സിനിമാ തിയേറ്ററിൽ, സിനിമ തുടങ്ങിയ ശേഷവും, മുന്നിലിരിക്കുന്ന കാണികൾ സ്മാർട്ട് ഫോണിൽ തോണ്ടിക്കളിക്കുന്നത് എനിക്ക് അരോചകമായ അനുഭവമാണ്. കണ്ണിന് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
പൊതുവിടത്തിലെ തല്ലുപിടുത്തം ഒഴിവാക്കാൻ വേണ്ടി, അത്തരം അനുഭവം ഉണ്ടായാലും കടിച്ച് പിടിച്ച് മിണ്ടാതിരിക്കുകയാണ് പതിവ്.
പലരും സിനിമ തുടങ്ങി, പരമാവധി ഒന്നോ രണ്ടോ മിനിറ്റിൽ ഫോൺ ഉപയോഗം നിർത്താറുണ്ട്. അത്രയും നേരം സഹിക്കുക എന്നതിപ്പോൾ ശീലവുമാണ്.
പക്ഷേ, ഇന്നലെ ഷാരൂഖ് ഖാന്റെ ‘ജവാൻ കാണാൻ പോയപ്പോൾ എനിക്ക് നിയന്ത്രണം വിടുക തന്നെ ചെയ്തു. തൊട്ടു മുന്നിലെ സീറ്റിൽ ഇരിക്കുന്ന ഹിന്ദിക്കാരനായ ചെറുപ്പക്കാരൻ ടൈറ്റിൽ കഴിഞ്ഞ് ആദ്യത്തെ ഫൈറ്റ് സീൻ കഴിഞ്ഞിട്ടും മൊബൈലിൽ തോണ്ടിക്കൊണ്ടേയിരുന്നു. ഒന്നല്ല, രണ്ട് ഫോണുകളാണ് മാറിമാറി അയാൾ പ്രവർത്തിപ്പിച്ചിരുന്നത്. ഒരു ഫോണിൽ വീഡിയോ കോൾ ചെയ്തുകൊണ്ട് മറ്റേ ഫോണിൽ ടൈപ്പ് ചെയ്യുകയാണ് കക്ഷി. രണ്ട് കൈകളും അതിനായി ഉപയോഗിക്കുന്ന രീതി ആരേയും അതിശയിപ്പിക്കും. വീഡിയോ കോൾ ചെയ്യുന്ന ഫോണിൽ മറുവശത്തു നിന്ന് പറയുന്നത് കൃത്യമായി കേൾക്കാൻ വേണ്ടി, ഇടയ്ക്കിടക്ക് ഫോൺ ചെവിയോട് ചേർക്കും. ആ സമയത്ത് ഫോണിലെ പ്രകാശം എനിക്ക് തീർത്തും ബുദ്ധിമുട്ട് ആയപ്പോൾ….
“സർ, ദയവ് ചെയ്ത് ഫോൺ ഉപയോഗം നിർത്താമോ?”….. എന്ന് വളരെ മാന്യമായി ഞാനയാളോട് ഹിന്ദിയിൽത്തന്നെ ചോദിച്ചു.
ഞാനെന്റെ ഫോൺ ഉപയോഗിക്കുന്നതിന് നിങ്ങൾക്കെന്താ എന്ന മട്ടിലായിരുന്നു അയാളുടേയും കൂടെയുള്ള സുഹൃത്തുക്കളുടേയും ശരീരഭാഷയും എന്നോടുള്ള നോട്ടവും. എന്നിട്ടും ഫോൺ ഉപയോഗം നിർത്താൻ ഒരു മിനിറ്റ് കൂടെ അയാളെടുത്തു.
പക്ഷേ 10 മിനിറ്റിനകം അയാൾ വീണ്ടും ഫോൺ എടുത്ത് ഉപയോഗം തുടർന്നു.
ഫോൺ ഓഫാക്കാൻ ഞാൻ വീണ്ടും അയാളോട് അഭ്യർത്ഥിച്ചു.
അയാൾ ഫോൺ ഓഫാക്കുന്നതിന് പകരം, മുന്നിലെ സീറ്റിലേക്ക് ആഞ്ഞിരുന്ന് എനിക്ക് ഉപദ്രവം ഇല്ലാത്തവിധം ഫോൺ ഉപയോഗം തുടർന്നു. ഇൻ്റർവെൽ കഴിഞ്ഞപ്പോൾ ഒരു നിര മുന്നിലേക്ക് കടന്ന് അവിടെയിരിക്കുന്ന അയാളുടെ സുഹൃത്തുമായി സീറ്റ് പരസ്പരം മാറി ഫോൺ ഉപയോഗം തുടർന്നു. ഇനിയിപ്പോൾ എനിക്കയാളെ തോണ്ടിവിളിക്കാൻ ആവില്ലല്ലോ.
ഒന്നുകിൽ അയാൾ, ജവാൻ സിനിമ മുൻപ് കണ്ടിട്ടുണ്ട്; കൂട്ടുകാർക്കൊപ്പം വീണ്ടും കാണുന്നെന്ന് മാത്രം. അല്ലെങ്കിൽ അയാൾക്ക് 220 രൂപ മുടക്കി കാണുന്ന സിനിമയേക്കാളും വലുത് മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ് കണ്ടിരുന്ന സ്ത്രീയുമായുള്ള വീഡിയോ ചാറ്റ് ആണ്.
ഒരേയൊരു കാര്യമാണ് ഇക്കൂട്ടരോട് പറയാനുള്ളത്. രണ്ടര മണിക്കൂർ ഫോണിൽ നിന്ന് വിട്ട് നിൽക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ തീയറ്ററിൽ നിന്ന് വിട്ട് നിൽക്കണം. പണം മുടക്കി സിനിമ കാണാൻ വന്നിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തിന് വിലങ്ങുതടി ആകരുത്.
ഇന്ന് രാവിലെ PVR ൽ നിന്ന് ഒരു മെസ്സേജ് വന്നു. അവർക്ക് എൻ്റെ ഇന്നലത്തെ സിനിമാ അനുഭവം അറിയണം പോലും!
ഇക്കാര്യം ഞാനവരെ അറിയിച്ചു. പറ്റുമെങ്കിൽ തീയറ്ററുകളിൽ ഫോൺ ജാമറുകൾ പിടിപ്പിക്കണമെന്നും പറഞ്ഞു.
അതിന് മുൻപ്, നെറ്റിൽ ഈ വിഷയത്തെപ്പറ്റി ഒന്ന് പരതി. അവിടന്ന് കിട്ടിയ രണ്ട് മുന്തിയ പ്രതികരണങ്ങൾ താഴെ ചേർക്കുന്നു.
പ്രതികരണം 1:- No. Just no. They even remind you that it’s not okay during the previews, and I have seen the cinema employees come in and evict people for being on their phone during the screening.
പ്രതികരണം 2:- After working at a movie theater, with a very strict cell phone policy, no. If you really need to be on your phone, leave the movie first. Don’t make everyone else have to see you on your phone. Everyone else paid to be there same as you. Either wait until after, or leave the movie and come back after
സിനിമ തുടങ്ങുന്നതിന് മുൻപ് കാണിക്കുന്ന ‘ശ്വാസകോശം’ അടക്കമുള്ള പലവിധ പൊതുതാൽപ്പര്യ പരസ്യങ്ങൾക്കൊപ്പം, ഈ വിഷയത്തിൽ ഒരു ബോധവൽക്കരണ പരസ്യം കൂടെ സർക്കാരോ തീയറ്റർ ഉടമകളോ മുൻകൈ എടുത്ത് കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. തീയറ്ററിൽ മൊബൈൽ ഫോൺ ജാമറുകൾ പിടിപ്പിക്കാൻ PVRന് ഞാൻ മെസ്സേജ് അയച്ചെങ്കിലും അതത്ര പ്രായോഗികമല്ല എന്നറിയാം. ഒരു അപകട സാദ്ധ്യത പോലും അകത്തുള്ളവരെ അറിയിക്കാൻ പറ്റാത്ത തരത്തിൽ അത് ബുദ്ധിമുട്ടുണ്ടാക്കും.
ഇതൊന്നും തീയറ്ററുകാർ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഇത്തരത്തിൽ ഒന്നോ രണ്ടോ അനുഭവങ്ങൾ കൂടെ ഞാൻ സഹിച്ചെന്നിരിക്കും. പിന്നെ തീയറ്ററിൽ പോയി സിനിമ കാണേണ്ടെന്ന് വെക്കും. അല്ലെങ്കിൽത്തന്നെ സൂപ്പർ താരങ്ങളുടെ വെറുപ്പിക്കലുകൾ തീയറ്ററിൽ പോയി കാണുന്നത് അവസാനിപ്പിച്ചിട്ട് ഏറെക്കാലമായി. ഇത് കൂടെ നിർത്താൻ ഒരു ബുദ്ധിമുട്ടുമില്ല.
ഇത്തരത്തിൽ ബുദ്ധിമുട്ടുള്ളവർ എല്ലാവരും ഇതേ നിലപാട് സ്വീകരിക്കാൻ തുടങ്ങിയാൽ നഷ്ടം സിനിമാ വ്യവസായത്തിന് തന്നെ. സിനിമകൾ കണ്ടില്ലെന്ന് വെച്ച് പൊതുജനത്തിന് പ്രത്യേക നഷ്ടം ഒന്നുമില്ല. ടിക്കറ്റിൻ്റെ തുക, സ്നാക്ക്സ്, വണ്ടിക്കാശ് എന്നതൊക്കെ ചേർത്ത് സാമാന്യം നല്ല സേവിങ്സ് ഉണ്ട് താനും.
മുന്നറിയിപ്പ്:- ഫോൺ ഓഫാക്കൂ എന്ന് പറയുന്നതിന് മുൻപ് ഫോൺ പ്രവർത്തിപ്പിക്കുന്നവരെ നന്നായി പഠിക്കാൻ ശ്രമിക്കണം. വല്ല അധോലോക വർമ്മൻ്റേയും ടീം മെമ്പർ ആണെങ്കിൽ, പിന്നെ OTT യിൽ പോലും സിനിമ കാണാൻ പറ്റിയെന്ന് വരില്ല. പൊടി, പുക, ചടയൻ, സ്റ്റാമ്പ് ടീം ആയാലും പ്രതികരണം വ്യത്യസ്തമാകണമെന്നില്ല.
വാൽക്കഷണം:- എൻ്റെ ഇടത്തേ നിരയിൽ രണ്ടും മുന്നും സീറ്റിൽ ഇരിക്കുന്നവരും ഇതേ ഇനത്തിൽപ്പെട്ടവർ ആയിരുന്നു. ഇടത്ത് വശത്തേക്ക് നോക്കേണ്ട ആവശ്യമേയില്ലാത്തതുകൊണ്ട് അവരെ മര്യാദ പഠിപ്പിക്കേണ്ടി വന്നില്ല. പക്ഷേ മുന്നിലേക്ക് നോക്കാതിരിക്കാൻ ആവില്ലല്ലോ.