
ഇന്നലെ വൈകീട്ട് മുളന്തുരുത്തിയിലെ ALA സെൻ്ററിൽ വെച്ച് കണ്ട Hand of God എന്ന നാടകത്തെപ്പറ്റി ഒരുപാട് പറയണമെന്നുണ്ട്. അത്രയ്ക്ക് ഗംഭീര അനുഭവമായിരുന്നു അത്.
പക്ഷേ, എന്തെങ്കിലും കാര്യമായി പറഞ്ഞാൽ അത് Spoiler Alert ആയിപ്പോകും. അതുകൊണ്ട് ചില സൂചനകൾ മാത്രം നൽകാം.
അൻപതിൽ താഴെ കാണികൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന ഒരു മുറിയിലാണ് നാടകം അരങ്ങേറുന്നത്. ‘നാടകവുമായി ഇടപഴകാനും സംവദിക്കാനും പറ്റുന്നവർ മാത്രം നാടകത്തിന് വരുക’ എന്ന മുന്നറിയിപ്പ് സംഘാടകർ കാണികൾക്ക് കൊടുക്കുന്നത് തന്നെ ആദ്യാനുഭവമാണ്.
നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തിലാണെന്നാണല്ലോ വെപ്പ്. കൂട്ടത്തിൽ ദൈവവിശ്വാസികളുടേയും നാട്. അതുകൊണ്ട് തന്നെ പ്രാർത്ഥനകളുടേയും നാട്. ദൈവം എത്രത്തോളം പ്രാർത്ഥനകൾ കേൾക്കും? ആരോടൊപ്പം നിൽക്കും? ദൈവത്തിന് സ്വന്തം ലൈംഗിക താൽപ്പര്യങ്ങൾ പോലും ശമിപ്പിക്കാനുള്ള സമയം കൊടുക്കാതെ ശല്യം ചെയ്യുന്ന പ്രാർത്ഥനകൾ! ഈ നാടകത്തിൽ ദൈവത്തിൻ്റെ റോൾ ഒരു സ്ത്രീയ്ക്കാണ്.
ഒരേ വിഷയത്തിൽ ദൈവത്തിന് മുന്നിൽ വരുന്ന മൂന്ന് പ്രാർത്ഥനകളിൽ ഏതിനൊപ്പം നിൽക്കണമെന്ന് ജനങ്ങളോട് ദൈവം ചോദിക്കുന്ന ഇടത്താണ് ഈ നാടകം ഒരു Interactive Illustrative Play ആയി മാറുന്നത്. കാണികളായി ചെന്നിരിക്കുന്ന നമ്മൾ ഓരോരുത്തരും സ്റ്റേജിലേക്ക് കടന്ന് ചെന്ന് വോട്ട് ചെയ്യണം. അതിന് മുന്നേ സ്ഥാനാർത്ഥികൾ ജനങ്ങളാകുന്ന നമുക്കിടയിലേക്ക് കടന്നുവന്ന് വോട്ട് പിടിക്കുന്നുണ്ട്. ലൈംഗികത കലർന്ന ഒരു വിഷയമായതുകൊണ്ട് തന്നെ മൂന്ന് പേരുടേയും വോട്ട് പിടുത്തം കാണികളിൽ പലപ്പോഴും നല്ല തോതിൽ ചിരിയുണർത്തും.
വോട്ടിങ്ങ് അത്ര എളൂപ്പമൊന്നും അല്ല. മൂന്ന് പേരിൽ ആർക്കൊപ്പം നിൽക്കണം, ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കണമെങ്കിൽ കൂലംകഷമായിത്തന്നെ ആലോചിക്കണം. ന്യായത്തിൻ്റെ നേർത്ത അതിർവരമ്പ് മാത്രമാണ് മൂന്ന് സ്ഥാനാർത്ഥികൾക്കും ഇടയ്ക്കുള്ളത്.
സത്യത്തിൽ നമ്മുടെ നാടിൻ്റെ സമീപകാല അവസ്ഥയിലേക്കും കുറേക്കൂടെ വിശാലമായി പറഞ്ഞാൽ എക്കാലത്തേയും ജനാധിപത്യ പ്രക്രിയയുടെ അവസ്ഥയിലേക്കുമാണ് നാടകം വിരൽചൂണ്ടുന്നത്. എത്ര ഗംഭീരമായി ആലോചിച്ച് വോട്ട് ചെയ്താലും വിജയിയെ പ്രഖ്യാപിച്ചതിന് ശേഷം വിജയിക്കാതെ പോകുന്ന സ്ഥാനാർത്ഥികളും ദൈവവും നമുക്ക് നേരെ തൊടുക്കുന്ന ചോദ്യങ്ങൾ നമ്മെ ശരിക്കും ധർമ്മസങ്കടത്തിലാക്കുന്നു. ചെയ്ത വോട്ട് തെറ്റിപ്പോയില്ലേ എന്ന ചോദ്യം വലുതായിത്തന്നെ മുന്നിൽ ഉയർത്തുന്നു. ജയിക്കാതെ പോയ സ്ഥാനാർത്ഥിയുടെ ഭാഗത്തും ശരിയുണ്ടായിരുന്നില്ലേ എന്ന ചോദ്യം നമുക്ക് മുന്നിൽ ഉയരുന്നു.
ഇതിൽക്കൂടുതൽ ഭംഗിയായി എങ്ങനെയാണ് നിലവിലെ ജനാധിപത്യ പ്രക്രിയയെ ഒരു നാടകത്തിൻ്റെ രൂപത്തിൽ നമുക്ക് മുന്നിൽ അവതരിപ്പിച്ച് നമ്മെക്കൊണ്ട് വീണ്ടും വീണ്ടും ചിന്തിപ്പിക്കുക? ചെയ്യുന്ന ഓരോ വോട്ടും കിറുകൃത്യമായിരിക്കണമെന്ന് എങ്ങനെയാണ് നെഞ്ചിൽ തൊട്ടുകൊണ്ട് കാണികളോട് പറയാൻ ആവുക? വോട്ട് ചെയ്യുന്ന ആ കൈകൾ ദൈവത്തിൻ്റേതല്ല, നിങ്ങളുടേത് തന്നെയാണെന്ന് ഇതിൽക്കൂടുതൽ ഭംഗിയായി എങ്ങനെയാണ് പറയുക? സംവിധായകൻ പി.പി.അരുണിനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ.
മൂന്ന് സ്ഥാനാർത്ഥികളിൽ ഏതൊരു സ്ഥാനാർത്ഥി ജയിച്ചാലും അതിനനുസരിച്ചാണ് നാടകത്തിൻ്റെ അന്ത്യഭാഗം ക്രമീകരിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നാം കാണുന്ന അന്ത്യഭാഗം നമ്മുടെ വോട്ടെടുപ്പിൻ്റെ ഫലമാണ്. ഈ നാടകത്തിന് മറ്റ് രണ്ട് അന്ത്യഭാഗങ്ങൾ കൂടെ ഉണ്ടെന്ന് സാരം. രണ്ട് പ്രാവശ്യം കൂടെ ഈ നാടകം കണ്ടാലും, മറ്റ് രണ്ട് അന്ത്യഭാഗങ്ങൾ ഒരാൾക്ക് കാണാൻ പറ്റണമെന്നില്ല. അങ്ങനെയങ്ങനെ ഒരുപാട് പ്രത്യേകതകൾ ഇതേപ്പറ്റി പറയാനുണ്ട്. അതുകൊണ്ട് തന്നെ ഈ നാടകത്തിൻ്റെ പേര് ഓർത്ത് വെക്കുക. ഇവിടന്നങ്ങോട്ട് എവിടെ ഈ നാടകം കളിക്കുന്നുണ്ടെന്ന് അറിഞ്ഞാലും കാണാൻ അമാന്തിക്കരുത്.
ഗാർഹിക പീഢനങ്ങൾക്കോ അല്ലെങ്കിൽ നാടകത്തിൽ പരാമർശിക്കുന്ന തരത്തിലുള്ള സ്ത്രീപീഡനങ്ങൾക്കോ ഇരയാകുന്നവർക്ക് തുണയാകാൻ വേണ്ടി കൂടെ ഇതിൻ്റെ പിന്നണിപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട് എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു വലിയ കാര്യം. പേര് ഓർത്ത് വെക്കുക. Hands Of God.
എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം, നാടകത്തിലെ പ്രധാനവേഷങ്ങളിൽ ഒന്ന് ചെയ്തിരിക്കുന്ന സിദ്ധാർത്ഥ് വർമ്മയും ഞാനും ഒരുമിച്ച് ഒരു മെഡിക്കൽ കമ്പനിയുടെ പരസ്യ ചിത്രത്തിൽ, ജൂനിയർ – സീനിയർ ഡോക്ടർമാരായി വേഷമിട്ടിട്ടുണ്ട് എന്നതാണ്. സ്റ്റേജിൽ പ്രത്യക്ഷപ്പെട്ട സിദ്ധാർത്ഥിനെ നല്ല മുഖപരിചയം തോന്നിയെങ്കിലും അദ്ദേഹത്തിൻ്റെ ശബ്ദം പുറത്ത് വന്നതോടെ എനിക്ക് ആളെ കൃത്യമായി മനസ്സിലായി. അഭിനന്ദനങ്ങൾ സിദ്ധാർത്ഥ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സിനിമാ സംവിധായകൻ ജിയോ ബേബി ആണ്.
വാൽക്കഷണം:- പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സ്ഥലത്തുണ്ടാകില്ല എന്ന വിഷമം ചെറിയ തോതിലെങ്കിലും തീർക്കാൻ ഇന്നലെ ഈ നാടകത്തിൽ ചെയ്ത ഒരു വോട്ടും വിരലിലെ മഷിയടയാളവും സഹായിച്ചു. ഞാൻ വോട്ട് ചെയ്ത സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തു.
#handofgod
#voting
#votingday
#Drama