സി-വിജിൽ പ്രയോജനപ്പെടുത്തുക


ലോൿസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലയ്ക്ക് ഇനിയങ്ങോട്ട് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വന്നെങ്കിലും അതെല്ലാം പുല്ലുപോലെ ലംഘിക്കപ്പെടാനുള്ള സാദ്ധ്യതകളാണ് തെളിഞ്ഞ് കാണുന്നത്.

ഫ്ലക്സ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയും ഇലക്ഷൻ കമ്മീഷനും ഒരേ നിലപാട് സ്വീകരിച്ച് കഴിഞ്ഞെങ്കിലും അതെല്ലാം എത്രത്തോളം നടപ്പിലാക്കപ്പെടുമെന്ന് കണ്ടറിയണം. നല്ലൊരു ശതമാനം തിരഞ്ഞെടുപ്പ് പരസ്യങ്ങൾ ചുമരെഴുത്തിലേക്കും തുണിയിലുള്ള പ്രിന്റിങ്ങിലേക്കും തിരിയുന്നെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഇക്കണ്ട ഫ്ലക്സ് കമ്പനിക്കാർ എന്തെങ്കിലുമൊക്കെ ഉടായിപ്പുകളുമായി വരുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

മതപരമായ കാര്യങ്ങൾ പരാമർശിച്ചുകൊണ്ടുള്ള പ്രചരണങ്ങൾ പാടില്ലെന്ന് വിലക്കുകയും ആയതിനാൽ ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകരുതെന്ന് എടുത്ത് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ആ നിരോധനം ലംഘിക്കുമെന്ന് ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരാൾ ലംഘിച്ചാൽ‌പ്പിന്നെ ‘ദേ അവര് ലംഘിച്ചല്ലോ അപ്പോൾപ്പിന്നെ ഞങ്ങൾക്കും ലംഘിക്കാമല്ലോ‘ എന്ന നിലയ്ക്കാണല്ലോ പ്രബുദ്ധരായ നമ്മുടെ പാർട്ടിക്കാരെല്ലാം ഇക്കാലമത്രയും നിയമങ്ങൾ അനുശാസിച്ചുകൊണ്ടിരിക്കുന്നത് !

20190312_083910

എന്തായാലും നവസങ്കേതങ്ങൾ ഉപയോഗിച്ച് ഇത്തരം നിയമലംഘനങ്ങളേയും ചട്ടലംഘനങ്ങളേയും പിടികൂടാനുള്ള ശ്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തിക്കഴിഞ്ഞു. അതിന്റെ ഭാഗമായാണ് സി-വിജിൽ (cVIGIL) എന്ന ആൻഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ ഉള്ളവർക്കെല്ലം നിഷ്പ്രയാസം ഇത് ഡൌൺലോഡ് ചെയ്യാം. നിയമലംഘങ്ങൾ ഫോട്ടോകളായോ രണ്ട് മിനിറ്റ് വീഡിയോകളായോ അയച്ച് കൊടുക്കാം. 100 മിനിറ്റിനുള്ളിൽ നടപടിയുണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്ത് വേണം പടമെടുക്കാൻ. ജി.പി.എസ്.ട്രാക്ക് ചെയ്ത് ഫോട്ടോയുടെ ലൊക്കേഷൻ കണ്ടുപിടിച്ചാകും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുക. ഈ സൌകര്യം വോട്ടർമാർ കൃത്യമായി ഉപയോഗിക്കുക തന്നെ വേണം. തിരഞ്ഞെടുപ്പ് കാലത്തെങ്കിലും പാർട്ടിക്കാരും അവരുടെ അണികളും നടത്തുന്ന തോന്ന്യാസങ്ങൾക്കും തെമ്മാടിത്തരങ്ങൾക്കും ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും കടിഞ്ഞാണിടാൻ സമ്മതിദായകർക്ക് കഴിയണം.

Screenshot_20190312-075505

എറണാകുളം നഗരത്തിലെ ഒരു പ്രത്യേക കാര്യം ഈ അവസരത്തിൽ എടുത്ത് പറയണമെന്ന് ആഗ്രഹിക്കുന്നു. നഗരത്തിലെ റോഡുകൾ, പ്രത്യേകിച്ച് മെട്രോ പോകുന്ന വഴിക്കുന്ന റോഡുകൾ മോടി പിടിപ്പിക്കുകയും നടപ്പാതകൾ ഉണ്ടാക്കുകയും അതിനിടയ്ക്ക് സ്ഥിരമായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടല്ലോ ? ഈ ബാരിക്കേഡുകളിൽ പാർട്ടിക്കാരുടെ കൊടികളുടെ ബാഹുല്യം കാരണം റോഡിലും നടക്കാൻ പറ്റുന്നില്ല നടപ്പാതയിലും നടക്കാൻ പറ്റുന്നില്ല എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഏതെങ്കിലും ഒരു പാർട്ടിയുടെ ജാഥയോ സമ്മേളനമോ വരുമ്പോൾ ഇതൊരു സ്ഥിരം ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഈ ബാരിക്കേഡുകൾ കൊടികളെക്കൊണ്ട് നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ വിഷയത്തിൽ മുൻപ് ഞാൻ എഴുതിയത് ഇവിടെ വായിക്കാം.

ചങ്ങമ്പുഴ പാർക്ക് മുതൽ ഇടപ്പള്ളി വരെ KMRL നട്ട് വളർത്തുന്ന തണൽമരങ്ങൾ മുറിച്ച് കളഞ്ഞിരിക്കുന്നതായി ഇന്ന് പത്രവാർത്തയുണ്ട്. പാർട്ടിക്കാർ സ്ഥാപിക്കാൻ പോകുന്ന കൊടികൾ മറക്കപ്പെടാതിരിക്കാൻ ആയിരിക്കണം രണ്ട് വർഷത്തോളം വളർച്ചയുള്ള ആ മരത്തൈകൾ മുറിച്ച് കളഞ്ഞതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  ഊഹം മാത്രമാണ്. മറ്റൊരു കാരണവും ആ മരങ്ങൾ നശിപ്പിച്ചതിന് പിന്നിലുണ്ടെങ്കിൽ ചിന്തിക്കാനാവുന്നില്ല. വരും ദിവസങ്ങളിൽ അവിടെയെല്ലാം കൊടികളും പരസ്യപ്പലകകളും ഉയർന്ന് വരുന്നതോടെ ഇക്കാര്യം ഉറപ്പിച്ച് പറയാനാകും. അതെന്തായാലും, അത്രയും മരങ്ങൾ നശിപ്പിച്ചവരെ ഏതെങ്കിലുമൊക്കെ സി.സി.ടീവി ക്യാമറകളിൽ നിന്ന് കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. അവരെ കണ്ടുപിടിച്ച് തക്കതായ ശിക്ഷ നൽകുക തന്നെ വേണം.

zz

തിരഞ്ഞെടുപ്പ് കാലത്ത് നടപ്പാതകളിലെ ഈ ബാരിക്കേഡുകളിൽ പാർട്ടിക്കൊടികൾ നാട്ടുന്നുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്തിരിക്കണം. തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ ചട്ടലംഘനങ്ങളും റിപ്പോർട്ട് ചെയ്തിരിക്കണം. അതിനായി ഞാൻ സി-വിജിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. പൊതുജനം എല്ലാവരും ഈ സൌകര്യം പ്രയോജനപ്പെടുത്തുക തന്നെ വേണം. ഒന്നുമില്ലെങ്കിലും ചട്ടലംഘനം നടത്തിയവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം എന്ത് നടപടി സ്വീകരിച്ചു എന്നൊരു ഓഡിറ്റിങ്ങ് നമുക്ക് നടത്താനെങ്കിലും ഈ സൌകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുക തന്നെ വേണം.

വാൽക്കഷണം:-  ഇടയ്ക്കിടയ്ക്ക് കേട്ട് നാം കോരിത്തരിക്കുന്ന ജനാധിപത്യം എന്ന ആ സാധനം തിരഞ്ഞെടുപ്പ് കാലങ്ങളിലെങ്കിലും ഇക്കൂട്ടരെക്കൊണ്ട് നടപ്പിലാക്കിക്കാൻ ജനത്തിന് കഴിയണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ‌പ്പിന്നെ സ്വേച്ഛാധിപതികളെക്കാളും കേമമായിട്ടാണല്ലോ നേതാക്കന്മാരുടെ രീതികൾ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>