ബസ്സി കോട്ട (# 56)


രാവിലെ ചിത്തോർഗഡ് കോട്ടയിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോൾ സമ്മർ പാലസിൻ്റെ മുന്നിൽ ഒരു കാഴ്ച്ച. ആ ഭാഗത്ത് നിന്നാണ് കോട്ടയ്ക്കുള്ളിലെ ജനവാസ കേന്ദ്രം ആരംഭിക്കുന്നത്. ആ ഭാഗത്തു നിന്ന് ഏകദേശം അൻപതോളം രാജസ്ഥാനി സ്ത്രീകൾ അവരുടെ പരമ്പരാഗത വേഷത്തിൽ കൂട്ടത്തോടെ ഇറങ്ങി വന്നു. അവർ നേരെ വന്ന് ഭാഗിയുടെ അടുത്തും ചുറ്റിലുമായി നിലത്തിരുന്നു. അക്കൂട്ടത്തിൽ ചിലർ വല്ലാത്ത ശബ്ദത്തോടെ കരയുന്നുണ്ട്.

എനിക്ക് പെട്ടെന്ന് സംഭവം പിടികിട്ടി. രുഡാലികൾ !!!

11

മരണവീടുകളിൽ ഗ്രാമവാസികളായ ഈ സ്ത്രീകൾ പോയി ആർത്തലച്ച് കരയും. അതൊരു ചടങ്ങ് പോലെയാണ്. ദുഃഖമുണ്ടായിട്ട് കരയുന്നതല്ല. ഡിമ്പിൾ കപാഡിയ നടിച്ച രുഡാലി സിനിമ കണ്ടിട്ടുള്ളവർക്ക് കാര്യം എളുപ്പം മനസ്സിലാകും. സിനിമയിൽ മാത്രമേ ഇതിന് മുൻപ് ഞാൻ ആ രംഗം കണ്ടിട്ടുള്ളൂ.

കഷ്ടി ഒരു മിനിറ്റ് അവരങ്ങനെ കരഞ്ഞ് കാണും. അപ്പോഴേക്കും ട്രാക്ടറിൽ ഒരു ടാങ്ക് വെള്ളം വന്നു. അവരെല്ലാം അതിൽ മുഖവും കൈകാലുകളും കഴുകി. അത് കഴിഞ്ഞയുടൻ അവരെല്ലാം ചിരിയും കളിയും വർത്തമാനവും ആയി. സമ്മർ പാലസിൻ്റെ പടമെടുക്കാനെന്ന വ്യാജേന, അവരറിയാതെ ആ രംഗത്തിൻ്റെ ഒരു പടം ഞാനെടുത്തു.

12

13

ചിത്തോർഗഡിൽ നിന്ന് 25 കിലോമീറ്ററാണ് ബസ്സിയിലേക്ക്. ഒരു മണിക്കൂറിൽ താഴെ സമയം മതി അങ്ങോട്ടെത്താൻ.

പക്ഷേ, ബസ്സിയിലുള്ളത് കോട്ടയാണോ കോട്ടലാണോ എന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കുന്നുണ്ട്. കോട്ടകളുടെ ലിസ്റ്റ് എടുത്തപ്പോൾ ബൻസി എന്നും ബാൻസി എന്നുമൊക്കെ കാണിച്ചത് ചിന്താക്കുഴപ്പം ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് പോയി നോക്കുക തന്നെ വേണം.

14

15

3 കിലോമീറ്റർ ദൂരേന്ന് തന്നെ കുന്നിൻ മുകളിൽ കൊത്തളങ്ങൾ കണ്ടു. കോട്ട ഉണ്ടെന്ന കാര്യം അതോടെ ഉറപ്പായി. ഇനി അതിൽ പ്രവേശനം ഉണ്ടോ എന്നതാണ് അറിയേണ്ടത്. എന്നത്തേയും പോലെ അവസാനത്തെ 800 മീറ്റർ ഇടുങ്ങിയ ഗ്രാമവഴികളിലൂടെ കറങ്ങി അവസാനം ഭാഗി, ബസ്സി കോട്ടയ്ക്ക്, ക്ഷമിക്കണം ബസ്സി കൊട്ടാരത്തിന് മുന്നിൽ എത്തി. ഹോട്ടലാക്കി മാറ്റിയിരിക്കുന്ന കോട്ട തന്നെ.

ഒരു പഴയ ഹവേലി അല്ലെങ്കിൽ കൊട്ടാരം ഇവിടെ ഉണ്ട്. അതിന് പിന്നിലുള്ള കുന്നിലാണ് കോട്ട നില കൊള്ളുന്നത്. കൊട്ടാരവും കോട്ടയും തമ്മിൽ ബന്ധപ്പെട്ടല്ല നിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

16

18 മുറികളുള്ള ഹോട്ടലിന് പഞ്ചനക്ഷത്ര റേറ്റിങ്ങ് അല്ല. വളരെച്ചുരുക്കം അതിഥികളാണ് വരുന്നതെന്നാണ് മനസ്സിലാക്കിയത്. ഇന്ന് ഏതായാലും അതിഥികൾ ആരുമില്ല.

ഞാൻ നേരെ അകത്തേക്ക് ചെന്ന് മാനേജർ മോഹൻ സിങ്ങിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിൻ്റെ മറുപടി രസകരമായിരുന്നു.

17

“ മലയിൽ കോട്ടയ്ക്കകത്ത് ഒന്നും ഇല്ല സർ.“

“ ഒന്നുരണ്ട് കെട്ടുകളും കൊത്തളങ്ങളും കണ്ടല്ലോ? എനിക്കത് കാണണം.“

ഉദയ്പൂർ പാലസിൽ ഞാൻ സംസാരിച്ച ഗൈഡിൻ്റേയും അഭിപ്രായം ഇങ്ങനെ ആയിരുന്നു. കോട്ട എന്ന് വെച്ചാൽ അതിൽ കാണാൻ കുറേ സംഭവങ്ങൾ വേണം, ആൾത്താമസം ഉണ്ടാകണം, ടിക്കറ്റ് വെച്ച് ആളെ കയറ്റണം. അല്ലാതുള്ളത് രാജസ്ഥാനികൾ കോട്ടയായി പരിഗണിക്കുന്നില്ല എന്ന് തോന്നി.

20

21

മോഹൻസിങ്ങ് പത്തുപതിനെട്ട് വയസ്സുള്ള ഒരു പയ്യനെ വിളിച്ച് എൻ്റെ കൂടെ കോട്ടയിലേക്ക് ചെല്ലാൻ പറഞ്ഞു. കൊട്ടാരത്തിൻ്റെ ഇടനാഴിയിലൂടെ നടന്ന് ഒരു വലിയ വാതിൽ തുറന്ന് അവൻ എന്നെ മുന്നോട്ട് നയിച്ചു. കൊട്ടാരത്തിൻ്റെ പുറകിൽ നിന്നാണ് കോട്ടയിലേക്കുള്ള വഴി. അവൻ്റെ പേർ ജഗദീഷ്. അവൻ മുന്നേ നടന്നു. അവൻ്റത്രയ്ക്ക് വലിയുന്നില്ല എൻ്റെ 69 മോഡൽ എഞ്ചിൻ.

നിന്ന നിൽപ്പിൽ 400 അടിയോളം ഉയരമുള്ള മല അവനങ്ങ് നടന്ന് കയറി. ഒരിടത്തും ഒരു പടിപോലും ഇല്ല. ഇളകിക്കിടക്കുന്ന കല്ലുകളിലും ഉറക്കാത്ത മണ്ണിലും ചവിട്ടി ഞങ്ങൾ കയറിക്കൊണ്ടേയിരുന്നു. ഇടയ്ക്ക് ഒന്നുരണ്ട് വളവുതിരിവുകൾ ഉണ്ട്. 69 മോഡൽ വണ്ടിയുടെ എഞ്ചിനിൽ നിന്ന് നുരയും പതയും വന്നത് ജഗദീഷ് അറിയാതിരിക്കാൻ, ഞാൻ ഇടയ്ക്ക് നിന്ന് പടമെടുക്കാനും വീഡിയോ എടുക്കാനും തുടങ്ങി.

24

26

മലകയറി ചെല്ലുന്നത് 5 കൊത്തളങ്ങളുള്ള ഒരു വളച്ചുകെട്ടിലേക്കാണ്. തമാശ എന്തെന്ന് വെച്ചാൽ, ഈ കെട്ടിനകത്തേക്ക് ഞങ്ങൾ ചെന്ന ഭാഗത്ത് നിന്ന് കയറാൻ ഒരിടത്തും കവാടമില്ല. കവാടം ഉള്ളത് നടുവിലെ കൊത്തളത്തിലാണ്. പക്ഷേ, ആ ഭാഗത്ത് കൂടെ മല കയറാൻ കൃത്യമായ വഴിയൊന്നും നിലവിലില്ല.

ഒരു കൊത്തളത്തിൻ്റെ അൽപ്പം ഇടിഞ്ഞ ഭാഗത്തുകൂടെ ജഗദീഷ് കോട്ടമതിലിൽ കയറി അതിലൂടെ നടന്ന് പോയി. രണ്ടടി വീതിയേ ഉള്ളൂ കോട്ടമതിലിന്. അങ്ങോട്ടോ ഇങ്ങോട്ടോ വീണാൽ 20 അടിവരെ താഴ്ച്ചയിൽ പതിക്കും.

27

കോട്ടമതിലിൽ കയറി നടക്കാൻ ഞാൻ തയ്യാറായില്ല. എനിക്കിനിയും, 744 കോട്ടകൾ ബാക്കിയുള്ളതാണ്. ഞാൻ കോട്ടയ്ക്ക് അകത്ത് ഇറങ്ങി അതിൻ്റെ മതിലിനോട് ചേർന്ന് പൊത്തിപ്പിടിച്ച് അടുത്ത കൊത്തളത്തിലേക്ക് നടന്നു. ചവിട്ടുന്നത് മിക്കവാറും ഇളകിയ കല്ലുകളിലാണ്.

നടുക്ക് ഒരു കുഴിയാണ്. വേണമെങ്കിൽ ജലസംഭരണി പോലെ ഉപയോഗിക്കാവുന്ന മൂന്നോ നാലോ ഏക്കർ വിസ്താരമുള്ള ഒരു വളച്ചുകെട്ട്. അകത്ത് നിറയെ പടർപ്പുകളും കൊച്ചു മരങ്ങളും മുൾച്ചെടികളുമാണ്. ഇതാണ് ബസ്സി കോട്ട.

മെല്ലെ മെല്ലെ എനിക്ക് ധൈര്യവും വേഗതയും കൈവന്നു. ഉൾവശത്ത് മതിലിനോട് ചേർന്ന് നടന്ന് ഞാൻ എല്ലാ കൊത്തളങ്ങളിലേക്കും ചെന്നു കയറി. അവിടെ നിന്നെല്ലാം പടങ്ങൾ എടുത്തു.

22

അതിനിടയ്ക്ക് ക്യാമറ ഞാൻ ജഗദീഷിന് കൈമാറി. ഞാൻ തപ്പിത്തടഞ്ഞും പൊത്തിപ്പിടിച്ചും നടക്കുന്നത് അവൻ വീഡിയോയും പടങ്ങളുമാക്കി. എട്ടാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളൂ എങ്കിലും അവൻ ന്യൂജൻ പയ്യനാണ്. വെർട്ടിക്കൽ, ഹൊറിസോണ്ടൽ എന്നൊക്കെ പറഞ്ഞാൽ കൃത്യമായി അവൻ അതേപടി മൊബൈൽ ക്യാമറ ചലിപ്പിക്കുന്നുണ്ട്.

എനിക്ക് വലിയ സന്തോഷമായി. രാജസ്ഥാനിലേക്ക് ഇറങ്ങിത്തിരിച്ചതിന് ശേഷം ഇങ്ങനൊരു സാഹസികമായ കോട്ടകയറ്റം ഉണ്ടായിട്ടില്ല. പണ്ട് ഗോവയിലെ ചപ്പോറ കോട്ട ഇതുപോലെ കൃത്യമായ പടികൾ ഒന്നും ഇല്ലാതെ ആയിരുന്നു. പക്ഷേ, കഷ്ടപ്പാടൊന്നും ഇല്ലാതെ കയറിപ്പോകാനും കോട്ടയ്ക്ക് അകത്ത് ചുറ്റി നടക്കാനും പറ്റുമായിരുന്നു. ഇന്നവിടെ പടികളും വന്നു. അങ്ങനെ നോക്കിയാൽ ഇത്തരത്തിൽ സാഹസികമായ ഒരു കോട്ട കയറ്റം ആദ്യമായാണ്. മാത്രമല്ല, ഇതങ്ങനെ അധികമാരും കയറിയിട്ടുള്ള കോട്ടയുമല്ല.

കോട്ടയ്ക്ക് മുകളിൽ നിന്ന് നോക്കിയാൽ ഏതൊരു സാധാരണ കോട്ടയിൽ നിന്നെന്ന പോലെ, താഴെ ജനവാസകേന്ദ്രത്തിൻ്റെ ദൃശ്യമാണുള്ളത്. ഞാനാ കൊത്തളത്തിൽ ഒന്നിൽ സന്തോഷവാനായി കൈകൾ ഉയർത്തി നിന്നു. കോട്ട കണ്ടു എന്ന് പറയണമെങ്കിൽ അതിന് ഒരു ചുറ്റിടണം, അല്ലെങ്കിൽ അതിനകം മുഴുവൻ നടന്ന് കാണണം എന്നത് എൻ്റെയൊരു നിർബന്ധമാണ്. ഇളകുന്ന കല്ലുകളിൽ ചവിട്ടി കോട്ടമതിലിനോട് ചേർന്ന് നടന്ന് ആ കർമ്മം അപകടമൊന്നും ഇല്ലാതെ നിർവ്വഹിച്ചു. മതിലിന് മുകളിൽ നിന്ന് ജഗദീഷ് അതെല്ലാം ഒപ്പിയെടുത്തുകൊണ്ടിരുന്നു.

18

രണ്ടടി വീതിയുള്ള ആ മതിലിൽ കയറി നടക്കാൻ എനിക്ക് പറ്റുമായിരുന്നെങ്കിൽ 30 മിനിറ്റുകൊണ്ട്
നടക്കേണ്ട കാര്യം 1 മണിക്കൂറെടുത്തുവെങ്കിലും അപകടമൊന്നും ഇല്ലാതെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു. ഞാൻ ബസ്സി കോട്ട കണ്ടടക്കിയിരിക്കുന്നു. കീഴടക്കി എന്ന പദം ഉപയോഗിക്കുന്നത് അനീതിയാകും എന്നതുകൊണ്ട്, ‘കണ്ടടക്കി‘ എന്ന് പറയുന്നതാകും ഉചിതം.

ജഗദീഷിനെ സന്തോഷിപ്പിക്കാനുള്ള കാര്യം ഞാൻ ചെയ്ത് കഴിഞ്ഞതുകൊണ്ടാകാം, താഴെ എത്തിയപ്പോൾ അവൻ കൊട്ടാരത്തിൻ്റെ സ്വിമ്മിങ് പൂൾ അടക്കം എല്ലാ ഭാഗങ്ങളും കൊണ്ടു നടന്ന് കാണിച്ച് തന്നു. ഇന്ന് നന്ദി മുഴുവൻ പറയേണ്ടത് ജഗദീഷിനോടാണ്. പ്രപഞ്ചം മുഴുവനും നടക്കുന്ന ഗൂഢാലോചനയുടെ ഇന്നത്തെ പ്രധാന കണ്ണി ജഗദീഷാണ്. പക്ഷേ കണ്ണികൾ തീർന്നിട്ടില്ല; ഇനിയുമുണ്ട്.

സിസോഡിയ രാജവംശത്തിലെ താക്കൂർ ജയ്മൽ ആണ് പതിനാറാം നൂറ്റാണ്ടിൽ കോട്ട നിർമ്മിച്ചത്. ബസ്സി എന്ന ജനവാസകേന്ദ്രത്തിൻ്റെ സ്ഥാപകനായ താക്കൂർ ജയ്മൽ, മഹാറാണ പ്രതാപിൻ്റെ മച്ചുനൻ കൂടെ ആയിരുന്നു.

19

കോട്ടയുടെ കൂടുതൽ ചരിത്രം ജഗദീഷും മോഹനും അടക്കം ജീവനക്കാർക്ക് ആർക്കും അറിയില്ല. നിലവിലെ ഉടമസ്ഥർ സഹോദരന്മാരായ താക്കൂർ രൺധീർ സിങ്ങും താക്കൂർ ജനക് സിങ്ങും ആണ്. രൺധീർ സിങ്ങ് ഒരു വിവാഹസൽക്കാരത്തിനായി ഉദയ്പൂർ പോയിരിക്കുകയാണ്. ഫോൺ ചെയ്തിട്ട് അദ്ദേഹത്തെ കിട്ടിയില്ല.

പക്ഷേ ഞാൻ കൊട്ടാരത്തിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഗിരിരാജ് സിങ്ങ് എന്നൊരു വ്യക്തി വന്ന് കയറി. അദ്ദേഹത്തോട് ഞാൻ കോടയുടെ ചരിത്രം തിരക്കി. പുള്ളിക്കും അതറിയില്ല.

ഗിരിരാജ് സിങ്ങിനോട് സംസാരിച്ചതുകൊണ്ട് ഒരു ഗുണമുണ്ടായി. ബാർമറിൽ നിന്ന് ജയ്സാല്മീരിലേക്ക് പോകുന്ന വഴിക്ക് അദ്ദേഹത്തിന് കോർണ എന്ന പേരിൽ ഒരു കോട്ടയും റിസോർട്ടും ഫാമും ഒക്കെയുണ്ട്. അവിടെ തങ്ങാനുള്ള സംവിധാനമൊക്കെ അപ്പോൾത്തന്നെ അദ്ദേഹം ഏർപ്പാട് ചെയ്ത് തന്നു. മാനേജർ ഗോവിന്ദ് സിങ്ങിൻ്റെ നമ്പറും തന്നു. കണ്ണികൾ നീളുകയാണ്. ഗൂഢാലോചന കടുക്കുകയാണ്.

23

പക്ഷേ 120 കിലോമീറ്റർ സഞ്ചരിച്ച് വൈകീട്ട് 5 മണിയോടെ ഭാഗി ഉദയ്പൂരിൽ എത്തിയപ്പോൾ ഒരു സങ്കട വാർത്തയുണ്ട്. RTDC യിൽ ഇതുവരെ എല്ലാ സഹായങ്ങളും ചെയ്ത് തന്ന സുനിൽ സാർ ഈ മാസം 29ന് വിരമിക്കുകയാണ്. മാർച്ച് 15 ന് മുൻപ് രാജസ്ഥാനിലെ കോട്ടകൾ ഞാൻ കണ്ട് തീരില്ല. അടുത്ത കൊല്ലം ശിശിരകാലത്ത് വീണ്ടും രാജസ്ഥാനിൽ വരുമ്പോൾ RTDC യിൽ സുനിൽ സാറിൻ്റെ സഹായം ലഭ്യമാകണമെന്നില്ല.

ഞാൻ അദ്ദേഹത്തിൻ്റെ റിട്ടയർമെൻ്റ് പദ്ധതികൾ ചോദിച്ച് മനസ്സിലാക്കി. ചെയ്ത് തന്ന എല്ലാ സഹായങ്ങൾക്കും നന്ദി പറയുകയും കൊച്ചിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. രണ്ട് ദിവസമെങ്കിലും മുസിരീസ് ഹാർബർ വ്യൂ – ൽ അദ്ദേഹത്തെ അതിഥിയാക്കി, പ്രത്യുപകാരം ചെയ്യാൻ ഞാൻ ബാദ്ധ്യസ്ഥനാണ്.

28

ഉദയ്പൂർ ഹബ്ബിലെ കോട്ടകളും മറ്റ് കാഴ്ച്ചകളും തീർന്നിരിക്കുന്നു. നാളെ പുതിയ ഹബ്ബിലേക്കാണ്. അത് ബാർമർ ആണോ അതിനിടയ്ക്ക് മൗണ്ട് അബുവിൽ തങ്ങേണ്ടി വരുമോ എന്നൊന്നും ആലോചിച്ചിട്ടില്ല. ഞാൻ സത്യത്തിൽ ഇന്ന് ബസ്സി കോട്ടയിൽ നടത്തിയ സാഹസികതയുടെ രസത്തിൽ നിന്ന് പുറത്ത് വന്നിട്ടില്ല.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>