രാവിലെ 05:30 ഓടാൻ നിരത്തിലിറങ്ങുന്നവരാണ് സോൾസ് ഓഫ് കൊച്ചിൻ റണ്ണേർസ് ക്ലബ്ബ് Soles Of Cochin (Cochin Runners) അംഗങ്ങൾ. ചൊവ്വാഴ്ച്ചയും ശനിയാഴ്ച്ചയും ഓട്ടം ആരംഭിക്കുന്നത് ഇടപ്പള്ളി ബൈപ്പാസ് സർവ്വീസ് റോഡിലെ ചീനവല റസ്റ്റോറന്റിന് മുന്നിൽ നിന്നാണ്. അര കിലോമീറ്റർ പാലാരിവട്ടം ദിശയിലേക്ക് നീങ്ങിയാൽ സർവ്വീസ് റോഡിൽ മാലിന്യം കൊണ്ടുതള്ളുന്ന ഒരിടമുണ്ട്. അവിടെയെത്തുമ്പോൾ വാതം വന്നവർ വരെ ഓടിപ്പോകുന്ന അത്രയ്ക്ക് ദുർഗ്ഗന്ധമാണ്.
ചൊവ്വാഴ്ച്ച (08 മെയ്) രാവിലെ അഞ്ച് മണികഴിഞ്ഞ് സോൾസ് അംഗങ്ങളായ ഹുസ്നയും പ്രവീണയും ഓടി അവിടെയെത്തിയപ്പോൾ KL 42N 4452 എന്ന അശോക് ലൈലാന്റ് പിക്ക് അപ്പ് വാഹനത്തിൽ നിന്ന് മാലിന്യം അവിടെ ഇറക്കിക്കൊണ്ടിരിക്കുന്നു. ഹുസ്നയും പ്രവീണയും അത് ചോദ്യം ചെയ്തു; തടഞ്ഞു. പിന്നാലെ മറ്റ് ഓട്ടക്കാരും എത്തി. സോൾസിന്റെ മുതിർന്ന അംഗം കുമാർജി Ap Kumar പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. മാലിന്യ വാഹനം കസ്റ്റഡിയിലെടുത്തു.
പൊലീസിൽ അറിയിച്ചാൽ എല്ലാം കഴിഞ്ഞെന്ന് ഒരു സാധാരണ പൌരൻ കരുതുന്നുണ്ടെങ്കിൽ തെറ്റി. തുടർനടപടികൾ എന്തായി എന്ന് നമ്മൾ തന്നെ അന്വേഷിച്ചില്ലെങ്കിൽ ചിലപ്പോൾ അങ്ങനെയൊരു സംഭവം നടന്നതായി പോലും ഒരു രേഖയിലുമുണ്ടാകില്ല.
സോൾസ് അംഗമായ ജോബി Joby Paul ഉച്ചയോടെ പൊലീസിൽ വിളിച്ച് തുടർനടപടികൾ എന്തായെന്ന് അന്വേഷിച്ചപ്പോളാണ് തമാശകളുടെ പരമ്പര. എറണാകുളത്തുനിന്ന് വിളിച്ച കോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് തിരുവനന്തപുരം കണ്ട്രോൾറൂമിലാണ്. അവരുടെ രജിസ്റ്ററിൽ രാവിലെ 5:14 നു കാൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . അവിടന്ന് അവരത് കൈമാറിയത് എറണാകുളം കണ്ട്രോൾ റൂമിലേക്കാണെന്ന് പറഞ്ഞു അവിടുത്തെ നമ്പറും തന്നു. എറണാകുളം കണ്ട്രോൾ റൂമിൽ വിളിച്ചപ്പോൾ അത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ടാവും എന്നും, ലൊക്കേഷൻ വെച്ച് അത് എളമക്കര ആയിരിക്കുമെന്നും പറഞ്ഞു. ജോബി എളമക്കരയിൽ അന്വേഷിച്ചപ്പോൾ അവിടെ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടില്ല, പാലാരിവട്ടം സ്റ്റേഷനിൽ ഒന്ന് അന്വേഷിക്കാൻ പറഞ്ഞു. പാലാരിവട്ടത്തു വിളിച്ചപ്പോൾ അവർക്കതിനെപ്പറ്റി ഒരറിവുമില്ല എന്നാണ് പറഞ്ഞത് . തുടർന്ന് സംശയം തീർക്കാനായി കളമശ്ശേരി പോലീസ് സ്റ്റേഷനിലും വിളിച്ചു. അങ്ങനെയൊരു കേസില്ല. വീണ്ടും കണ്ട്രോൾ റൂമിൽ വിളിച്ച് ഞങ്ങൾക്ക് കേസിന്റെ അവസ്ഥ അറിയണമെന്ന് നിർബന്ധം പിടിച്ചപ്പോൾ പാലാരിവട്ടത്ത് തന്നെയാണ് കേസെന്ന് അവർ തറപ്പിച്ച് പറഞ്ഞു. വീണ്ടും പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചപ്പോളേക്കും അവർ ഇപ്പറഞ്ഞ വാഹനം വരാപ്പുഴയിലെ കേറ്ററിങ്ങ് കമ്പനിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് എഫ്.ഐ.ആർ. (#623/2018) രജിസ്റ്റർ ചെയ്തെന്ന് അറിയിച്ചു.
അതിനിടയ്ക്ക് ജോബിയും ഞാനും സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായും മാലിന്യം തള്ളിയ കേറ്ററിങ്ങ് കമ്പനിയായ സെന്റോസയുടെ തോംസണുമായും കുഞ്ഞുകുഞ്ഞുമായും സംസാരിച്ചു. അവരുടെ തെറ്റല്ല; കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരനായ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് മാലിന്യം റോഡിൽ തട്ടിയതെന്നാണ് സെന്റോസക്കാരുടെ ഭാഷ്യം. (പിടിക്കപ്പെട്ടപ്പോൾ സുരേന്ദ്രൻ വണ്ടിയിൽ നിന്നിറങ്ങി ഓടിക്കളഞ്ഞെന്നും അവർ പറയുന്നു.) അങ്ങനെയാണെങ്കിൽ മുൻപ് നിങ്ങൾ മാലിന്യം എവിടെയാണ് നിക്ഷേപിക്കാറുള്ളത് എന്ന് ചോദിച്ചപ്പോൾ, വരാപ്പുഴയിൽ ഞങ്ങളുടെ സ്ഥലത്തുതന്നെ കുഴിച്ച് മൂടുകയാണ് പതിവെന്ന് പറഞ്ഞു.
പേപ്പറും പ്ലാസ്റ്റിക്കും ജൈവവും അടക്കമുള്ള മാലിന്യം കുഴിച്ചുമൂടുന്ന ഒരു കേറ്ററിങ്ങ് കമ്പനിക്ക് വർഷാവർഷം ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള സാനിറ്റേഷൻ സർട്ടിഫിക്കറ്റ് കിട്ടില്ല. ഫലപ്രദമായ മാലിന്യസംസ്ക്കരണമാർഗ്ഗങ്ങൾ ഹെൽത്ത് ഇൻസ്പെൿടർക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രമേ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് കൊടുക്കാൻ പാടുള്ളൂ. ഈ സർട്ടിഫിക്കറ്റില്ലാതെ സെന്റോസക്കാർക്ക് പഞ്ചായത്ത് ലൈസൻസിന് അപേക്ഷിക്കാനും ലൈസൻസ് പുതുക്കാനുമാവില്ല. അപ്പോൾപ്പിന്നെ വർഷങ്ങളായി നടക്കുന്ന ഈ കേറ്ററിങ്ങ് കമ്പനിയെങ്ങനെ ലൈസൻസ് പുതുക്കി ? ഹെൽത്ത് ഇൻസ്‌പെൿടർ അടക്കമുള്ള എല്ലാ തലങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തം. ഇതേപ്പറ്റി സെന്റോസക്കാർ സംസാരിക്കുന്നതും കുറ്റസമ്മതം നടത്തുന്നതുമായ എല്ലാ ഫോൺരേഖകളും എന്റെ പക്കലുണ്ട്.
ഇങ്ങനെയാണോ ഒരു കേറ്ററിങ്ങ് കമ്പനി നടത്തിക്കൊണ്ടുപോകേണ്ടത് ? യാതൊരു മാലിന്യസംസ്ക്കരണസംവിധാനവും ഇല്ലാത്ത ഇത്തരം ഒരു കമ്പനി, ഒരാഴ്ച്ചയിൽ എത്ര ടൺ മാലിന്യം പൊതുനിരത്തിൽ തള്ളുന്നുണ്ടെന്ന് വല്ല കണക്കും അധികാരികൾക്കുണ്ടോ ? ഇതുപോലെ എത്രയോ കേറ്ററിങ്ങ് കമ്പനികൾ ഇനിയുമുണ്ടാകാം ?! കോർപ്പറേഷൻ ജീവനക്കാരന്റെ പ്രവർത്ത് എന്താണെന്നും കേട്ടല്ലോ ? എന്തൊരു കുത്തഴിഞ്ഞതും അഴിമതി നിറഞ്ഞതും മാലിന്യത്തേക്കാൾ നാറുന്നതുമായ സംവിധാനമാണ് ഇതൊക്കെ നിയന്ത്രിക്കാൻ നമുക്കുള്ളതെന്ന് ഒരു രൂപം കിട്ടിയല്ലോ ? ഇങ്ങനെയൊക്കെയുള്ള നാട്ടിൽ മാലിന്യപ്രശ്നം എങ്ങനെ പരിഹരിക്കപ്പെടുമെന്നാണ് നാം മനസ്സിലാക്കേണ്ടത് ?
ഒരു തെറ്റുപറ്റിപ്പോയി എങ്ങനെയും രക്ഷപ്പെടുത്തണമെന്ന് കേറ്ററിങ്ങ് കമ്പനിക്കാർ ഫോണിലൂടെ അപേക്ഷിക്കുന്നു. ഇത്രയും വലിയ പാതകം നാളുകളായി ചെയ്തുകൊണ്ടിരിക്കുന്നവരെ ഒരു ശിക്ഷയും കൊടുക്കാതെ വിടാൻ പറ്റില്ലെന്ന് സോൾസ് സംയുക്തമായി തീരുമാനമെടുത്തു. ഓടാൻ പോകുന്ന പ്രദേശങ്ങളൊക്കെ വൃത്തിയാക്കുന്ന പരിപാടികൾ കൂടെ സംഘടിപ്പിക്കുന്ന ക്ലബ്ബാണ് സോൾസ്. ആലുവാ മണപ്പുറത്തും ഫോർട്ട് കൊച്ചി ബീച്ചിലുമൊക്കെ അന്വേഷിച്ചാൽ അതേപ്പറ്റി മനസ്സിലാക്കാൻ സാധിക്കും.
സെന്റോസക്കാർ മാലിന്യം തട്ടിയിട്ട് പോയ പ്രദേശം സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രമാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന കോർപ്പറേഷന്റെ ബോർഡ് കീറിപ്പറിഞ്ഞ നിലയിൽ അവിടെ കാണാനുമാകും. സെന്റോസക്കാർ അവിടെയുള്ള മാലിന്യം മുഴുവൻ ഒരു പ്രാവശ്യമെങ്കിലും വൃത്തിയാക്കുക, എന്നിട്ടത് ബ്രഹ്മപുരം മാലിന്യസംസ്ക്കരണ പ്ലാന്റിൽ എത്തിക്കുക. ‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത് ‘ എന്ന ബോർഡ് അവരുടെ ചിലവിൽ അവിടെ സ്ഥാപിക്കുക. ഇത്രയും ചെയ്താൽ കേസിൽ നിന്ന് ഒഴിവാക്കിത്തരാം എന്ന് സോൾസ് ഒരു നിർദ്ദേശം വെച്ചു. ഞങ്ങൾ നിക്ഷേപിക്കാത്ത മാലിന്യം ഞങ്ങളെന്തിന് വൃത്തിയാക്കണം എന്നായി അവർ. എന്നാൽപ്പിന്നെ കേസ് കേസിന്റെ വഴിക്ക് തന്നെ പോയ്ക്കോട്ടെ എന്ന് സോൾസും തീരുമാനിച്ചു.
ഇതിപ്പോ കേസായാലും കുറച്ചങ്ങോട്ടും ഇങ്ങോട്ടും നടന്ന് കാശ് കെട്ടിവെച്ച് വാഹനം സ്റ്റേഷനിൽ നിന്ന് അവർ ഇറക്കിക്കൊണ്ടുപോകും. അതിനപ്പുറം ഒരു ശിക്ഷയും നമ്മുടെ നാട്ടിൽ ഉണ്ടെന്ന് തോന്നുന്നില്ല.
പക്ഷേ ഇങ്ങനെയൊക്കെ മതിയോ ? ആർക്കും തോന്നിയ പോലെ കേറ്ററിങ്ങ് കമ്പനി നടത്തി, മാലിന്യം പൊതുനിരത്തിൽ തട്ടാമെന്നാണോ ? ഇതൊക്കെ നിയന്ത്രിക്കേണ്ട ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൈക്കൂലി വാങ്ങി സാനിറ്റേഷൻ സർട്ടിഫിക്കറ്റ് കൊടുത്തുകൊണ്ടേയിരിക്കുന്നത് ശരിയായ നടപടിയാണോ ? നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് ഉദ്യോഗസ്ഥരുടെ പോക്കറ്റ് നിറയ്ക്കാൻ വേണ്ടി മാത്രമാണോ ? ഇത് ഒരു കേറ്ററിങ്ങ് കമ്പനിയുടെ മാത്രം കഥ. ഇതുപോലെ എത്രയെത്ര കേറ്ററിങ്ങ് കമ്പനികളും ഹോട്ടലുകളും എത്ര ടൺ മാലിന്യം നിത്യവും പാതയോരത്ത് തട്ടിക്കൊണ്ടിരിക്കുന്നുണ്ടാകാം !!! വരാപ്പുഴ പോലുള്ള സ്ഥലത്തെ പുഴയിൽ ഈ മാലിന്യമൊക്കെ സെന്റോസക്കാർ തട്ടുന്നില്ലെന്ന് ആരുകണ്ടു ? ഒരു കുറ്റം നടന്നാൽ അത് പൊലീസിൽ അറിയിച്ചാൽ പൌരന്റെ ഉത്തരവാദിത്വം തീരുന്നില്ല, പിന്നെ ആ പൊലീസുകാർക്ക് പിന്നാലെയും പോകണമെന്നത് എന്തൊരു ഗതികേടാണ് ? ഇതിനൊന്നും ഒരിക്കലും അന്ത്യമുണ്ടാകില്ലേ ഇന്നാട്ടിൽ ?
കേസ് മുന്നോട്ട് പോകാൻ തീരുമാനിച്ച നിലയ്ക്കാണ് ഇത്രയും വിവരങ്ങൾ പരസ്യമാക്കാമെന്ന് സോൾസ് തീരുമാനിച്ചത്. സ്റ്റേഷനിലും കോടതിയിലും സോൾസ് ഇതിന്റെ തുടർനടപടികൾ അന്വേഷിച്ചുകൊണ്ടേയിരിക്കും. കേസ് മുക്കാമെന്ന് ആർക്കെങ്കിലും വിചാരമുണ്ടെങ്കിൽ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങിയേര്.
വാൽക്കഷണം:- കേരളത്തിലെ 44 നദികളും മലീമസമാണെന്ന് ഇന്ന് പത്രവാർത്തയുണ്ട്. അതിൽത്തന്നെ ആറ് നദികൾ ഊർദ്ധശ്വാസം വലിക്കുകയാണെന്ന് ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ റിപ്പോർട്ടുമുണ്ടത്രേ ! ഈ നിലയ്ക്കാണ് പോക്കെങ്കിൽ ബാക്കിയുള്ള 38 നദികളും അധികം വൈകാതെ അന്ത്യശ്വാസം വലിക്കുക തന്നെ ചെയ്യും.
നമ്മുടെ നഗരമാലിന്യം നഗരനിയമം 330 പ്രകാരം നഗരസഭയുടെ സ്വത്ത് ആണ്
ജനം അനാവശ്യ വസ്തു സംരക്ഷിക്കില്ല’ ജനങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യം ജനങ്ങളുടെ തന്നെ ആരോഗ്യത്തിനെ ഹാനികരമാമാക്കുന്നതു കൊണ്ടാണ് ലോകത്ത് എല്ലായിടത്തും നഗരമാലിന്യം നഗരസഭയുടെ സ്വന്തായി പ്രഖ്യാപിച്ച് നിയമം ഉണ്ടാക്കി നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച് സംസ്ക്കരിക്കുന്നത് കേരളത്തിലൊഴികെ.
സ്വത്ത് (മാലിന്യം)കൃത്യമായി ശേഖരിച്ച് സുക്ഷിക്കേണ്ടത് നഗരസഭയുടെ ചുമതലയും ഉത്തരവാദിത്വവുംആണ്
സ്വത്ത് സംരക്ഷിക്കാത്ത നഗരസഭക്ക് എതിരെയാണ് ഉത്തരവാദിത്വമില്ലായ്മക്ക്കൃമിനൽ നിയമ നടപടി സ്വീകരിക്കേണ്ടത്
ഉത്തരവാദിത്വമില്ലാ ഭരണ കുടങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ
ഈ കാര്യത്തിൽ പോലിസ് എന്ത് നടപടി എടുക്കും? കാത്തിരുന്നു കാണാം