വാർത്ത 1:- ഉമ്മൻചാണ്ടി അവസാനം കണ്ട സിനിമ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ‘.
കമന്റ് 1:- അതിന് മുൻപ് കണ്ടത് ‘നിർമ്മാല്യം‘. അതിനും മുൻപ് ‘ബാലൻ‘.
വാർത്ത 2:- ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തെ സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നതെന്ന് കനയ്യ കുമാർ.
കമന്റ് 2:- ഓരോ തിരഞ്ഞെടുപ്പുകളും ആ സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോലുകളാണ്. കൃത്യമായി ചങ്ങലപ്പൂട്ടിന്റെ ദ്വാരത്തിൽ താക്കോലിട്ട് തുറക്കാൻ ജനങ്ങളിനിയും പഠിച്ചിട്ടില്ല എന്ന് മാത്രം.
വാർത്ത 3:- റോഡിന്റേയും നടപ്പാതയുടേയും 50 മീറ്ററിനുള്ളിൽ പരസ്യം പതിക്കുന്നത് നിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പരസ്യനയം പുറത്തിറക്കി.
കമന്റ് 3 :- പ്രസ്തുത നയം പാർട്ടിക്കാർക്കും പാർട്ടിനേതാക്കന്മാർക്കും കൂടെ ബാധകമാക്കി കണ്ടിരുന്നെങ്കിൽ എന്നാശിക്കുന്നു.
വാർത്ത 4:- ഗുജറാത്ത് സർക്കാറിന്റെ വെബ്ബ് സൈറ്റിൽ ശ്രീകൃഷ്ണൻ സാഹിത്യകാരൻ.
കമന്റ് 4:- ഭാഗ്യം, ദേശഭക്തനായ സ്വാതന്ത്ര്യസമര സേനാനി എന്ന് പറഞ്ഞില്ലല്ലോ.
വാർത്ത 5:- ബംഗാളിൽ കോൺഗ്രസ്സും സി.പി.എമ്മും സഖ്യത്തിൽ.
കമന്റ് 5:- അധികാരമാണ് വലുത്. പ്രത്യയശാസ്ത്രവും വൈരുദ്ധ്യാത്മിക ഭൌതികവാദവുമെല്ലാം അത് കഴിഞ്ഞേ വരൂ.
വാർത്ത 6:- സ്വാതന്ത്ര്യത്തിലേക്ക് കുറുക്കുവഴികൾ ഇല്ലെന്ന് 103 ദിവസം മുന്നേ ജയിൽ മോചിതനായ ശേഷം സഞ്ജയ് ദത്ത്.
കമന്റ് 6:- ശരിയാണ്. താങ്കൾ ഒരാളുടെ കാര്യത്തിൽ നിന്ന് മാത്രം ജനത്തിന് അത് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
വാർത്ത 7:- കണ്ണൂർ വിമാനത്താവളത്തിൽ ആദ്യവിമാനം ഇറങ്ങി.
കമന്റ് 7:- ആ ചടങ്ങ് കഴിഞ്ഞ ഉടനെ നാട്ടുകാർ പഴയതുപോലെ പശുവിനെ കൊണ്ടുപോയി റൺ വേയിൽ കെട്ടിയെന്നും വാർത്ത.
വാർത്ത 8:- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തൊഴിൽ ഒഴിവുകൾ.
കമന്റ് 8:- കൽപ്പണി, മരപ്പണി, വാർക്കപ്പണി, അലൂമിനിയം ഫാബ്രിക്കേഷൻ, ഇലൿട്രിക്കൽ, പ്ലംബിങ്ങ്, പശൂനെ റൺവെയിൽ നിന്ന് മാറ്റിക്കെട്ടൽ എന്നീ തസ്തികകളിലേക്കായിരിക്കും.
വാർത്ത 9:- വിവാഹമോചിതരായ അമ്മമാർക്ക് നികുതി ഇളവ് നൽകണമെന്ന് മനേകാ ഗാന്ധി.
കമന്റ് 9:- രാജ്യത്ത് കൂട്ട വിവാഹമോചനങ്ങൾ നടക്കാനുള്ള സാദ്ധ്യതയുണ്ട്.
വാർത്ത 10:- ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, കെ.എം.മാണി, സി.എൻ.ബാലകൃഷ്ണൻ, എ.പി.അനിൽകുമാർ, അടൂർ പ്രകാശ്, പി.കെ.ജയലക്ഷ്മി എന്നിവർക്ക് ലൈഫ് ഇൻഷൂറൻസ് പോളിസികളില്ല. മന്ത്രി ജയലക്ഷ്മിക്കും അടൂർ പ്രകാശിനും ബാങ്ക് അക്കൌണ്ട് പോലുമില്ല.
കമന്റ് 10:- ജനങ്ങൾക്ക് വേണ്ടി ദിനരാത്രം ഓടിനടന്ന് കഷ്ടപ്പെടുന്നതിനിടയിൽ സ്വന്തം ജീവിതം എന്തായെന്ന് തിരിഞ്ഞ് നോക്കാൻ പോലും സമയം കിട്ടാതെ പോയ പഞ്ചപാവങ്ങൾ.