യുദ്ധം ഉണ്ടാകാതിരിക്കട്ടെ


22
രാജ്യം ഒരു യുദ്ധത്തിന്റെ വക്കിലേക്ക് എത്തിയിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാൻ.

പഹൽഗാം തീവ്രവാദി ആക്രമണത്തിന്, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയിലൂടെ, പാക്കിസ്ഥാന് ഇന്ന് രാവിലെ ഇന്ത്യ മറുപടി കൊടുത്ത് കഴിഞ്ഞു.

ഇനി തീവ്രവാദികളെ മാറ്റിനിർത്തി പാക്കിസ്ഥാന് തന്നെ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടാം. വിവരം കെട്ട ശത്രുക്കൾ, അരുതാത്ത ആയുധങ്ങൾ എന്തെങ്കിലും പ്രയോഗിച്ചാൽ ലോകത്തിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആകും.

യുദ്ധം ഉണ്ടാകാതിരിക്കട്ടെ എന്ന് തന്നെ ആഗ്രഹിക്കുന്നു. വലിയ യുദ്ധക്കെടുതികൾ ഒന്നും നമ്മൾ തെക്കേ ഇന്ത്യക്കാർക്ക് ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ ഇനിയുള്ള കാര്യങ്ങൾ അങ്ങനെയല്ല. ആണവായുധങ്ങളുടെ കാലത്ത്, ഇന്ത്യയിലെ ഓരോ പട്ടണങ്ങളും ഭീഷണിയിലാണ്, ഭീതിയുടെ നിഴലിലാണ്. ഒരു വ്യോമാക്രമണം നമ്മുടെ ഈ കൊച്ചു കേരളത്തിലോ തുറമുഖ നഗരമായ കൊച്ചിയിലോ ഉണ്ടാകാനുള്ള സാദ്ധ്യത വിരളമല്ല.

അതിർത്തി കടന്നുവന്ന് നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് അതേ തോതിൽ സൈനിക മറുപടി കൊടുക്കുന്നതിൽ തെറ്റില്ലെങ്കിലും, അത് വലിയ യുദ്ധത്തിലേക്ക് നീങ്ങിയാൽ, ഒരു ലോക മഹായുദ്ധത്തിൽ ചെന്ന് അവസാനിക്കാനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. വലിയ നഷ്ടമാണ് അത് ഓരോ മനുഷ്യർക്കും മനുഷ്യരാശിക്ക് തന്നെയും ഉണ്ടാക്കുക. പിൻതലമുറകളെ വരെ ബാധിച്ച ഹിരോഷിമ നാഗസാക്കി ആണവായുധ അനുഭവങ്ങൾ ആരും മറക്കാൻ പാടില്ല.

‘ഇന്ത്യക്കാർ വെള്ളക്കൊടി കാണിച്ച് തിരിഞ്ഞോടി; 5 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു’ എന്നൊക്കെ പറഞ്ഞ് പാക്കിസ്ഥാൻ അവരുടെ പ്രജകളെ സന്തോഷിപ്പിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ ആയിക്കോട്ടെ. തിരിച്ചടിച്ചു എന്ന സന്തോഷത്തിൽ ആണല്ലോ നമ്മളും.

ഇതിനപ്പുറത്തേക്ക് ഈ വിഷയം നീളാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. വേണ്ട സമയത്ത് വേണ്ടതുപോലെ പ്രതികരിക്കും എന്നുള്ള പാക്കിസ്ഥാന്റെ ഭീഷണി വെറും ഉമ്മാക്കിയായി മാറട്ടെ എന്നും ആഗ്രഹിക്കുന്നു.

മോക്ക് ഡ്രിൽ പോലുള്ള കാര്യങ്ങൾ നടത്തുന്നത് യുദ്ധം പടിവാതിൽക്കൽ എത്തുമ്പോഴാണ്; യുദ്ധത്തിനുള്ള തയ്യാറെടുപ്പ് എന്നോണം ആണ്. മോക്ക് ഡ്രിൽ അറിയിപ്പ് കണ്ടതുകൊണ്ട് മാത്രമാണ് ഇത്രയും പറഞ്ഞത്.

ഒരു യുദ്ധം ഉണ്ടാകാതിരിക്കട്ടെ. യുദ്ധങ്ങൾ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>