Monthly Archives: March 2008

kani-konna

കണിക്കൊന്ന


ടക്കേത്തൊടിയിലെ കൊന്നമരത്തില്‍ നിറയെ കണിക്കൊന്ന പിടിച്ചുകിടക്കാറുണ്ടായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇപ്പോള്‍ പേരിന് നാലോ അഞ്ചോ കുലയില്‍ മാത്രമായി ഒതുങ്ങുന്നു പൂക്കള്‍. കാലാവസ്ഥയിലും, പ്രകൃതിയിലും, മനുഷ്യരാശിയിലും ഉണ്ടായ മാറ്റം തന്നെയാകാം കാരണം , അല്ലേ ?

കൊന്ന പൂത്തുലഞ്ഞു നിന്നിരുന്ന കാലത്ത് ഒരു ക്യാമറ കയ്യിലുണ്ടായിരുന്നില്ല. ക്യാമറ കയ്യില്‍ വന്നപ്പോഴേക്കും കൊന്നപ്പൂക്കള്‍ പേരിനുമാത്രമായി. എന്തായാലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇപ്പോഴും കൊന്ന പൂക്കുന്നുണ്ടെന്നതു തന്നെ സന്തോഷത്തിന് വക തരുന്നു.

തീരെ സമൃദ്ധിയില്ലെങ്കിലും എനിക്കെന്റെ വീട്ടുവളപ്പിലെ കണിക്കൊന്ന ഒന്നൊന്നര കണി തന്നെ. എട്ടുമാസത്തിനുശേഷം രണ്ടാഴ്ച്ചമുന്‍പ് നാട്ടിലൊന്ന് പോയപ്പോള്‍, വടക്കേപ്പറമ്പിലെ ആ പൂക്കളുടെ കുറച്ച് പടങ്ങളെടുക്കാന്‍ സാധിച്ചു. മഞ്ഞനിറം കുറവാണെങ്കിലും,അതിലൊരു കുല പൂക്കളിതാ……

മേടപ്പുലരിയില്‍ പൂത്തുനില്‍ക്കുന്ന
കണിക്കൊന്ന പോലെ മനോഹരവും,
സന്തോഷപ്രദവും,നന്മ നിറഞ്ഞതും,
ഐശ്വര്യം നിറഞ്ഞതുമായ വിഷുദിനാശംസകള്‍,
എല്ലാവര്‍ക്കും മുന്‍‌കൂറായിട്ടുതന്നെ നേരുന്നു.