അചൽഗഡ് കോട്ട (# 57)


മൗണ്ട് അബു ഹിൽ സ്റ്റേഷനാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം? 16 ഡിഗ്രി താപമാനമായിരുന്നു ഇന്നലെ രാത്രി. വെളുപ്പിന് അത് 14 ഡിഗ്രി ആയിക്കാണും അത്രതന്നെ. സ്ലീപ്പിങ്ങ് ബാഗിൽ കിടന്നിട്ട് എനിക്ക് ചൂടെടുത്തു.

അചൽഗഡ് കോട്ടയിലേക്ക് 11 കിലോമീറ്റർ ദൂരമേയുള്ളൂ മൗണ്ട് അബുവിൽ നിന്ന്. അൽപ്പം കൂടെ വ്യക്തമാക്കി പറഞ്ഞാൽ, അബു എന്ന ഈ വലിയ കുന്നിൻ്റെ മുകളിൽത്തന്നെയാണ് അചൽഗഡ്. മൗണ്ട് അബുവിൽ വരുന്ന മിക്കവാറും ജനങ്ങൾ അചൽഗഡിലേക്ക് പോകുന്നുമുണ്ട്. വാടകയ്ക്ക് എടുത്ത സ്ക്കൂട്ടറിനും സ്വന്തം വാഹനങ്ങൾ ഓടിച്ചും ധാരാളം കുടുംബങ്ങൾ അങ്ങോട്ട് പോകുന്നുണ്ട്. പക്ഷേ അവരൊക്കെ പോകുന്നത് അവിടെയുള്ള കോട്ട കാണാനൊന്നും അല്ല. കാണാൻ കാര്യമായ കോട്ടയൊന്നും ആ കുന്നിൽ മുകളിൽ അവശേഷിക്കുന്നുമില്ല. അത് അങ്ങോട്ട് ചെന്ന് കയറിയതോടെ എനിക്ക് ബോദ്ധ്യമായി. ജനങ്ങൾ പോകുന്നത് അവിടെയുള്ള ജൈൻ ക്ഷേത്രവും ചാമുണ്ടി ക്ഷേത്രവും മഹാകാളി ഗുഹയും കാലഭൈരവൻ്റെ പ്രതിഷ്ഠയും മീരാഭായിയുടെ ക്ഷേത്രവുമൊക്കെ കാണാനാണ്.

12

13

മലയുടെ അടിവാരം വരെ ബാഗി ചെന്നെത്തി. അവിടന്ന് മുകളിലേക്ക് 2 കിലോമീറ്ററോളം അന്നാട്ടുകാരുടെ ജീപ്പുകളിലേ പോകാൻ പറ്റൂ. 300 രൂപയാണ് അതിനവർ ഈടാക്കുന്നത്. എനിക്ക് പക്ഷേ, ആ രണ്ട് കിലോമീറ്റർ മലകയറാനായിരുന്നു താൽപ്പര്യം.

ജീപ്പ് പോകുന്ന വഴി ചിലയിടങ്ങളിൽ വളരെ ഇടുങ്ങിയതാണ്. ഹോൺ അടിച്ച് ശബ്ദമുണ്ടാക്കി സൈഡ് കൊടുക്കാൻ പറ്റുന്ന ഇടങ്ങളിൽ ഏതെങ്കിലും ഒരു വാഹനം ഒതുക്കി പരസ്പര ധാരണയിലാണ് ജീപ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്. മുകളിലേക്ക് പോകുന്ന ജീപ്പുകൾ അതിവേഗത്തിലാണ് പോകുന്നത്. താഴേക്ക് വരുന്നവർ ബ്രേക്ക് ചെയ്ത് ഒതുക്കിക്കൊടുക്കും. പക്ഷേ അവർ പറയുന്ന ദൂരമൊന്നും മുകളിലേക്കില്ല. ഒറ്റനടത്തത്തിന് ഞാൻ മുകളിലെത്തി.

പോകുന്ന വഴിക്ക് ‘ഹനുമാൻ പോൾ‘ എന്ന കോട്ടയുടെ ആദ്യത്തെ കവാടം കാണാം. ഹനുമാൻ്റെ പ്രതിഷ്ഠയും ഉണ്ട് അവിടെ. അത് കഴിഞ്ഞാൽ അൽപ്പം വലിയ ഒരു തടാകം കാണാം. വീണ്ടും ഒരു വലിയ കയറ്റം കഴിഞ്ഞാൽ രണ്ടാമത്തെ കവാടമായ ‘ചമ്പ പോൾ‘ ആയി.

14

15

ചമ്പ പോളിൽ വെച്ച് 11 വയസ്സുള്ള ഒരു പെൺകുട്ടി ഗൈഡിനെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് അടുത്തുവന്നു. നിനക്ക് സ്ക്കൂൾ ഇല്ലേ എന്ന് ഞാൻ തിരിച്ച് ചോദിച്ചപ്പോൾ ഇന്ന് ഞായറാണ് സ്ക്കൂൾ ഇല്ല എന്ന് മറുപടി. യാത്ര തുടങ്ങിയതിന് ശേഷം ദിവസങ്ങൾ ഞാൻ ഓർക്കുന്നതേയില്ല. ഡയറിയും ഈ പോസ്റ്റുകളും എഴുതുന്നത് കൊണ്ട് തീയതി ഓർമ്മയുണ്ട്. അൽപ്പം കഴിഞ്ഞപ്പോൾ ഒരു സുഹൃത്ത് ഫോൺ ചെയ്ത് ഇന്ന് ഞായറാഴ്ച്ചയല്ലേ യാത്രയ്ക്ക് അവധിയാണോ എന്ന് ചോദിച്ചു. തെണ്ടികൾക്ക് എന്ത് ഞായറാഴ്ച്ച? തെണ്ടികൾ അഥവാ അവധി എടുക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ ദിവസം തിങ്കളാണ്. അന്ന് മിക്കവാറും എല്ലാ മ്യൂസിയങ്ങളും അവധിയാണ് എന്നതാണ് കാരണം. മൈസൂർ പാലസിന് പക്ഷേ തിങ്കളല്ല അവധി.

16

17

നിർമ്മ എന്നാണ് അവളുടെ പേർ. ഒപ്പം അവളുടെ അമ്മയും നിൽക്കുന്നുണ്ട്. ബാലവേലയല്ലേ ഇതെന്ന് ഞാൻ അവരോട് ചോദിച്ചു. അതെന്താണ് സംഭവമെന്ന് പോലും അവർക്കറിയില്ല. ശരീരം ഇളകി കഷ്ടപ്പെട്ടുള്ള ജോലി അല്ലല്ലോ? സിനിമയിലും മറ്റും ബാലതാരമായി കുട്ടികൾ അഭിനയിക്കുന്നുണ്ടല്ലോ? അതുപോലെ കണക്കാക്കിയാൽ മതിയാകും ഇതെന്ന് സ്വയം ന്യായീകരിച്ച് നിർമ്മയുടെ ഗൈഡ് സേവനം ഞാൻ സ്വീകരിച്ചു. അവൾക്കൊപ്പം പടമെടുക്കാനുള്ള അനുവാദവും അവളുടെ അമ്മയിൽ നിന്ന് വാങ്ങി.

18

അവിടന്നങ്ങോട്ട് നല്ല പടികൾ കയറി ചെല്ലുന്നത് ജൈനക്ഷേത്രത്തിലേക്കാണ്. ക്ഷേത്രത്തിനകത്തേക്ക് എന്നെ കടത്തിവിട്ട് നിർമ്മ വെളിയിൽ കാത്തുനിന്നു. അകത്തേക്ക് ഗൈഡിന് പ്രവേശനം ഇല്ല പോലും. ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോഗം നിഷേധിച്ചിരിക്കുന്നതിനും ജനങ്ങൾ ജൈനക്ഷേത്രം കാണാൻ ഇരച്ച് കയറി പോകുന്നതിനെ കുറ്റം പറയാനാവില്ല. അതിനകത്തിരിക്കുന്ന ആദിനാഥ തീർത്ഥങ്കരൻ്റെ പ്രതിഷ്ഠയ്ക്ക് അത്തരത്തിൽ ഒരു പ്രത്യേകതയുണ്ട്.

ആറടിയിൽ അധികം ഉയരമുള്ള ആ പ്രതിഷ്ഠയിൽ ഉപയോഗിച്ചിരിക്കുന്നത് 5000 കിലോഗ്രാം ലോഹമാണ്. അതിൽ 4000 കിലോഗ്രാം സ്വർണ്ണവും 1000 കിലോഗ്രാം പഞ്ചധാതുക്കളിലെ ബാക്കി നാല് ലോഹങ്ങളായ വെള്ളി, സിങ്ക്, കോപ്പർ, ഇരുമ്പ് എന്നിവയാണ്.

20

സത്യത്തിൽ മഹാറാണ കുംഭയെ സമ്മതിച്ച് കൊടുക്കണം. തൻ്റെ ഭരണകാലത്ത് കുംഭൽഗഡ് അടക്കം 32 കോട്ടകളാണ് അദ്ദേഹം നിർമ്മിച്ച് കൂട്ടിയത്. അതിലൊന്നാണ് 1452ൽ നിർമ്മിക്കപ്പെട്ട അചൽഗഡ് കോട്ട. അക്കാലത്ത് തന്നെ കോട്ടയ്ക്കുള്ളിൽ ജൈനക്ഷേത്രവും നിർമ്മിക്കപ്പെട്ടു എന്ന് ക്ഷേത്രത്തിലെ കാര്യക്കാരൻ പറയുന്നുണ്ടെങ്കിലും 1513ലാണ് ജൈനക്ഷേത്രം വന്നതെന്നാണ് രേഖകൾ പറയുന്നത്.

ക്ഷേത്രത്തിൽ നിന്ന് ഞാൻ പുറത്ത് വന്നതും “ഞാൻ ഒരു ഷായരി ചൊല്ലട്ടേ“ എന്നായി നിർമ്മ. നല്ല ഈണത്തിൽ ഇരുപതോളം വരികൾ അവൾ ചൊല്ലി. അവളുടെ സ്ക്കൂൾ വിശേഷവും വീട്ടിലെ വിശേഷവുമൊക്കെ ചോദിച്ചറിഞ്ഞ് ഞങ്ങൾ മുകളിലേക്ക്. ഗൈഡിൻ്റെ ജോലി ചെയ്ത് കിട്ടുന്ന പണം അമ്മയെ ഏൽപ്പിക്കും അവൾ. കോളേജിൽ പഠിക്കണം, ജോലി നേടണം എന്നൊക്കെ ആ ഗ്രാമത്തിലെ ഒരു പെൺകുട്ടി പറയുന്നത് തന്നെ വളരെ സന്തോഷം തന്നു. മെല്ലെ മെല്ലെ അവൾ എൻ്റെ കമ്പനിയും ഞാൻ അവളുടെ കമ്പനിയും ആസ്വദിക്കാൻ തുടങ്ങി. ഞങ്ങൾ ഒരുമിച്ച് കുൾഫി കഴിച്ചു. ഉപ്പും മുളകുമിട്ട മാങ്ങ കഴിച്ചു. എൻ്റെ പടങ്ങൾ അവൾ എടുത്ത് തരാമെന്ന് പറഞ്ഞ് മൊബൈൽ ക്യാമറ വാങ്ങി നല്ല വീഡിയോകൾ എടുത്ത് തന്നു, ഒരുമിച്ച് സെൽഫി എടുത്തു.

22

ജൈന ക്ഷേത്രത്തിൽ നിന്ന് വീണ്ടും മുകളിലേക്ക് കയറിയാൽ, വലതുവശത്ത് കാലഭൈരവൻ്റെ പ്രതിമ കാണാം. അവിടന്ന് വീണ്ടും കയറിയാൽ ഇടത് വശത്ത് മീരാഭായ് ക്ഷേത്രം. ഭജനയും പൂജയുമൊക്കെയായി മീരാഭായ് ഇവിടെ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തൊട്ടടുത്ത തടാകത്തിൻ്റെ നടുവിലെ കല്ലിൽ 12 വർഷത്തോളം മീരാഭായ് തപസ്സ് ചെയ്ത് പോലും. മീരാഭായിയുടെ കണ്ണീർ വീണാണ് തടാകം ഉണ്ടായതെന്നും വിശ്വസിച്ച് പോരുന്നു. അത്തരം കെട്ടുകഥകൾ ആ ചെറിയ പെൺകുട്ടിയെക്കൊണ്ട് പ്രചരിപ്പിക്കുന്നതിൽ എനിക്ക് വിഷമം തോന്നി. പക്ഷേ, ആരോട് പറയാൻ?

അവിടന്ന് നോക്കിയാൽ ചാമുണ്ടി ക്ഷേത്രം കാണാം. അവിടന്ന് വീണ്ടും പടികളികൾ കയറി കുന്നിൻ്റെ മുകളിൽ ചെന്നശേഷം കുത്തനെ ഇറങ്ങിയാൽ മഹാകാളിയുടെ ഗുഹയായി. അതിനുള്ളിൽ കാളിയുടെ പ്രതിഷ്ഠയും ഉണ്ട്.

21

കോട്ടയുടേതായ എന്തെങ്കിലും അവശിഷ്ടം ഉണ്ടോ എന്ന് പരതുകയായിരുന്നു അവിടം മുഴുവൻ ഞാൻ. അധികമാരും പോകാത്ത ഒരു ഭാഗത്തേക്കുള്ള പടികളിലേക്ക് നിർമ്മയും ഇതുവരെ പോയിട്ടില്ലത്രേ! ഞാൻ അവളേയും കൊണ്ട് ആ പാറക്കെട്ടുകൾ കയറി. കോട്ടയുടെ ഭാഗം എന്ന് വേണമെങ്കിൽ പറയാവുന്ന നശിച്ച് കിടക്കുന്ന ഒരു ഭാഗം അവിടെയുണ്ട്. അതിൽ നിന്ന് നോക്കിയാൽ ദൂരെ താഴെയായി ജൈനക്ഷേത്രവും ഭാഗി കിടക്കുന്ന പാർക്കിങ്ങ് ഇടവും തടാകവും ഒക്കെ കാണാം.

പടങ്ങൾ എടുത്ത് തന്നതിന് പ്രത്യേകം ഫീസും കൊടുത്ത് നിർമ്മയോട് യാത്ര പറഞ്ഞപ്പോഴേക്കും അവളുടെ നാലാം ക്ലാസ്സുകാരൻ അനിയനും അച്ഛനും അമ്മയും ചമ്പ പോളിൽ എത്തിയിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് പെട്ടെന്ന് തന്നെ ഭാഗിക്കടുത്തെത്തി. തൊട്ടടുത്തുള്ള കോട്ട ആയതുകൊണ്ടും ക്ഷേത്രങ്ങൾ അല്ലാതെ കാര്യമായ കാഴ്ച്ചകൾ അതിൽ ഇല്ലാതിരുന്നതുകൊണ്ടും ഈ ദിവസത്തെ കറക്കം പെട്ടെന്ന് തന്നെ തീർന്നു.

19

ഭാഗിയെ ശിഖർ ഹോട്ടലിൻ്റെ പാർക്കിങ്ങിൽ ഇട്ട ശേഷം നഗരം മുഴുവൻ ഞാൻ ചുറ്റിനടന്നു. കമ്പിളിക്കുപ്പായത്തിന് ഉള്ളിലൂടെ തണുപ്പ് അരിച്ച് കയറിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് അത്താഴം ശിഖർ ഹോട്ടലിൽ നിന്ന് തന്നെയാണ്. നാളെ രാവിലെ മൗണ്ട് അബു വിടുന്നു. ബാർമറിലേക്കാണോ ജയ്സാല്മീറിലേക്കാണോ എന്ന് എനിക്ക് വലിയ നിശ്ചയമൊന്നും ഇല്ല. അതൊക്കെ നാളെ തീരുമാനിക്കാം. കൃത്യതയും വ്യക്തതയും ഇല്ലാത്ത ഒരു യാത്രകൂടെ ആണല്ലോ ഇത് !

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#sariesofrajasthan
#boleroxlmotorhome

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>