ഇന്ന് രാവിലെ സുധ മേനോന്റെ Sudha Menon വീട്ടിൽ പ്രാതൽ കഴിക്കാൻ ചെല്ലാമെന്ന് ഏറ്റിരുന്നു. സുധയും കുടുംബവും പ്രസാദ് സാറിന്റെ വീട്ടിൽ നിന്ന് 3 കിലോമീറ്റർ മാറിയാണ് താമസം. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ ‘ എന്ന ഗംഭീര പുസ്തകത്തിൻ്റെ എഴുത്തുകാരിയെ ഓഫ്‌ലൈൻ ആക്കാൻ കിട്ടുന്ന അവസരം കൂടെയാണ് ഇത്.
ഇഡ്ഡലിയും ദോശയും ഗുജറാത്തി മധുരവും ഒക്കെയായി പ്രാതൽ ഗംഭീരമായി. ഇന്നലെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾക്ക് ‘ മുതുകുളം പാർവ്വതിയമ്മ അവാർഡ് ലഭിച്ചിട്ടുണ്ട്. ആ പുസ്തകത്തിന് ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണ് ഇത്. സുധയ്ക്ക് അഭിനന്ദനങ്ങൾ.
അതിന് സാഹിത്യ അക്കാഡമി അവാർഡ് കിട്ടാതെ പോയത്, പുസ്തകം കൊടുക്കാത്തത് കൊണ്ടാണെന്ന് ഞാൻ കരുതുന്നു.
എഴുത്തുകാരിയുടെ രണ്ടാമത്തെ പുസ്തകമായ ‘ഇന്ത്യ എന്ന ആശയം’ ഒപ്പിട്ട് കൈപ്പറ്റിയ ശേഷം അവിടെ നിന്ന് പ്രസാദ് സാറും ഞാനും രണ്ട് വഴിക്ക് പിരിഞ്ഞു. 6 കിലോമീറ്റർ ദൂരെയുള്ള സർഖേജ് റോസയിലേക്കാണ് ഭാഗിയും ഞാനും പോയത്.
* സർഖേജ് റോസ ഒരു സൂഫി മോസ്ക്ക് ആണ്.
* ഒരുകാലത്ത് ഇതൊരു വലിയ സൂഫി സംസ്ക്കാരിക കേന്ദ്രം ആയിരുന്നു. അതുകൊണ്ട് തന്നെ നിസ്കാരം ഖബറുകളും മണ്ഡപങ്ങളും തടാകങ്ങളും ഒക്കെയായി ധാരാളം നിർമ്മിതികൾ ഇതിനകത്ത് ഉണ്ട്.
* പ്രമുഖ സൂഫിവര്യൻ ആയിരുന്ന ഷേക്ക് അഹമ്മദ് ഗഞ്ച് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
* ഈ സൂഫി നിർദ്ദേശപ്രകാരമാണ് ഷേയ്ഖ് അഹമ്മദ് ഷാ സർഖേജ് റോസയിൽ അൽപ്പം മാറി സബർമതി നദിക്കരയിൽ അഹമ്മദാബാദ് എന്ന നഗരം നിർമ്മിച്ചത്.
* ഈ സമുച്ചയം രൂപകൽപ്പന ചെയ്ത അസം ഖാൻ, മുവാസം ഖാൻ എന്നീ പേർഷ്യൻ സഹോദരന്മാരുടെ ഖബറുകൾ ഇതിനകത്ത് ഉണ്ട്.
* പലയിടത്തും മോഡൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല. മോസ്കിനകത്ത് ഫോട്ടോഗ്രഫിയും സമ്മതിക്കുന്നില്ല.
* 29 ഹെക്ടർ സ്ഥലത്തായി പരന്ന് കിടന്നിരുന്ന സമുച്ചയം പിന്നീട് കൈയേറ്റങ്ങൾ കാരണം 14 ഹെക്ടർ ആയി കുറഞ്ഞു.
* മ്യൂസിയം, ലൈബ്രറി എന്നിങ്ങനെയുള്ള സംവിധാനങ്ങളും ഇതിനകത്തുണ്ട്.
നഗരത്തിൽ നിന്നും 35 കിലോമീറ്റർ ദൂരെയുള്ള ഗാന്ധിനഗറിലെ അക്ഷർദാം ആയിരുന്ന അടുത്ത ലക്ഷ്യം. ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സംസ്ത (BAPS) എന്ന കൂട്ടരുടെ ആശ്രമം അല്ലെങ്കിൽ ക്ഷേത്രം എന്നൊക്കെ വിളിക്കാവുന്ന, വലിയ പണം മുടക്കി നിർമ്മിച്ച സമുച്ചയം ആണിത്. ഇവർ ഹിന്ദുക്കൾ ആണെന്നും അതല്ല മറ്റൊരു മതം ആണെന്നും രണ്ട് പക്ഷമുണ്ട്.
* 6000 മെട്രിക് ടൺ പിങ്ക് കല്ലുകൾ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
* 24 ഏക്കറിലായി പരന്ന് കിടക്കുന്ന ഈ സമുച്ചയം ഉണ്ടാക്കാൻ 13 വർഷം സമയമെടുത്തു.
* 108 x 131 x 240 അടി അളവിലുള്ള ഈ ക്ഷേത്രം നിർമ്മിക്കാൻ ലോഹം ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല.
* മന്ദിരത്തിന്റെ നടുവിൽ സ്ഥാപിച്ചിരിക്കുന്ന 7 അടി ഉയരമുള്ള സ്വാമിനാരായൺ മൂർത്തി സ്വർണ്ണം പൂശിയതാണ്.
* ഒന്നാം നിലയിൽ സ്വാമിനാരായൻ്റെ ജീവിത ചരിത്രം പെയിന്റിംഗുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
* താഴത്തെ നിലയിൽ മൂർത്തികളായും പ്രതിമകളായും പല സംഭവങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
* ക്ഷേത്രത്തിന് ചുറ്റുമുള്ള 5 ഗ്യാലറികളിലായി പല പ്രദർശനങ്ങളുണ്ട്. ഇതിന് ₹60 ൻ്റെ ടിക്കറ്റ് എടുക്കണം. രണ്ടര മണിക്കൂർ സമയമെടുക്കും ഈ പ്രദർശനം കണ്ട് തീർക്കാൻ. അതിലൊന്ന് സ്വാമിനാരായണനെപ്പറ്റി BAPS നിർമ്മിച്ചിരിക്കുന്ന ചലച്ചിത്രമാണ്.
* ക്യാമറകളും ഫോണും സ്മാർട്ട് വാച്ചുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും എല്ലാം ലോക്കറിൽ വെച്ച ശേഷമേ ക്ഷേത്ര സമുച്ചയത്തിൽ കടക്കാൻ കഴിയൂ.
അതുകൊണ്ട് തന്നെ ഒരു ചിത്രം പോലും എടുക്കാൻ എനിക്കായില്ല.
സൊവനീർ ഷോപ്പിൽ നിന്ന് വാങ്ങിയ സ്വാമിനാരായണൻ്റെ യൗവന കാലത്തിന്റെ (നീലകണ്ഠൻ) ഒരു ചെറിയ ലോഹ പ്രതിമ മാത്രമാണ് ഞാൻ അവിടെ പോയിരുന്നു എന്നതിന് തെളിവ്.
7 മണിക്ക് വെള്ളത്തിലുള്ള ലേസർ പ്രകടനം കാണാൻ നിൽക്കാതെ ഞാൻ നഗരത്തിലേക്ക് മടങ്ങി. എന്നിട്ടും പ്രസാദ് സാറിന്റെ വീട് എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു.
ഭാഗിയുടെ കീഴിൽ നിന്ന് ഇപ്പോഴും ശബ്ദം വരുന്നുണ്ട്. ബറോഡയിലെ ഖുശി വർക്ക് ഷോപ്പുകാർ അവരുടെ ജോലി നേരാം വണ്ണം ചെയ്തില്ല എന്ന് ഉറപ്പിക്കാം. നാളെ ആ പ്രശ്നം പരിഹരിക്കുകയാണ് പ്രധാന പരിപാടി.
ശുഭരാത്രി.