ഗോവയിൽ. (ദിവസം # 5 – രാത്രി 08:25)


11
രാവിലെ ദീപുവിന്റെ വീട്ടിൽനിന്ന് പ്രാതൽ കഴിച്ച് ഭാഗിയുടെ വാട്ടർ ടാങ്കിൽ ആവശ്യത്തിന് വെള്ളം നിറച്ച്, എല്ലാവരും ഒരുമിച്ച് പടങ്ങൾ എടുത്ത ശേഷം സൂറത്ത്കലിൽ നിന്ന് ഗോവയിലേക്ക് തിരിച്ചു.
.
330 കിലോമീറ്റർ സഞ്ചരിക്കാൻ 7 മണിക്കൂർ എന്നാണ് ഗൂഗിൾ കാണിച്ചതെങ്കിലും ഞാൻ അതിൽ കൂടുതൽ സമയമെടുത്ത് മെല്ലെയാണ് സഞ്ചരിച്ചത്.
.
പലവട്ടം സന്ദർശിച്ചിട്ടുള്ള ബീച്ച് ആണെങ്കിലും മറവന്തെ കടലോരം കാണുമ്പോൾ അൽപ്പനേരം ഭാഗിയെ നിർത്തി ബീച്ചിൽ ഇറങ്ങാതിരിക്കാൻ എനിക്കാവില്ല. ബേക്കൽ മുതൽ വടക്കോട്ട് നല്ല ഗോൾഡൻ സാൻഡ് ബീച്ചുകളുടെ ബഹളമാണ്. മറവന്തേയിലെ പുലിമുട്ടുകളിൽ തിരയടിച്ച് തകരുന്നത് എത്ര നോക്കി നിന്നാലും മതിയാകില്ല.
.
ഈ തീരത്തേക്ക് അണയുന്ന മത്സ്യബന്ധന നൗകകൾ കാണുന്തോറും ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണത്തെപ്പറ്റിയുള്ള ചിന്തകൾ കൊതിയുണർത്തി വരും. കടൽ വിഭവങ്ങൾ കിട്ടാത്ത സ്ഥലമൊന്നുമല്ല കൊച്ചി. എന്നിരുന്നാലും ഗോകർണ്ണ കഴിയുന്നതോടെ, എന്തെങ്കിലും സീഫുഡ് കഴിക്കണം എന്നുള്ള ആഗ്രഹം കൂടിക്കൂടി വരും.
.
മുരുദ്വേശ്വർ എത്താനായപ്പോൾ, മുന്നോട്ട് റോഡ് കാണാത്ത തരത്തിൽ, അരമണിക്കൂറോളം മഴപെയ്തു. അർജുൻ അപകടത്തിൽപ്പെട്ട സ്ഥലം ഞാൻ തരണം ചെയ്തിരിക്കുന്നു.
.
കർണ്ണാടക അതിർത്തി കടന്ന് ഗോവയിലേക്ക് പ്രവേശിച്ചാൽ ആദ്യം വരുന്ന ബീച്ചാണ് പൊള്ളം (Pollem). GIEയുടെ ഭാഗമായി 38 ദിവസം ഗോവയിൽ സഞ്ചരിച്ചെങ്കിലും അവിടെ ഞാൻ ഇതുവരെ പോയിട്ടില്ല. ഉച്ചഭക്ഷണം അവിടന്നാകാമെന്ന് തീരുമാനിച്ചെങ്കിലും ഭാഗിക്ക് ബീച്ചിലേക്ക് എത്തിപ്പറ്റാൻ സാധിച്ചില്ല. ആ ആഗ്രഹം ഉപേക്ഷിച്ച്, തൊട്ടടുത്ത് വഴിയോരത്തുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. ഒപ്പം ഒരു പൂച്ചയും കൂടി.
.
ഗോവയിലേക്ക് തനിച്ച് വാഹനം ഓടിച്ച് വരുന്നത് ഇത് രണ്ടാം വട്ടമാണ്. മറ്റുള്ളവർക്കൊപ്പം രണ്ട് പ്രാവശ്യം വേറെയും ഡ്രൈവ് ചെയ്ത് വന്നിട്ടുണ്ട്. വാഹനത്തിൽ അല്ലാതെ പലവട്ടം വേറെയും. ‘കഥ പറയുന്ന കോട്ടകൾ’ എന്ന പുസ്തകത്തിൽ, കൊച്ചി മുതൽ ഗോവ വരെയുള്ള ആ യാത്രയുടെ കഥകളൊക്കെ വിശദമായിത്തന്നെ ഞാൻ എഴുതിയിട്ടുണ്ട്.
.
GPS ഒരിക്കൽ പോലും ഉപയോഗിക്കാതെ, കണ്ടോലിം ബീച്ച് റോഡിലെ കൃഷ്ണ ധാബയിൽ ചെന്നുകയറി. GIE ഗോവ സന്ദർശന വേളയിൽ എനിക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് തന്നത് ഈ ധാബയിൽ ഉള്ളവരാണ്. അവർക്ക് എന്നെ കണ്ടപ്പോൾ വലിയ സന്തോഷം. മാനേജർ കൃഷ്ണയ്ക്ക്, ഗോവയിലെ തന്നെ മറ്റൊരു ധാബയിലേക്ക് സ്ഥലംമാറ്റം ആയെങ്കിലും, 5 മിനിറ്റിനുള്ളിൽ അയാൾ സ്കൂട്ടർ എടുത്ത് എന്നെ കാണാൻ വന്നു. വല്ലാത്ത ചന്തമാണ് മനുഷ്യർക്ക്. ഇന്ത്യയിൽ എമ്പാടും ഇത്തരത്തിൽ പരിചയക്കാരും സുഹൃത്തുക്കളും ഉണ്ടാകുന്ന ഒരു കിനാശ്ശേരി ഞാൻ സ്വപ്നം കാണുന്നു.
.
വൈകീട്ട് കൻഡോലിം ബീച്ചിലെ സ്വർണ്ണ മണലിൽ അൽപ്പദൂരം നടന്നു. എന്തൊരു ഭംഗിയാണ് ഈ ബീച്ചിന്. എത്ര പ്രാവശ്യം വന്നിട്ടുള്ള സ്ഥലമാണ്! എന്നിട്ടും ഏറ്റവും പുതുമയോടെ ആ സൗന്ദര്യം ആസ്വദിക്കാൻ ഇപ്പോഴും പറ്റുന്നു. കാമുകിയുടെ വീട്ടിൽ കുട മറന്ന് വെക്കാതെയും ഇടയ്ക്കിടക്ക് വരണം. അതിന്റെ സുഖം ഒന്ന് വേറെയാണ്.
.
ബീച്ചിലേക്കുള്ള വഴിയിലെ അസുര ഫിഷ് ഗ്രില്ലിൽ നിന്ന് അത്താഴം കഴിച്ചു. പ്രോൺസ് സാലഡ്, റിച്ചാഡോ മസാലയിൽ ഉണ്ടാക്കിയതാണെന്ന് ആദ്യമേ ഉറപ്പ് വരുത്തിയിരുന്നു.
.
കൃഷ്ണ ധാബയിലേക്ക് മടങ്ങുകയാണ്. അവിടെ ഇന്ന് പാട്ടും ബഹളവുമൊക്കെയായി രാത്രി ഒരുപാട് നീളും. ഗോവയിൽ ടൂറിസ്റ്റ് സീസൺ സട കുടഞ്ഞ് എഴുന്നേൽക്കുന്നതേയുള്ളൂ.
.
ഇന്ന് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭാഗിയിൽ കേട്ട ഒരു പാട്ടിന്റെ വരികൾ ഗംഭീരമായിരുന്നു. ആരുടെ വരികൾ ആണെന്ന് അറിയില്ല. ഷഹബാസ് അമനാണ് പാടുന്നത്.
.
” പലവഴി പിന്നിട്ട
യാത്രികൻ സ്വപ്നത്തിൽ
ഒരു മഴക്കാലം നനഞ്ഞു.
ഋതുഭേദം ഇല്ലാതലഞ്ഞു.”
.
നാളെ രാവിലെ ഗോവയിൽ നിന്ന് പൻവേലിലേക്ക് പുറപ്പെടും. അവിടെ എവിടെ തങ്ങണമെന്ന് തീരുമാനമായിട്ടില്ല. പെരുവഴിയിൽ കിടക്കുന്നവന് എന്തോന്നിത്ര തീരുമാനിക്കാൻ!
.
ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>