിയാകില്ലെന്ന് അവരുടെ ഇതുവരെയുള്ള ട്രാക്ക് റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു.  ജനുവരി 30 നാണ് റൈഡ് പൂർത്തിയാക്കേണ്ടത്. നിശ്ചിതസമയത്തിനും ഏറെ മുൻപ് തന്നെ റൈഡ് പൂർത്തിയാക്കി മലയാളികൾക്ക് അഭിമാനിക്കാൻ പോന്ന നേട്ടം കൈവരിക്കാൻ ഇവർക്ക് മൂന്നുപേർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

26904105_1691155787593856_3631149353905735434_n

                                       മെട്രോ വാർത്ത 23 ജനുവരി 2018

ഇതൊക്കെയാണെങ്കിലും സൈക്കിളിങ്ങിനെയോ സൈക്കിളിസ്റ്റുകളേയോ പ്രോത്സാഹിപ്പിക്കുന്ന കാര്യം വരുമ്പോൾ നമ്മൾ പിന്നോട്ടടിക്കുന്നതുപോലെയാണ് തോന്നിയിട്ടുണ്ട്. ഇന്നത്തെ മെട്രോ വാർത്തയിൽ വന്ന റിപ്പോർട്ടും പലപ്പോഴായി ചുരുക്കം ചില പത്രങ്ങളിലും വന്നിട്ടുള്ള വാർത്തകളും മാറ്റിനിർത്തിയാൽ, ഇന്ധനം കത്തിക്കാതെ മേദസ്സ് മാത്രം കത്തിക്കുന്ന ഇത്തരം സൈക്കിളിങ്ങ് ഇവന്റുകൾ ഇതിലേറെ വാർത്താപ്രാധാന്യം അർഹിക്കുന്നില്ലേ എന്ന ചോദ്യവും ബാക്കിയാണ്.

വാൽക്കഷണം:- കൊച്ചി പഴേ കൊച്ചിയല്ലെങ്കിൽ കൊച്ചീലെ സൈക്കിളുകളും പഴേ സൈക്കിളുകളല്ല.

ചിത്രങ്ങൾക്ക് കടപ്പാട്:- പറവൂർ ബൈക്കേർസ് ക്ലബ്ബ് & കൊച്ചിൻ ബൈക്കേർസ് ക്ലബ്ബ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>