ബിനാലെയെ ഇപ്പോഴും എതിക്കുന്നവരോട്


67

കൊച്ചി-മുസ്‌രീസ് ബിനാലെയുടെ മൂന്നാമത്തെ എഡിഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മൂന്നാമത്തെ എഡിഷനും കഴിയും. പിന്നെ 2018 വരെ കാത്തിരുന്നാലേ അടുത്ത ബിനാലെ എത്തൂ.

ഓൺലൈനിൽ ചിലയിടങ്ങളിൽ ഇപ്പോഴും ബിനാലെയെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കാണാനിടയായപ്പോൾ ചിലത് പറയണമെന്ന് തോന്നി. കാശിന് കൊള്ളാത്ത ഏർപ്പാടാണ്, ഇത് കാണാൻ പോകുന്നവർ ബുദ്ധിജീവി നാട്യമുള്ളവരാണ്, നാട്ടുകാരായ കലാകാരന്മാർക്ക് അവസരം കൊടുക്കുന്നില്ല, പ്രദർശനങ്ങളെപ്പറ്റി മലയാളത്തിലുള്ള തർജ്ജിമ അരോചകമാണ് എന്നിങ്ങനെ നിരവധിയാണ് വിമർശനങ്ങൾ. അക്കൂട്ടരോടെല്ലാം ബിനാലെയെ പ്രോത്സാഹിപ്പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഇപ്രകാരമാണ്.

2012, 2014, 2016 ബിനാ‍ലെകൾ നിരവധി തവണ പോയി വിശദമായി കണ്ടിട്ടുള്ള ആളാണ് ഞാൻ. എല്ലാം ഒറ്റയടിക്ക് മനസ്സിലായിട്ടില്ല. ചിലതൊക്കെ പലപ്രാവശ്യം കണ്ടിട്ടും മനസ്സിലാക്കാനായിട്ടില്ല. എല്ലാം മഹത്തരമാണെന്ന് അഭിപ്രായവുമില്ല.

30 കൊല്ലം മുൻപ് മോഡേൺ ആർട്ടുകൾ കണ്ടാൽ എങ്ങനെയായിരുന്നു ജനങ്ങളുടെ പ്രതികരണം. അന്നും ഇന്നും അതിൽ കവി ഉദ്ദേശിക്കുനതെന്തെന്ന് എത്ര പേർക്ക് മനസ്സിലാകുന്നുണ്ട് ? ബിനാലെയിലും ഇതേ പ്രശ്നമുണ്ടായേക്കാം. പക്ഷേ, ഉദാഹരണമായിപ്പറഞ്ഞ ഇപ്പറഞ്ഞ മോഡേൺ ആർട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഓരോ പ്രദർശനവും എന്താണ് ഉദ്ദേശിക്കുന്നതെന്ന് എഴുതി വെച്ചിട്ടുണ്ട് അവിടെ. വിശദമായി മനസ്സിലാക്കാൻ പുസ്ത്കരൂപത്തിലും അത് ലഭ്യമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുണ്ട് ഈ വിവരണം. അതിൽ ഇംഗ്ലീഷിനെ അതേപടി തർജ്ജിമ ചെയ്തതുകൊണ്ടുള്ള മലയാളത്തിന്റെ രസക്കേട് എനിക്കും തോന്നിയിട്ടുണ്ട്. കുഴപ്പമില്ല, ഇംഗ്ലീഷിൽ മനസ്സിലാക്കാമല്ലോ. അടുത്ത പ്രാവശ്യം അക്കാര്യത്തിലും പുരോഗമനയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൂടെ ? ആദ്യപ്രാവശ്യത്തെ ബിനാലെയല്ല മൂന്നാമത്തെ പ്രാവശ്യമായപ്പോഴേക്കും. എല്ലാക്കാര്യത്തിലും മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എന്നെപ്പോലുള്ള ഒരാൾ ഇതങ്ങനെ കണ്ട് കണ്ട് കൂടുതൽ അടുത്തറിയാൻ ശ്രമിക്കുന്നു എന്നേയുള്ളൂ. കലാകാരന്മാരോട് എനിക്കാദരവും അസൂയയുമൊക്കെയാണ്. അതുകൊണ്ടാണിതടക്കം ഏത് കലാരൂപവും മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അല്ലാതെ ബിനാലെ കാണാൻ പോകുന്നവരെല്ലാം ബുദ്ധിജീവി നാട്യമുള്ളവരാണെന്ന കാഴ്ച്ചപ്പാടിനോട് യോജിക്കാൻ വയ്യ.

66

ഇതേ ബിനാലെ യൂറോപ്പിൽ എവിടെയെങ്കിലും പോയിട്ടാണ് കാണുന്നതെങ്കിൽ അതിനെ വാഴ്ത്താൻ മലയാളിക്ക് നൂറ് നാവുണ്ടായെന്നും വരും. മുറ്റത്തെ മുല്ലയ്ക്ക് ഒരു കാലത്തും മണമുണ്ടാകാൻ പോകുന്നില്ല. പിന്നെ, ബിനാലെ എന്ന കലാപ്രദർശനം ലോകത്തിലെ എല്ലാ കലാകാരന്മാരെയും പങ്കെടുപ്പിച്ച് നടത്തുകയും ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കലാകാരന്മാരെ ആകർഷിക്കാനും ഉദ്ദേശിച്ചുള്ളതാണ്. അപ്പോൾ എല്ലാ മലയാളിക്കും ഒറ്റയടിക്ക് പ്രാമുഖ്യം നൽകണമെന്ന് പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല. 10 ബിനാലെ കഴിയുമ്പോഴേക്കും മലയാളത്തിലേയും ഇന്ത്യയിലേയും കുറേയൊക്കെ കലാകാരന്മാർ അതിൽ വന്നിരിക്കും. കാലക്രമേണ എല്ലാവരും എത്തും. അങ്ങനെയേ നടക്കൂ.

നമുക്ക് മനസ്സിലായില്ല എന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുകയും ഇനിയൊരിക്കലും ബിനാലെ കാണുകയില്ല എന്ന് പറയുന്നതും ശരിയായ സമീപനമല്ല. 150 കലാപ്രദർശനങ്ങൾ ഉള്ളതിൽ നിന്ന് 10 എണ്ണം ഇഷ്ടപ്പെട്ടാൽ 100 രൂപയ്ക്ക് അത് ഒരു നല്ല കാര്യമാണെന്ന രീതിയിൽ വിലയിരുത്താനാണ് ഞാനിഷ്ടപ്പെടുന്നത്. എത്രയോ മടങ്ങ് പണം കൂതറ സിനിമകൾക്കായി ചിലവാക്കുന്നു ഓരോ മാസവും. രണ്ട് കൊല്ലത്തിൽ ഒരിക്കൽ നൂറോ ഇരുനൂറോ രൂപയല്ലേ ഇതിന് ചിലവാകുന്നുള്ളൂ. 10 ലോകോത്തര കലാകാരന്മാരുടെയെങ്കിലും സൃഷ്ടികൾ ഒരുമിച്ച് കാണാനാകുന്നു എന്ന സൌകര്യവുമുണ്ടാകുന്നില്ലേ?

ആദ്യ ബിനാലെയുടെ കാലത്ത് മാദ്ധ്യമങ്ങൾ അടക്കമുള്ള പ്രതിഷേധങ്ങൾ എന്തൊക്കെയായിരുന്നെന്ന് മറക്കാനുള്ള സമയമായിട്ടില്ല മലയാളിക്ക്. ഇന്ന് അതേ മാദ്ധ്യമങ്ങളിൽ എല്ലാ ദിവസവും അരപ്പേജ് ബിനാലെയ്ക്ക് മാത്രമായിട്ടുണ്ട്. അതങ്ങനെയാണ്; തള്ളിപ്പറഞ്ഞവർ തന്നെ പിന്നീട് വാഴ്ത്തിപ്പറഞ്ഞ ചരിത്രമാണ് ഇത്തരം വിഷയങ്ങളിൽ എന്നുമുള്ളത്.

എന്തായാലും കേരളത്തിലെ കലാഭൂപടത്തിൽ കൊച്ചി മുസ്‌രീസ് ബിനാലെ ഇടം പിടിച്ചുകഴിഞ്ഞു. അതുകൊണ്ടുണ്ടായിട്ടുള്ള ടൂറിസം നേട്ടങ്ങളും സർക്കാരുകൾക്ക് ബോദ്ധ്യമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കൊച്ചി മുസ്‌രീസ് ബിനാലെ ഇനി പുറകോട്ട് പോകണമെങ്കിൽ, ജലനിരപ്പുയർന്ന് കൊച്ചി അറബിക്കടലിന് കീഴെയായിപ്പോകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകേണ്ടി വരും. രണ്ടോ മൂന്നോ എഡിഷൻ കൂടെ കഴിയുമ്പോഴേക്കും ആവശ്യമുള്ളവർ പോയി കാണും, താൽ‌പ്പര്യമില്ലാത്തവർ മിണ്ടാൻ പോലും നിൽക്കില്ല. അഥവാ എന്തെങ്കിലും പറഞ്ഞാൽ‌പ്പോലും ആരും ശ്രദ്ധിക്കുക പോലുമില്ല എന്ന അവസ്ഥയുണ്ടാകുകയും ചെയ്യും.  അങ്ങനെയാണെന്നും കാലത്തിന്റെ കാവ്യനീതി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>