കൃഷി

ഗുൽമോഹർ


000
ഹാരിസ് സാർ, കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ വെച്ച് എനിക്ക് സാക്ഷരത ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അദ്ധ്യാപകനാണ്. സാറിൻ്റെ സഹോദരൻ മെഹമൂദിക്ക ഇന്നെൻ്റെ നര നോക്കിയ ശേഷം ആ ഗുരുശിഷ്യ ബന്ധത്തിൽ സംശയം രേഖപ്പെടുത്തി. മൂപ്പെളമ തർക്കം തീർക്കാൻ ചേകവന്മാരെ കൊണ്ടുവന്ന് അങ്കം വെട്ടേണ്ടതൊന്നുമില്ല. സാറിന് എന്നേക്കാൾ കഷ്ടി രണ്ടോ മൂന്നോ വയസ്സേ അധികം കാണൂ.

8 വർഷം മുൻപ് സാറിൻ്റെ ആറാട്ടുപുഴ (ആലപ്പുഴ ജില്ല) കായംകുളം കായലോരത്തെ വീടിന്റെ തൊടിയിൽ ഒരു ഗുൽമോഹർ നടണമെന്ന ആഗ്രഹം സാർ പറഞ്ഞിരുന്നു. അത് പ്രകാരം ഗുൽമോഹർ അടക്കം അഞ്ചെട്ട് മരങ്ങൾ അന്നവിടെ കൊണ്ടുപോയി നട്ടിരുന്നു. കായലോരത്ത് അതങ്ങനെ ചുവപ്പ് പ്രതിബിംബം വെള്ളത്തിൽ പതിപ്പിച്ച് നിൽക്കുന്ന കാഴ്ച്ച ഞാനും സ്വപ്നം കണ്ടു.

വർഷങ്ങൾക്ക് ശേഷം ആ ഗുൽമോഹർ വളർന്ന് വലുതായി അതിൽ ഊഞ്ഞാൽ കെട്ടി ആടുന്ന പടം സാർ അയച്ച് തന്നപ്പോളാണ് അക്കിടി പറ്റിയ കാര്യം എനിക്ക് ബോദ്ധ്യമായത്.

അത് ഗുൽമോഹറല്ല. പ്രണയത്തിൻ്റെ പര്യായമായ ഗുൽമോഹർ എവിടെക്കിടക്കുന്നു ‘ഉറക്കം തൂങ്ങി മരം‘ എവിടെക്കിടക്കുന്നു !

വിരിഞ്ഞ് കട്ടകുത്തി കാമദേവൻ്റെ അമ്പിനും വാലൻ്റൈൻസ് പുണ്യാളൻ്റെ കുപ്പായത്തിനും ഒരേപോലെ നിറം പകരാൻ പോന്ന ചുവന്ന പ്രണയപ്പൂക്കളെവിടെ, ഉറക്കം തൂങ്ങിയുടെ പൗഡർ പഫ് പോലത്തെ നിറം ചത്ത പൂക്കളെവിടെ ?!

എനിക്ക് ചെറുതൊന്നുമായിരുന്നില്ല സങ്കടം. ആ കായലോരത്ത് ഗുൽമോഹർ പൂത്തുലയുന്നത് വരെ ആ വ്യഥ മാറാനും പോകുന്നില്ല. അതിനാദ്യം അവിടെ ഗുൽമോഹർ നടണമല്ലോ ? പിന്നെ അത് പൂക്കുന്നത് വരെ ആയുസ്സും നീട്ടിക്കിട്ടണം.

ഗുൽമോഹർ നഴ്സറിയിൽ നിന്ന് സംഘടിപ്പിച്ചപ്പോൾ എങ്ങനെ ‘ഉറക്കം തൂങ്ങി മര’മായി എന്ന ചിന്ത ശരിക്കുമെൻ്റെ ഉറക്കം കെടുത്തി. ആ അമളിയുടെ രഹസ്യം മനസ്സിലാക്കിയത് ഈയടുത്ത കാലത്ത് മാത്രമാണ്.

പലപേരുകളിൽ അറിയപ്പെടുന്നുണ്ട് ഗുൽമോഹർ. വടക്കേ ഇന്ത്യക്കാർക്ക് ഗുൽമോഹർ. ബാംഗ്ലൂരിൽ ചെന്നാൽ മെയ്ഫ്ലവർ എന്ന് പറഞ്ഞാലേ രക്ഷയുള്ളൂ. മലയാളികൾക്കിത് പക്ഷേ വാകയാണ്.

“വാകപ്പൂമരം ചൂടും
വാരിളം പൂങ്കുലയ്ക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കൻ തെന്നൽ“…….എന്ന ഗാനത്തിലെ വാക തന്നെ.

അവിടെത്തന്നെയാണ് എനിക്ക് പിഴച്ചത്. ഉറക്കം തൂങ്ങി മരത്തിനെ നെന്മേനി വാക എന്ന് വിളിക്കാറുണ്ട് ചിലയിടങ്ങളിൽ. വാക ചോദിച്ചപ്പോൾ നെഴ്സറിക്കാരൻ നെന്മേനി വാക എടുത്തുതന്നു. ഇലകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള സാക്ഷരത എനിക്കില്ലാതെയും പോയി. (ഇനിയിപ്പോൾ ഗുൽമോഹറിൻ്റെ പലപല പ്രാദേശിക നാമഭേദങ്ങൾ, ഇത് വായിക്കുന്ന ഓരോത്തർക്കും പറയാനുണ്ടാകും. മടിക്കണ്ട… പോന്നോട്ടെ.)

എന്തായാലും ഹാരിസ് സാറിൻ്റെ വീട്ടിൽ നടാനുള്ള ശരിക്കുള്ള ഗുൽമോഹർ തപ്പി വീണ്ടുമിറങ്ങിയപ്പോൾ നഴ്സറികളിലൊന്നിലും ഒരെണ്ണം പോലും കിട്ടാനില്ല. മണ്ണൂത്തിയിലെ നഴ്സറിക്കാരും കൈമലർത്തി.

ബാംഗ്ലൂരിൽ കിട്ടാത്ത ഗുൽമോഹറോ എന്ന അഹങ്കാരത്തിനും പെട്ടെന്ന് തന്നെ ശമനമായി. അവിടത്തെ വളരെ ചുരുക്കം നഴ്സറികളിൽ ഗുൽമോഹറുണ്ട്. പക്ഷേ 8 അടിക്ക് മേലെ വലിപ്പമുണ്ട് തൈകൾക്ക്. അത് കേരളത്തിലെത്തിക്കുക എളുപ്പമേയല്ല. ശ്രമം തുടർന്നപ്പോൾ ഒരിടത്തുനിന്ന് 2 അടി ഉയരമുള്ള 3 തൈകൾ കിട്ടി.

അതൊരാഴ്ച്ച ബാംഗ്ലൂരിലെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ ഇരുന്നു. നാട്ടിലേക്ക് തിരിച്ചപ്പോൾ കാറിൻ്റെ ഫ്രണ്ട് സീറ്റിൻ്റെ തറയിൽ ഏസി കിട്ടാൻ പാകത്തിന് എടുത്തുവെച്ചെങ്കിലും മൈസൂർ വഴി മട്ടന്നൂർ എത്തി അവിടൊരു ദിവസം തങ്ങി കോഴിക്കോട് ഗുരുവായൂർ വഴി എറണാകുളത്തെത്തിയപ്പോഴേക്കും ഇലകളെല്ലാം വാടിക്കരിഞ്ഞ് കൊഴിഞ്ഞു. ഇനിയെന്ത് ചെയ്യും? ശരിക്കും വിഷണ്ണനായി. പക്ഷേ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ പുതിയ മുളകൾ പൊട്ടി. ഇലകൾ വന്നു. ഒരാഴ്ച്ചകൂടെ കാത്തുനിന്നു അതൊന്നുകൂടെ വളരാൻ.

ഇന്ന് ആ തൈകളുമായി ആറാട്ടുപുഴയ്ക്ക് വിട്ടു. 8 വർഷം മുന്നേ നട്ട നെന്മേനി വാക, നല്ല തണൽ മരമായി ആ തീരത്തുണ്ട്. അതിന് കീഴെ, ഊഞ്ഞാലിലും കായലിലെ വെള്ളത്തിലുമായി സ്ക്കൂളവധിക്കാലം ആഘോഷമാക്കുന്ന കുട്ടികൾ. 8 വർഷം മുൻപ് ആ മരം നട്ടയാൾക്ക് അപ്പോളുണ്ടായ സന്തോഷം പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാകുമെന്നറിയില്ല. അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞതുകൊണ്ട് അയാളുടെ സന്തോഷം, ഉറക്കം തൂങ്ങി മരവും കണ്ടില്ല.

നല്ല ഉപ്പുള്ള വെള്ളമാണ്. വാകത്തൈകളിൽ ഒരെണ്ണം കായലോരത്തും രണ്ടെണ്ണം അൽപ്പം ഉള്ളിലേക്കും മാറ്റി നട്ടു. പിടിച്ച് കിട്ടിയാൽപ്പിന്നെ പൂത്ത് ചോക്കാതെ പോകില്ല ഒരു വസന്തവും. ഇതിനേക്കാൾ കട്ടയുപ്പുള്ള മുസിരീസ് തുറമുഖ കവാടത്തിൽ ഒരു ഗുൽമോഹർ പിടിപ്പിച്ചെടുത്ത അനുഭവം ഗുരു.

വാൽക്കഷണം:- ഗുൽമോഹർ എന്ന് പേരുള്ള ആൺകുട്ടികൾ കേരളത്തിലുണ്ടത്രേ ! എങ്കിൽ അതിനേക്കാൾ കൂടുതൽ ഗുൽമോഹർ പെൺകുട്ടികളും ഉണ്ടാകാനാണ് സാദ്ധ്യത.