അജ്മീർ കോട്ട, നഗരത്തിന്റെ നടുക്ക് തന്നെയാണ്. മുഗൾ കോട്ട എന്നും അക്ബർ കോട്ട എന്നും ഇതിനെ വിളിക്കാറുണ്ട്.
രണ്ടാം പാനിപ്പറ്റ് യുദ്ധത്തിൽ ഹേമുവിനെ തോൽപ്പിച്ച് അക്ബർ ഭരണം കയ്യാളാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് പ്രായം വെറും 13 വയസ്സാണ്. 1556 മുതൽക്കാണ് അക്ബറിന്റെ ഭരണകാലമായി കണക്കാക്കപ്പെടുന്നത്. ബയ്റാം ഖാൻ്റെ സഹായത്തോടെ വടക്കേ ഇന്ത്യയിലെ ഒരുപാട് പ്രദേശങ്ങൾ അക്ബർ പിടിച്ചടക്കി. അക്കൂട്ടത്തിൽ 1558 മുതൽ അജ്മീറും മുകൾ സാമ്രാജ്യത്തിന് കീഴിലായി. 1570 ലാണ് അജ്മീർ കോട്ട ഉണ്ടാക്കിയതായി കണക്കാക്കപ്പെടുന്നത്.
1558ൽ ചിറ്റൂർ കോട്ട പിടിച്ചടക്കിയതിനുശേഷം അക്ബർ കാൽനടയായി ചിറ്റൂരിൽ നിന്ന് അജ്മീറിലെ ദർഗ്ഗകളിൽ പോവുക പതിവായിരുന്നു. ആ സമയത്ത് ഷെയ്ക്ക് സലിം ചിസ്റ്റി എന്ന ഒരു സൂഫിവര്യനെ അക്ബർ പരിചയപ്പെടുകയും അദ്ദേഹത്തിൻ്റെ അനുയായി ആയി മാറുകയും ചെയ്തു. സൂഫിവര്യൻ്റെ അനുഗ്രഹത്താൽ 1559ൽ അക്ബറിന് സലിം എന്ന് പേരായ ഒരു മകൻ പിറക്കുന്നു. പിന്നീട് മുകൾ സാമ്രാജ്യം ഭരിച്ച സാക്ഷാൽ ജഹാംഗീർ തന്നെയാണ് സലിം. മകൻ പിറന്നതിന് ശേഷം അക്ബർ തുടർച്ചയായി 12 വർഷം ആഗ്രയിൽ നിന്നും അജ്മീറിലേക്ക് യാത്ര ചെയ്തു. അങ്ങനെ അജ്മീറിൽ എത്തുമ്പോൾ, അദ്ദേഹത്തിന് താമസിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ഈ കോട്ട എന്നും കരുതപ്പെടുന്നു.
നിലവിൽ കോട്ട, അജ്മീറിൻ്റെ മ്യൂസിയമായാണ് വർത്തിക്കുന്നത്. സാധാരണ ഒരു രാജസ്ഥാൻ മ്യൂസിയത്തിൽ ഉണ്ടാകുന്ന ആയുധങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ, നാണയങ്ങൾ മുതൽ ശിൽപ്പങ്ങൾ വരെ, പെയിന്റിങ്ങുകൾ മുതൽ ശിലാലിഖിതങ്ങൾ വരെ, എല്ലാം ഈ കോട്ടയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
* ചതുരാകൃതിയിൽ നാലു ഭാഗത്തും കൊത്തളങ്ങളും നടുക്ക് മറ്റൊരു കെട്ടിടവും ഉള്ള രീതിയിലാണ് കോട്ടയുടെ നിർമ്മാണം.
* ക്യാമറ ഉപയോഗിക്കാൻ പാടില്ല എന്ന് ഒരിടത്തും എഴുതിവെച്ച് കണ്ടില്ല. ക്യാമറയ്ക്ക് 5000 രൂപ ഫീസ് ഉണ്ടെന്ന് ബോർഡ് കണ്ടിരുന്നു. മൊബൈൽ ഫോൺ ക്യാമറയായി ആരും കൂട്ടിയിട്ടില്ലല്ലോ. ഞാൻ ആവശ്യത്തിലധികം ചിത്രങ്ങൾ എടുത്തു. ഒരിടത്ത് മാത്രമാണ് ചിത്രങ്ങൾ എടുക്കാൻ പാടില്ല എന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞത്.
* കോട്ടയിലേക്ക് വരുന്ന സന്ദർശകർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള വിശാലമായ സൗകര്യമുണ്ട്.
* കോട്ടയെ ചുറ്റിപ്പറ്റിയുള്ള അനുബന്ധ കെട്ടിടങ്ങളിൽ പോലീസ് കാര്യാലയം മുതൽ സർക്കാറിന്റെ പലപല ഓഫീസുകൾ പ്രവർത്തിക്കുന്നു.
ഒരു കോട്ട കണ്ട് കഴിഞ്ഞിട്ടും പ്രാതൽ ഒന്നും കഴിച്ചിട്ടില്ല. വഴിയിൽ മിത്തൽ ഷോപ്പിംഗ് മാൾ കണ്ടു. PVR തീയറ്ററുകൾ ഉള്ള ഷോപ്പിങ്ങ് കോംപ്ലക്സിൽ, ഫുഡ് കോർട്ട് ഉണ്ടാകാതെ തരമില്ലല്ലോ?! ഞാൻ ഭാഗിയുമായി അതിനകത്തേക്ക് കയറി; അവിടന്ന് ഭക്ഷണം കഴിച്ചു.
ഒരു ദിവസം ഒരു കോട്ടയിൽ കൂടുതൽ കാണാൻ സത്യത്തിൽ എനിക്ക് താല്പര്യമില്ല. പക്ഷേ, രാവിലെ 10:30ന് ശേഷം വിശ്രമിക്കുന്നത് ശരിയാകില്ലല്ലോ.
ഞാൻ അജ്മീറിലെ ഏറ്റവും പ്രധാനപ്പെട്ട ദർഗ്ഗയായ ഷെരീഫ് ദർഗ്ഗയിലേക്ക് പോകാൻ തീരുമാനിച്ചു. ഗൂഗിൾ എന്നേയും ഭാഗിയേയും ആ വഴിയിലൂടെ കൊണ്ടുപോയി, തിരക്ക് പിടിച്ച ആ തെരുവിന്റെ നടുവിൽ പോലീസുകാരുടേയും ട്രാഫിക് പോലീസുകാരുടേയും കരവലയത്തിൽ കൊണ്ടുചെന്ന് നിർത്തി. വളക്കാനോ തിരിക്കാനോ ഒന്നിനും ഇടമില്ലാത്ത ആ തിരക്കുപിടിച്ച പാതയിൽ പോലീസുകാർ ഭാഗിയെ തിരിച്ചെടുക്കാനുള്ള സൗകര്യം ഉണ്ടാക്കിത്തന്നശേഷം പറഞ്ഞുവിട്ടു. ഒരു കിലോമീറ്റർ അപ്പുറം മറ്റൊരു കെട്ടിടത്തിന്റെ ബേസ്‌മെന്റ് പാർക്കിങ്ങിൽ ഭാഗിയെ നിർത്തിയ ശേഷം, ഞാൻ വീണ്ടും അതേ വഴി നടന്ന് ദർഗ്ഗയിലേക്ക് ചെന്നു.
“മൊബൈൽ ഫോൺ, പുറത്ത് കിടക്കുന്ന ബാഗ് എന്നിവയെല്ലാം സൂക്ഷിക്കുക. പറ്റുമെങ്കിൽ ബാഗ് മുന്നിൽ തൂക്കുക. പോക്കറ്റടിയും മോഷണവും ഒക്കെ നടക്കുന്ന, വളരെ തിരക്കുള്ള ഒരു തെരുവിലൂടെയാണ് നിങ്ങൾ പോകുന്നത്.” ഭാഗിയെ പാർക്ക് ചെയ്ത സ്ഥലത്തെ ജീവനക്കാരൻ മുന്നറിയിപ്പ് തന്നു.
സത്യത്തിൽ പുഷ്ക്കറിലും അജ്മീറിലും ദൈവങ്ങളുടേയും ഭക്തിയുടേയും പേരിൽ, മര്യാദ രാമന്മാരായി ജീവിക്കേണ്ടതിന് പകരമാണ്, ഇത്തരത്തിൽ വലിയ തെമ്മാടിത്തരങ്ങൾ നടക്കുന്നത് എന്നത് കഷ്ടമാണ്.
ചെരുപ്പ് സൂക്ഷിക്കുന്ന കടകളിൽ ബാഗും ചെരുപ്പും ഉപേക്ഷിച്ചാലേ ദർഗ്ഗയുടെ അകത്തേക്ക് കടത്താൻ പറ്റൂ എന്നാണ് മനസ്സിലാക്കിയത്. പുഷ്ക്കറിലെ പോലെ ഇത്തരം കടകൾ ധാരാളമുണ്ട് ഇവിടേയും. ചെരുപ്പ് വെക്കുന്ന കടയിൽ ബാഗ് ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. തൽക്കാലം ദർഗ്ഗയുടെ ഉള്ളിലേക്ക് കയറേണ്ടതില്ല എന്ന് തീരുമാനിച്ചു. അതിനുള്ള സമയമായില്ല എന്ന് കരുതിയാൽ മതി.
ആയതിനാൽ ദർഗ്ഗയിൽ നിന്ന് അടുത്ത കോട്ടയിലേക്ക് പോകാൻ തീരുമാനിച്ചു.
15 കിലോമീറ്ററോളം പോയാൽ താരാഗഡ് എന്ന കോട്ടയിൽ എത്താം. അത് ഇരിക്കുന്നത് അരാവല്ലി മല മുകളിലാണ്. ഹെയർപിന്നുകൾ വളഞ്ഞു പുളഞ്ഞു കയറിപ്പോകണമെന്ന് ഗൂഗിൾ ഭൂപടം കണ്ടപ്പോൾ മനസ്സിലായി. നന്നായി ബുദ്ധിമുട്ടിയാണ്, ഭാഗിയുമായി ഞാൻ ആ മല കയറിയത്.
അവിടെ രണ്ട് ദർഗ്ഗകൾ ഉള്ളതുകൊണ്ട് അതിലേക്ക് ഭക്തരുടെ പ്രവാഹമാണ്. മാരുതി ഓംനി വാഹനങ്ങൾ അതിനു വേണ്ടി അടിവാരത്ത് ധാരാളമായി ലഭ്യമാണ്. അവരാകട്ടെ യാതൊരു റോഡ് മര്യാദകളും ഇല്ലാതെ, ഹെയർപിൻ കയറി വരുന്നവർക്ക് മുൻഗണന കൊടുക്കണമെന്ന സാമാന്യ മര്യാദ പോലും ഇല്ലാതെയാണ് വാഹനങ്ങൾ ഓടിക്കുന്നത്. മര്യാദയ്ക്ക് ഹാൻഡ് ബ്രേക്ക് പോലുമില്ലാത്ത ഭാഗിയെ അത്തരം സന്ദർഭങ്ങളിൽ വളരെ ക്ലേശപ്പെട്ടാണ് ഞാൻ മുന്നോട്ട് നയിച്ചത്.
ഭാഗ്യത്തിന് മലമുകളിൽ എത്തുന്നവർക്ക് ആർക്കും കോട്ടയുടെ ഭാഗങ്ങളിൽ വലിയ താല്പര്യമില്ല.
എല്ലാവരും ദർഗ്ഗകളിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ എനിക്ക് കോട്ട കാണാനും ചിത്രീകരിക്കാനും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.
* 1354ൽ പരമാര മഹാരാജാവാണ് ഈ കോട്ട ഉണ്ടാക്കിയത്.
* അജയരാജ ചൗഹാൻ പിന്നീട് ഈ കോട്ട പുതുക്കിപ്പണിതു. ആയതിനാൽ അജയമേരു ദുർഗ്ഗ് എന്നും ഈ കോട്ട അറിയപ്പെടുന്നു.
* കോട്ടയ്ക്കുള്ളിൽ രണ്ട് ദർഗ്ഗകൾ ഉണ്ട്.
* കോട്ടയിൽ നിന്ന് താഴേക്ക് നോക്കിയാൽ അജ്മീർ നഗരത്തിൻ്റേയും അനസാഗർ തടാകത്തിന്റേയും മനോഹരമായ ആകാശ ദൃശ്യം സാദ്ധ്യമാണ്.
* കോട്ടയ്ക്കുള്ളിൽ ഒരുപാട് വീടുകളുണ്ട്. കടകളും പ്രവർത്തിക്കുന്നുണ്ട്. അതിൽ പലതും കൈയേറ്റം തന്നെ ആണെന്ന് ഞാൻ അനുമാനിക്കുന്നു.
* ദൂരദർശന്റെ കൂറ്റൻ ടെലിവിഷൻ ടവറും ഒരു പൊലീസ് സ്റ്റേഷനും കോട്ടയ്ക്ക് മുകളിൽ ഉണ്ട്.
വഴിയോര കച്ചവടത്തിൽ, എന്നെ അത്ഭുതപ്പെടുത്തിയ ഒരു സാധനം, കസ്തൂരിമാനിൻ്റെ സുഗന്ധം വമിക്കുന്ന മുഴകളാണ്. വളരെ ചെറിയ തുകയ്ക്ക് അത് വിൽക്കാൻ വെച്ചിരിക്കുന്നു. വലിപ്പത്തിന് അനുസരിച്ച് 50 മുതൽ 150 രൂപ മാത്രമാണ് വില. വിൽപ്പനക്കാരി സ്ത്രീ എൻ്റെ വലത് കൈയുടെ ഉള്ളം കയ്യിൽ അത് വെച്ചശേഷം രണ്ട് കൈകളുടെയും പുറംഭാഗം തമ്മിൽ ഉരസിയപ്പോൾ, അത്ഭുതമെന്ന് പറയട്ടെ, വലംകൈയിൽ നിന്ന് ഇടം കൈയ്യുടെ പുറം ഭാഗത്തേക്ക് ആ മണം പടർന്നു വന്നു. കസ്തൂരി ഇങ്ങനെ പൊതുനിരത്തിൽ വിൽക്കുന്നതിന് ഇവിടുത്തെ വനംവകുപ്പിന് പ്രശ്നമില്ലേ എന്നാണ് എൻ്റെ സംശയവും ആശങ്കയും. പുഷ്കറിൽ നിന്നാണത്രേ ഇത് വരുന്നത്.
അജ്മീറിന്റെ ഓർമ്മയ്ക്കായി ഒരു തൊപ്പിയും ജപമണികളും(misbaha) വാങ്ങി കോട്ടയിറങ്ങിയപ്പോൾ വൈകീട്ട് 5 മണി.
ഇന്ന് രാത്രി തങ്ങുന്നത് ഇന്നലെ തങ്ങിയ വീർ തേജാജി ധാബയിൽ തന്നെ. അപ്പുറത്ത് ഗോപാൽജിയുടെ ആശ്രമത്തിൽ ഭജന ആരംഭിച്ചിട്ടുണ്ട്. രാത്രി ഭക്ഷണത്തിന് അവിടെ ചെല്ലണമെന്ന് സ്വാമിജി പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കത്ര ഉന്മേഷം പോര. ഒറ്റ ദിവസം രണ്ട് കോട്ടകൾ കയറി ഇറങ്ങിയതിൻ്റെ ക്ഷീണമുണ്ട്. ലഘുവായി എന്തെങ്കിലും കഴിച്ച് പെട്ടെന്ന് ഉറങ്ങണം.
ശുഭരാത്രി.