ഗവി വിശദമായി കണ്ട് തീർക്കാൻ രണ്ട് ദിവസം പോര എന്ന് സൂചിപ്പിച്ചിരുന്നല്ലോ. പക്ഷേ, പശ്ചിമഘട്ട വനങ്ങളിലൂടെയുള്ള ഈ യാത്ര അവസാനിപ്പിച്ചതിന് ശേഷം ഒരു സംഘയാത്ര എന്നെ കാത്തിരിക്കുന്നുണ്ട്. 17 പേരുള്ള ആ സംഘത്തെ മുസിരീസിലേക്ക് വിളിച്ച് കൂട്ടിയിരിക്കുന്നത് ഞാൻ തന്നെയാണ്. കൊടുങ്ങല്ലൂരിൽ 91 വർഷമായി തമിഴർ നടത്തുന്ന ‘സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം’ അവരെ കാണിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ എനിക്ക് കൃത്യസമയത്ത് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തിയേ തീരൂ.
മൂന്നാം ദിവസം രാവിലെ ഗവിയിൽ നിന്ന് വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി അരിപ്പയിലേക്ക് തിരിച്ചു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് അരിപ്പയിൽ എത്തുകയും ചെയ്തു. എന്റെ പാസ് ഒരു വശത്തേക്ക് മാത്രം ഉള്ളതാണ്. അല്ലായിരുന്നെങ്കിൽ ആങ്ങാമൂഴി വഴിയും എനിക്ക് ഗവിയിൽ നിന്ന് പുറത്തു കടക്കാമായിരുന്നു.
കഴിഞ്ഞ 6 KFDC ഇടങ്ങളെ അപേക്ഷിച്ച് അരിപ്പയ്ക്കുള്ള പ്രത്യേകത ഇവിടത്തെ വനവും അതിനുള്ളിലെ KFDCയുടെ സൗകര്യങ്ങളും ജനവാസകേന്ദ്രങ്ങളോടും, തിരുവനന്തപുരം-ചെങ്കോട്ട പ്രധാനപാതയോടും ചേർന്ന് നിൽക്കുന്നു എന്നതാണ്. അരിപ്പ തിരുവനന്തപുരം ജില്ലയിലാണ്. പക്ഷേ മേൽപ്പറഞ്ഞ റോഡിന് മറുവശം കൊല്ലം ജില്ലയാണ്. എന്നിരുന്നാലും, വന്യമൃഗങ്ങളെ കൂടുതലായി കാണാനുള്ള സാദ്ധ്യത അരിപ്പയിലെ KFDC ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്ത് ഉണ്ട്. അതുകൊണ്ട് തന്നെ ബംഗ്ലാവിന് ചുറ്റും വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുമുണ്ട്.
വനം വകുപ്പിൻ്റെ വന പരിശീലന കേന്ദ്രവും ഡയറക്ടറുടെ കാര്യാലയവും അരിപ്പയിലാണ് ഉള്ളത്. പ്രധാന പാതയിൽ നിന്ന് ഉള്ളിലേക്ക് കടന്ന് ഇടതുവശത്തുള്ള വന പരിശീലന കേന്ദ്രവും കടന്ന് വീണ്ടും മുന്നിലേക്ക് പോയാൽ KFDC യുടെ ജ്യോതിസ്മതി എന്ന ഇൻസ്പെക്ഷൻ ബംഗ്ലാവാണ്. അതിന് താഴെ വലത് വശത്തായി ആദിവാസി ഊരുകളും. പൊട്ടമാവ് എന്നാണ് അതിലെ ഒരു ഊരിൻ്റെ പേര്. പോതുള്ള ഒരു മാവ് അവിടെ ഉണ്ടായിരുന്നത് കൊണ്ടാണത്രേ അങ്ങനെ ഒരു പേര് വീണത്.
എനിക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തിട്ടുള്ളത് ജ്യോതിസ്മതി IB-യിൽ ആയിരുന്നു. അതുകൂടാതെ, അല്പം മാറി ‘ശങ്കിലി മാൻഷൻ’ എന്ന പേരിൽ കോട്ടേജുകളുടെ സമുച്ചയം ഉണ്ട്. കൂടുതൽ പേർക്ക് ക്യാമ്പ് ചെയ്യാനും ഭക്ഷണത്തിനുമുള്ള സൗകര്യം അവിടെയുണ്ട്. DRONGO, BARBET, HORNBILL, SWIFT എന്നിങ്ങനെയാണ് കോട്ടേജുകളുടെ പേരുകൾ.
റോഡിന് കുറുകെ ഒഴുകുന്ന ചെറിയൊരു അരുവി കടന്നുവേണം അങ്ങോട്ട് പോകാൻ. ഞാൻ കഷ്ടി 20 വയസ്സ് തോന്നിക്കുന്ന ഗൈഡ് കിഷോറിന്റെ കൂടെ അരുവി മുറിച്ച് കടന്ന് കോട്ടേജുകളിലേക്കും പിന്നീട് ആദിവാസി ഊരുകളിലേക്കും നടന്നു. വയനാട്ടിലെ കമ്പമലയിൽ നിന്ന് തുടങ്ങി ഗവി വരെ കടിച്ച് ചോര കുടിച്ച എല്ലാ അട്ടകളും ചേർന്ന് കാലിൽ കാര്യമായ നീര് ഉണ്ടാക്കിയിട്ടുണ്ട്; അതിനുപുറമേ ചൊറിച്ചിലും. എന്നാലും നടക്കാതിരിക്കാൻ എനിക്കാവില്ല. ഈ ദൗത്യം കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതുണ്ട്. ഇത് അവസാനത്തെ KFDC കേന്ദ്രമാണ്.
കപ്പക്കൃഷി ധാരാളമായുള്ള ആദിവാസി ഊരിൽ പലയിടത്തും തേനീച്ചയെ വളർത്തുന്ന കൂടുകളും കാണാം. പൊട്ടമാവ് ഊരിലെ ഒരു കുടിയിൽ നിന്ന് ഒരു ലിറ്റർ തേൻ ഞാൻ വാങ്ങി. ‘കുടി’ എന്ന് പറയാൻ ആവില്ല ആദിവാസി വീടുകളെ ഇപ്പോൾ. എല്ലാം കോൺക്രീറ്റ് കെട്ടിടങ്ങളായി മാറിയിരിക്കുന്നു. പക്ഷേ എല്ലാം ഇടുങ്ങിയ വീടുകളാണ്. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ അത്തരം കുടുസ്സ് കോൺക്രീറ്റ് പെട്ടികളിൽ മനുഷ്യർ ജീവിക്കുന്നത് കഷ്ടം തന്നെ.
ഫോറസ്റ്റ് സഫാരി, ഗൈഡിനൊപ്പം ട്രക്കിങ്ങ്, ഗൈഡിനൊപ്പം പുഴയിലൂടെ നടത്തം, പക്ഷി നിരീക്ഷണം, സൈക്ലിംങ്ങ്, ക്യാമ്പ് ഫയർ എന്നീ സൗകര്യങ്ങൾ അരിപ്പ എക്കോ ടൂറിസത്തിന്റെ ഭാഗമായി ഉണ്ട്. വലിയ ട്രക്കുകൾക്ക് താല്പര്യമുള്ളവർക്ക് അങ്ങ് പൊന്മുടി വരെയും ട്രക്ക് ചെയ്ത് പോകാം.
10 ദിവസത്തോളം നീണ്ടുനിന്ന KFDC വനയാത്ര ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്. നല്ല ചൂടൻ ചപ്പാത്തിയും മുട്ടക്കറിയും അത്താഴത്തിന് തീൻമേശയിൽ എത്തി. ഈ വനയാത്രയിൽ എനിക്ക് എടുത്തു പറയാനുള്ളത് ഭക്ഷണത്തിന്റെ കാര്യമാണ്. KFDC ജീവനക്കാർ തന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹോട്ടലുകളിൽ നിന്നോ റിസോർട്ടുകളിൽ നിന്നോ കഴിക്കുന്ന ഭക്ഷണം പോലെയല്ല, മറിച്ച് വീട്ടിലെ ഭക്ഷണം പോലെയാണ് എനിക്കതെല്ലാം അനുഭവപ്പെട്ടത്.
ഭാഗ്യമുണ്ടെങ്കിൽ, രാത്രി സമയത്ത് ജ്യോതിസ്മതി ബംഗ്ലാവിൻ്റെ പരിസരത്ത് മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ കാണാൻ പറ്റുമെന്ന് കിഷോർ പറഞ്ഞിരുന്നു. ആനകൾ ചില്ലി ഒടിക്കുന്ന ശബ്ദം കേട്ടാൽ മുറിക്ക് പുറത്ത് കടന്ന് നോക്കണം എന്ന് അയാൾ പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ അർദ്ധരാത്രി വരെ അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പിന്നീടങ്ങോട്ട് ആന വന്ന് കുത്തിയിളക്കിയാലും ഉണരാത്ത കുംഭകർണ്ണ സേവയിലേക്ക് ഞാൻ വഴുതി വീഴുകയും ചെയ്തു.
നേരം പുലർന്നതും പ്രാതലിന് നിൽക്കാതെ അരിപ്പയോട് വിട പറഞ്ഞു. നദിയിലൂടെ ഒരു നടത്തവും ഒരു വലിയ ട്രെക്കിങ്ങും പിന്നീട് ഒരിക്കൽ പദ്ധതിയിട്ട് കൊണ്ട് തന്നയാണ് മടക്കം. ഗവിയെപ്പോലെ തന്നെ ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാവുന്ന ഒരു സ്ഥലമല്ല അരിപ്പയും.
കനത്ത മഴയും കോടയും മഞ്ഞുമൊക്കെ ചേർന്ന്, കഴിഞ്ഞ പത്ത് ദിവസത്തോളം ഈ പ്രകൃതിയിൽ നിന്ന് സംഭരിച്ചത് അളവറ്റ ഊർജ്ജമാണ്. അടുത്ത 6 മാസം വടക്കേ ഇന്ത്യയിലെ യാത്രകൾ കഴിഞ്ഞ് വന്നാലും ഞാനിതിൻ്റെ സുഖകരമായ ആലസ്യത്തിലായിരിക്കും. വർഷത്തിലൊരിക്കൽ ആയുർവേദ ഉഴിച്ചിലിനും പിടിച്ചിലിനും പോകുന്നവരെപ്പോലെ, പത്ത് ദിവസം പശ്ചിമഘട്ടത്തിലൂടെ മഴക്കാലത്ത് തന്നെ വനയാത്ര നടത്താനും എനിക്കിപ്പോൾ പദ്ധതിയുണ്ട്.
നന്ദി:- അരൾവാമൊഴി മുതൽ വയനാട് വരെയുള്ള എല്ലാ ചുരങ്ങളിലൂടെയും പശ്ചിമഘട്ടത്തിനെ നെടുകെ മുറിച്ച് കടന്നുകൊണ്ട് ഒരു യാത്ര 5 വർഷം മുൻപ് ഞാൻ നടത്തിയിട്ടുണ്ട്. അന്ന് പക്ഷേ തങ്ങിയത് കാടുകളിൽ ആയിരുന്നില്ല. മലനിരകളിലെ കാടുകളിൽ തന്നെ തങ്ങിക്കൊണ്ട് ഇത്തരമൊരു യാത്രയ്ക്ക് അവസരം ഒരുക്കിത്തന്ന KFDC ചെയർപേർസൺ ശ്രീമതി ലതികാ സുഭാഷിനും Lathika Subhash , മറ്റെല്ലാ സൗകര്യങ്ങളും സജ്ജമാക്കി ഒപ്പം നിന്ന കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഗൈഡുകൾക്കും ഒരുപാട് നന്ദി. കോർപ്പറേഷൻ എന്നെ ഏൽപ്പിച്ച ദൗത്യം ആവുന്ന വിധം പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക.
വാൽക്കഷണം:- അരിപ്പയിൽ ബുക്കിങ്ങിനായി 8289821010, 8289821101 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. kfdcecotourism സൈറ്റ് വഴിയും ചെയ്യാവുന്നതാണ്. ഈ യാത്രയുടെ മറ്റ് ആറ് വിവരണങ്ങൾ ഇതേ ഫോൾഡറിൽ വായിക്കാൻ സാധിക്കും.
(ശുഭം.)
പക്ഷേ, അന്തവും കുന്തവും ഇല്ലാത്ത യാത്രകൾ തുടരും.






