All posts by Manoj Ravindran

കൊച്ചിയിലെ വെള്ളക്കെട്ടിന്റെ കാരണം ?!


 

44
രൊറ്റ മഴയിൽ എറണാകുളം മുങ്ങിപ്പൊങ്ങിയത് എല്ലാവരും കണ്ടില്ലേ ? കോർപ്പറേഷനും ജില്ലാ ഭരണകൂടവും പരസ്പരം പഴിചാരിയത് എല്ലാവരും കേട്ടല്ലോ ? കുറ്റം മുഴുവൻ മുല്ലശ്ശേരി കനാലിന്റെ മേൽ കെട്ടിവെച്ചത് എല്ലാവരും അറിഞ്ഞല്ലോ ? നാല് പതിറ്റാണ്ടായി എല്ലാ മഴയത്തും വീടിനകത്ത് കക്കൂസ് മാലിന്യവും അറവ് മാലിന്യവും അടക്കമുള്ള മലിനജലം കയറുന്ന കോളനിക്കാരുടെ ദുരിതവും നെഞ്ച് പൊട്ടിയുള്ള പരാതികളും കണ്ടല്ലോ ?

ഇനി ഈ വീഡിയോ കണ്ണ് തുറന്ന് കാണുക. പാലാരിവട്ടത്തെ ഓടകളുടെ സ്ലാബ് മാറ്റി ആയിരക്കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികൾ പുറത്തെടുക്കുന്ന ദൃശ്യമാണതിലുള്ളത്. ലിങ്ക് ഇവിടെ. ഇത് കണ്ടതിന് ശേഷം എല്ലാവരും സ്വയം ചോദിക്കേണ്ടതും പരസ്പരം ചോദിക്കേണ്ടതുമായ ചില ചോദ്യങ്ങളുണ്ട്.

ചോദ്യം 1:- ഒരു പ്ലാസ്റ്റിക് കാലിക്കുപ്പി ഒരിക്കലെങ്കിലും റോഡിലോ ഓവുചാലിലോ പുഴയിലോ കടലിലോ എറിഞ്ഞു കളയാത്തവർ ആരെങ്കിലും വെള്ളക്കെട്ട് അനുഭവിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് നെഞ്ചിൽ കൈ വെച്ച് പറയാനാകുമോ ?

ചോദ്യം 2:- ഇപ്പറഞ്ഞ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കാലിക്കുപ്പി പൊതുസ്ഥലത്ത് കൃത്യമായി ഉപേക്ഷിക്കാനുള്ള എന്തെങ്കിലും സംവിധാനം, കുറഞ്ഞത് എല്ലാ ഒരു കിലോമീറ്ററിനുള്ളിൽ എവിടെയെങ്കിലും എറണാകുളം നഗരത്തിൽ കോർപ്പറേഷൻ വക ഉണ്ടോ ? നിറയുമ്പോൾ കൃത്യമായി നീക്കം ചെയ്ത് റീസൈക്കിളിങ്ങിലേക്ക് മുതൽക്കൂട്ടാകുന്ന ഒരു കുപ്പത്തൊട്ടിയാണ് ഉദ്ദേശിച്ചത്.

ചോദ്യം 3:- എങ്ങനെയാണ് ജൈവമാലിന്യവും റീസൈക്കിൾ മാലിന്യവും വേർതിരിച്ച് സംസ്കരിക്കേണ്ടതെന്ന് ചെറിയ കുട്ടികൾ മുതൽ മുകളിലേക്കും, മുൻപ് അത് പഠിച്ചിട്ടില്ലാത്ത സമ്പൂർണ്ണ സാക്ഷരർക്കും മറ്റ് പൊതുജനങ്ങൾക്കും വകതിരിവുണ്ടാക്കുന്ന എന്തെങ്കിലും പാഠ്യപദ്ധതിയോ ബോധവൽക്കരണ പദ്ധതിയോ സംസ്ക്കാരമോ നമുക്കുണ്ടോ ?

ചോദ്യം 4:- കേരളത്തിൽ എല്ലാ ജില്ലകളിലും കൃത്യമായ മാലിന്യസംസ്ക്കരണ പദ്ധതികൾ എന്തെങ്കിലുമുണ്ടോ ?

ഈ നാല് ചോദ്യങ്ങൾക്കും ‘ഇല്ല’ എന്ന് തന്നെയാകും ഉത്തരം. അങ്ങനെയാകുമ്പോൾ പ്രതിസ്ഥാനത്ത് വരുന്നത് 3 കൂട്ടരാണ്.

1.വെള്ളക്കെട്ട് അനുഭവിക്കുന്ന പൊതുജനമെന്ന കഴുത. ഈ മാലിന്യമെല്ലാം ഓടകളിലേക്ക് തള്ളുന്നത് അവർ തന്നെയാണല്ലോ.

2.ആ കഴുതകൾ, അവരാൽ അവർക്ക് വേണ്ടി, കീ ജെയ് വിളിച്ച് വരി നിന്ന് തിരഞ്ഞെടുത്ത് അധികാരത്തിൽ ഏറ്റിയിരിക്കുന്ന കക്ഷിരാഷ്ട്രീയ പുംഗവർ.

3.ഒരു സർക്കാർ ജോലി കിട്ടിയാൽ ജീവിതം ഭദ്രമായെന്ന് കരുതുന്നതിനപ്പുറം, ശമ്പളം വാങ്ങുന്ന ജോലിയോട് യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത പാഴ് ജന്മങ്ങളായ ഉദ്യോഗസ്ഥർ.

ഇനി എന്നും പറയാറുള്ള നിദ്ദേശങ്ങൾ ആവർത്തിക്കാം.

നിർദ്ദേശം 1:- പാഠ്യപദ്ധതിയിൽ മാലിന്യസംസ്കരണം മാത്രം (പ്രാക്ടിക്കൽ അടക്കം) ഒരു വിഷയമായി ചേർക്കുക. പൊതുസ്ഥലങ്ങളിൽ നിന്ന് മാലിന്യം പെറുപ്പിക്കുന്നത് തന്നെയാണ് പ്രാക്ടിക്കൽ. സ്വന്തം കുട്ടി റോഡിലെ മാലിന്യം പെറുക്കുന്നത് കാണുമ്പോളെങ്കിലും രക്ഷകർത്താക്കൾ പൊതുസ്ഥലത്ത് മാലിന്യമെറിയുന്നത് നിർത്തിക്കോളും.

നിർദ്ദേശം 2:- പൊതുസ്ഥലങ്ങളിൽ ആവശ്യത്തിന് കുപ്പത്തൊട്ടികൾ സ്ഥാപിക്കുകയും അതിലെ മാലിന്യം കൃത്യമായി നീക്കുകയും സംസ്ക്കരിക്കുകയും ചെയ്യുക.

നിർദ്ദേശം 3:- കുപ്പത്തൊട്ടികളിൽ അല്ലാതെ മറ്റെവിടെയെങ്കിലും മാലിന്യം എറിയുന്നവരെ കണ്ടെത്തി കനത്ത പിഴയും തടവും നൽകുക.

നിർദ്ദേശം 4:- ഭരണത്തിലേറി ഒരു വർഷത്തിനകം കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾ മൊത്തം പരിഹരിക്കുമെന്ന് പറഞ്ഞ നേതാക്കന്മാരെ കണ്ടെത്തി, ഇനിയൊരു കാലത്തും അതുപോലുള്ളവർ തിരഞ്ഞെടുക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുക.

നിർദ്ദേശം 5:- എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്നും നല്ല രീതിയിൽ അത് സംസ്കരിക്കപ്പെടേണ്ടതുണ്ട് എന്ന ബോധം വെള്ളക്കെട്ട് അനുഭവിക്കുന്നവനും അനുഭവിക്കാത്തവനും സ്വയം ഉണ്ടാക്കുക. അതിനനുസരിച്ച് പ്രവർത്തിക്കുക.

ഇതൊന്നും പറ്റില്ലല്ലേ ? എങ്കിൽപ്പിന്നെ ഭേഷായിട്ട് അനുഭവിച്ചു കൊള്ളുക.

വാൽക്കഷണം:- മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപാദിപ്പിച്ച് ഊർജ്ജ പ്രതിസന്ധിയടക്കം പരിഹരിച്ച് കളയുമെന്ന് സർക്കാർ വീമ്പിളക്കിയിരുന്നല്ലോ ? ഇപ്പോൾ അതേപ്പറ്റി ഒന്നും കേൾക്കാനേയില്ല. വല്ലതും നടക്കുമോ ? അതോ അടുത്ത ഇലക്ഷൻ വാഗ്ദാനങ്ങളിൽ വീണ്ടും ഇതുതന്നെ കേൾക്കേണ്ടി വരുമോ ?
—————————————-
വീഡിയോയ്ക്ക് കടപ്പാട്:- ഇത് എടുത്തിരിക്കുന്ന, ഇതിൽക്കാണുന്ന, പേര് പറയാത്ത സഹോദരനോട്.