മരങ്ങളെ പഞ്ചറാക്കുന്നവർ


റണാകുളത്ത് കണ്ടൈനർ ടെർമിനൽ റോഡിൽ വരാപ്പുഴ സിഗ്നൽ മുതൽ കളമശ്ശേരി വരെയുള്ള  പാതയോരത്ത് നട്ടിരിക്കുന്ന മരങ്ങളിൽ ഒരാൾ തന്റെ പഞ്ചറൊട്ടിക്കുന്ന സേവനത്തിന്റെ പരസ്യം ബോൾട്ട് അടിച്ച് തൂക്കിയിരിക്കുന്നതിനെപ്പറ്റി ഇക്കഴിഞ്ഞ ഏപ്രിൽ 29ന് ഫേസ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നു.

അതിങ്ങനെയാണ്…
77

വഴിയോരത്ത് ഒരു തൈ നട്ട് അതിനെ മരമാക്കി വളർത്തിയെടുക്കുക ഒരു ഭഗീരഥ പ്രയത്നമാണ്. ആട്, പശു എന്നിങ്ങനെ കന്നുകാലികൾ തിന്ന് പോകാം. വാഹനങ്ങൾ അതിന്റെ മേലെ നിർത്തിയിടപ്പെടാം. വാഹനങ്ങൾ ഇടിച്ച് മരം മറിയാം, ഒടിയാം. വെള്ളമൊഴിക്കാനും വളമിടാനും ആളില്ലാതെ നശിച്ച് പോകാം.

ഇതിനെയൊക്കെ തരണം ചെയ്ത് ഒരു തൈ മരമായി വളർന്ന് വരുമ്പോൾ ഇതുപോലുള്ള സകലമാന പുണ്യാളന്മാരുടേയും (All Saints) പേരിലുള്ള പ്രകൃതിവിരോധികൾ ഇടപെടും. അവരതിന്റെ മുകളിൽ ആണിയടിച്ച് ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തും. ഇവടൊരുവൻ ദാ അവന്റെ പഞ്ചർ പ്രസ്ഥാനത്തിന്റെ പരസ്യം ഒരു മരത്തിൽ ബോൾട്ട് അടിച്ചാണ് കയറ്റിയിരിക്കുന്നത്.

കണ്ടൈനർ ടെർമിനൽ റോഡിൽ വരാപ്പുഴ സിഗ്നൽ കഴിഞ്ഞ് ഫാക്റ്റ് സിഗ്നലിലും ഇടയ്ക്കാണ് ഈ രംഗം. ഒരു മരത്തിൽ മാത്രമല്ല, ഒരുപാട് മരങ്ങളിൽ ഇവർ ബോൾട്ടടിച്ചിരിക്കുന്നു. കൈകൊണ്ട് ഊരിയെടുക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. നാളെ സ്പാനറുമായി വീണ്ടും പോകണം. അതിനോടൊപ്പം ആരെങ്കിലും പൊലീസുകാർക്ക് സഹായിക്കാനാവുമെങ്കിൽ ഈ നമ്പറിൽ വിളിച്ച്, ചെയ്തിരിക്കുന്ന ക്രൂരതയുടെ പേരിൽ ഇവനെയൊന്ന് വിരട്ടിയിരുന്നെങ്കിൽ !!!

ഒരുപാട് പേർ ആ പോസ്റ്റ് ഷെയർ ചെയ്യുകയും അതിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ച് പഞ്ചർ കടയുടെ ഉടമസ്ഥനെ ഉപദേശിക്കുകയും ചീത്ത വിളിക്കുകയും ഒക്കെ ചെയ്തു. ഉടനെ തന്നെ മരത്തിൽ നിന്ന് ബോൾട്ട് എല്ലാം നീക്കം ചെയ്തുകൊള്ളാമെന്ന് ഫോൺ ചെയ്തവരോടെല്ലാം അയാൾ അറിയിക്കുകയും ചെയ്തു.

അതിനുശേഷം പലപ്രാവശ്യം ഞാൻ ആ വഴിക്ക് പോയി. 10 ദിവസം കഴിഞ്ഞിട്ടും ഒരു ബോൾട്ട് പോലും നീക്കം ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കാനായി. മരത്തിൽ ആണിയടിച്ച് കേറ്റുന്ന ഒരാൾ സ്വന്തം നിലയ്ക്ക് അത് മാറ്റില്ല, പ്രത്യേകിച്ച് ചീത്തവിളി കേട്ടിരിക്കുന്ന നിലയ്ക്ക് എന്ന് ഒരു നിഗമനത്തിൽ എത്തുകയും ചെയ്തു.

ഇന്നലെ (09 മെയ് 2016) ബോൾട്ടുകളും പരസ്യങ്ങളും നീക്കം ചെയ്യുക എന്ന കൃത്യം എനിക്ക് തന്നെ ഏറ്റെടുക്കേണ്ടി വന്നു. 22 ബോർഡുകളാണ് നീക്കം ചെയ്തത്. അതിനായി ചെന്നപ്പോളാണ് മനസ്സിലാക്കിയത് രണ്ടാമതൊരു പഞ്ചർ കടക്കാരനും ഇതേ കൃത്യം തന്നെ നിർവ്വഹിച്ചിട്ടുണ്ട്. പല ബോൾട്ടുകളും ഒറ്റയടിക്ക് മരത്തിൽ നിന്ന് ഇളക്കിയെടുക്കാനായില്ല. മരത്തിൽ അത്രയ്ക്ക് ഉറച്ച് കഴിഞ്ഞിരിക്കുന്നു അതൊക്കെയും. കുറേക്കൂടെ കടുത്ത പണിയായുധങ്ങളുമായി ഒന്നുകൂടെ ആ വഴിക്ക് പോയാലേ ബാക്കിയുള്ള ബോൾട്ടുകൾ കൂടെ നീക്കം ചെയ്യാനാവൂ. അത് ഉടനെ തന്നെ ചെയ്യുന്നതാണ്.

888

നീക്കം ചെയ്ത ബോർഡുകളും ബോൾട്ടുകളും

ഫേസ്ബുക്കിലെ പോസ്റ്റ് പലരും പലയിടത്തും ഷെയർ ചെയ്തപ്പോൾ പോസ്റ്റ് ഇട്ടയാളെന്ന നിലയ്ക്ക് ചില വിമർശനങ്ങളും എനിക്ക് നേരിടേണ്ടി വന്നു.

വിമർശനം 1:- ഒരാളുടെ പണി കളഞ്ഞെടുത്തപ്പോൾ സമാധാനമായല്ലോ ? വലിയ മലകൾ ഇടിച്ചപ്പോളും കാടുകൾ വെട്ടിനശിപ്പിച്ചപ്പോളും ഈ ഫോട്ടോ എടുത്തവന്റെ ക്യാമറയിൽ ബാറ്ററി ഉണ്ടായിരുന്നില്ലേ ?

വിമർശനം 2:- പോസ്റ്റിടുന്നതിന് പകരം അയാളെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞാൽ മതിയായിരുന്നു പോസ്റ്റിട്ടയാൾക്ക് ?

ഓരോ പോസ്റ്റിടുമ്പോളും ആലോചിക്കാറുണ്ട് അതിന്റെ മറുവശം. അമ്മയെ തല്ലിയാൽ ഇക്കാലത്ത് മൂന്നാണ് പക്ഷം. “തല്ലിയോ എന്നിട്ട് അതിന്റെ പടം ഫേസ്ബുക്കിൽ കണ്ടില്ലല്ലോ ?” എന്നതാണ് മൂന്നാമത്തെ പക്ഷം.

പോസ്റ്റിടുകയും അത് കണ്ട് പലരും ഫോൺ ചെയ്ത് പറഞ്ഞിട്ടും ഇതാണ് അവസ്ഥ. അങ്ങനെയുള്ളവരോട് എന്തിന് ഇളവ് കാണിക്കണം ? ജീവിതത്തിൽ ഒരിക്കൽ‌പ്പോലും ഒരു മരം വെച്ചുപിടിപ്പിക്കാനോ സംരക്ഷിക്കാനോ സന്മനസ്സ് കാണിച്ചിട്ടുള്ള ഒരാൾ ഇങ്ങനെയൊരു കൃത്യത്തിന് മുതിരുകയില്ല, അഥവാ ഇങ്ങനെ ഒരു കൃത്യം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയില്ല. ഓൺലൈനിൽ ഇതൊരു പോസ്റ്റാക്കിയത് പല ഉദ്ദേശങ്ങൾ വെച്ചുകൊണ്ടാണ്. ഇത്തരം ഉപദ്രവങ്ങൾ കാണുമ്പോൾ അത് ഒരു ഫോട്ടോയെടുത്ത് പ്രചരിപ്പിക്കാനും എതിരെ ശബ്ദിക്കാനും എല്ലാവർക്കും പ്രചോദനമാകണം. സ്വന്തം പേര് ഓൺലൈനിൽ നാറ്റിക്കപ്പെടുന്നു എന്ന് മനസ്സിലാകുമ്പോളെങ്കിലും തടിയൂരാനുള്ള നടപടികൾ ഇത് ചെയ്തവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. (ഇത് ചെയ്ത പഞ്ചറ് കക്ഷിക്കും ഉണ്ട് ഒരു ഫേസ്ബുക്ക് പ്രൊഫൈൽ)

ഇതിനേക്കാൾ കടുത്ത നടപടികളും ഉണ്ട്. സോഷ്യൽ ഫോറസ്‌ട്രിയിൽ പരാതിപ്പെട്ട് നിയമപരമായ നടപടികൾ എടുപ്പിക്കാം. അതിനുള്ള വകുപ്പൊക്കെയുണ്ട്. അതൊന്നും ചെയ്യാതിരുന്നത് ഔദാര്യമാണെന്ന് മാത്രം ഇക്കൂട്ടരും ഇവർക്ക് കുഴലൂതുന്നവരും മനസ്സിലാക്കുക. മലയിടിക്കുന്നതും മരം വെട്ടുന്നതും ഒരിക്കലും നോക്കി നിന്നിട്ടില്ല. അപ്പോഴും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരം തോന്ന്യാസങ്ങൾ ഒരു വ്യക്തി ചെയ്താലും ഒരുപാട് വ്യക്തികൾ ചെയ്താലും ഒരു സ്ഥാപനം ചെയ്താലും, അതെത്ര വലിയവനായാലും ചെറിയവനായാലും  സമീപനത്തിൽ മാറ്റമുണ്ടാകില്ല.

പഞ്ചറൊട്ടിക്കുന്നവനും ജീവിച്ച് പോകണമെന്ന് നല്ല ബോദ്ധ്യമുണ്ട്. അത് പക്ഷേ മരങ്ങളെ പഞ്ചറാക്കിക്കൊണ്ടല്ല വേണ്ടത്. നികുതി കൊടുത്ത് കുറ്റി നാട്ടി പരസ്യങ്ങൾ അതിൽ തൂക്കുക. ആദ്യം പറഞ്ഞത് ഒന്നുകൂടെ പറയുന്നു. വഴിയോരത്ത് ഒരു തൈ നട്ട് അതിനെ മരമാക്കി വളർത്തിയെടുക്കുക ഒരു ഭഗീരഥ പ്രയത്നമാണ്. നൂറെണ്ണം നടുമ്പോൾ ഇരുപത്തഞ്ചെണ്ണം പിടിച്ചുകിട്ടിയാ‍ലായി.  അത് മനസ്സിലാക്കാനാവുന്നില്ലെങ്കിൽ മനസ്സിലാക്കിത്തരാനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കും. അതിനൊരു മുടക്കവും ഉണ്ടാകില്ല. അതുറപ്പ് തരുന്നു.

———————————————————————-

99

അനൂപ് തട്ടാരിൽ നീക്കം ചെയ്ത പരസ്യങ്ങൾ

അപ്‌ഡേറ്റ് :- സുഹൃത്ത് അനൂപ് തട്ടാരിൽ ബോൾട്ടുകൾ നീക്കാൻ സഹായിക്കാമെന്ന് ഏറ്റിരുന്നു. പഞ്ചറ് കടക്കാരൻ തന്നെ 80ൽ‌പ്പരം ബോർഡുകളും ബോൾട്ടുകളും നീക്കം ചെയ്തതായി അനൂപ് അറിയിക്കുന്നു. അനൂപിനും കിട്ടി നാലഞ്ചെണ്ണം. മരത്തിൽ ആണിയടിച്ചുകൊണ്ടുള്ള ഇത്തരം പരിപാടികൾ അനുവദിക്കില്ല എന്നൊരു സംസ്ക്കാരം കൂടെയാണ് ഈ സഹകരണത്തിലൂടെ നമ്മൾ വളർത്തിയെടുക്കുന്നത്. സഹകരിച്ച അനൂപ് അടക്കമുള്ള എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

Comments

comments

2 thoughts on “ മരങ്ങളെ പഞ്ചറാക്കുന്നവർ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>