വൈദ്യശാസ്ത്രം

തിരക്കുകളിൽ പോയി തിരക്കിട്ട് ചാകണോ ?


00
കുമ്പളങ്ങി തീരത്തെ ‘കവര്‘ എന്ന പ്രതിഭാസം കാണാൻ അന്നാട്ടിലെ ഏതൊരു പള്ളിപ്പെരുന്നാളിനേക്കാളും തിരക്കായിരുന്നു ഇന്നലെ എന്നാണറിയാൻ കഴിഞ്ഞത്. ആ കൊച്ച് ദ്വീപിലേക്കുള്ള  ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാട് പെട്ടു.

കവര് പൂത്തതിനെപ്പറ്റിയുള്ള പത്രവാർത്തകൾ കണ്ടാണ് ജനങ്ങൾ കുമ്പളങ്ങിയിലേക്ക് തിക്കിത്തിരക്കി ചെന്നത്. കവര് ലോകത്താദ്യമായുണ്ടാകുന്ന പ്രതിഭാ‍സമൊന്നുമല്ല. കേരളത്തിൽ മുൻപ് പലപ്പോഴും ചെറിയ തോതിലും വലിയ തോതിലും കവര് ഉണ്ടായിട്ടുണ്ട്. എന്നിട്ടും കൊറോണ സമയത്തെ കവരിനെ അതിന്റെ പാട്ടിന് വിടാൻ നമ്മൾ തയ്യാറായില്ല. കോവിഡ് 19ന്റെ ഭീകരാവസ്ഥയെ മാറ്റിനിർത്തി ശാസ്ത്രകുതുകികളാകാൻ നമ്മൾ തിക്കിത്തിരക്കി. അവിടെയൊരു 144 പ്രഖ്യാപിക്കാൻ സർക്കാരിനുമായില്ല.

ആറ്റുകാൽ പൊങ്കാല കഴിഞ്ഞെന്ന് കരുതി സന്തോഷിക്കാനായിട്ടില്ല. പൊങ്കാലയ്ക്ക് പോയവർക്ക് കൊറോണ പിടിപെട്ടോ എന്ന് അറിഞ്ഞ് തുടങ്ങിയിട്ടില്ല. അതിൽ നിന്ന് രക്ഷപ്പെട്ടാലും, പിടിച്ചതിലും വലുതാണ് അളയിൽ നിന്ന് ഇനിയും വരാനിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട് ഉത്സവങ്ങളും പൂരങ്ങളും പെരുന്നാളുകളും കൂട്ടപ്രാർത്ഥനകളും പൂജകളും മറ്റ് മതപരമായ ആഘോഷങ്ങളും ആചാരങ്ങളും സമയാസമയത്ത് ഒന്നിന് പിന്നാലെ ഒന്നായി വന്നുകൊണ്ടേയിരിക്കും. മതമേലദ്ധ്യക്ഷന്മാരും പുരോഹിതന്മാരും അമ്പലം-പള്ളി-മസ്ജിത് കമ്മറ്റിക്കാരും വേണ്ടെന്ന് വെച്ചില്ലെങ്കിൽ ഭക്തിയുടെ പേരിലുള്ള ആൾക്കുട്ടങ്ങൾ നിയന്ത്രിക്കാൻ കേരളത്തിനാവില്ല.

കക്ഷിരാഷ്ട്രീയക്കാർക്ക്, വോട്ട് ബാങ്കിനേക്കാൾ വലുതല്ല ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും. മതത്തിനോളമോ അതിനേക്കാൾ വലുതോ ആയ ആചാരവും വിശ്വാസ സംഹിതയുമാണ് കക്ഷിരാഷ്ട്രീയം. ആയതിനാൽ, ഏതെങ്കിലും പാർട്ടിക്കാർ മതപരമായ ആൾക്കൂട്ടങ്ങൾക്കെതിരെ സംസാരിക്കുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നത് വിഡ്ഢിത്തമാണ്.

മനുഷ്യൻ ജീവനോടെ ഇരുന്നാലേ അവന്റെ ആരാധനാ മൂർത്തിയായ ദൈവത്തിനും നിലനിൽപ്പുണ്ടാകൂ എന്ന്  മനസ്സിലാക്കി മതപരമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. എങ്ങനേയും കൊറോണയെ കീഴടക്കി ജീവനോടെ അവശേഷിച്ചാലല്ലാതെ, മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ പിന്നേയും തലതല്ലിച്ചാകാൻ നമുക്ക് കഴിയില്ലെന്ന യാഥാർത്ഥ്യമെങ്കിലും മനസ്സിലാക്കാത്തതെന്ത് ?

കല്യാണം, നിശ്ചയം, നൂലുകെട്ട്, മരണം, ഷഷ്ടിപൂർത്തി, ഉത്സവം, പെരുന്നാൾ, തിരഞ്ഞെടുപ്പ്, അൽപ്പന്മാരെ സ്വീകരിക്കൽ,  ശാസ്ത്രകൌതുകങ്ങൾ, ബിവറേജസ് ക്യൂ, എന്നിങ്ങനെ എല്ലാ  ആൾക്കൂട്ടങ്ങളും ഒഴിവാക്കുക. നമ്മൾ കാരണം ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ നോക്കുക.

സർക്കാർ സ്വയം ബിവറേജസ് പൂട്ടുക്കെട്ടുമെന്ന് കരുതുകയേ വേണ്ട. സർക്കാർ വരുമാനത്തിന്റെ ആണിക്കല്ലാണ് ബിവറേജസുകൾ. ആ ക്യൂവിൽ പോകാതെ നോക്കിയാൽ, ഈ മഹാമാരി അടങ്ങുമ്പോൾ ഒരു കുപ്പി കൂടുതൽ പൊട്ടിച്ചകത്താക്കാമല്ലോ ? അതുവരെ ക്ഷമിച്ചുകൂടെ ? രണ്ട് മീറ്റർ അകലത്തിൽ ബിവറേജസിലെ ക്യൂ പാലിക്കുക എന്നത് കേരളത്തിൽ നടക്കാത്ത കാര്യമാണെന്നും അറിയാമല്ലോ ? ബിവറേജസ് എന്തുകൊണ്ട് പൂട്ടില്ല എന്ന വിഷയത്തിൽ ഡോ:മനോജ് വെള്ളനാട് എഴുതിയത് ഈ ലിങ്കിൽ വായിക്കാം.

എഴുത്തും വായനയും അറിയുന്ന ജനങ്ങളാണ് മലയാളികളെന്നതിന്റെ മുഴുവൻ പ്രയോജനവും ഗുണവും സമൂഹത്തിനും സ്വയം നമുക്കും തിരികെ നൽകേണ്ട സമയമാണിത്. പൊതുജനത്തിലുള്ള വിശ്വാസം ഇനിയും നഷ്ടപ്പെട്ടിട്ടില്ല. ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുമെന്ന് ഉറച്ച പ്രതീക്ഷ അവശേഷിക്കുന്നുണ്ട്.

അല്ലെങ്കിൽപ്പിന്നെ കവി പാടിയത് പോലെ…….

“ചത്തുചത്ത് പിരിഞ്ഞിടാമിനി,
തമ്മിലൂതിയണച്ചിടാം,
തമ്മിലൂതിയണച്ചിടാം.”

വാൽക്കഷണം:- പ്രളയമായിരുന്നു ഇതിലും ഭേദം. പുറത്തിറങ്ങാൻ പറ്റുന്നതുകൊണ്ടുള്ള അഹങ്കാരമാണിതൊക്കെയും. ചുറ്റിലും വെള്ളം പൊങ്ങിയപ്പോൾ അടങ്ങിയൊതുങ്ങി വീട്ടിലിരുന്നവർക്ക്, മഹാമാരി മൂക്കിൻ തുമ്പത്തെത്തി നിൽക്കുമ്പോൾ ചുറ്റിയടിക്കാൻ തരിക്കുന്നത്, തിന്നിട്ട് എല്ലിനിടയിൽ കയറിയതിന്റെ കുഴപ്പം മാത്രമാണ്.