എണ്ണപ്പാടം

CPC-20Offshore-20003

പ്ലാറ്റ് ഫോം


ടുക്കടലില്‍ എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ് ഫോം ആണ് ചിത്രത്തില്‍. ഞങ്ങള്‍ എണ്ണപ്പാടത്തൊഴിലാളികള്‍ ഇതിനെ ജാക്കറ്റ് എന്നും വിളിക്കാറുണ്ട്.

പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യഭാഗത്തായി (ഇടത്തുനിന്നും വലത്തുനിന്നും മൂന്നാമത് ) കാണുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള പൈപ്പാണ് എണ്ണക്കിണര്‍‍. കൃത്യമായി പറഞ്ഞാല്‍ അത് എണ്ണക്കിണറിന്റെ ഒരു കവചം മാത്രമാണ്. കേസിങ്ങ് എന്ന് ഞങ്ങളതിനെ പറയും. അതിനുള്ളിലായിരിക്കും ട്യൂബിങ്ങ് എന്ന സാക്ഷാല്‍ എണ്ണക്കിണര്‍.

നാടന്‍ കുഴല്‍ക്കിണറുകളെപ്പോലെ തന്നെയുള്ള ഒരു എണ്ണക്കിണറിന്റെ ട്യൂബിങ്ങിലൂടെയോ കേസിങ്ങിലൂടെയോ മനുഷ്യജീവികള്‍ക്ക് കടന്നുപോകാനൊന്നും പറ്റില്ല. ഇനി അഥവാ പോകാന്‍ സാധിച്ചാലും ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം ആഴത്തിലേക്ക് നീളുന്ന എണ്ണക്കിണറിലെ അതിസമ്മര്‍ദ്ദവും ഉഗ്രതാപവും താങ്ങാന്‍ ആര്‍ക്കുമാവില്ല.

ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ എണ്ണപ്പാടത്തുള്ളവര്‍ സ്ഥിരം കേള്‍ക്കാറുള്ള ഒരു ചോദ്യമുണ്ട്.

“നിങ്ങള്‍ ഈ എണ്ണക്കിണറിലേക്കൊക്കെ ഇറങ്ങിച്ചെല്ലാറുണ്ടോ ? “

ഞങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാനാകില്ലെങ്കിലും ഈ ജാക്കറ്റിലിരുന്ന്, പല മെക്കാനിക്കല്‍ ഉപകരണങ്ങളും ഇലക്‍ട്രോണിക്‍സ് ഉപകരണങ്ങളും ഞങ്ങള്‍ താഴേക്ക് കൊണ്ടുപോകുകയും തിരിച്ചെടുക്കയും ചെയ്യാറുണ്ട്. അത്തരം ഒരു ജോലിക്കിടയില്‍ ഷാര്‍ജയിലെ ഒരു ഓഫ്‌ഷോര്‍ എണ്ണപ്പാടത്തുനിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചിത്രമെടുത്തിരിക്കുന്നത്, ജാക്കറ്റിലേക്കെത്താന്‍ ഞങ്ങള്‍ പലപ്പോഴും ആശ്രയിക്കുന്ന ബോട്ടുകളില്‍ ഒന്നില്‍ നിന്നാണ്.

എണ്ണപ്പാടത്ത് മിക്കവാറുമിടങ്ങളില്‍ ക്യാമറ നിഷിദ്ധമാണ്. ഈ ഒരു എണ്ണപ്പാടത്ത് (ഏതാണെന്ന് പറയില്ല) ക്യാമറ അനുവദിക്കുമെന്നുള്ളതുകൊണ്ടുതന്നെ ഇവിടെച്ചെന്നാല്‍ പടം പിടുത്തം ഞങ്ങളൊരു ആഘോഷമാക്കാറുണ്ട്. അത്തരം ചില ചിത്രങ്ങള്‍ ദാ ഇവിടെയും ഇവിടെയും ഇവിടെയുമുണ്ട്.

ഇന്ത്യക്കാര്‍ കാറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതുകൊണ്ടാണ് ഓയല്‍ വില വര്‍ദ്ധിച്ചതെന്ന് പ്രസ്ഥാവനയിറക്കിയ ബരാക്ക് ഒബായ്ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു.