പരമാവധി 7 അല്ലെങ്കിൽ 10 വർഷമല്ലേ ആയിക്കാണൂ, സൂപ്പർമാർക്കറ്റുകളിലും കോർപ്പറേറ്റ് കടകളിലും ചെന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അവർ നമ്മുടെ മൊബൈൽ നമ്പർ ചോദിക്കാൻ തുടങ്ങിയിട്ട് ?
തുടക്കം മുതൽക്കേ ഫോൺ നമ്പർ തരാൻ പറ്റില്ല എന്ന് പറയുന്ന കൂട്ടത്തിലായിരുന്നു ഞാൻ. പലചരക്ക് വാങ്ങാനോ തുണിത്തരങ്ങൾ വാങ്ങാനോ ചെല്ലുമ്പോൾ അവർ നമ്പർ ആവശ്യപ്പെട്ടാൽ, മുൻപിലും പുറകിലും അടുത്ത ക്യൂവിലും നിൽക്കുന്നവർക്ക് എല്ലാവർക്കും കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ നമ്പർ വിളിച്ചുപറയുന്നവരുടെ കൂട്ടത്തിൽ സ്ത്രീകളേയും ധാരാളമായി കണ്ടിട്ടുണ്ട്. നിങ്ങൾ (സ്ത്രീകളോടാണ്) അക്കൂട്ടത്തിൽ പെടുന്ന ഒരാളാണെങ്കിൽ ഒരാവശ്യവുമില്ലാതെ ഒരപകടമോ സ്വര്യക്കേടോ വിളിച്ചുവരുത്തുകയാണ്. സൂക്ഷിക്കുക!! ആ പരിസരത്തു നിന്ന് നമ്പർ കേൾക്കുന്ന ഒരാളോ ആ കടയിൽ ബില്ലടിച്ച ആളോ നിങ്ങൾക്കൊരു ശല്ല്യക്കാരനായി മാറാം. നിങ്ങളുടെ നമ്പർ ആ കടക്കാരൻ പ്രമോഷൻ മെസ്സേജുകൾ അയക്കാനായി ഉപയോഗിക്കുമെന്നത് മൂന്നരത്തരം. അതിന് വേണ്ടിയാണ് അവരത് ചോദിക്കുന്നത് തന്നെ. അതുക്കും മേലുള്ള തൊന്തരവുകൾ എന്തിന് സഹായിക്കണം ?
നിങ്ങളുടെ ഫോൺ അത്തരം പ്രമോഷണൽ മെസ്സേജുകളെക്കൊണ്ട് അല്ലാതെ തന്നെ പൊറുതിമുട്ടി ഇരിക്കുകയാവുമല്ലോ. (DND ചെയ്തിട്ട് ഒരു കാര്യവുമില്ല എന്നാണെന്റെ അനുഭവം) നിലവിലുള്ളത് കൂടാതെ, വർഷത്തിൽ കുറഞ്ഞത് 10 മെസ്സേജ് വീതം ഓരോ പ്രാവശ്യവും നിങ്ങൾ നമ്പർ ഇക്കൂട്ടർക്ക് കൊടുക്കുമ്പോൾ കൂടിക്കൊണ്ടിരിക്കും. ഇതിനൊക്കെ പുറമേ ഇക്കൂട്ടർ പലപല ടെലിമാർക്കറ്റിങ്ങ് ടീമുകൾക്ക് നിങ്ങളുടെ നമ്പർ വിറ്റ് കാശുണ്ടാക്കുന്നുമുണ്ട്. ജീവിതത്തിൽ മറ്റൊരു പ്രശ്നവും ഇല്ലാത്തവരായതുകൊണ്ടാണോ പുറത്തു നിന്ന് ഇത്രയും പ്രശ്നങ്ങളെ നിങ്ങളായിട്ട് വിളിച്ചുവരുത്തി സൽക്കരിക്കുന്നത് ? അങ്ങനെയാണെങ്കിൽ കുഴപ്പമില്ല.
നമ്പർ കിട്ടേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. നമ്മുടെ വിഷയമേയല്ല. താമസിക്കാൻ ഹോട്ടൽ മുറി എടുത്താൽ അഡ്രസ്സടക്കമുള്ള കാര്യങ്ങൾ പ്രൂഫടക്കം നൽകണമെന്നത് നിയമമാണ്. അല്ലെങ്കിൽ മുറികിട്ടില്ല. പലചരക്കും തുണിത്തരങ്ങളും മറ്റും വാങ്ങാൻ നമ്പറോ അഡ്രസ്സോ നൽകണമെന്ന് ഒരു നിയമവും ഈ രാജ്യത്തില്ല. ആയതിനാൽ ഏത് കടക്കാരൻ നമ്പർ ചോദിച്ചാലും ‘സോറി നമ്പർ തരാൻ പറ്റില്ല’ എന്ന് അറുത്ത് മുറിച്ച് പറഞ്ഞേക്കണം. അതുകാരണം അവർ സാധനങ്ങൾ തരുന്നില്ലെങ്കിൽ ആ സാധനങ്ങൾ ആ കടയിൽ നിന്ന് വേണ്ടെന്ന് വെക്കാനുള്ള ആർജ്ജവമുണ്ടാകണം. അതിന്റെ ഫലം അധികം വൈകാതെ നിങ്ങളാസ്വദിക്കാൻ തുടങ്ങും. തീർച്ച.
ഇത്രയും പറയാൻ കാരണം പലപ്പോഴായി ഈ പ്രശ്നം നേരിട്ടിട്ടുണ്ടെങ്കിലും ഇന്നത് മൂർദ്ധന്യത്തിൽ എത്തിയതിനാലാണ്. More എന്ന് സൂപ്പർമാർക്കറ്റിൽ ആണ് ഏറ്റവും കൂടുതൽ ഈ തലവേദന എനിക്കുണ്ടായിട്ടുള്ളത്. പിന്നെപ്പിന്നെ അവരെ ഞാനങ്ങ് ഒഴിവാക്കാൻ തുടങ്ങി. യാതൊരു നിവൃത്തിയും ഇല്ലെങ്കിൽ കയറും, എന്നാലും നമ്പർ കൊടുക്കില്ല. നമ്പർ ഇല്ലെങ്കിലും അവര് അഡ്ജസ്റ്റ് ചെയ്യാറുണ്ട്.
ഇന്ന് രാവിലെ ഒരു യാത്ര പുറപ്പെട്ട് വൈകീട്ട് ബാംഗ്ലൂരിൽ നിന്ന് 150 കിലോമീറ്റർ മാറി കർണ്ണാടകയിലെ മറ്റൊരു പട്ടണത്തിലാണ് ചേക്കേറിയിരിക്കുന്നത്. അത്താഴം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലൂടെയും കാഴ്ച്ചകളിലൂടെയും ഊളിയിട്ടപ്പോൾ Max ഷോറൂം കണ്ടു. കുറച്ച് ദിവസമായി വാങ്ങണമെന്ന് കരുതിയിരുന്ന ഒന്നുരണ്ട് ഐറ്റംസ് അവിടുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ട് അങ്ങോട്ട് കയറി.
ബില്ലിങ്ങ് തുടങ്ങിയപ്പോൾ അവർ നമ്പർ ചോദിച്ചു. സ്വിച്ചിട്ടത് പോലെ, നമ്പർ തരില്ലെന്ന് പറഞ്ഞു. ഞാനെന്റെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്. കൗണ്ടറിൽ അനക്കമൊന്നും ഇല്ലെന്ന് മനസ്സിലായത് തലപൊക്കി നോക്കിയപ്പോൾ മാത്രമാണ്. ‘ഫോൺ നമ്പർ അടിച്ച് കേറ്റാതെ സിസ്റ്റം മുന്നോട്ട് നീങ്ങില്ല സാർ’ എന്ന് കൗണ്ടറിലെ പയ്യൻസ്. ‘താങ്കളുടെ നമ്പർ അടിച്ച് കേറ്റി സിസ്റ്റം മുന്നോട്ട് നീക്കിക്കോളൂ’ എന്ന് ഞാനും. അയാൾ അപ്പോഴേക്കും അടുത്ത കൗണ്ടറിലെ പയ്യനുമായി ചർച്ച തുടങ്ങി. രണ്ടാളും ഒരേ സ്വരത്തിൽ നമ്പറിന് വേണ്ടി കടുംപിടുത്തം. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ചെറിയ തോതിൽ ഞാൻ വിശദീകരിച്ചിട്ടും ചെറുക്കന്മാർ വഴങ്ങുന്നില്ല. എന്നാൽ ശരി, ‘ഈ കച്ചോടത്തിൽ നിന്ന് മിഡിൽ സ്ക്കൂട്ട് ചെയ്യുന്നു’ എന്ന് പറഞ്ഞ് ഞാനിറങ്ങി നടന്നു. എനിക്ക് ₹2600 ലാഭം. ഇവനേത് നാട്ടുകാനാണ് ഊവ്വേ എന്നമട്ടിൽ തൊട്ടടുത്ത ക്യൂവിൽ നിന്നവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടല്ലേ എന്നമട്ടിൽ മാതാപിതാക്കൾക്ക് ഒപ്പം നിന്നിരുന്ന ചില കൗമാരക്കാർ അത്ഭുതം കൂറിയതാണ് ഇതിലെ പ്ലസ് പോയന്റ്. കാർന്നോമ്മാർക്ക് പുച്ഛമായിരുന്നെങ്കിലും പിള്ളേരത് ശരിയായ രീതിയിൽ ഏറ്റെടുത്തോളും. അവര് പൊളിക്കും.
കൊടുക്കാതിരുന്നിട്ടും നമ്മുടെ നമ്പർ പല കച്ചവടക്കാരുടേയും ബാങ്കുകളുടേയും പക്കലുണ്ട്. ക്രെഡിറ്റ് കാർഡ് വേണോ എന്ന് ചോദിച്ച് രണ്ട് വിളിച്ചാണ് ഇന്നലെ മാത്രം HDFC ബാങ്കിൽ നിന്ന് വന്നത്. എൻ്റെ നമ്പർ നിങ്ങൾക്കെവിടന്ന് കിട്ടി എന്ന് ചോദിച്ചാൽ, അത് ഞങ്ങളുടെ ഓഫീസ് ഡാറ്റാബേസിലുണ്ട് എന്ന് അഭിമാനത്തോടെയും ഗർവ്വോടെയുമായിരുന്നു ആദ്യകാലങ്ങളിൽ കോൾസെന്റർ പിള്ളേരുടെ മറുപടി. ഈയിടെയായി ആ സമീപനത്തിന് ഇടിവ് വന്നിട്ടുണ്ട്. പലരുടെ അടുത്തുനിന്ന് ചീത്ത കേട്ട് കേട്ട് പതം വന്നു കാണും. മേലാൽ എന്നെ വിളിച്ചാൽ എൻ്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നതിന് കോടതി കയറ്റും എന്ന് പറയലും മറുവശത്തുനിന്ന് പീ… പീ… പീ.
ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഏത് മാർഗ്ഗമുപയോഗിച്ച് ഇക്കൂട്ടരെ അകറ്റിനിർത്താമെന്ന്. എനിക്കറിയുന്ന വിദ്യകളൊക്കെ വിശദമാക്കിക്കഴിഞ്ഞു. മറ്റേതെങ്കിലും വിദ്യകൾ കൈവശമുണ്ടെങ്കിൽ എന്നോട് പങ്കുവെക്കുകയുമാവാം.
ഇങ്ങനെ എല്ലാവരും നോ പറഞ്ഞ് പറഞ്ഞ് ഇവന്മാരുടെ ഡാറ്റാബേസ് ചൊക്കിലടിച്ച് ചാകുന്ന കിനാശ്ശേരിയാണ് ഞാൻ കാണുന്ന സ്വപ്നം.
വാൽക്കഷണം:- മോണോപ്പോളി കച്ചവടക്കാരുടെ അടുത്ത് ഈ നമ്പർ വിലപ്പോകില്ല. ഉദാഹരണത്തിന് KSEB (ഉദാ മാത്രമാണ്. അതിൽപ്പിടിച്ച് തൂങ്ങണ്ട) അങ്ങനെയുള്ളവർക്ക് വഴങ്ങിയേ പറ്റൂ. കൗപീനവും മേൽമുണ്ടും സാമ്പാറിനുള്ള കഷണവുമൊക്കെ ഒരിടത്ത് ബഹിഷ്ക്കരിച്ചാലും വേറെ പത്തിടത് കിട്ടും.