ഇന്നലെ രാത്രി ശ്രീകൃഷ്ണ ധാബയുടെ ഉടമ വന്ന് ഭാഗിയുടെ ഉൾവശം കാണണം എന്ന് പറഞ്ഞു. അങ്ങേർക്ക് സംഭവം ഇക്ഷ പിടിച്ചു. എനിക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കണമെന്ന് ജീവനക്കാരെ ശട്ടം കെട്ടി.
എനിക്ക് ഏറെ സന്തോഷം തോന്നിയ മറ്റൊരു കാര്യം അവിടെ സംഭവിച്ചിട്ടുണ്ടായിരുന്നു. എന്റെ കഴിഞ്ഞ ഗോവ യാത്രയിൽ, മദ്യപിച്ച് ലക്ക് കെട്ടതിന് സൂരജ് എന്ന ജീവനക്കാരനെ, ധാബയുടെ ഉടമ പിരിച്ചു വിട്ട കാര്യം ഞാൻ എഴുതിയിരുന്നു. 3 മാസത്തിന് ശേഷം സൂരജിനെ ജോലിയിൽ തിരിച്ചെടുത്തു. ഇന്നലെ രാത്രി എനിക്ക് ഭക്ഷണം വിളമ്പിയത് സൂരജ് ആണ്. കഴിഞ്ഞ പ്രാവശ്യം അവസാനമായി ഞാൻ കാണുമ്പോൾ അവൻ കരഞ്ഞ് കലങ്ങിയാണ് നിന്നിരുന്നത്. ഇന്നവനെ ചിരിച്ച മുഖവുമായി വീണ്ടും കാണാൻ കഴിഞ്ഞു.
രാവിലെ അരമണിക്കൂറോളം നന്നായി മഴ പെയ്തു. ഗോവയിലെ കണ്ടോലിം ബീച്ചിൽ നിന്ന് പൻവേലിലേക്ക് 500 കിലോമീറ്റർ ദൂരമുണ്ട്. 11 മണിക്കൂർ ഡ്രൈവ് ഉണ്ടെന്നാണ് ഗൂഗിൾ കാണിച്ചത്. അത് അല്പം കടുത്ത ദൂരം ആണെന്ന്, മുൻപ് ഈ വഴിക്ക് വന്നിട്ടില്ലെങ്കിലും എനിക്കറിയാം. നല്ലൊരു ഭാഗം ഘാട്ട് റോഡുകൾ ആണെന്നത് തന്നെ കാരണം.
ഇടയ്ക്ക് കാഴ്ച്ചകൾ കാണാനും ഭക്ഷണം കഴിക്കാനും കൂടുതൽ സമയമെടുത്താൽ, ഇരുട്ടുന്നതിന് മുൻപ് പൻവേലിൽ എത്താൻ ആകില്ല. എന്നുവച്ച് കാഴ്ചകൾ ഒഴിവാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടുമില്ല. പൻവേലിൽ അല്ലെങ്കിൽ മറ്റൊരിടത്ത് പാതയോരത്ത് ഞാനും ഭാഗിയും ചുരുണ്ട് കൂടും. അത്രതന്നെ.
വിചാരിച്ചത് പോലെ ഘാട്ട് റോഡുകൾ മോശമായിരുന്നു. പലയിടത്തും പണികൾ നടക്കുന്നു. പണി പൂർത്തീകരിച്ച ഇടങ്ങളിൽ കോൺക്രീറ്റ് റോഡ് സമനിരപ്പല്ല. ഭാഗിയുടെ അടിയിൽനിന്ന് ചില അപസ്വരങ്ങൾ കേട്ടതിന് ശേഷം, വേഗത കുറച്ചാണ് പോന്നത്. ഭാഗിയുടെ കീഴെയുള്ള വാട്ടർ ടാങ്ക് റോഡിൽ ഇടിച്ചു പൊട്ടിയാൽ, അടുത്ത 6 മാസത്തെ പദ്ധതിയെല്ലാം തകിടം മറിയും.
ഉച്ച ഭക്ഷണത്തിന് നിർത്തിയപ്പോൾ 2 മണി കഴിഞ്ഞിരുന്നു. റസ്റ്റോറന്റിലെ ജീവനക്കാർ ഭാഗിയെ ശ്രദ്ധിച്ചിരുന്നു. ഭക്ഷണശേഷം അവർക്ക് ഭാഗിയുടെ ഉൾവശം കാണണമെന്ന് പറഞ്ഞു. ഭാഗിയുടേയും എന്റേയും ഒപ്പം അവർ പടങ്ങൾ എടുത്തു. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ചോദിച്ചു മനസ്സിലാക്കി ഫോളോ ചെയ്തു. എനിക്ക് യാത്രാമംഗളങ്ങൾ നേർന്നു.
ബാചാർപേട്ട് ഘാട്ട് റോഡിൽ ഗൂഗിൾ മാപ്പ് അപ്രതീക്ഷിതമായി ഒരു ഇടവഴിയിലേക്ക് നയിച്ചു. ഉള്ളിലേക്ക് കടന്നതും വഴി ചുരുങ്ങി. രണ്ട് കാറുകൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാൻ ബുദ്ധിമുട്ടുന്ന വീതി മാത്രമാണുള്ളത്. ഗോവയിൽ നിന്ന് പൻവേലിലേക്ക് ഇത്രയും ഇടുങ്ങിയ വഴിയിലൂടെ ഇക്കണ്ട കാറുകളും ലോറികളും ബസ്സുകളും സഞ്ചരിക്കുമെന്ന് എനിക്ക് തോന്നിയില്ല. ഒന്നുരണ്ട് ഹെയർപിന്നുകൾ വന്നത് കഠിന കഠോരം. എനിക്ക് വഴിതെറ്റിരിക്കുന്നു. തിരിച്ച് വളക്കാനുള്ള സൗകര്യവുമില്ല. മുന്നോട്ടുപോകുക തന്നെ. വരുന്നിടത്ത് വെച്ച് കാണാം.
പക്ഷേ ആ റൂട്ടിന്റെ ഭംഗി അവർണ്ണനീയം. കന്യാവനങ്ങൾ എന്ന് വേണമെങ്കിൽ പറയാം. വല്ലപ്പോഴും ഒരു ഓട്ടോയും സ്കൂട്ടറും മാത്രമാണ് എതിരെ വരുന്നത്. ആ കാട്ടുവഴിയിൽ ‘മുംബൈ’ എന്ന് ഒരു നാടൻ വഴികാട്ടി ബോർഡ് ശരിക്കും അത്ഭുതപ്പെടുത്തി. ആ ബോർഡ് ഇല്ലെങ്കിൽ ആ കാട്ടിൽ കുടുങ്ങിയത് തന്നെ. 8 കിലോമീറ്ററോളം സഞ്ചരിച്ച്, ആ വഴി ഹൈവേയിൽ ചെന്ന് കയറി. അതൊരു ഷോർട്ട് കട്ട് ആയിരുന്നു. എത്രയോ ദൂരവും സമയവും ഞാൻ ലാഭിച്ചിരിക്കുന്നു. അത്രയും ഭംഗിയുള്ള ഒരു റൂട്ടിൽ സഞ്ചരിക്കാനും കഴിഞ്ഞു.
ഖേട് എന്ന സ്ഥലത്ത് വാഹനം നിർത്തി താഴേക്കുള്ള കാഴ്ച്ച കാണാതെ പോകുന്നവർ ഉണ്ടെങ്കിൽ, ഒന്നുകിൽ അന്ധർ ആയിരിക്കും അല്ലെങ്കിൽ നല്ല ഒന്നാന്തരം അരസികർ. ആ കാഴ്ച്ചകൾ ആസ്വദിച്ച് തീരാൻ വൈകിയത് കൊണ്ട്, ഇരുട്ട് വീഴുന്നതിന് മുമ്പ് ഞാൻ പൻവേലിൽ എത്തില്ല എന്ന് ഉറപ്പായി. എത്ര നല്ല റോഡ് ആയാലും, ഈ യാത്രയിൽ രാത്രി വാഹനം ഓടിക്കില്ല എന്നതാണ് നിബന്ധന. ഇരുട്ട് വീഴാൻ പോകുന്നു. ഭാഗിക്ക് കിടക്കാനുള്ള സൗകര്യമുള്ള ഒരു ധാബയോ ഹോട്ടലോ ഞാൻ പരതിക്കൊണ്ടിരുന്നു.
പെട്ടെന്ന് Hotel Highway Palace എന്ന കെട്ടിടം കണ്ടു. നേരെ റിസപ്ഷനിൽ ചെന്ന് ഉടമസ്ഥൻ ആരാണെന്ന് തിരക്കി. എനിക്കിപ്പോൾ നാണം സങ്കോചം എന്നീ പ്രശ്നങ്ങളോ വികാരങ്ങളോ ഇല്ല.
“ഞാൻ ഈ വിധത്തിൽ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഒരാളാണ്. കുളിക്കാനുള്ള സൗകര്യം ചെയ്ത് തരണം.” ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നിർത്തും. അത് മിക്കവാറും ഫലിക്കാറുമുണ്ട്.
ഹോട്ടൽ ഹൈവേ പാലസിൻ്റെ ഉടമയോട് ഹിന്ദിയിലാണ് അത്രയും പറഞ്ഞത്.
” മലയാളം സംസാരിക്കില്ലേ?” എന്ന് എന്നോടുള്ള ചോദ്യം മലയാളത്തിൽ ആയിരുന്നു.
ഹോട്ടലുടമ മലയാളിയാണ്. കണ്ണൂർ, ചാല സ്വദേശി സുബൈർ. ആനന്ദ ലബ്ദ്ധിക്കിനി എന്തുവേണം.
എല്ലാം പെട്ടെന്ന് തീരുമാനമായി. കാസു എന്ന റെയിൽവേ സ്റ്റേഷൻ ആണ് ഹോട്ടലിന് എതിർവശം. കാർപാളെ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. തൊട്ടടുത്ത സ്റ്റേഷൻ്റെ പേര് പെൻ.
ഞാൻ സുബൈറിന്റെ മുറിയിൽ ചെന്ന് കുളിച്ച് വസ്ത്രം കഴുകി, ഭാഗിയുടെ മടക്ക് കസേര നീർത്തിയിട്ട്, ഹൈവേയിലൂടെ പായുന്ന വാഹനങ്ങളെ നോക്കി, ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുന്നു.
വൈകിട്ട് ആറര മണി കഴിഞ്ഞപ്പോൾ ഒരു ചായയും വടാപ്പാവും കഴിച്ചിരുന്നു. ഇന്ന് രാത്രി മറ്റൊരു ഭക്ഷണം ഇല്ല.
ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ, പറഞ്ഞ് പഴകിയ ആ വാചകം നമ്മൾ വീണ്ടും വീണ്ടും പറയാറില്ലേ? “അതിതീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ നമുക്ക് വേണ്ടി ഗൂഢാലോചന ചെയ്യും” എന്ന ആൽക്കെമിസ്റ്റ് വചനം. എന്റെ ഈ യാത്രയുടെ കാര്യത്തിൽ അത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഇന്നും അത് തന്നെയാണ് സംഭവിച്ചത്.
ഇന്ന് ലക്ഷ്യസ്ഥാനത്തിന് ഒരു മണിക്കൂർ മുന്നേ യാത്ര അവസാനിപ്പിച്ചത് കൊണ്ട്, നാളെ ഒരു മണിക്കൂർ നേരത്തെ യാത്ര തുടങ്ങും. സൂറത്ത് ആണ് നാളെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രാജസ്ഥാൻ യാത്രയിൽ, സൂറത്തിൽ തങ്ങിയ അതേയിടത്ത് തന്നെ നാളെയും തങ്ങാനുള്ള ഏർപ്പാടാക്കിയിട്ടുണ്ട്.
ശുഭരാത്രി.