Monthly Archives: April 2016

A പ്ലസ്സും ഫ്ലക്സും


aaaത്താം ക്ലാസ്സിന്റേയോ പന്ത്രണ്ടാം ക്ലാസ്സിന്റേയോ പരീക്ഷാഫലം വരുമെന്നായാൽ, വഴിയരുകിൽ നിലവിലുള്ളതിനുപരി ആയിരക്കണക്കിന് ഫ്ലക്സ് ബോർഡുകളെക്കൂടെ അധികം നേരിടേണ്ടി വരുമല്ലോ എന്ന ആശങ്കയാണ് കുറച്ച് വർഷങ്ങളായിട്ട്. അതിശയോക്തി കലർത്തി പറഞ്ഞതല്ല. ഫ്ലക്സ് ബോർഡുകളെ നിരത്തിൽ ശരിക്കും നേരിടുക തന്നെയാണ്. വൈദ്യുത പോസ്റ്റുകളിലും ടെലിഫോൺ പോസ്റ്റുകളിലും പോരാഞ്ഞിട്ട് വഴിയോരത്തെ മരങ്ങളിൽ വരെ തൂങ്ങിയാടുന്ന ഫ്ലക്സ് ബോർഡുകൾ കേരളമെന്ന മനോഹരമായ സംസ്ഥാനത്തിന്റെ കാഴ്ച്ചകൾ മറച്ച് മനുഷ്യനും പ്രകൃതിക്കും ബുദ്ധിമുട്ടും അപകടങ്ങളും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കടന്നിരിക്കുന്നു.

ഒരു ഫ്ലക്സ് ബോർഡിലെങ്കിലും തലയിടിക്കാതെ നൂറ് മീറ്റർ തികച്ച് നടക്കാൻ പറ്റില്ലെന്നായിരിക്കുന്നു. കേരളത്തിലെ റോഡുകളിൽ നടപ്പാത എന്നൊന്ന് കൃത്യമായി എല്ലായിടത്തും ഇല്ല. ഉണ്ടെങ്കിൽത്തന്നെ അത് വഴിയോര കച്ചവടക്കാർ കൈയ്യേറിയിരിക്കുകയാണ്. അതിനിടയ്ക്കുള്ള കമ്പിക്കാലുകളിൽ കെട്ടിനിർത്തിയിട്ടുള്ള ഫ്ലക്സുകൾ പലതും കാൽനടക്കാരുടെ തലയ്ക്കിടിക്കുന്ന വിധമാണ് നിലകൊള്ളുന്നത്.

14

പണ്ട് പത്താം തരം പരീക്ഷകൾ റാങ്കിങ്ങ് സിസ്റ്റത്തിൽ നടന്നുപോന്നിരുന്ന കാലത്ത് ഫ്ലക്സ് ബോർഡ് സമ്പ്രദായം വന്നുതുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്ന് ഫ്ലക്സ് ബോർഡ് ഉണ്ടായിരുന്നെങ്കിൽത്തന്നെ ആദ്യത്തെ 10 അല്ലെങ്കിൽ 15 റാങ്കുകാരുടെ ഫ്ലക്സുകൾ മാത്രമേ മൊത്തം കേരളത്തിൽ നിരക്കുമായിരുന്നുള്ളൂ. ഇന്നതല്ല സ്ഥിതി. റാങ്കിങ്ങ് മാറി ഗ്രേഡിങ്ങ് ആയതോടെ എല്ലാ സ്ക്കൂളുകളിലുമുണ്ട് ഏറ്റവും കുറഞ്ഞത് പത്ത് A പ്ലസ്സുകാർ. അങ്ങനെ എത്രയോ സ്ക്കൂളുകളാണ് കേരളമൊട്ടാകെ. എല്ലാവരുടേയും പേരിൽ 25 ഫ്ലക്സ് ബോർഡുകൾ വീതം നിരന്നാലുള്ള അവസ്ഥയെന്താകുമെന്ന് ഈ കുട്ടികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരും അവർക്ക് വേണ്ടി ഫ്ലക്സ് വെക്കുന്ന അഭ്യുദയകാംക്ഷികളും ആലോചിച്ചിട്ടുണ്ടോ ? പത്താം ക്ലാസ്സ് കഴിയുമ്പോഴേക്കും റോക്കറ്റ് സയൻസ് വരെ പഠിച്ചു കഴിയുന്ന നിങ്ങളോട് ഫ്ലക്സ് മൂ‍ലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒട്ടും തന്നെ വിശദീകരിച്ച് തരേണ്ടതില്ലല്ലോ.

‘ഒരു വിഷയത്തിനൊഴികെ എല്ലാത്തിനും A പ്ലസ്സ് കിട്ടിയ ഞങ്ങളുടെ സീനുമോൾക്ക് അഭിനന്ദനങ്ങൾ‘ എന്നുവരെ ഫ്ലക്സ് ബോർഡ് കാണാനിടയായിട്ടുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ ഈ A പ്ലസ്സുകാരല്ലേ ഫ്ലക്സ് വീണ് മലിനമാകുന്ന പ്രകൃതിയുടെ ദുരവസ്ഥയെപ്പറ്റി കൂടുതൽ മനസ്സിലാക്കേണ്ടതും അങ്ങനൊന്ന് ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കേണ്ടതും ?

12

കേരളത്തിലിപ്പോൾ പതിനാലാം നിയമസഭ തിരഞ്ഞെടുപ്പ് കാലമാണ്. കാലാകാലങ്ങളായി വഴിയിൽ നിരന്നിട്ടുള്ള ഫ്ലക്സ് ബോർഡുകൾ അതിന്റെ ഉദ്ദേശലക്ഷ്യം കണ്ടതിനുശേഷം നീക്കം ചെയ്യപ്പെട്ടിട്ടില്ല. അതിന് പുറമെയാണ് പിന്നീട് വന്ന ഫ്ലക്സുകളും തിരഞ്ഞെടുപ്പിന്റെ കോലാഹലമായി കൈയ്യും കണക്കുമില്ലാത്ത ഫ്ലക്സുകളും. ഒരു കവലയിൽ‌പ്പോയി നിന്നാൽ അപ്പുറത്ത് നിന്ന് വാഹനങ്ങൾ കടന്നുവരുന്നുണ്ടോ, സിഗ്നൽ ഓണായോ ഓഫായോ എന്നൊക്കെ മനസ്സിലാക്കാൻ പോലും പറ്റാത്തവിധം ഫ്ലക്സ് ബോർഡുകൾ കൊണ്ട് കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഫ്ലക്സിന് നിയന്ത്രണം വരാൻ പോകുന്നു, വഴിയരുകിലുള്ള അനധികൃത പരസ്യപ്പലകകൾ നീക്കാൻ പോകുന്നു എന്നിങ്ങനെ പലപല വാർത്തകളും കേട്ടിരുന്നെങ്കിലും ഈ ദുരിതത്തിനെതിരെ കാര്യക്ഷമമായി നടപടിയൊന്നും ഉണ്ടായി കണ്ടിട്ടില്ല ഇതുവരെ.

പാർട്ടിക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഫ്ലക്സ് ബോർഡുകൾ എന്നതിനാൽ അവരുടെ ഫ്ലക്സുകൾ നീക്കം ചെയ്യാൻ അധികാരികൾ മുതിരുന്നില്ല, ധൈര്യപ്പെടുന്നുമില്ല. ഇതിനിടയിലേക്കാണ് A പ്ലസ്സുകാരുടെ ഫ്ലക്സുകൾ കൂടെ വന്ന് നിറയുന്നത്. പത്താം ക്ലാസ്സിന്റെ കഴിയുമ്പോഴേക്കും പന്ത്രണ്ടാം ക്ലാസ്സിന്റെ ഫ്ലക്സുകൾ വരും.  ഇതിൽ നിന്നൊരു മോചനം വേണ്ടേ ?

13

നിങ്ങൾ ഓരോരുത്തരും A പ്ലസ്സ് എന്ന ഉന്നതവിജയം വാങ്ങിയതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്. പക്ഷേ, അതിന്റെ പേരിൽ പൊതുജനത്തിനും പ്രകൃതിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഫ്ലക്സ് സമ്പ്രദായത്തിൽ നിങ്ങൾ അഭിരമിക്കുന്നുണ്ടെങ്കിൽ, ഫ്ലക്സ് വെക്കണമെന്ന് നിങ്ങളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും വാശിപിടിക്കുന്നുണ്ടെങ്കിൽ വഴിയോരത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന നിങ്ങളുടെ ഫ്ലക്സ് മുഖങ്ങൾ ഞങ്ങളെ അൽ‌പ്പം പോലും സന്തോഷിപ്പിക്കുന്നില്ല. ദിനം‌പ്രതി ദുരിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടവരാണ് നിങ്ങൾ A പ്ലസ്സുകാർ. നിങ്ങൾക്കതിനാവുന്നില്ലെങ്കിൽ പിന്നെ A പ്ലസ്സ് കിട്ടാത്തവരോട് പറഞ്ഞിട്ടെന്ത് കാര്യം?

78
              പോസ്റ്റർ :- ഷാജി ടി.യു.

ഇപ്പോൾ A പ്ലസ്സ് എന്ന ഉന്നത വിജയം കരസ്ഥമാക്കുകയും ഭാവിയിൽ കരസ്ഥമാക്കാൻ പോകുകയും ചെയ്യുന്ന നിങ്ങൾ ഓരോരുത്തരോടും, ചുരുക്കത്തിൽ പറയാനുള്ളത് ഇതാണ്. ‘എന്റെ ഫ്ലക്സ് അടിച്ച് റോഡിൽ വെക്കില്ല എന്ന് ഉറപ്പ് തരാമെങ്കിൽ, ഞാൻ എല്ലാ വിഷയങ്ങൾക്കും A പ്ലസ്സ് വാങ്ങിക്കോളാം‘ എന്ന് അദ്ധ്യാപകരോടും മാതാപിതാക്കളോടും ബന്ധുക്കളോടും പറയാനുള്ള ആർജ്ജവം നിങ്ങൾ കാണിക്കണം. അപ്പോഴാണ് നിങ്ങൾ യഥാർത്ഥ A പ്ലസ്സുകാർ ആകുന്നത്.

——————————————————————-
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.

1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.
6. മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ
7. തെരുവ് നായ്ക്കളും മാലിന്യവും
8. മൂലകാരണം മാലിന്യം